This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്‍, ബേല (1886 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്‍, ബേല (1886 - 1939)

Kun, Bela

ബേല കുന്‍

ഹംഗറിയിലെ കമ്യൂണിസ്റ്റ്‌ നേതാവ്‌. ഒന്നാംലോക യുദ്ധത്തിനുശേഷം അല്‌പകാലം ഒരു വിപ്ലവഗവണ്‍മെന്റിന്റെ തലവനായിരുന്നു കുന്‍ ബേല. ഹംഗറിയില്‍ ഒരു യഹൂദകുടുംബത്തില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്‌ ആസ്റ്റ്രാ-ഹംഗേറിയന്‍ സൈന്യത്തില്‍ സേവനം അനുഷ്‌ഠിച്ച കുന്‍ റഷ്യന്‍ സമരമുഖത്തുവച്ച്‌ തടവുകാരനായി പിടിക്കപ്പെട്ടു (1916). 1917-ല്‍ ജയില്‍ മോചിതനായശേഷം ലെനിനുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ കുന്‍, ഹംഗറി, ആസ്റ്റ്രിയ എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിയുക്തനായി. തുടര്‍ന്ന്‌ ഹംഗറിയിലെത്തി (1918) ഇദ്ദേഹം ഹംഗേറിയന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചു. കുന്‍, താന്‍ സ്ഥാപിച്ച വര്‍ത്തമാനപത്രത്തിലൂടെ അന്ന്‌ ഹംഗറി ഭരിച്ചിരുന്ന കാരോലൈയുടെ റാഡിക്കല്‍-സോഷ്യലിസ്റ്റ്‌ കൂട്ടുകക്ഷിഭരണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. തത്‌ഫലമായി കുന്‍ ജയിലിലടയ്‌ക്കപ്പെട്ടു (1919). എങ്കിലും ബാഹ്യലോകവുമായി വാര്‍ത്താവിനിമയം നടത്താനുള്ള സ്വാതന്ത്യ്രം ഇദ്ദേഹത്തിന്‌ നല്‌കപ്പെട്ടിരുന്നു. റുമേനിയന്‍ സൈന്യം ഹംഗറിയില്‍ ആക്രമണമാരംഭിച്ചതോടെ, 1919 മാ. 20-നു കാരോലൈ ഭരണകൂടം രാജിവച്ചു. ആ അവസരത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി യോജിച്ച്‌ റുമേനിയന്‍ സൈന്യത്തോടെതിരിടാന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ കുന്‍ ആഹ്വാനം ചെയ്‌തു. പുതിയൊരു തൊഴിലാളി ഗവണ്‍മെന്റും ഇദ്ദേഹം രൂപവത്‌കരിച്ചു (1919 മാര്‍ച്ച്‌ 21). ആദ്യഘട്ടത്തില്‍ ചില യാഥാസ്ഥിതിക കക്ഷിക്കാര്‍പോലും ഈ സര്‍ക്കാരിനെ അനുകൂലിച്ചു. വിദേശകാര്യ കമ്മിസാര്‍ എന്ന ഔദ്യോഗിക പദവിയേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളുവെങ്കിലും ഹംഗറിയുടെ ഇക്കാലത്തെ യഥാര്‍ഥ ഭരണകര്‍ത്താവ്‌ കുന്‍ തന്നെയായിരുന്നു. റുമേനിയന്‍ സൈന്യവുമായി നടത്തിയ പോരാട്ടത്തില്‍ ഇദ്ദേഹം പരാജിതനായി (1919 ആഗസ്റ്റ്‌). കുന്‍ തന്റെ സഖാക്കളോടൊപ്പം ആദ്യം ആസ്റ്റ്രിയയിലും തുടര്‍ന്ന്‌ സോവിയറ്റ്‌ യൂണിയനിലും അഭയംതേടി. സോവിയറ്റ്‌ യൂണിയനില്‍ വച്ച്‌ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ നേതൃസ്ഥാനത്തേക്കുയരാന്‍ കുന്‍ ബേലയ്‌ക്കു കഴിഞ്ഞു. 1927-ല്‍ ഇദ്ദേഹത്തിന്‌ "ഓര്‍ഡര്‍ ഒഫ്‌ ദ റെഡ്‌ബാനര്‍' ബഹുമതി നല്‌കപ്പെട്ടു. സ്റ്റാലിന്റെ ഭരണകാലത്ത്‌ കുന്‍ അധികാരഭ്രഷ്‌ടനായതോടെ (1939) രംഗത്തുനിന്ന്‌ തിരോധാനം ചെയ്‌ത കുന്‍ 1939 ന. 30-ന്‌ കൊല്ലപ്പെട്ടു. അമയാര്‍തനാസ്‌ കോസ്‌താര്‍സ സാഗ്രാള്‍ (1958) തുടങ്ങിയ ഏതാനും ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍