This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരജീവന്‍ (4-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരജീവന്‍ (4-ാം ശ.)

വിഖ്യാതനായ ഒരു ഭാരതീയ ബുദ്ധസന്ന്യാസി. എ.ഡി. 344 (350-ല്‍)ല്‍ ചൈനീസ്‌ ടര്‍ക്കിസ്‌താനിലെ കൂചി എന്ന പട്ടണത്തില്‍ ജനിച്ചു. പിതാവ്‌ ഭാരതീയ ബ്രാഹ്മണനും ഒരു നാട്ടുരാജ്യത്തിലെ ദിവാനുമായിരുന്ന കുമാരരായണനായിരുന്നു. കൂചിയിലെ രാജകുമാരിയായിരുന്നു മാതാവ്‌. വളരെ ചെറുപ്പത്തില്‍ത്തന്നെ പിതാവ്‌ മരിച്ചു. കുമാരജീവന്‌ ഏഴു വയസ്സുള്ളപ്പോള്‍ മാതാവ്‌ ഒരു ബുദ്ധസന്ന്യാസിനിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാതാവിനോടൊത്തു സഞ്ചരിക്കുകയും വളരെയധികം ജീവിതാനുഭവങ്ങളാര്‍ജിക്കുകയും ചെയ്‌തു. കൂചിയിലും കാശ്‌മീരിലും കാഷ്‌ഗറിലും താമസിച്ചു ബുദ്ധധര്‍മങ്ങളും സംസ്‌കൃത ഗ്രന്ഥങ്ങളും അധ്യയനം ചെയ്‌തു. 20-ാമത്തെ വയസ്സില്‍ കൂചി കൊട്ടാരത്തില്‍വച്ച്‌ ഇദ്ദേഹം സന്ന്യാസം സ്വീകരിച്ചു. ആദ്യം ഹീനയാനമാണ്‌ സ്വീകരിച്ചതെങ്കിലും പിന്നീട്‌ കാഷ്‌ഗറില്‍ വച്ച്‌ ഇദ്ദേഹം ബുദ്ധമതത്തിലെ മഹായാനമാര്‍ഗത്തിന്റെ അനുയായിയായി മാറി.

ഒരു ബുദ്ധസന്ന്യാസി എന്ന നിലയിലും ബുദ്ധമതപണ്ഡിതനെന്ന നിലയിലും കുമാരജീവന്റെ പ്രശസ്‌തി ഭാരതത്തിനകത്തും പുറത്തും അതിവേഗം പരന്നു. എ.ഡി. 379-ല്‍ അന്നത്തെ ചീനയിലെ ഭരണാധികാരികള്‍ ഇദ്ദേഹത്തെ ചീനയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തി. 384-ല്‍ ചിന്‍ രാജവംശത്തിലെ ഫൂചിയന്‍ ചക്രവര്‍ത്തി ഇദ്ദേഹത്തെ തന്റെ സദസ്സില്‍ അംഗമാക്കുക എന്ന ലക്ഷ്യത്തോടെ കൂചി കീഴടക്കി കുമാരജീവനെ കൊണ്ടുവരുന്നതിന്‌ ലൂക്വാങ്‌ എന്ന ജനറലിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ നിയോഗിച്ചു. പക്ഷേ, ലൂക്വാങ്‌ കുമാരജീവനെ പിടിച്ചശേഷം 17 വര്‍ഷം തന്റെ അധീനതയിലുള്ള പടിഞ്ഞാറന്‍ ചൈനയില്‍ നിയന്ത്രണ വിധേയനായ ഒരു ഉദ്യോഗസ്ഥനാക്കുകയാണ്‌ ചെയ്‌തത്‌. ചൈനീസ്‌ ഭാഷയില്‍ അവഗാഹം നേടുവാന്‍ കുമാരജീവന്‌ കഴിഞ്ഞത്‌ ഇക്കാലത്താണ്‌. ഇദ്ദേഹത്തിന്‌ സംസ്‌കൃതത്തിലും ചീനഭാഷയിലും മറ്റു പതിനാറു ഏഷ്യന്‍ ഭാഷകളിലും മികച്ച പാണ്ഡിത്യമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

എ.ഡി. 401-ല്‍ കുമാരജീവനെ നിയന്ത്രണത്തില്‍ വച്ചിരുന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ആക്രമണവിധേയമായി. ഇതോടെ സ്വതന്ത്രനായി ചാങ്‌ ആന്‍ പട്ടണത്തിലെത്തിയ കുമാരജീവനെ ചീനയിലെ ചക്രവര്‍ത്തി രാജകീയ ബഹുമതികളോടെ സ്വീകരിച്ചു. കൊട്ടാരത്തില്‍ താമസിച്ചുകൊണ്ട്‌ ഇദ്ദേഹം അനവധി മഹായാന ഗ്രന്ഥങ്ങള്‍ ചീന ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. മഹായാനധര്‍മത്തെക്കുറിച്ച്‌ നേരത്തേ തന്നെ ചീന ഭാഷയില്‍ പരിഭാഷകളുണ്ടായിരുന്നുവെങ്കിലും കുമാരജീവന്റെ പരിഭാഷകളാണ്‌ മൂലത്തോടടുത്തുനില്‍ക്കുന്നവയും ആധികാരികസ്വഭാവമുള്ളവയും. സത്യസിദ്ധിശാസ്‌ത്രം, സദ്‌ധര്‍മപുണ്ഡരീകം തുടങ്ങിയ മഹായാനത്തിലെ അടിസ്ഥാനഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ പരിഭാഷകളില്‍ പ്രധാനപ്പെട്ടവയാണ്‌. ബുദ്ധമത പണ്ഡിതന്മാരും നൂറുകണക്കിന്‌ ഭിക്ഷുക്കളും നിറഞ്ഞ വമ്പിച്ച ഒരു സദസ്സില്‍ വച്ചായിരുന്നു കുമാരജീവന്‍ ഈ പരിഭാഷകള്‍ നിര്‍വഹിച്ചിരുന്നത്‌. പരിഭാഷ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കേതന്നെ, തത്സംബന്ധമായി സദസ്സില്‍ നിന്നുണ്ടാവുന്ന ചോദ്യങ്ങള്‍ക്ക്‌ ഇദ്ദേഹം മറുപടി നല്‌കിയിരുന്നു. ഈ മറുപടികളും ചൈനീസ്‌ പരിഭാഷകളില്‍ ചിലപ്പോള്‍ പെട്ടുപോയിട്ടുണ്ട്‌. വിമല കീര്‍ത്തിനിര്‍ദേശസൂത്രത്തിന്‌ രചിച്ച ഭാഷ്യം ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്‌. മഹായാന ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്‌ കുമാരജീവന്റെ പരിഭാഷകളും പ്രഭാഷണങ്ങളുമാണ്‌.

യാഓഹ്‌സിങ്‌ ചക്രവര്‍ത്തി സര്‍വസുഖസൗകര്യങ്ങളും നല്‌കിയാണ്‌ കുമാരജീവനെ താമസിപ്പിച്ചിരുന്നത്‌. ഇത്രയും പ്രതിഭാശാലിയായ ഒരു മനുഷ്യന്‌ അനന്തര തലമുറയില്ലാതെ വരരുതെന്ന ഉദ്ദേശ്യത്തോടെ ബ്രഹ്മചര്യം ലംഘിക്കുവാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിക്കുകയുണ്ടായെന്നും, ഒരു ബുദ്ധഭിക്ഷുവായ ഇദ്ദേഹത്തിന്‌ ഇക്കാര്യത്തില്‍ വളരെ കുണ്‌ഠിതമുണ്ടായിരുന്നെങ്കിലും ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശത്തെ മാനിച്ച്‌ തന്റെ സന്ന്യാസപ്പട്ടം ഉപേക്ഷിച്ച്‌ വിവാഹിതനായിത്തീര്‍ന്നു എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു.

എ.ഡി. 409 സെപ്‌. 15-നു കുമാരജീവന്‍ അന്തരിച്ചതായി കാ ഓ സെങ്‌ ചുവാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കുമാരജീവന്‍ അന്തരിച്ചത്‌ 413 മേയ്‌ 28-ന്‌ ആണെന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍