This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍നായർ കീഴ്‌പ്പടം (1916 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍നായര്‍ കീഴ്‌പ്പടം (1916 - 2007)

കുമാരന്‍നായര്‍ കീഴ്‌പ്പടം

പ്രഗല്‌ഭനായ കഥകളി ആചാര്യനും നടനും. പുത്തന്‍മഠത്തില്‍ രാമുണ്ണിനായരുടെയും കീഴ്‌പ്പടത്തില്‍ ലക്ഷ്‌മിയമ്മയുടെയും മകനായി 1916 ഫെബ്രുവരിയില്‍ ജനിച്ചു. കഥകളിയുടെ കഥയിലും ആട്ടത്തിലും ആശയപരവും സംവിധാനപരവും ലാവണ്യപരവും ആയ നൂതനപ്രവണതകള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ച ഈ ആചാര്യന്‍ പ്രസ്‌തുതശാഖകളിലെല്ലാം അന്യാദൃശമായ കൈയടക്കം നേടിയിട്ടുണ്ട്‌. പട്ടിക്കാംതൊടി കളരിയില്‍ ചിട്ടകള്‍ അഭ്യസിച്ച കുമാരന്‍ നായര്‍ തുടര്‍ന്ന്‌ വടക്കേമലബാറിലെ ചന്തുപ്പണിക്കരുടെ കീഴിലും പരിശീലനം നടത്തി. രസവാസനയും മനോധര്‍മചാതുരിയും ഔചിത്യബോധവും അഭ്യാസനൈപുണ്യവും ഒത്തിണങ്ങിയ കുമാരന്‍നായരുടെ ""കല്യാണസൗഗന്ധികത്തിലെയും ""ലവണാസുരവധത്തിലെയും ഹനുമാന്‍ വേഷമാണ്‌ സഹൃദയരെ ആദ്യം ആകര്‍ഷിച്ചത്‌. ക്രമേണ ഇദ്ദേഹം കഥകളിയിലെ ആദ്യാവസാനക്കാരനായി പേരെടുത്തു. 1955 മുതല്‍ 57 വരെ കലാമണ്ഡലം ആചാര്യനായിരുന്ന കുമാരന്‍നായര്‍ ഈ രംഗത്തെ പല പില്‌ക്കാലപ്രതിഭകളുടെയും കലാജീവിതം രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു. കോട്ടയ്‌ക്കല്‍ പി.എസ്‌.വി. നാട്യസംഘത്തിലും ഇദ്ദേഹം കളിയാശാനായി പ്രവര്‍ത്തിച്ചു. എന്നാല്‍ കടല്‍പോലെ പരന്ന നൃത്തകലയുടെ സൂക്ഷ്‌മതലങ്ങളിലേക്കും രൗദ്ര-ലാസ്യ-ഭക്തി ഭാവങ്ങളിലേക്കും ആണ്ടിറങ്ങി സമാനാംശങ്ങളെ സമന്വയിപ്പിക്കാന്‍ ഇദ്ദേഹത്തിന്‌ അവസരം സിദ്ധിച്ചത്‌ അന്നത്തെ മദിരാശി നഗരത്തിലും ഡല്‍ഹിയിലും സേവനമനുഷ്‌ഠിച്ച കാലത്താണ്‌. മദിരാശിയില്‍ ഇദ്ദേഹം പ്രമുഖ ചലച്ചിത്രനടന്മാരെ നൃത്തം പഠിപ്പിക്കുകയും ചലച്ചിത്രത്തിലെ നൃത്തരംഗങ്ങളുടെ ചിത്രീകരണത്തിന്‌ മാര്‍ഗനിര്‍ദേശം നല്‌കുകയും ചെയ്‌തിരുന്നു. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ ആശാനായി പ്രവര്‍ത്തിച്ച ആറുവര്‍ഷക്കാലത്തിനിടയ്‌ക്ക്‌ ഗ്രീസ്‌, യൂഗോസ്ലാവ്യ, കിഴക്കന്‍ ജര്‍മനി, റഷ്യ എന്നിവിടങ്ങളില്‍ കഥകളി അവതരിപ്പിക്കാനും ഈ ക്ലാസ്സിക്കല്‍ കലയുടെ വൈശിഷ്‌ട്യം അവിടത്തെ പ്രക്ഷകരെ ബോധ്യപ്പെടുത്താനും ഇദ്ദേഹം ഉത്സാഹിച്ചു.

കഥകളിയുടെ ക്ലാസിക്‌ തനിമയും ഭാഷയും വ്യാകരണവും നിരന്തരം അഭിനയത്തിലൂടെ വ്യാഖ്യാനിക്കുകയും അധ്യാപനത്തിലൂടെ വിലയിരുത്തുകയും ചെയ്‌ത കുമാരന്‍നായര്‍ ചലച്ചിത്രത്തിലും ടെലിവിഷനിലും കഥകളി അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളും ഔചിത്യവും ശ്രദ്ധയോടെ നിര്‍ണയിച്ചിട്ടുണ്ട്‌. പഴയ എം.ജി.ആര്‍ ചിത്രങ്ങള്‍ മുതല്‍ മലയാളത്തിലെ ""വാനപ്രസ്ഥത്തില്‍ വരെ കുമാരന്‍നായരുടെ കളിവിരുതിന്റെ കൗശലങ്ങള്‍ കാണാം. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1976), കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1988), പദ്‌മശ്രീ (2004) തുടങ്ങിയവ ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയ ഈ ആചാര്യന്‍ 2007 ജൂല. 26-ന്‌ അന്തരിച്ചു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍