This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പുസ്വാമി ശാസ്‌ത്രി, എസ്‌.(1880 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുപ്പുസ്വാമി ശാസ്‌ത്രി, എസ്‌.(1880 - 1943)

സംസ്‌കൃതപണ്ഡിതനും പ്രൊഫസറും. തഞ്ചാവൂര്‍ ജില്ലയില്‍ കാവേരീനദീതീരത്തുള്ള ഗണപതി അഗ്രഹാരത്തില്‍ സീതാരാമയ്യരുടെ നാലാമത്തെ പുത്രനായി 1880 ഡി. 15-നു ജനിച്ചു. ഗുരുകുലരീതിയില്‍ സംസ്‌കൃതം പഠിച്ചശേഷം തിരുവടി ഇംഗ്ലീഷ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്ന്‌ പഠിച്ച്‌ 1896-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. തഞ്ചാവൂര്‍ എസ്‌.പി.ജി. കോളജില്‍നിന്ന്‌ തത്ത്വശാസ്‌ത്രം ഐച്ഛികവിഷയമായി എടുത്ത്‌ 1900-ത്തില്‍ ബി.എ. ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന്‌ മദ്രാസ്‌ ലാ കോളജിലും തിരുവനന്തപുരം ലാ കോളജിലും ചേര്‍ന്ന്‌ നിയമപഠനം നടത്തി. 1905-ല്‍ എം.എ. ബിരുദം സമ്പാദിച്ചു. 1906-ല്‍ മദ്രാസ്‌ പട്ടണത്തില്‍ മൈലാപ്പൂരിലുള്ള സംസ്‌കൃതകോളജില്‍ പ്രിന്‍സിപ്പലായി നിയമിതനായി. 1910 മുതല്‍ 14 വരെ തിരുവാടി രാജാസ്‌ സംസ്‌കൃതകോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1914-ല്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ സംസ്‌കൃതം പ്രൊഫസറായി നിയമിതനായി. 1936 വരെ അവിടെ സംസ്‌കൃതത്തിന്റെയും കംപാരറ്റീവ്‌ ഫിലോളജിയുടെയും പ്രൊഫസറായി സേവനം നടത്തി അടുത്തൂണ്‍ പറ്റി. തുടര്‍ന്ന്‌ ചിദംബരത്തുള്ള അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ ഓണററി പ്രൊഫസറായി നിയമിക്കപ്പെട്ടു. 1940 വരെ ആ സ്ഥാനത്തു തുടരുകയും ചെയ്‌തു. അണ്ണാമലയില്‍നിന്ന്‌ വിരമിച്ചശേഷം സ്വന്തം ഗ്രാമമായ ഗണപതി അഗ്രഹാരത്തില്‍ വിശ്രമിച്ചുവരവെ 1943 സെപ്‌. 5-ന്‌ അന്തരിച്ചു.

മികച്ച സംസ്‌കൃതപണ്ഡിതനായിരുന്ന ശാസ്‌ത്രികള്‍ ഹൈന്ദവ തത്ത്വശാസ്‌ത്രത്തിലും അലങ്കാരശാസ്‌ത്രത്തിലും അസാമാന്യമായ അവഗാഹം നേടിയിരുന്നു. ശങ്കരാചാര്യരുടെ കൃതികള്‍ മുഴുവന്‍ ശേഖരിച്ചു നാഗരിലിപിയില്‍ ശ്രീരംഗത്തു വാണീവിലാസം പ്രസ്സില്‍നിന്ന്‌ പ്രസിദ്ധീകരിച്ചതിന്റെ പിന്നിലെ പ്രരകശക്തി ശാസ്‌ത്രികളായിരുന്നു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ ശിരോമണി പാഠ്യപദ്ധതി, പ്രാചീനപദ്ധതിക്ക്‌ കോട്ടംതട്ടാതെ നവീകരിച്ചതും ഇദ്ദേഹമാണ്‌. ന്യായവൈശേഷികമീമാംസകളെപ്പറ്റി (ഹിന്ദു ഫിലോസഫി വിത്ത്‌ സ്‌പെഷ്യല്‍ റഫറന്‍സ്‌ ടു ദ ന്യായ ആന്‍ഡ്‌ വൈശേഷിക സിസ്റ്റംസ്‌-1913) 20 പ്രഭാഷണങ്ങള്‍ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇദ്ദേഹം നടത്തി. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതത്തിന്റെ ബോര്‍ഡ്‌ ഒഫ്‌ സ്റ്റഡീസ്‌ ചെയര്‍മാനായിരുന്ന ഇദ്ദേഹം തമിഴ്‌ ലെക്‌സിക്കണ്‍ കമ്മിറ്റിയിലും അംഗമായിരുന്നു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ ഓറിയന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ രൂപം നല്‌കുകയും മദ്രാസില്‍ ഒരു സംസ്‌കൃത അക്കാദമി സ്ഥാപിക്കുകയും ചെയ്‌തു. 1922, 25, 26 എന്നീ വര്‍ഷങ്ങളില്‍ നടന്ന അഖിലഭാരത പ്രാച്യസമ്മേളനങ്ങളില്‍ അധ്യക്ഷനായിരുന്നു.

1931-ല്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ ശാസ്‌ത്രികള്‍ ചെയ്‌ത നാലു പ്രസംഗങ്ങള്‍ സമാഹരിച്ച്‌ ഹൈവേസ്‌ ആന്‍ഡ്‌ ബൈവേസ്‌ ഒഫ്‌ ലിറ്റററി ക്രിട്ടിസിസം എന്ന പേരില്‍ കുപ്പുസ്വാമി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ദ്‌ പ്രഭാകരാ സ്‌കൂള്‍ ഒഫ്‌ കര്‍മമീമാംസ (1922), ഇന്ത്യന്‍ ഥീസിസമ്‌ ഇന്ത്യന്‍ എപിസ്റ്റോമോളജി (1918), മെഥേഡ്‌സ്‌ ആന്‍ഡ്‌ മെറ്റീരിയല്‍ ഒഫ്‌ ക്രിട്ടിസിസം (1919), പുരാണിസം ഇന്‍ ഇന്ത്യന്‍ തോട്ട്‌ മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖ പ്രഭാഷണ പ്രബന്ധങ്ങളാണ്‌. ഇദ്ദേഹത്തിന്റെ സഹായത്തോടും അവതാരികയോടും കൂടിയാണ്‌ മദ്രാസ്‌ ലാ ജേര്‍ണല്‍ പ്രസിദ്ധീകരണശാലക്കാര്‍ വാല്‌മീകി രാമായണത്തിന്റെ ഒരു പുതിയ പതിപ്പ്‌ തയ്യാറാക്കി പ്രകാശനം ചെയ്‌തത്‌. 1926-ല്‍ വാരാണസിയിലെ ഭാരതധര്‍മമഹാമണ്ഡലം "വിദ്യാവാചസ്‌പതി' എന്നും, 1927-ല്‍ ഗവണ്‍മെന്റ്‌ "മഹാമഹോപാധ്യായ' എന്നും, 1933-ല്‍ പുരിഗോവര്‍ധനമഠാധിപതി ശങ്കരാചാര്യര്‍ "കുലപതി' എന്നും ബിരുദങ്ങള്‍ നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. (പ്രൊഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍