This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍, ഐ.കെ. (1903 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍, ഐ.കെ. (1903 - 99)

ഐ.കെ. കുമാരന്‍

മയ്യഴി (മാഹി) വിമോചനസമരനേതാവ്‌. 1903 സെപ്‌. 17-ന്‌ കുങ്കന്റെയും കുങ്കിച്ചിയുടെയും പുത്രനായി മയ്യഴിയില്‍ ജനിച്ചു. മയ്യഴി ഗവണ്‍മെന്റ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍, തലശ്ശേരി ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന്‌ ഇന്റര്‍മീഡിയറ്റ്‌ പരീക്ഷ പാസായി. പിന്നീട്‌ ഒരു എലിമെന്ററി സ്‌കൂള്‍ അധ്യാപകനായി-അതോടെ ഐ.കെ. കുമാരന്‍ "കുമാരന്‍ മാസ്റ്റര്‍' എന്നറിയപ്പെടാന്‍ തുടങ്ങി. കുറച്ചുകാലത്തിനുശേഷം ഒരു എലിമെന്ററി സ്‌കൂള്‍ വിലയ്‌ക്കെടുത്ത്‌ അതിന്റെ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത്‌ മയ്യഴി ഫ്രഞ്ച്‌ ഭരണത്തിന്‍ കീഴിലായിരുന്നു. 1933-ല്‍ ഇദ്ദേഹം മാഹി യൂത്ത്‌ലീഗിന്റെ സ്ഥാനാര്‍ഥിയായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മത്സരിച്ചെങ്കിലും പരാജിതനായി. 1938-ല്‍ ഫ്രഞ്ചുകാര്‍ക്കെതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരു കേസ്സില്‍പ്പെട്ട്‌ ആറുമാസക്കാലം തടവുശിക്ഷയ്‌ക്കു വിധേയനായി. പാരിസ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തെങ്കിലും കീഴ്‌ക്കോടതി വിധി ശരിവയ്‌ക്കുകയാണുണ്ടായത്‌. എന്നാല്‍ അവശേഷിച്ചിരുന്ന ജയില്‍വാസക്കാലം ഒഴിവാക്കി കിട്ടി.

ഫ്രഞ്ച്‌ മയ്യഴിയിലെ ഒരു പൗരനായിരുന്നെങ്കിലും ബ്രിട്ടീഷ്‌-ഇന്ത്യയിലെ രാഷ്‌ട്രീയത്തിലും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളിലും കുമാരനു താത്‌പര്യമുണ്ടായിരുന്നു. 1930-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം ചര്‍ക്കാക്ലബ്ബുകള്‍ സ്ഥാപിക്കുകയും ഗാന്ധിജിയുടെ ഇതര നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്‌തു. പിരിച്ചുവിടപ്പെട്ടിരുന്ന കോട്ടയം (മലബാര്‍) താലൂക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ഇദ്ദേഹം നിയോഗിക്കപ്പെട്ടു. "ക്വിറ്റിന്ത്യാ' സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയും രണ്ടുവര്‍ഷം തടവില്‍ കഴിയുകയും ചെയ്‌തു.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും ഫ്രഞ്ച്‌ അധിനിവേശപ്രദേശങ്ങളായ പുതുശ്ശേരി, കാരയ്‌ക്കല്‍, ചന്ദ്രനഗര്‍, യാനം, മയ്യഴി എന്നിവിടങ്ങളില്‍ നിന്നു വിട്ടുപോകുവാന്‍ ഫ്രഞ്ചുകാര്‍ തയ്യാറായില്ല. മയ്യഴിയിലെ സ്വാതന്ത്യ്രസമരത്തിന്‌ 1938 മുതല്‍ 58 വരെ "മയ്യഴി മഹാജനസഭ'യുടെ പ്രസിഡന്റായിരുന്ന കുമാരന്‍ നേതൃത്വം നല്‌കി. മയ്യഴിയിലെ ഫ്രഞ്ചുഭരണത്തിന്റെ ഭാവി നിര്‍ണയിക്കുവാന്‍ വേണ്ടിയുള്ള ഒരു ജനഹിത പരിശോധനയുടെ മുന്നോടിയായി, 1948 ഒ. 24-നു മുനിസിപ്പല്‍ തെരഞ്ഞെടുപ്പു നടത്തുവാന്‍ തീരുമാനമുണ്ടായി. പക്ഷേ അധികൃതരുടെ നില പക്ഷപാതപരമായിരുന്നതിനാല്‍ കുമാരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട "മാഹി അഡ്‌മിനിസ്റ്റ്രറ്റീവ്‌ കൗണ്‍സില്‍' അധികാരം പിടിച്ചെടുക്കുകയും ഫ്രഞ്ചുപട്ടാളക്കാര്‍ വന്നു ഫ്രഞ്ചുവാഴ്‌ച പുനഃസ്ഥാപിക്കുന്നതുവരെ, അഞ്ചുദിവസം ഭരിക്കുകയും ചെയ്‌തു.

ഗവണ്‍മെന്റ്‌ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കുമാരന്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ക്കെതിരായി കേസെടുത്തു. എന്നാല്‍ കുമാരനും മറ്റു ബഹുഭൂരിപക്ഷം പ്രതികളും മയ്യഴിവിട്ട്‌ ഇന്ത്യനതിര്‍ത്തിയില്‍ അഭയംതേടി. കുമാരന്റെ അസാന്നിധ്യത്തില്‍ നടന്ന കേസ്‌ വിചാരണയ്‌ക്കുശേഷം ഇദ്ദേഹത്തിന്‌ 20 വര്‍ഷക്കാലം തടവുശിക്ഷ വിധിക്കുകയുണ്ടായി. സമരസേനാനികള്‍ മയ്യഴിയില്‍ ഫലപ്രദമായ രീതിയില്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ പുതിയ അഡ്‌മിനിസ്‌ട്രറ്റര്‍ ആയിരുന്ന മുസ്യെദെഷാന്‍ നടത്തിയ സന്ധിസംഭാഷണങ്ങള്‍ വിജയിച്ചില്ല. തുടര്‍ന്ന്‌ 1954 ജൂല. 14-ന്‌ കുമാരന്റെ നേതൃത്വത്തില്‍ മയ്യഴിയുടെ മക്കള്‍ ഇന്ത്യനതിര്‍ത്തിയില്‍ നിന്നും മയ്യഴിയിലേക്കു നീങ്ങി. തുടര്‍ന്നുണ്ടായ നാടകീയസംഭവങ്ങളുടെ ഫലമായി ജൂല. 16-ന്‌ സൗഹൃദം നിറഞ്ഞ ഒരന്തരീക്ഷത്തില്‍ ഫ്രഞ്ചുകാര്‍ മയ്യഴിയോട്‌ വിടപറഞ്ഞു. അങ്ങനെ 1721-ല്‍ ആരംഭിച്ച, മയ്യഴിയിലെ ഫ്രഞ്ച്‌ സാന്നിധ്യവും വാഴ്‌ചയും അവസാനിച്ചപ്പോള്‍ മയ്യഴിയിലെ പുതിയ അഡ്‌മിനിസ്റ്റ്രറ്ററായി ജനനേതാവായ കുമാരന്‍ അധികാരമേറ്റു. 1954 ജൂല. 16 മുതല്‍ ന. 1 വരെ ഇദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. നവംബര്‍ 1-ന്‌ മയ്യഴിയുടെ ഭരണം ഇദ്ദേഹം, ഇന്ത്യന്‍ പ്രതിനിധിയായി എത്തിയ ഡി.എം.ജുജുരിക്കരെ ഏല്‌പിച്ചു. കുമാരനെ യാനത്തിലെ അഡ്‌മിനിസ്റ്റ്രറ്ററായി നിയമിച്ചെങ്കിലും ഇദ്ദേഹം അതു സ്വീകരിക്കുകയുണ്ടായില്ല.

അധികം താമസിയാതെ സജീവരാഷ്‌ട്രീയം മതിയാക്കി കുമാരന്‍ വിനോബാജിയുടെ സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. ഇദ്ദേഹം അഡ്‌മിനിസ്റ്റ്രറ്റര്‍ ആയിരുന്ന കാലത്ത്‌ സര്‍വോദയ നേതാവായിരുന്ന ജയപ്രകാശ്‌ നാരായണ്‍ മയ്യഴി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനമാണ്‌ രാഷ്‌ട്രീയത്തില്‍നിന്ന്‌ സര്‍വോദയത്തിലേക്ക്‌ തിരിയുവാന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചത്‌.

മാഹി യൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌, മയ്യഴി മഹാജനസഭാ പ്രസിഡന്റ്‌, കുറുമ്പ്രനാട്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയംഗം, മയ്യഴി മുനിസിപ്പല്‍ കൗണ്‍സിലര്‍, മാഹി അഡ്‌മിനിസ്റ്റ്രറ്റീവ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌, കേരള ഭൂദാന്‍ സമിതി കണ്‍വീനര്‍, പോണ്ടിച്ചേരി നിയമസഭാംഗം എന്നീ വിവിധ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സ്വാതന്ത്യ്രസമരഭടന്മാര്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ താമ്രപത്രം ലഭിച്ചിട്ടുള്ള ഇദ്ദേഹം, 81-ാം വയസ്സിലും സജീവമായി പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. മദ്യനിരോധനരംഗത്താണ്‌ അധികവും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്‌. മയ്യഴി മദ്യവ്യവസായത്തിന്റെയും കള്ളക്കടത്തിന്റെയും സിരാകേന്ദ്രമായി മാറിയതില്‍ ഗാന്ധിയനായ കുമാരന്‍ ദുഃഖിതനായിരുന്നു. അതിനെതിരായ പ്രക്ഷോഭണം ഇദ്ദേഹം സംഘടിപ്പിക്കുകയും ചെയ്‌തു.

അവിവാഹിതനായ ഇദ്ദേഹം 1999 ജൂല. 26-ന്‌ നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍