This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്രിന്‍, അലക്‌സാന്തർ ഇവാനവിച്ച്‌ (1870 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുപ്രിന്‍, അലക്‌സാന്തർ ഇവാനവിച്ച്‌ (1870 - 1938)

Kuprin, Aleksandr Ivanovich

അലക്‌സാന്തര്‍ ഇവാനവിച്ച്‌ കുപ്രിന്‍

ഒരു റഷ്യന്‍ സാഹിത്യകാരന്‍. നോവലിസ്റ്റ്‌, കഥാകാരന്‍, ലിറിസിസ്റ്റ്‌, ജനാധിപത്യവാദിയായ റിയലിസ്റ്റ്‌ തുടങ്ങിയ വിശേഷണങ്ങളാല്‍ റഷ്യന്‍ സാഹിത്യചരിത്രത്തില്‍ പ്രസിദ്ധനാണ്‌ ഇദ്ദേഹം. ടോള്‍സ്റ്റോയി, ദസ്‌തയേവ്‌സ്‌കി തുടങ്ങിയവരുടെ സമകാലികനാണെങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്‌ സാഹിത്യസൃഷ്‌ടികളില്‍ മുഖ്യമായും ഏര്‍പ്പെട്ടതും റഷ്യന്‍ റിയലിസ്റ്റുകളുടെ മുന്‍നിരയില്‍ എത്തിയതും.

മധ്യേഷ്യയിലെ നറോവ്‌ചാത്‌ നഗരത്തിലെ ഒരു ദരിദ്രകുടുംബത്തില്‍ 1870 സെപ്‌. 8-നു ഇദ്ദേഹം ജനിച്ചു. കൗമാരത്തില്‍ത്തന്നെ പിതാവ്‌ മരിക്കയാല്‍ നിരാലംബനായിത്തീര്‍ന്ന കുപ്രിന്‍, അനാഥാലയത്തിലും ബോര്‍ഡിങ്‌ സ്‌കൂളിലും കേഡറ്റ്‌സ്‌ കോറിലും ജീവിതം കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതനായി. പിന്നീട്‌ കാലാള്‍പ്പടയില്‍ ചേര്‍ന്നു സേവനം അനുഷ്‌ഠിച്ചു. കാലാള്‍പ്പട വിട്ടശേഷം ഇദ്ദേഹം പലയിടങ്ങളിലും ചുറ്റിസഞ്ചരിക്കുകയും പല ജോലികളിലും ഏര്‍പ്പെടുകയും ചെയ്‌തു. അതിനുശേഷമാണ്‌ സാഹിത്യ രചനയിലേക്കു തിരിഞ്ഞത്‌.

ആഖ്യായികകളാണ്‌ കുപ്രിന്റെ പ്രധാന സൃഷ്‌ടികള്‍. മളോഹ്‌ (1899), അല്യേസ്യ (1898), പയെജീനക്‌, കലിസോപ്രാമിനി (1929), യൂന്‍കിറ (1928-32), ജാനെറ്റ്‌ (1929), ബിസ്സൂമിയെ എന്നിവയാണ്‌ പ്രധാനകൃതികള്‍. കുട്ടികള്‍ക്കുവേണ്ടി എഴുതിയ കഥകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യസപര്യയുടെ പ്രധാനപ്പെട്ട അംശമാണ്‌. "മിടുക്കനായ ഡോക്‌ടര്‍' ("ചുജ്യേസ്‌നി ദോക്‌ത്തര്‍'), "തന്യോര്‍', "ഭൂമിയുടെ അന്തരാളങ്ങളില്‍' ("വ്‌ന്യേദ്‌റഹ്‌സ്സ്‌സേമ്‌ലി'), "വെളുത്ത വളര്‍ത്തുനായ്‌' ("ബ്യേളിപൂജില്‍') എന്നിവ പ്രാധാന്യമര്‍ഹിക്കുന്ന ചില കുട്ടിക്കഥകളാണ്‌.

തന്റെ കാലഘട്ടത്തിലെ പ്രധാന വൈരുധ്യങ്ങള്‍ മനസ്സിലാക്കി ബൂര്‍ഷ്വാ-ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ സഹജമായ കാപട്യവും ആത്മവഞ്ചനയും ചൂഷണവും തുറന്നുകാട്ടിയ എഴുത്തുകാരനാണ്‌ കുപ്രിന്‍. റഷ്യന്‍ തൊഴിലാളിവര്‍ഗം ശക്തി സംഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍, അവര്‍ക്ക്‌ ആത്മവീര്യവും ഉത്തേജനവും പകര്‍ന്നു നല്‌കിയ, ജീവിതാനുഭവങ്ങള്‍ കൊണ്ട്‌ സമൃദ്ധമായ റിയലിസ്റ്റിക്‌ കൃതികളാണ്‌ കുപ്രിന്‍ രചിച്ചത്‌.

സമകാലിക സാമൂഹിക രാഷ്‌ട്രീയ സംഭവങ്ങളോട്‌ ആത്മാര്‍ഥമായി പ്രതികരിക്കുകയും സാമൂഹികതിന്മകളെ ചെറുക്കാനായി തന്റെ സാഹിത്യസൃഷ്‌ടികളിലൂടെ പരിശ്രമിക്കുകയും സാമൂഹിക സ്വാതന്ത്യ്രത്തിലും സമത്വത്തിലും അടിയുറച്ചു വിശ്വസിക്കുകയും മനുഷ്യരാശിക്കു മുഴുവന്‍ ക്ഷേമവും സന്തുഷ്‌ടിയും കൈവരണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്‌ത എഴുത്തുകാരനാണ്‌ കുപ്രിന്‍. റഷ്യയില്‍ 1905-ല്‍ നടന്ന വിപ്ലവത്തെയും 1917-ല്‍ നടന്ന ഫെബ്രുവരി വിപ്ലവത്തെയും വാഴ്‌ത്തിക്കൊണ്ട്‌ കുപ്രിന്‍ വളരെയധികം എഴുതിയിട്ടുണ്ട്‌. എന്നാല്‍ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട്‌ പൊരുത്തപ്പെടാന്‍ കഴിയാതെ, ഇദ്ദേഹം റഷ്യയില്‍നിന്നു പുറത്തുപോയി (1923). പിന്നീട്‌ 1937-ലാണ്‌ തിരിച്ചു തന്റെ മാതൃരാജ്യത്തില്‍ എത്തിയത്‌. 1938 ആഗ. 25-ന്‌ ഇദ്ദേഹം അന്തരിച്ചു.

(ആര്‍. ഗോപി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍