This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടന്‍മാരാർ, കോട്ടയ്‌ക്കൽ (1925 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ടന്‍മാരാര്‍, കോട്ടയ്‌ക്കല്‍ (1925 - 85)

കോട്ടയ്‌ക്കല്‍ കുട്ടന്‍മാരാര്‍

ചെണ്ടവാദകര്‍. കോട്ടയ്‌ക്കല്‍ തെക്കേ മാരാത്ത്‌ അപ്പുമാരാരുടെ പുത്രനായി 1925-ല്‍ ജനിച്ചു. പിതാവുതന്നെയാണ്‌ ആദ്യകാലഗുരു. പിന്നീട്‌ മനക്കാവില്‍ കേശവപ്പൊതുവാളിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ചെണ്ട കൊട്ടില്‍ പ്രാഗല്‌ഭ്യം നേടിയ മാരാര്‍ കോട്ടയ്‌ക്കല്‍ പി.എസ്‌.വി. നാട്യസംഘത്തില്‍ ചേര്‍ന്ന്‌ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനകാലത്തുതന്നെ ഇദ്ദേഹം മൂത്തമന കേശവന്‍ നമ്പൂതിരി, പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍, കവളപ്പാറ നാരായണന്‍നായര്‍ തുടങ്ങിയവരുടെ കഥകളിയോഗങ്ങളില്‍ ചെണ്ടകൊട്ടിയിരുന്നു. കോട്ടയ്‌ക്കല്‍ നാട്യസംഘം പ്രശസ്‌തിയാര്‍ജിച്ച കാലത്ത്‌ കുട്ടന്‍മാരാര്‍ അതിലെ പ്രധാന ചെണ്ടകൊട്ടുകാരനായി. വിദേശരാജ്യങ്ങളില്‍ നടന്ന മിക്ക കഥകളി പ്രദര്‍ശനങ്ങളിലും പങ്കെടുത്ത്‌ ഇദ്ദേഹം തന്റെ കരവിരുത്‌ പ്രകടമാക്കിയിട്ടുണ്ട്‌. ഒരേ ചെണ്ടയില്‍ നിന്ന്‌ കിങ്ങിണിക്കിലുക്കവും മേഘഗര്‍ജനവും പുറപ്പെടുവിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ്‌ അസൂയാവഹമായിരുന്നു.

സാമൂതിരിയില്‍ നിന്ന്‌ വീരശൃംഖല, കലാമണ്ഡലം ജൂബിലി സുവര്‍ണമെഡല്‍ , കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്‌, ഫെല്ലോഷിപ്പ്‌, തൃശൂര്‍ കഥകളിക്ലബ്ബിന്റെ സുവര്‍ണമെഡല്‍ എന്നിവ നേടിയിട്ടുണ്ട്‌. പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍, ഗുരുകുഞ്ചുക്കുറുപ്പ്‌, രാമപ്പിഷാരടി, വാഴേങ്കടകുഞ്ചുനായര്‍ എന്നിവരുടെ കളരികളിലൂടെ അവരുടെ ചിട്ടകളും ചടങ്ങുകളും ഉള്‍ക്കൊണ്ട്‌ മികച്ച കളിക്കൊട്ടുകാരനായി വളര്‍ന്ന കുട്ടന്‍മാരാര്‍, മൂത്തമനനമ്പൂതിരിയുടെ കീഴിലും മൂന്നു കൊല്ലം അഭ്യസിച്ചിട്ടുണ്ട്‌.

വൈക്കം ക്ഷേത്രകലാപീഠത്തിന്റെ അധ്യക്ഷനായിരിക്കെ 1985 ഒ. 21-ന്‌ മാരാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍