This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിയേറ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:07, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുടിയേറ്റം

Migration

ഇന്റർനാഷണൽ മൈഗ്രഷന്‍ റിപ്പോർട്ട്‌-2011
ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്‌ ഫ്രാന്‍സിൽനിന്ന്‌ യു.എസ്സിലേക്ക്‌ കുടിയേറ്റത്തിലുണ്ടായ കുറവ്‌ ചിത്രീകരിക്കുന്ന ഒരു ഫ്രഞ്ച്‌ കാർട്ടൂണ്‍

ഒരു രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന്‌ അന്യരാജ്യങ്ങളിൽപ്പോയി നടത്തുന്ന സ്ഥിരതാമസം. പുതിയ സ്ഥലങ്ങളുടെ ആകർഷകതയോ പഴയ സ്ഥലത്തിന്റെ അനാകർഷകതയോ ഇവ രണ്ടുമോ ആകാം ഇതിനു കാരണം. ദേശീയബോധത്തിന്റെ പുനരുത്ഥാനത്തിനു മുമ്പുവരെ മിക്ക രാഷ്‌ട്രങ്ങളിലെയും ജനവിതരണത്തിന്റെ മുഖ്യഘടകം കുടിയേറ്റങ്ങളായിരുന്നു. ദേശീയബോധം ഉണ്ടായതോടെ കുടിയേറ്റത്തിന്റെ തോതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ മിക്ക രാഷ്‌ട്രങ്ങളും വിദേശീയപൗരന്മാരുടെ കുടിയേറ്റം നിയമംമൂലം നിയന്ത്രിച്ചുവരുന്നു. തീവ്രമായ പ്രാദേശിക ബോധത്തിന്റെ ഫലമായി ഒരു രാഷ്‌ട്രത്തിനകത്തുതന്നെയുള്ള ദേശാന്തരഗമനത്തിനുപോലും നിയന്ത്രണങ്ങളുണ്ടായിട്ടുണ്ട്‌. ഇന്ത്യയിലെ "മണ്ണിന്റെ മക്കള്‍ വാദം' ഇതിനു പ്രത്യക്ഷോദാഹരണമാണ്‌.

ചരിത്രം. കുടിയേറ്റത്തിനു വളരെ നീണ്ട ഒരു ചരിത്രമുണ്ട്‌. ഉപജീവനമാർഗം കണ്ടെത്തുന്നതിനുവേണ്ടിയോ ശക്തനായ ഒരു ശത്രുവിൽനിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയോ കുടിയേറ്റം നടന്നിരുന്നുവെന്നതിന്‌ തെളിവുകള്‍ ലഭ്യമാണ്‌. പ്രാകൃത നൗകകള്‍ക്കുപോലും എത്താന്‍ കഴിയാത്ത ഓഷ്യാനിയയിലെ "10,000 ദ്വീപുകളി'ലേക്കും പഴയ കാലങ്ങളിൽത്തന്നെ കുടിയേറ്റം നടന്നിരുന്നുവെന്നതു കുടിയേറ്റത്തിന്റെ പ്രാചീനതയ്‌ക്കു തെളിവായി ചൂണ്ടിക്കാണിക്കാം. കുടിയേറ്റത്തിന്റെ ഫലമായി ഭൂമിക്കും വന്‍കരകള്‍ക്കുമെന്നുവേണ്ട, അവയിലെ ജനതയുടെ ഗോത്ര-നരവംശ-ഭാഷാഘടനകള്‍ക്കുപോലും നിർണായകങ്ങളായ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽത്തന്നെ യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാർ അമേരിക്ക, ആസ്റ്റ്രലിയ, ഓഷ്യാനിയ എന്നീ വന്‍കരകളെയും ഏഷ്യയുടെ വടക്കന്‍ ഭാഗത്തെയും അധിനിവേശിച്ചുകഴിഞ്ഞിരുന്നു. റോമാസാമ്രാജ്യ പതനത്തിന്റെ പരിണതഫലമായാണ്‌ യൂറോപ്പിന്റെ മനുഷ്യവർഗഭൂപടത്തിനു നിർണായകമായ മാറ്റമുണ്ടായത്‌. എ.ഡി. 900 വരെയും ബർലിനിൽ ഒരു ജർമന്‍കാരനോ മോസ്‌കോയിൽ ഒരു റഷ്യക്കാരനോ ബുഡാപെസ്റ്റിൽ ഒരു ഹംഗറിക്കാരനോ ഉണ്ടായിരുന്നില്ല; അങ്കാറയിൽ ടർക്‌വംശജരും ഉണ്ടായിരുന്നില്ല.

സ്വാതന്ത്യ്രദാഹത്തോടെ ഈജിപ്‌തിൽനിന്നു ഹിബ്രൂക്കള്‍ കൂട്ടത്തോടെ നടത്തിയ പലായനമാണ്‌ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കുടിയേറ്റം. ഗ്രീക്കുകാരും ഫിനീഷ്യരും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിൽ നടത്തിയ കുടിയേറ്റവും കുടിയേറ്റത്തിന്റെ ആദ്യപട്ടികയിലെ ശ്രദ്ധേയമായ സംഭവമാണ്‌. പശ്ചിമ റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ റോമാസാമ്രാജ്യത്തിനുള്ളിൽ ജർമാനിക്‌ ജനത നടത്തിയ ദേശാന്തരഗമനം ഒരു പടയോട്ടമായേ കണക്കാക്കാനാകൂ. പ്രത്യേകിച്ച്‌, ഗോത്തുക്കളുടെയും വാന്‍ഡലുകളുടെയും കുടിയേറ്റം, ഗൗള്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലൂടെയാണ്‌ വാന്‍ഡലുകള്‍ വടക്കേ ആഫ്രിക്കയിലെത്തിയത്‌. മംഗോളിയയിലെ ഹൂണന്മാരുടെ സമ്മർദത്തിന്റെ ഫലമാണ്‌ ഇക്കാലത്തെ മിക്ക കുടിയേറ്റങ്ങളും. ഇതിന്‌ ഒരു സാമ്പത്തികസ്വഭാവമുണ്ടായിരുന്നു. എ.ഡി. 7-ാം ശതകത്തിൽ ഇസ്‌ലാമിന്റെ കൊടിക്കീഴിൽ അറേബ്യയിൽനിന്നു വന്‍തോതിലുള്ള ജനപ്രവാഹം തന്നെയുണ്ടായി. ഏതാനും ദശകങ്ങള്‍ക്കകം അറബികള്‍ ഉത്തര ആഫ്രിക്കവരെയും മധ്യപൂർവദേശം വരെയും എത്തി. എട്ടാം ശതകത്തിന്റെ ആദ്യപാദത്തിൽത്തന്നെ ഇവർ കിഴക്കു സിന്ധുതടംവരെയും പടിഞ്ഞാറു ദക്ഷിണഫ്രാന്‍സ്‌ വരെയും ആധിപത്യം സ്ഥാപിച്ചു. 732-ൽ ഫ്രാങ്കുകള്‍ അറബികളെ തുരത്തിയതോടെയാണ്‌ അറബി കുടിയേറ്റം നിയന്ത്രിതമായത്‌. മുസ്‌ലിം അധിനിവേശത്തോടെ കുടിയേറപ്പെട്ട പ്രദേശങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കുതന്നെ സാരമായ വ്യതിയാനമുണ്ടായി. ഫ്രാങ്കിഷ്‌ രാജവംശത്തിന്റെ തെക്കന്‍ ആക്രമണത്തെ മുസ്‌ലിം കുടിയേറ്റക്കാർ എതിർത്തതിന്റെ ഫലമായാണ്‌ 9-ാം ശതകത്തിന്റെ ആദ്യപാദത്തിൽ ഷാർലിമാന്‍ ചക്രവർത്തി കിഴക്കോട്ടു നീങ്ങി സാക്‌സണുകളെ പരാജയപ്പെടുത്തിയത്‌. ഇതിന്റെ അനന്തരഫലമായി ഉത്തരഫ്രാന്‍സിൽ (നോർമണ്ടി) നോർമന്‍ വംശം സ്ഥാപിതമായി.

"നാടോടി'കളിൽ (Nomads)പ്പെട്ട ഖിതാന്‍ 10-ാം ശതകത്തിൽ മംഗോളിയ, ഉത്തരചൈന എന്നിവിടങ്ങള്‍ കീഴടക്കിയശേഷം മംഗോളിയയിലെ തുർക്കി നാടോടികളെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു നിയോഗിച്ചു. ശക്തിക്ഷയിച്ച അബ്‌ബാസിദ്‌ വംശത്തെ വകവരുത്തിയ തുർക്കികള്‍ പിന്നീട്‌ ഏഷ്യാമൈനറിലേക്കു നീങ്ങി. 13-ാം ശതകത്തിൽ ജെങ്കിസ്‌ഖാന്റെ നേതൃത്വത്തിൽ മംഗോള്‍ ഗോത്രക്കാർ ഹംഗറി, ബൊഹീമിയ എന്നിവിടങ്ങള്‍ കീഴടക്കി. മംഗോള്‍ ആക്രമണത്തിന്റെ ഫലമായി കിഴക്കന്‍ യൂറോപ്പിൽ ജനവാസംതന്നെ ഇല്ലാതായി. പടിഞ്ഞാറന്‍ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ്‌ കിഴക്കന്‍ യൂറോപ്പിൽ പിന്നീട്‌ ആള്‍പ്പാർപ്പുണ്ടായത്‌. കീവിൽ നിന്നു നിഷ്‌കാസിതരായ റഷ്യക്കാർ വടക്കോട്ടു മസ്‌കോവി വരെ നീങ്ങി അവിടത്തെ ഫിന്നുകളെ നിഷ്‌കാസനം ചെയ്‌ത്‌ ആ പ്രദേശത്ത്‌ ആധിപത്യം സ്ഥാപിച്ചു.

14-ാം ശതകത്തിൽ ഏഷ്യാമൈനറിൽ നിന്നു ദേശാന്തരഗമനം നടത്തിയ ഒട്ടോമന്‍ തുർക്കികള്‍ ബാള്‍ക്കന്‍ പ്രദേശങ്ങളിലെത്തി; 1453-ൽ ഇവർ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൈയടക്കി. ഇവരുടെ പിന്നീടുള്ള കുടിയേറ്റ ശ്രമങ്ങള്‍ വിഫലങ്ങളായത്‌ 1529-ലും 1683-ലും വിയന്നയിൽവച്ചു നടന്ന പ്രതിരോധത്തോടെയാണ്‌.

17-ാം ശതകത്തിൽ പൂർവാർധത്തിൽ മംഗോളിയ, ചൈന എന്നീ പ്രദേശങ്ങള്‍ മഞ്ചുവർഗം കീഴടക്കിയതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു പശ്ചിമ മംഗോളുകളുടെ ഒരു വന്‍പ്രയാണം തന്നെയുണ്ടായി. ഒരു ലക്ഷത്തോളം വരുന്ന പശ്ചിമമംഗോളുകളെ തടഞ്ഞുനിർത്തിയത്‌ റഷ്യയാണ്‌. 16-ം 17-ം ശതകങ്ങളിൽ റഷ്യ കീഴടക്കിയ സൈബീരിയയിൽ കുടിയേറ്റം നടന്നത്‌ വളരെ സാവധാനത്തിലായിരുന്നു. 1860-ൽ ഇവിടത്തെ ജനസംഖ്യ ഏതാണ്ട്‌ 5 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1880 വരെ കുടിയേറ്റക്കാരിൽ പകുതിയോളം നാടുകടത്തൽ ശിക്ഷയ്‌ക്കു വിധേയരായവർ ആയിരുന്നു. 1861-ൽ അടിയായ്‌മയ്‌ക്കു വിലക്കു കല്‌പിച്ചതോടെയാണ്‌ സൈബീരിയന്‍ അധിനിവേശം കാര്യമായ തോതിലുണ്ടായത്‌. 1896-ൽ ട്രാന്‍സ്‌ സൈബീരിയന്‍ റെയിൽവേ പ്രവർത്തനമാരംഭിച്ചതോടെ സൈബീരിയയിലേക്കുള്ള കുടിയേറ്റ പ്രവാഹത്തിന്‌ ആക്കംകൂടി.

1801 മുതൽ 1914 വരെയുള്ള കാലത്ത്‌ യൂറോപ്യന്‍ റഷ്യയിൽ നിന്ന്‌ ഏഷ്യന്‍ റഷ്യയിലേക്ക്‌ 75 ലക്ഷം ആളുകള്‍ കുടിയേറി. ഇതിൽ ഏതാണ്ടു 40 ലക്ഷത്തോളം 1900-ത്തിനുശേഷം കുടിയേറിയവരാണ്‌. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയ്‌ക്കുള്ള കാലത്തു തടങ്കൽപ്പാളയത്തിലെ നാടുകടത്തപ്പെട്ടവർക്കു പുറമേ 60 ലക്ഷം ആളുകള്‍ സൈബീരിയയിലെത്തി. ഇക്കാലത്തു റഷ്യയിലെ ഗ്രാമങ്ങളിൽനിന്ന്‌ 230 ലക്ഷം ജനങ്ങള്‍ നഗരങ്ങളിലേക്കു കുടിയേറി.

കണ്ടുപിടിത്തങ്ങളുടെ കാലംമുതൽ രണ്ടാംലോകയുദ്ധത്തിന്റെ തുടക്കംവരെയുള്ള കാലത്ത്‌ ഏതാണ്ട്‌ ആറുകോടി യൂറോപ്യന്മാർ സമുദ്രാന്തരദേശക്കുടിയേറ്റം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സാഹസികരും വ്യാപാരിവർഗങ്ങളും പീഡിതവിഭാഗങ്ങളുമാണ്‌ കോളനികളിലേക്ക്‌ ആകൃഷ്‌ടരായത്‌. 19-ാം ശതകത്തിനു മുമ്പ്‌ തെക്കേ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലും എത്തിയിരുന്നത്‌ ആഫ്രിക്കക്കാരായ അടിമകളായിരുന്നു. ഇക്കാലത്ത്‌ കപ്പലിൽ അത്‌ലാന്റിക്‌ കടത്തിവിട്ട ആഫ്രിക്കന്‍ അടിമകളുടെ സംഖ്യ ഒരുകോടിയിലധികമായിരുന്നു. 1790 വരെ സ്‌പെയിനിൽനിന്ന്‌ അമേരിക്കകളിലേക്കുവന്ന കുടിയേറ്റക്കാർ ഏതാനും ലക്ഷം മാത്രമായിരുന്നു. ഇക്കാലത്ത്‌ കാനഡയിലേക്കു കുടിയേറിയ ഫ്രഞ്ചുകാരുടെ സംഖ്യ 25,000 ആണ്‌. 1760-ൽ ബ്രിട്ടന്‍ കാനഡ കൈവശപ്പെടുത്തിയതോടെ കാനഡയിലെ യൂറോപ്യന്‍ വംശജരുടെ സംഖ്യ 70,000 ആയി. ഫ്രഞ്ച്‌ വിപ്ലവകാലത്ത്‌, ഫ്രഞ്ച്‌ കോളനികളിലെ വെള്ളക്കാരുടെ എണ്ണവും ഏതാണ്ട്‌ ഇത്രമാത്രമായിരുന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെ എട്ടു ഘട്ടങ്ങളായി തിരിക്കാം: 17-ാം ശ.; 18-ാം ശതകം മുതൽ അമേരിക്കന്‍ വിപ്ലവം വരെ; 1775 മുതൽ 1820 വരെ; 1820 മുതൽ 1870 വരെ; 1870 മുതൽ 1890 വരെ; 1890 മുതൽ 1924 വരെ; 1924 മുതൽ 1939 വരെ; 1939-നു ശേഷം. സാഹസികരും മതപ്രവാചകരുമാണ്‌ 17-ാം ശതകത്തിൽ അമേരിക്കയിലെത്തിയത്‌. ഈ കുടിയേറ്റക്കാരുടെ സംഖ്യ വളരെ കുറവായിരുന്നു. 1680-ൽ അമേരിക്കയിൽ ആകെ 2,00,000 ആളുകളേ ഉണ്ടായിരുന്നുള്ളൂ.

സഹാറ മരുഭൂമിയിലൂടെ യാത്രചെയ്യുന്ന കുടിയേറ്റസംഘം

ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഡച്ച്‌, സ്വീഡിഷ്‌ കോളനികള്‍ അക്കാലത്ത്‌ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ ദേശീയതയ്‌ക്ക്‌ കുടിയേറ്റംകൊണ്ടു യാതൊരു മാറ്റവും വന്നിരുന്നില്ല. 1700 വരെയുള്ള കാലത്ത്‌ അമേരിക്കയിലേക്കു വന്‍തോതിൽ കുടിയേറ്റം നടന്നു. സാഹസികരും വ്യാപാരികളും പുതിയ സ്ഥലം തേടി വന്നവരും തൊഴിലവസരങ്ങള്‍ തേടിയെത്തിയവരുമായിരുന്നു ഇവരിൽ ഭൂരിഭാഗവും. ഇക്കാലത്ത്‌ ഇംഗ്ലണ്ട്‌, സ്‌കോട്ട്‌ലന്‍ഡ്‌, അയർലണ്ട്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്‌ യു.എസ്സിൽ കുടിയേറിയവരിൽ അധികവും. പെന്‍സിൽവേനിയ, വെർജീനിയ, ന്യൂയോർക്ക്‌, മെരിലാന്‍ഡ്‌ എന്നിവിടങ്ങളായിരുന്നു ഇംഗ്ലണ്ടിൽനിന്നും മറ്റും എത്തിയവരുടെ അധിവാസപ്രദേശങ്ങള്‍. 18-ാം ശതകത്തിൽ ആഫ്രിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത അടിമകളെ ഒരു പ്രത്യേകവിഭാഗമായി അധിവസിപ്പിച്ചു. ഗ്രറ്റ്‌ ബ്രിട്ടനെതിരായി നടന്ന ഐതിഹാസികമായ "അമേരിക്കന്‍ സ്വാതന്ത്യ്രസമര'ത്തിന്റെ ഫലമായി കുടിയേറ്റം പ്രാത്സാഹിപ്പിക്കപ്പെട്ടു. 1776 മുതൽ 1820 വരെയുള്ള കാലഘട്ടത്തിൽ യു.എസ്‌. ജനസംഖ്യ 96,00,000 ആയി ഉയർന്നു. 1812-ലെ യുദ്ധം, നെപ്പോളിയാനിക്‌ യുദ്ധങ്ങള്‍ എന്നിവയ്‌ക്കുശേഷം 1815-ൽ സമാധാനം വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെ വ്യാപാരബന്ധങ്ങള്‍ പുനഃസ്ഥാപിതമായി. 1820-നും 1870-നും ഇടയ്‌ക്കു 73,75,000 ആളുകള്‍ പുതുതായി യു.എസ്സിലെത്തിയെന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്‌. 1872-ൽ യു.എസ്സിൽ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി യു.എസ്സിലേക്കുള്ള കുടിയേറ്റം അല്‌പമൊന്നു കുറഞ്ഞു എങ്കിലും 1870-നും 1890-നും ഇടയ്‌ക്ക്‌ 80,00,000-ൽ അധികം ആളുകള്‍ യു.എസ്സിൽ എത്തി. ആവിക്കപ്പലുകളുടെ ആവിർഭാവത്തിന്റെയും കുടിയേറ്റത്തെ സംബന്ധിച്ച ഗവണ്‍മെന്റ്‌ നിയന്ത്രണങ്ങളുടെയും ഫലമായാണ്‌ ഇക്കാലത്തു കുടിയേറ്റത്തിനു സഹായകമായ സാഹചര്യങ്ങളുണ്ടായത്‌. ഗ്രറ്റ്‌ ബ്രിട്ടന്‍, അയർലണ്ട്‌, ജർമനി എന്നിവിടങ്ങളിൽനിന്ന്‌ യു.എസ്സിലെത്തിയവരിൽ ഭൂരിഭാഗവും കൃഷിക്കാരും ഉയർന്ന കൂലിനിരക്കിലാകൃഷ്‌ടരായ ഫാക്‌ടറിത്തൊഴിലാളികളുമായിരുന്നു. ഇക്കാലത്ത്‌ സ്‌കാന്‍ഡിനേവിയന്‍ രാഷ്‌ട്രങ്ങളിൽ നിന്ന്‌ ഏതാണ്ട്‌ 10 ലക്ഷം ആളുകളും യു.എസ്സിലെത്തി.

1930-കളിലെ ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടർന്ന്‌ ഭവനരഹിതരായിത്തീർന്ന ഒരു കുടിയേറ്റ കുടുംബം (യു.എസ്സ്‌.)

1890 മുതൽ 1924 വരെയുള്ള കാലത്താണു യു.എസ്സിലേക്കുള്ള കുടിയേറ്റം ഏറ്റവും കൂടുതലായി നടന്നത്‌. റെയിൽ ഗതാഗതത്തിന്റെ ഫലമായി യാത്രയ്‌ക്കു വേണ്ട സമയം കുറഞ്ഞതോടെ കുടിയേറ്റത്തിന്റെ തോതു വളരെയേറെ വർധിച്ചു. 1890 മുതൽ 1924 വരെ 2 കോടി ജനങ്ങള്‍ യു.എസ്സിൽ കുടിയേറിയെന്നാണു കണക്ക്‌. ഇക്കാലത്ത്‌ യു.എസ്സിൽ കുടിയേറിയവരിൽ ചെക്കുകളും സ്ലോവക്കുകളും ഹംഗറിക്കാരും സ്ലോവേണിയരും സെർബുകളും പോളുകളും ഉള്‍പ്പെടുന്നു. ഇക്കാലത്ത്‌ 20 ലക്ഷം ജൂതന്മാരും റഷ്യയിലേക്കു കുടിയേറിയിട്ടുണ്ട്‌. 1924 മുതൽ 39 വരെയുള്ള കാലത്തു വളരെ കുറച്ചാളുകളേ യു.എസ്സിലേക്കു കുടിയേറിയിട്ടുള്ളൂ. 1930-ലുണ്ടായ ആഗോളസാമ്പത്തിക മാന്ദ്യം കുടിയേറ്റങ്ങള്‍ക്കുള്ള അവസരങ്ങളില്ലാതാക്കി. ഇക്കാലത്തുണ്ടായ ശ്രദ്ധേയമായ കുടിയേറ്റം മെക്‌സിക്കോയിൽ നിന്നുണ്ടായതാണ്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം 1917-ൽ തൊഴിൽശക്തിക്കു കുറവുണ്ടായതോടെയാണ്‌ മെക്‌സിക്കോയിൽ നിന്നു വന്‍തോതിൽ യു.എസ്സിലെക്കു തൊഴിലാളികളുടെ കുടിയേറ്റമുണ്ടായത്‌. ഹിറ്റ്‌ലറുടെ ഭീകരഭരണത്തിനിരയായ 2 ലക്ഷത്തോളം ജർമന്‍കാർ ഇക്കാലത്ത്‌ യു.എസ്സിലെത്തിയിരുന്നു; ഇതിൽ ഏതാണ്ടു പകുതിയും ജൂതന്മാരായിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം യു.എസ്‌. ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും കുടിയേറ്റത്തിനു കർശനമായ നിയന്ത്രണങ്ങളുണ്ടായി. രാജ്യാതിർത്തികളിൽ കനത്ത കാവൽ ഏർപ്പെടുത്തപ്പെട്ടു. പോരെങ്കിൽ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയ്യാറായ രാജ്യങ്ങളിൽത്തന്നെ ജനപ്പെരുപ്പം നിയന്ത്രണാതീതമായി. ഇറ്റലിയിലും ഗ്രീസിലും ജനപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഇക്കാലത്ത്‌ യു.എസ്സിലെ കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ കർശനമായി പാലിച്ചതോടെ യു.എസ്സിലേക്കുള്ള കുടിയേറ്റം നിശ്ശേഷം അവസാനിച്ചുവെന്നു തന്നെ പറയാം. "ഡിസ്‌പ്ലേസ്‌ഡ്‌ പേഴ്‌സണ്‍സ്‌ ആക്‌റ്റ്‌' 1948, "റെഫ്യൂജി റിലീഫ്‌ ആക്‌റ്റ്‌' 1953 എന്നീ നിയമങ്ങള്‍ മുഖേന 1948-നും 1952-നും ഇടയ്‌ക്ക്‌ 61 ലക്ഷം ആളുകള്‍ യു.എസ്സിൽ കുടിയേറുകയുണ്ടായി. ഇക്കാലത്ത്‌ 1956-ൽ ഹംഗറിയിൽ നടന്ന വിപ്ലവത്തിൽ പരാജിതരായ 35,000 ആളുകള്‍ക്കും യു.എസ്‌. അഭയം നല്‌കുകയുണ്ടായി. യുദ്ധകാലത്ത്‌ വിദേശങ്ങളിൽ സേവനം നടത്തിയിരുന്ന വ്യക്തികളുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും യു.എസ്‌. സ്വാഗതം ചെയ്‌തു. ക്യൂബയിൽ ഫിഡെൽ കാസ്‌റ്റ്രായുടെ ഭരണം തുടങ്ങിയതോടെ രാഷ്‌ട്രീയ അഭയാർഥികളായ 2,72,000 ആളുകള്‍ക്കു യു.എസ്‌. കുടിയേറ്റത്തിനനുമതി നല്‌കി.

1965-നു ശേഷം യു.എസ്‌. കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ ഉദാരമാക്കുകയുണ്ടായി. സ്വതന്ത്രമായ അന്താരാഷ്‌ട്ര കുടിയേറ്റത്തെ അതിശയിക്കുന്ന തരത്തിലുള്ളതാണ്‌ 20-ാം ശതകത്തിലെ നിർബന്ധിത കുടിയേറ്റം. രണ്ടാം ലോകയുദ്ധത്തിനുശേഷം അഭയാർഥിപ്രശ്‌നം ലോകജനസമൂഹങ്ങളിൽ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനുശേഷം പശ്ചിമ ജർമനിക്കു 1.2 കോടി അഭയാർഥികളെയും ജപ്പാന്‌ 63 ലക്ഷം അഭയാർഥികളെയും ദക്ഷിണ കൊറിയയ്‌ക്ക്‌ 40 ലക്ഷം അഭയാർഥികളെയും ഹോങ്കോങ്ങിന്‌ 13 ലക്ഷം അഭയാർഥികളെയും ഇസ്രയേലിന്‌ 10 ലക്ഷം അഭയാർഥികളെയും പുനരധിവസിപ്പിക്കേണ്ടി വന്നു. ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തോടെ ഏതാണ്ട്‌ 1.8 കോടി ജനങ്ങള്‍ ഇരുരാജ്യങ്ങളിലുമായി അഭയാർഥികളായിത്തീർന്നു. പലസ്‌തീനിൽനിന്നുള്ള അഭയാർഥികളുടെ എണ്ണം 10 ലക്ഷത്തിൽ കവിഞ്ഞിരുന്നു. അന്താരാഷ്‌ട്ര അഭയാർഥി സംഘടനകളുടെയും "ഇന്റർ ഗവണ്‍മെന്റൽ കമ്മിറ്റി ഫോർ യൂറോപ്യന്‍ മൈഗ്രഷന്റെ'യും ശ്രമഫലമായി മൊത്തം 13 ലക്ഷം അഭയാർഥികളെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു.

ജി.എഫ്‌.എം.ഡി.(ഗ്ലോബൽ ഫോറം ഓണ്‍ മൈഗ്രഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌)യ്‌ക്കെതിരെ 2011 ഡിസംബറിൽ ജനീവയിൽ നടന്ന പ്രതിഷേധപ്രകടനം

1830-കളിൽ ബ്രിട്ടീഷ്‌ കോളനികളിൽ അടിമത്തം നിരോധിച്ചതോടെയാണ്‌ വിദൂരപൂർവദേശങ്ങളിൽ കുടിയേറ്റം ഗണ്യമായ തോതിലുണ്ടായത്‌. ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളിൽനിന്നാണ്‌ തോട്ടംപണിക്കു വേണ്ട തൊഴിലാളികളെ ഇറക്കുമതി ചെയ്‌തിരുന്നത്‌. വന്‍കരാടിസ്ഥാനത്തിലുള്ള കുടിയേറ്റം കുറഞ്ഞുവെങ്കിലും വന്‍കരയ്‌ക്കുള്ളിലെ കുടിയേറ്റം ഗണ്യമായി വർധിച്ചുവെന്നു കാണാം. 1920 മുതൽ 40 വരെയുള്ള കാലത്ത്‌ 1.75 കോടി ജനങ്ങള്‍ ജപ്പാനിലേക്കു കുടിയേറി. ഇക്കാലത്ത്‌ ജപ്പാനിൽനിന്നു വിദേശങ്ങളിലേക്കു കുടിയേറിയവരുടെ പത്തിരട്ടിയാണ്‌ ഈ സംഖ്യ. 1945-നുശേഷം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വന്‍തോതിൽ കുടിയേറ്റം നടന്നു; ഒപ്പം മൂലധനപ്രവാഹവും. 1946-ലെ കണക്കനുസരിച്ചു റൊഡേഷ്യ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിൽ യൂറോപ്യന്മാരുടെ എണ്ണം 1,05,000 ആയിരുന്നു. ഇത്‌ 1957-ൽ 2,74,000 ആയി വർധിച്ചു; അതായത്‌ 161 ശ.മാ. വർധന. ഈ വർധനവിന്റെ മൂന്നിൽ രണ്ടുഭാഗവും കുടിയേറ്റത്തിലൂടെയാണ്‌ ഉണ്ടായത്‌. ഇതുപോലെ തന്നെ കോംഗോ റിപ്പബ്ലിക്‌, കെനിയ, ടാംഗനിക്ക, ഉഗാണ്ട, മൊറോക്കോ എന്നിവിടങ്ങളിലും യൂറോപ്യന്മാർ വന്‍തോതിൽ കുടിയേറി.

കുടിയേറ്റത്തിനുള്ള കാരണങ്ങള്‍. സാഹസികത, സാമ്പത്തികനേട്ടങ്ങള്‍, കീർത്തിക്കുവേണ്ടിയുള്ള ശ്രമം എന്നിവയാണു സ്വന്തം രാജ്യംവിട്ട്‌ വിദൂരരാജ്യങ്ങളിലേക്കു കുടിയേറാന്‍ യൂറോപ്യന്മാരെ പ്രരിപ്പിക്കുന്നത്‌. 15-ാം ശതകത്തിൽ "പുതിയലോകം' കണ്ടുപിടിക്കാന്‍ തയ്യാറായ നിരവധി സാഹസികരുണ്ട്‌. ജോണ്‍ സ്‌മിത്ത്‌ ആയുധമുപയോഗിച്ചും വ്യാപാരിയായ ജോണ്‍ ജേക്കബ്‌ ആസ്റ്ററും ബാങ്കറായ ജേക്കബ്‌ ഷിഫും തങ്ങളുടെ വിരുതുകൊണ്ടും കുടിയേറ്റത്തിനു നേതൃത്വം നല്‌കി. വ്യക്തിപരമായി ഇവർ വളരെയൊന്നും നേടിയില്ലെങ്കിലും കുടിയേറ്റത്തിന്റെ ആക്കം വർധിക്കാന്‍ ഇവരുടെ ശ്രമങ്ങള്‍ സഹായകങ്ങളായി.

കുടിയേറാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെ സാമ്പത്തിക മെച്ചങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ വ്യക്തികളും സമൂഹങ്ങളും ദേശാന്തരഗമനത്തിനു മുതിരുന്നത്‌. സാമ്പത്തികമായി മെച്ചപ്പെട്ട നിലവാരത്തിലുള്ളവരോ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരോ ആയ വ്യക്തികള്‍ സാധാരണഗതിയിൽ കുടിയേറ്റത്തിനു മുതിരുകയില്ല. സ്വന്തം സ്ഥലത്തെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിച്ചു പുതിയ സ്ഥലത്തെ അനിശ്ചിതത്വത്തോടു പൊരുത്തപ്പെടാന്‍ സാധാരണഗതിയിൽ ആരും തയ്യാറാകുകയില്ല. സ്വന്തം രാജ്യത്തെ അസ്വാതന്ത്യ്രവും മറ്റു വിലക്കുകളും ആണ്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറാന്‍ പലരെയും പ്രരിപ്പിക്കുന്നത്‌. പ്രമനൈരാശ്യം, അസ്വാതന്ത്യ്രം, തൊഴിൽരംഗത്തെ അസംതൃപ്‌തി, കുടുംബബന്ധങ്ങളുടെ ശൈഥില്യം എന്നിവയിൽനിന്നുള്ള മോചനമാണ്‌ കുടിയേറാന്‍ ആഗ്രഹിക്കുന്ന വൈയക്തിക ലക്ഷ്യം. തങ്ങളുടെ സർഗശക്തി പുതിയ രാജ്യത്തു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ പ്രകടിപ്പിക്കുവാന്‍ കഴിയുമെന്ന വിശ്വാസത്തിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നവരുമുണ്ട്‌. സ്വന്തം രാജ്യങ്ങളിൽ വീർപ്പുമുട്ടിക്കഴിഞ്ഞു കുടിയേറ്റം വഴി പേരെടുത്തവരിൽ പ്രമുഖരാണ്‌ മതനേതാക്കളായ ഹെന്‌റി എം. മ്യൂളെന്‍ ബർഗ്‌, ഐസക്‌ എം. വൈസ്‌, മദർ കബ്രീനി, വില്യം ടെനന്റ്‌, ശാസ്‌ത്രജ്ഞരായ എന്‍റിക്കോ ഫെർമി, ആൽബർട്ട്‌ ഐന്‍സ്റ്റൈന്‍, ഖൊരാനാ, സംഗീതജ്ഞരായ ജാഷാ ഹൈഫെറ്റ്‌സ്‌, വാള്‍ട്ടർ ഡാംറോഷ്‌, പത്രപ്രവർത്തകരും സാഹിത്യകാരന്മാരുമായ ജോസഫ്‌ പുലിറ്റ്‌സർ, ഓള്‍ റോള്‍വാഗ്‌ എന്നിവർ.

മതപരവും രാഷ്‌ട്രീയവുമായ പീഡനത്തിനു വിധേയരായി കുടിയേറ്റത്തിനു തയ്യാറാവുന്ന നിരവധിയാളുകള്‍ ഉണ്ട്‌. പീഡിതവർഗത്തിന്റെ അഭയകേന്ദ്രമായ യു.എസ്സിലേക്കാണ്‌ ഇക്കൂട്ടർ അഭയാർഥികളായി എത്തുന്നത്‌. ലൂയി XIV-ാമന്റെ ഒരൊറ്റ ഉത്തരവിലൂടെ 3,00,000 ഹ്യൂഗെനറ്റുകള്‍ ഫ്രാന്‍സിൽനിന്നു നാടുകടത്തപ്പെട്ടു. ഇവർ ചെന്നെത്തിയത്‌ യു.എസ്സിലായിരുന്നു. തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അധികാരിവർഗത്തിനു അടിയറവയ്‌ക്കാന്‍ തയ്യാറാകാത്തവരും കുടിയേറ്റത്തിനു പ്രരിതരാകുന്നു. ജർമനിയിലെ ജൂതന്മാർ വിവിധ രാഷ്‌ട്രങ്ങളിലേക്കു പലായനം ചെയ്‌തത്‌ ഇതിനുദാഹരണമാണ്‌. ഫ്രഞ്ചുവിപ്ലവകാലത്തു തങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി ജനമധ്യത്തിലെത്തിക്കാന്‍ കഴിയാത്ത നിരവധി ചിന്തകർ യു.എസ്സിൽ അഭയം തേടി. കാള്‍ ഷുർസ്‌, ഗിസപ്പെ ഗാരിബാള്‍ഡി, ജോണ്‍ മിച്ചെൽ എന്നിവർ ഇങ്ങനെ അഭയം തേടിയവരിൽ പ്രമുഖരാണ്‌.

ജനപ്പെരുപ്പം കുടിയേറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്‌. നൂറ്റാണ്ടുകളോളം യൂറോപ്പിലെ ജനസംഖ്യയിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. മരണനിരക്കു കുറഞ്ഞതിന്റെ ഫലമായി 1650-നു ശേഷം യൂറോപ്പിലെ ജനസംഖ്യ അഭൂതപൂർവമായി വർധിച്ചു. 1700-ൽ യൂറോപ്പിലെ ജനസംഖ്യ 10,00,00,000 ആയിരുന്നു. 1900-ത്തിൽ ഇത്‌ 40,10,00,000 ആയി; 1950-ൽ 50,00,00,000 ആയി വർധിച്ചു. ഈ ജനപ്പെരുപ്പം യൂറോപ്പിന്റെ സാമ്പത്തിക വ്യവസ്ഥയ്‌ക്കു താങ്ങാനാകാത്തതായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള വഴി കുടിയേറ്റം മാത്രമായി. വ്യവസായികവിപ്ലവത്തിന്റെ ഫലമായി പരമ്പരാഗത ചെറുകിട-കുടിൽവ്യവസായങ്ങളുടെ നിലനില്‌പുതന്നെ അപകടത്തിലായി; തൊഴിലില്ലായ്‌മ രൂക്ഷമാവുകയും ചെയ്‌തു. ഉപജീവനത്തിനു വഴി കണ്ടെത്തേണ്ടതാവശ്യമായി വന്ന തൊഴിലാളികള്‍ കുടിയേറ്റത്തെ ആശ്രയിച്ചു. കാർഷികമേഖലയുടെ യന്ത്രവത്‌കരണംമൂലമുണ്ടായ തൊഴിലില്ലായ്‌മയ്‌ക്കു പരിഹാരവും കുടിയേറ്റം തന്നെയായിരുന്നു.

കുടിയേറ്റത്തിനുള്ള മാർഗങ്ങള്‍. ഗതാഗതസൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത്‌ കുടിയേറ്റത്തിന്റെ തോത്‌ വളരെക്കുറവായിരുന്നുവെന്നു കാണാം. 17-ം 18-ം ശതകങ്ങളിൽ ചെറിയ തോതിലുള്ള പായ്‌ക്കപ്പലുകളിൽ ബഹുദൂരം യാത്രചെയ്യുന്നതിന്റെ ക്ലേശങ്ങള്‍ കുടിയേറ്റത്തെ ഒരു പരിധിവരെ നിരുത്സാഹപ്പെടുത്തിയിരുന്നു. 1840-കളിൽ ആവിക്കപ്പലുകള്‍ ഓടിത്തുടങ്ങിയതോടെ കുടിയേറ്റം അഭൂതപൂർവമായ തോതിൽ ഉയർന്നു. റെയിൽ ഗതാഗതം സാധ്യമായപ്പോള്‍ കുടിയേറ്റത്തിന്റെ തോത്‌ വളരെയേറെ വർധിച്ചു. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതു നിമിത്തം കുടിയേറ്റത്തിന്റെ തോതിൽ മാത്രമല്ല, ദൂരത്തിലും വർധനവുണ്ടായി. ആദ്യഘട്ടങ്ങളിൽ സാഹസികരാണ്‌ ദൂരയാത്രയ്‌ക്കു മുന്‍പന്തിയിൽ നിന്നത്‌. ദൂരയാത്രയുടെ അനുഭവങ്ങളും വിജയകഥകളും കേട്ട്‌, യാത്രയെപ്പറ്റിയുള്ള വിവരങ്ങളും അധിവസിക്കുന്നതിനുള്ള പ്രദേശങ്ങളുടെ പ്രശ്‌നങ്ങളും പ്രത്യേകതകളും മനസ്സിലാക്കി മറ്റുള്ളവർ സാഹസികരെ അനുകരിച്ചു കുടിയേറ്റത്തിനു മുതിരുകയാണു പതിവ്‌. കുടിയേറിക്കഴിഞ്ഞവരുടെ ആഹ്വാനം സ്വീകരിച്ചു മറ്റുള്ളവരും ദേശാന്തരഗമനത്തിനു തയ്യാറാകുന്നു. ക്ഷാമം, പകർച്ചവ്യാധി, യുദ്ധം എന്നിവയുടെ ഫലമായും ജനങ്ങള്‍ വന്‍തോതിലുള്ള കുടിയേറ്റത്തിനു മുതിരാറുണ്ട്‌. 1846-ലെ അയർലണ്ടിലെ ഉരുളക്കിഴങ്ങ്‌ വിളനഷ്‌ടം, 1847-ൽ ജർമനിയിലുണ്ടായ വിളനാശം, 1880-കളിൽ കിഴക്കന്‍ യൂറോപ്പിലുണ്ടായ കോളറ എന്നിവയുടെ ഫലമായി വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി.

കുടുംബസമേതമുള്ള കുടിയേറ്റം സാർവത്രികമായത്‌ 19-ാം ശതകത്തിലാണ്‌. വ്യക്തികളുടെ കുടിയേറ്റത്തിൽ 15-35 വയസ്സുള്ളവർക്കാണ്‌ മുന്‍തൂക്കം. ഇതിൽത്തന്നെ പുരുഷന്മാർക്കാണു ഭൂരിപക്ഷം. 19-ാം ശതകത്തിന്റെ അന്ത്യപാദത്തിൽ ബാള്‍ക്കന്‍ രാജ്യങ്ങളിൽനിന്ന്‌ യു.എസ്സിലേക്കു കുടിയേറിയവരിൽ 85 ശ.മാ. പുരുഷന്മാരായിരുന്നു. സാധാരണ പരിതഃസ്ഥിതികളിൽ നവാഗതർ ആതിഥേയരാജ്യത്തെ പൗരത്വം സ്വീകരിക്കാന്‍ പ്രരിതരാകും. ധനസമ്പാദനത്തിനുമാത്രമായി കുടിയേറുന്നവരൊഴിച്ചുള്ളവരെല്ലാം ആതിഥേയരാജ്യത്തിലെ സമൂഹവുമായി ഇഴുകിച്ചേരുകയാണ്‌ പതിവ്‌, സ്വന്തം രാജ്യത്തുനിന്ന്‌ പുറപ്പെടുന്നതിനു മുമ്പുതന്നെ പുതിയ രാജ്യത്തെക്കുറിച്ച്‌ അറിയാനും പഠിക്കാനും ശ്രമിക്കുന്നതുകൊണ്ട്‌ കുടിയേറിക്കഴിഞ്ഞാലുടന്‍ ആതിഥേയരാജ്യങ്ങളിലെ സ്ഥാപനങ്ങളും ജീവിതമൂല്യങ്ങളുമായി താദാത്മ്യം പ്രാപിക്കുവാന്‍ മിക്ക കുടിയേറ്റക്കാർക്കും കഴിയുന്നുണ്ട്‌. വ്യക്തികള്‍ പുതിയ പ്രദേശത്തെത്തിക്കഴിഞ്ഞാലുടന്‍ അവിടത്തെ ഭാഷ വശമാക്കുകയും പുതിയ സമൂഹവുമായി ഇണങ്ങിച്ചേരുകയും ചെയ്യും. എന്നാൽ സമൂഹങ്ങളായി കുടിയേറുന്നവർ തങ്ങളുടെ തനതായ സംസ്‌കാരവും ഭാഷയും സൂക്ഷിച്ചുകൊണ്ട്‌ പ്രത്യേകമായി നിലനിൽക്കാന്‍ വ്യഗ്രത കാണിക്കുന്നു. വിവിധ ഭാഷകള്‍ പ്രചാരത്തിലിരിക്കുന്ന രാഷ്‌ട്രങ്ങളിൽ എത്തുന്ന കുടിയേറ്റക്കാർക്ക്‌ തങ്ങളുടെ നാട്ടുകാരെ കണ്ടുമുട്ടുക വിഷമമല്ല. ഗ്രാമീണപാരമ്പര്യം പുലർത്തുന്നവർ ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കു കുടിയേറുമ്പോള്‍ അവർക്കു നഗരജീവിതത്തിന്റെ സങ്കീർണതയുമായി പൊരുത്തപ്പെടാന്‍ പ്രയാസം തോന്നാറുണ്ട്‌.

കുടിയേറ്റത്തിന്റെ ഫലമായുണ്ടാകുന്ന വൈഷമ്യങ്ങള്‍ സാധാരണഗതിയിൽ ഒരു തലമുറ മാത്രമേ നീണ്ടുനിൽക്കാറുള്ളൂ. കുടിയേറിക്കഴിഞ്ഞു ജനിക്കുന്ന അടുത്ത തലമുറ ആതിഥേയ രാജ്യത്തെ പൗരന്മാരായി മാറിക്കഴിയുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ്‌ പതിവ്‌. നവാഗതരെയും പുതിയ തലമുറകളെയും ഉള്‍ക്കൊള്ളാന്‍ തക്കവണ്ണമുള്ള ഒരു സാമൂഹ്യഘടന സ്ഥാപിക്കുവാന്‍ അമേരിക്കയിലെത്തിയ ആദ്യത്തെ കുടിയേറ്റക്കാർക്കു കഴിഞ്ഞിട്ടുണ്ട്‌. കുടിയേറ്റങ്ങളുടെ ഫലമായി തലമുറകളായി നടന്നുവന്ന ഗോത്രാന്തര വിവാഹബന്ധങ്ങള്‍ നിമിത്തം ഗോത്രവൈജാത്യങ്ങള്‍ അവസാനിച്ചുവെന്നുതന്നെ പറയാം. വർണവ്യത്യാസം മാത്രമാണ്‌ ഇപ്പോള്‍ കുടിയേറ്റക്കാരെ വേർതിരിക്കുന്ന ഏക നിർണായക ഘടകം. യു.എസ്‌., ഇംഗ്ലണ്ട്‌, റൊഡേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ എന്നിവിടങ്ങളിൽ വർണവ്യത്യാസം കൊണ്ടുണ്ടാകുന്ന സംഘർഷം രൂക്ഷമാണ്‌. ശക്തിമാത്സര്യം, സാമ്പത്തിക താത്‌പര്യങ്ങളുടെ സംഘട്ടനം, പാരമ്പര്യാധിഷ്‌ഠിത സംസ്‌കാരങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും സംഘർഷം എന്നിവ മൂലം ലൈബീരിയയിൽ തദ്ദേശീയ കറുത്ത ജനതയും കറുത്ത അമേരിക്ക-ലൈബീരിയക്കാരും തമ്മിൽ നിരന്തരം സംഘട്ടനങ്ങളുണ്ടാകാറുണ്ട്‌.

ഏതൊരു രാജ്യത്തെയും പ്രായപൂർത്തിയായ കുടിയേറ്റക്കാരന്‌ പുതിയ സ്ഥലത്തെ സംസ്‌കാരവുമായി ഇഴുകിച്ചേരുക അത്ര എളുപ്പമല്ല. പ്രായപൂർത്തിയായ വ്യക്തിയുടെ ബാല്യകാലസ്‌മരണകള്‍ അയാളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും എപ്പോഴും ഓർമിപ്പിക്കുമെന്നതാണു കാരണം. സമർഥനായ ഒരു തൊഴിലാളിയായാലും ഡോക്‌ടറായാലും അധ്യാപകനായാലും കുടിയേറിയ ആളാണെങ്കിൽ അയാളായിരിക്കും അവസാനമായി ജോലിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും ആദ്യമായി പിരിച്ചുവിടപ്പെടുന്നതും. കുടിയേറ്റക്കാർ എപ്പോഴും സാമ്പത്തികമായ അരക്ഷിതാവസ്ഥയ്‌ക്കു വിധേയരാകാറുണ്ട്‌. 1930-ൽ യു.എസ്സിൽ സാമ്പത്തികമാന്ദ്യമുണ്ടായപ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നതു കുടിയേറ്റക്കാർക്കാണ്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ ജർമന്‍ കുടിയേറ്റക്കാരും രണ്ടാം ലോകയുദ്ധകാലത്ത്‌ ജപ്പാന്‍ കുടിയേറ്റക്കാരുമാണ്‌ ദേശീയതയെ സംബന്ധിച്ച്‌ സംശയങ്ങള്‍ക്ക്‌ ഏറ്റവും കൂടുതൽ വിധേയരായത്‌. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്നതിൽ വൈഷമ്യം അനുഭവിക്കുന്നതു കുട്ടികളാണ്‌. പുതിയ പരിതഃസ്ഥിതികളുമായി ഇഴുകിച്ചേരുന്നതിനിടയിൽ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളിൽ നിന്നുതന്നെ വിടർത്തപ്പെടുന്നു.

സമുദ്രവാണിജ്യത്തിന്റെ വികസനത്തിനു മുമ്പുനടന്ന കുടിയേറ്റങ്ങളെല്ലാം അതാതു വന്‍കരകളിൽ ഒതുങ്ങിനിന്നു. അതായത്‌, ഏഷ്യക്കാർ സമീപസ്ഥ ദ്വീപുകളിലും ആഫ്രിക്കക്കാർ ആഫ്രിക്കയിലും മധ്യപൂർവദേശത്തെയും യൂറോപ്പിലെയും ആളുകള്‍ മെഡിറ്ററേനിയന്‍ മേഖലയിലും മാത്രമായി കുടിയേറിവന്നു. കൊളംബസ്സിന്റെ വിജയകഥയുടെ ഫലമായാണ്‌ ലോകം മുഴുവന്‍ കുടിയേറാമെന്ന സ്ഥിതി സംജാതമായത്‌. ആവിക്കപ്പലുകള്‍, റെയിൽവേ, കമ്പിത്തപാൽ എന്നീ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങള്‍ സുഗമമായതോടെ വിദൂര കുടിയേറ്റസൗകര്യങ്ങള്‍ കൈയ്‌ക്കുള്ളിലായി. ഇതോടെ മൂലധനരൂപവത്‌കരണവും വന്‍കിട കൂട്ടുടമയിലുള്ള ബിസ്സിനസ്‌ സമുദ്യമങ്ങളും കോളനി രൂപവത്‌കരണവും സാധ്യമാവുകയും ചെയ്‌തു.

വാണിജ്യവികസനാർഥം ഇന്ത്യ, ചൈന, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിലെത്തിയ യൂറോപ്യന്‍ കുടിയേറ്റക്കാർ തദ്ദേശീയരുടെ എതിർപ്പിനെ വിഗണിച്ചുകൊണ്ട്‌ വാണിജ്യമേധാവിത്വം മാത്രമല്ല, രാഷ്‌ട്രീയമേധാവിത്വവും സ്ഥാപിച്ചു. തദ്ദേശീയരുടെ എതിർപ്പില്ലാതിരുന്ന തെക്കേ ആഫ്രിക്ക, തെക്കും വടക്കും അമേരിക്കകള്‍ എന്നിവിടങ്ങളിൽ കുടിയേറി കോളനികള്‍ സ്ഥാപിക്കുന്നതിനു യൂറോപ്യന്മാർക്ക്‌ ഒരു വിഷമവുമുണ്ടായില്ല. ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഡച്ച്‌, സ്വീഡ്‌, ഫിന്‍ കുടുംബങ്ങള്‍ അമേരിക്കയിലെത്തി അവിടത്തെ തദ്ദേശീയ സംസ്‌കാരവുമായി ബന്ധപ്പെടാതെതന്നെ സ്വന്തം സമൂഹങ്ങള്‍ സൃഷ്‌ടിച്ചു. യൂറോപ്യന്‍ വെടിക്കോപ്പുകളും യൂറോപ്യന്‍ പകർച്ചവ്യാധികളും അമേരിന്ത്യരുടെ ജനസംഖ്യ കുറച്ചുവെന്നു മാത്രമല്ല, അവരെ ഉള്‍പ്രദേശങ്ങളിലേക്കു പലായനം ചെയ്യിക്കുകയും ചെയ്‌തു.

യൂറോപ്യന്മാരുടെ കിഴക്കോട്ടുള്ള കുടിയേറ്റം ഏഷ്യവരെയും പസിഫിക്‌ ദ്വീപുകള്‍വരെയും എത്തി. ഇംഗ്ലീഷുകാർ ആസ്റ്റ്രലിയയിലും ന്യൂസിലന്‍ഡിലും കുടിയേറി ആധിപത്യം സ്ഥാപിച്ചു. സൗത്ത്‌ സീ ഐലന്‍ഡുകാരും പിന്നീട്‌ അമേരിക്കക്കാരും ജപ്പാന്‍കാരും ചൈനക്കാരും ഹവായിലെത്തിയതിന്റെ ഫലമായി അവിടെ ഒരു സാർവജനീന ജനസമൂഹം തന്നെ വളർന്നുവന്നു. അമേരിക്കക്കാർ പടിഞ്ഞാറോട്ടു നീങ്ങിയപ്പോള്‍ റഷ്യക്കാർ കിഴക്കോട്ടു സൈബീരിയയിലേക്കും മധ്യേഷ്യയിലേക്കും നീങ്ങി.

ചില യൂറോപ്യന്‍ കുടിയേറ്റശ്രമങ്ങള്‍ ഫലവത്തായില്ല. വടക്കുകിഴക്കന്‍ ഏഷ്യ കൈവശപ്പെടുത്തി അധിവാസമുണ്ടാക്കാന്‍ ഇറ്റലിക്കാർ നടത്തിയ ശ്രമം അലസിപ്പോകയാണുണ്ടായത്‌. ബ്രസീൽ, യു.എസ്‌. എന്നിവിടങ്ങളായിരുന്നു ഇറ്റാലിയന്‍ കുടിയേറ്റക്കാർക്കു കൂടുതൽ പ്രിയം. ദക്ഷിണാഫ്രിക്ക, ടാങ്കനിക്ക എന്നിവിടങ്ങളിൽ കോളനികള്‍ സ്ഥാപിക്കുവാന്‍ ജർമനിക്കു കഴിഞ്ഞെങ്കിലും അവിടെ അധിവസിക്കാന്‍ ജർമന്‍ കുടിയേറ്റക്കാർ തയ്യാറായില്ല. മധ്യ-പശ്ചിമ അമേരിക്കയായിരുന്നു അവർക്കും പ്രിയം.

ജനസംഖ്യാവർധന, അടിക്കടിയുണ്ടാകുന്ന ക്ഷാമം, സാമ്പത്തിക സമ്മർദങ്ങള്‍ എന്നിവയുണ്ടായിട്ടും ഏഷ്യയിൽ നിന്നു കുടിയേറ്റം കാര്യമായ തോതിലുണ്ടായില്ല.

സ്വന്തം നാടിനോടും കുടുംബത്തോടും അടങ്ങാത്ത ബന്ധം വച്ചുപുലർത്തുന്ന ചൈനക്കാർ കുടിയേറ്റം നടത്തിയാൽപ്പോലും ജീവിതാന്ത്യംവരെ ആതിഥേയ രാജ്യത്തു തുടരാന്‍ ഇഷ്‌ടപ്പെടുന്നില്ല. വിദേശങ്ങളിലെ ഉദ്യോഗജീവിതത്തിനുശേഷം വിശ്രമം നയിക്കുന്നതിനും പിതാമഹന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നതിനും വേണ്ടി സ്വന്തം നാട്ടിൽ തിരിച്ചെത്താനാണ്‌ ചൈനക്കാർ ഇഷ്‌ടപ്പെടുന്നത്‌. ഇതര സംസ്‌കാരങ്ങളിൽനിന്നു വേർപെട്ട്‌ നില്‌ക്കാനുള്ള പ്രവണത, വർണം, സംസ്‌കാരം എന്നിവയിലുള്ള വൈജാത്യങ്ങള്‍, കുറഞ്ഞ വേതനത്തിനു തൊഴിലിൽ ഏർപ്പെടാനുള്ള സന്നദ്ധത എന്നീ കാരണങ്ങളാൽ ചൈനക്കാർ വെള്ളക്കാരുടെ നീരസത്തിനു പാത്രമായതോടെ അവർക്കെതിരായി വിവേചനാപരമായ നിയമങ്ങള്‍ തന്നെയുണ്ടായി. യു.എസ്സിൽ വസ്‌തുവകകള്‍ സമ്പാദിക്കുന്നതിനോ പൗരത്വം നേടുന്നതിനോ ചൈനക്കാരെ അനുവദിച്ചിരുന്നില്ല എന്നു മാത്രമല്ല അവരെ സാംസ്‌കാരിക ജീവിതസരണിയിൽ നിന്നു ഒഴിച്ചുനിർത്താന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. 1890-ൽ യു.എസ്സിൽ 1,07,000 ചൈനക്കാർ ഉണ്ടായിരുന്നു. പിന്നീട്‌ ചൈനാക്കാരുടെ സംഖ്യ ഗണ്യമായി കുറഞ്ഞു.

1868 വരെ ജപ്പാനിൽ നിന്നുള്ള കുടിയേറ്റം അനുവദിക്കപ്പെട്ടിരുന്നില്ല. 1885 വരെ തൊഴിലാളികള്‍ക്കു ജപ്പാനിൽ നിന്നു പുറത്തുപോകുക അസാധ്യമായിരുന്നു. 1885 മുതൽ 1924 വരെയുള്ള കാലത്തു മൂന്ന്‌ ലക്ഷം ജപ്പാന്‍കാർ ഏഷ്യാറ്റിക്‌ റഷ്യയിലേക്കും 2,38,000 പേർ ഹവായിലേക്കും 2,00,000 പേർ യു.എസ്സിലേക്കും കുടിയേറുകയുണ്ടായി.

ചൈനക്കാരെപ്പോലെ ജപ്പാന്‍കാർക്കും യു.എസ്സിൽ കഠിനമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഏഷ്യയിൽനിന്നു പുറത്തുകടക്കാന്‍ ഇന്ത്യക്കാർക്കും വിഷമമുണ്ടായിരുന്നു. 1913-ൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യാക്കാരുടെ അധിനിവേശം ഉണ്ടായതിനുശേഷം ഇന്ത്യയിൽനിന്നുള്ള കുടിയേറ്റം കർശനമായി തടയപ്പെട്ടു. കിഴക്കേ ആഫ്രിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ വ്യാപാരികളായി പ്രശസ്‌തരായെങ്കിലും അവർക്കു കഠിനമായ എതിർപ്പുകള്‍ അഭിമുഖീകരിക്കേണ്ടിവന്നു. ഏഷ്യന്‍ വന്‍കരയ്‌ക്കുള്ളിലെ കുടിയേറ്റം വന്‍തോതിലായിരുന്നു. ഏതാണ്ടു മുന്നൂറുവർഷത്തോളം ചൈനക്കാർ മലേഷ്യ, തെക്കു കിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു കുടിയേറി. തയ്‌വാന്‍, ജാവ, തായ്‌ലന്‍ഡ്‌, ഈസ്റ്റ്‌ഇന്‍ഡീസ്‌ എന്നിവിടങ്ങളിൽ ചൈനീസ്‌ കുടിയേറ്റക്കാരുടെ എണ്ണം വളരെക്കൂടുതലായിരുന്നു. ജപ്പാന്‍കാർ ഏഷ്യയിലെ മറ്റു രാഷ്‌ട്രങ്ങളിലേക്കും ഇന്ത്യക്കാർ സിലോണ്‍, മലേഷ്യ, ബർമ എന്നിവിടങ്ങളിലേക്കും കുടിയേറി.

യുദ്ധം, ദേശീയബോധത്തിന്റെ സാന്ദ്രീകരണം എന്നിവയുടെ ഫലമായി 20-ാം ശതകത്തിൽ കുടിയേറ്റത്തിന്റെ സ്വഭാവത്തിനു ഗണ്യമായ മാറ്റമുണ്ടായി. "ജനസംഖ്യയുടെ കൈമാറ്റം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പുതിയതരം കുടിയേറ്റം തന്നെ ഉടലെടുത്തു. 1923-ലെ ലാസേന്‍ ഉടമ്പടിയനുസരിച്ച്‌ ഏഷ്യാമൈനറിലെയും മറ്റും പഴയ അധിവാസങ്ങള്‍ ഉപേക്ഷിക്കാന്‍ 12,50,000 ഗ്രീക്കുകാരും ഗ്രീസ്‌ വിടാന്‍ ആയിരക്കണക്കിനു ടർക്കുകളും തയ്യാറായത്‌ ഇതിനുദാഹരണമാണ്‌. 1947-ലെ ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെത്തുടർന്ന്‌ മുസ്‌ലിങ്ങള്‍ ഇന്ത്യയിൽ നിന്നു പാകിസ്‌താനിലേക്കും ഹിന്ദുക്കള്‍ പാകിസ്‌താനിൽനിന്ന്‌ ഇന്ത്യയിലേക്കും കുടിയേറി. രണ്ടാംലോകയുദ്ധകാലത്തും അതിനുശേഷവും അഭയാർഥികളുടെ കുടിയേറ്റം വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ബാള്‍ട്ടിക്‌ രാജ്യങ്ങള്‍, പൂർവജർമനി, പോളണ്ട്‌ എന്നിവിടങ്ങളിൽ നിന്ന്‌ ഏതാണ്ട്‌ 12 ദശലക്ഷം ജർമന്‍കാർ പശ്ചിമജർമനിയിലെത്തി. പശ്ചിമജർമനിയുടെ സമ്പദ്‌വ്യവസ്ഥയെത്തന്നെ തകിടംമറിക്കുമെന്നു ഭയപ്പെട്ടിരുന്ന ഈ അഭയാർഥി പ്രശ്‌നം പിന്നീട്‌ പശ്ചിമജർമനിക്ക്‌ ഗുണകരമായി ഭവിച്ചു. കുടിയേറ്റക്കാരുടെ വൈദഗ്‌ധ്യവും തൊഴിൽശക്തിയുംമൂലം ജർമനിയിലുണ്ടായ സാമ്പത്തികപുരോഗതിയെ "സാമ്പത്തിക-അദ്‌ഭുതം' എന്നാണു വിശേഷിപ്പിക്കുന്നത്‌.

അഭയാർഥി പ്രശ്‌നത്തിന്റെ ഭീകരത വ്യക്തമാക്കുന്ന കുടിയേറ്റം ഇസ്രയേലിലേക്കുള്ള ജൂതന്മാരുടെ പ്രവാഹമായിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുള്ള രണ്ടു ദശകങ്ങളിലായി ജർമനി, പോളണ്ട്‌, റഷ്യ, വടക്കേ ആഫ്രിക്ക, യമന്‍, ഇറാക്ക്‌, ബ്രിട്ടന്‍, യു.എസ്‌. എന്നിവിടങ്ങളിൽനിന്ന്‌ 12.5 ലക്ഷം ജൂതന്മാർ ഇസ്രയേലിലെത്തി. വിവിധ സംസ്‌കാരങ്ങളുടെ സന്തതികളെങ്കിലും മതപാരമ്പര്യം കൊണ്ടും ഒരു നല്ല നാളെയുടെ വാഗ്‌ദാനം കൊണ്ടും സംയോജിപ്പിക്കപ്പെട്ട ഈ ജനാവലി ഒരു പുതിയ രാഷ്‌ട്രം കെട്ടിപ്പടുക്കുവാന്‍ യത്‌നിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തു.

രണ്ടാംലോകയുദ്ധത്തിനുശേഷം ഒരു പ്രത്യേക രീതിയിലുള്ള ജനസംഖ്യാ പ്രയാണവും ഉണ്ടായി. യുദ്ധക്കെടുതികളുടെ ഫലമായി തൊഴിൽശക്തിയിൽ ഇടിവുണ്ടായി ഫ്രാന്‍സ്‌ കുടിയേറ്റത്തെ പ്രാത്സാഹിപ്പിക്കുകയാണുണ്ടായത്‌. പോളണ്ട്‌, ഇറ്റലി, അള്‍ജീരിയ എന്നിവിടങ്ങളിൽനിന്ന്‌ ജനങ്ങള്‍ വന്‍തോതിൽ ഫ്രാന്‍സിൽ കുടിയേറി. ഇറ്റലി, ടർക്കി, യുഗോസ്ലാവിയ എന്നിവിടങ്ങളിൽ നിന്നു കുടിയേറ്റമുണ്ടായതിന്റെ ഫലമാണ്‌ യുദ്ധാനന്തരകാലത്ത്‌ ജർമനിയിൽ വ്യവസായവത്‌കരണം സാധ്യമായത്‌. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പ്‌ ഹിറ്റ്‌ലറുടെ ഭീകരഭരണത്തിൽനിന്നു രക്ഷ നേടുന്നതിനുവേണ്ടി ശാസ്‌ത്രജ്ഞർ, ഡോക്‌ടർമാർ, ബിസിനസുകാർ എന്നിവർ ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, യു.എസ്‌. എന്നിവിടങ്ങളിലേക്കു കുടിയേറിയിരുന്നു. യുദ്ധത്തിനുശേഷവും ഈ പ്രയാണം തുടർന്നു.

കുടിയേറ്റത്തിന്റെ ഫലങ്ങള്‍. കുടിയേറ്റക്കാരെ അയയ്‌ക്കുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചില ഗുണങ്ങളുണ്ട്‌. വർധിച്ചുവരുന്ന ജനപ്പെരുപ്പത്തിന്‌ ഒരു നിയന്ത്രണമുണ്ടാക്കാന്‍ ഇതുമൂലം കഴിയുന്നു. ജനസംഖ്യയിൽ നല്ലൊരു പങ്കു വിദേശങ്ങളിലെത്തുന്നതിന്റെ ഫലമായി നിലവിലുള്ള സാമ്പത്തികവിഭവങ്ങള്‍ ബാക്കിയുള്ളവർക്കു വിതരണം ചെയ്യാന്‍ കഴിയുന്നു. തൊഴിൽ വിപണിയിലുണ്ടാകുന്ന തിരക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നതിലൂടെ വിഭവവിനിയോഗം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുന്നു. ഒരു പരിധിവരെ കുടുംബത്തിലെ അംഗസംഖ്യ, ജനനനിരക്ക്‌ എന്നിവ കുറയാനും ഇതു കാരണമാകുന്നുണ്ട്‌. ചെറുകിട ഭൂവുടമകളുടെ എണ്ണം കുറയുന്നതിന്റെ ഫലമായി ഉത്‌പാദനഘടകങ്ങള്‍ മെച്ചമായ രീതിയിൽ ഉപയോഗിക്കാന്‍ കഴിയുന്നു. നാട്ടിൽ തൊഴിൽ സൗകര്യങ്ങള്‍ വിരളമായ തൊഴിലാളികള്‍ക്കു വിദേശങ്ങളിൽ തൊഴിൽ ലഭിക്കുന്നതുകൊണ്ട്‌ സ്വന്തം രാജ്യത്തെ വിഭവങ്ങള്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും വർധനവുണ്ടാകുന്നു. കുടിയേറിയ രാജ്യങ്ങളിൽനിന്നു കിട്ടുന്ന സമ്പാദ്യത്തിന്റെ ഒരു പങ്കു സ്വന്തം നാട്ടിലെത്തിക്കുന്നതിന്റെ ഫലമായി കുടുംബവും ഒരു പരിധിവരെ രാജ്യവും സാമ്പത്തികമായി മെച്ചപ്പെടുന്നു. കുടിയേറ്റത്തിന്റെ ഫലമായി രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നുണ്ട്‌. വിപ്ലവകാരികള്‍ കുടിയേറാന്‍ പ്രരിതരാകുന്നതോടെ സ്വരാജ്യത്തെ വിധ്വംസകപ്രവർത്തനങ്ങള്‍ക്കു ശമനം ഉണ്ടാകുന്നു. വിദേശാധിപത്യത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചതിന്റെ ഫലമായി കുടിയേറാന്‍ നിർബന്ധിതരായ രാജ്യസ്‌നേഹികള്‍ വിദേശങ്ങളിൽ വസിച്ചുകൊണ്ട്‌ സ്വരാജ്യത്തെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കാറുണ്ട്‌. അൽബേനിയ, അയർലണ്ട്‌, ചെക്കോസ്ലോവാക്കിയ, റുമാനിയ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്യ്രലബ്‌ധിക്കു വിദേശങ്ങളിൽ കുടിയേറിയ അഭയാർഥികള്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. വിദേശങ്ങളിൽ വസിച്ചുകൊണ്ട്‌ സ്വന്തം രാജ്യത്തെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു ആക്കം കൂട്ടുന്നതിനു വിപ്ലവകാരികള്‍ ശ്രമിച്ചേക്കുമെന്ന ഒരാപത്തുമുണ്ട്‌. ഇറാനിലെ ഭരണത്തിനെതിരായി ഖൊമെയ്‌നിയും കൂട്ടരും പ്രവർത്തിച്ചത്‌ ഫ്രാന്‍സിൽ അഭയാർഥികളായിരുന്നുകൊണ്ടാണെന്നത്‌ ഇതിനുദാഹരണമാണ്‌.

കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി അമേരിക്കയുടെ സാമ്പത്തിക സാമൂഹ്യ ഘടനയ്‌ക്കു നിർണായകങ്ങളായ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. ജനവാസരഹിതമായ യു.എസ്സിൽ ജനസംഖ്യാവർധനവിനു സഹായിച്ചതു കുടിയേറ്റമാണ്‌. കൃഷിരീതികള്‍ വശമില്ലാതിരുന്ന ഒരു കൂട്ടമായിരുന്നു അമേരിക്കയിലെ തദ്ദേശീയർ. കുടിയേറ്റക്കാരാണു കൃഷി നടപ്പാക്കിയതും ശാസ്‌ത്രീയ കൃഷിരീതികള്‍ വികസിപ്പിച്ചെടുത്തതും. കുടിയേറ്റക്കാരായ ജോസഫ്‌ സീമെന്‍സ്‌, വെന്‍ഡലിന്‍ ഗ്രിം എന്നിവർ കൃഷിമേഖലയിൽ വഹിച്ച പങ്കു നിസ്സീമമാണ്‌.

യു.എസ്സിന്റെ വ്യവസായവികസനത്തിന്‌ അടിത്തറ പാകിയവരിൽ പ്രമുഖരാണ്‌ കുടിയേറ്റക്കാരായ ചാള്‍സ്‌ സ്റ്റൈന്‍മെറ്റ്‌സ്‌, അലക്‌സാണ്ടർ ഗ്രഹാം ബെൽ, മൈക്കൽ പുപിന്‍, ആന്‍ഡ്രൂ കാർണിഗി, ഡേവിഡ്‌ സാർനോഫ്‌, ജേക്കബ്‌ എച്ച്‌. ഷിഫ്‌ എന്നിവർ. 1820 മുതൽ 1920 വരെ ഒരു നൂറ്റാണ്ടുകാലത്ത്‌ യു.എസ്സിൽ പണികഴിപ്പിക്കപ്പെട്ട റെയിൽപ്പാത, കനാൽ, റോഡ്‌, ശുദ്ധജലവിതരണപദ്ധതികള്‍, പാർപ്പിടങ്ങള്‍ എന്നിവയുടെ നിർമാണപ്രവർത്തനങ്ങള്‍ക്കുവേണ്ട തൊഴിൽശക്തി പ്രദാനം ചെയ്‌തത്‌ കുടിയേറ്റക്കാരായിരുന്നു. കൽക്കരി, ഇരുമ്പ്‌, ഉരുക്ക്‌, ചെമ്പ്‌, വാഹനനിർമാണം, തുണിനിർമാണം എന്നീ വ്യവസായങ്ങള്‍ ലാഭകരമായി നടത്താന്‍ സഹായിച്ച തൊഴിൽശക്തിയും മറ്റു രാജ്യങ്ങളിൽനിന്നു കുടിയേറിയവരുടെ സംഭാവനയായിരുന്നു. തദ്ദേശീയരായ അമേരിക്കക്കാരോടു സംഘട്ടനത്തിലേർപ്പെടാതെയാണ്‌ കുടിയേറ്റക്കാർ സേവനമനുഷ്‌ഠിച്ചതെന്നതു ശ്രദ്ധേയമാണ്‌. വ്യാപാരചക്രത്തിലെ ഉച്ചനീചത്വങ്ങളുടെ ആഘാതം അത്ര പ്രകടമാകാതിരിക്കാനും കുടിയേറ്റക്കാർ ശ്രദ്ധിച്ചിരുന്നു.

കുടിയേറ്റക്കാരുടെ ആഗമനത്തോടെ അമേരിക്കന്‍ സാമൂഹ്യഘടനയിൽ സഹകരണാധിഷ്‌ഠിതമായ സമൂഹങ്ങള്‍ ഉദയം ചെയ്‌തു. യു.എസ്സിന്റെ ശാസ്‌ത്രരംഗം പരിപുഷ്‌ടമാക്കിയവരിൽ പ്രമുഖരായ നവാഗതരാണ്‌ ഗണിതശാസ്‌ത്രജ്ഞനായ റിച്ചാർഡ്‌ പ്രസ്‌, രസതന്ത്രജ്ഞനായ ജോസഫ്‌ പ്രീസ്റ്റ്‌ലി, ജന്തുശാസ്‌ത്രജ്ഞനായ ലൂയി അഗാസി, ഭൂമിശാസ്‌ത്രജ്ഞനായ എ.എച്ച്‌. ഗുയോ, ചിത്രകാരനും പക്ഷിശാസ്‌ത്രജ്ഞനുമായ ജെ.ജെ. അഡുബോണ്‍ എന്നിവർ. ശാസ്‌ത്രരംഗത്തെ അതികായരിൽപ്പെട്ട മറ്റു നവാഗതരാണ്‌ ആൽബർട്ട്‌ ഐന്‍സ്റ്റൈന്‍, എന്‍റികോ ഫെർമി, വില്യം ഡബ്ല്യൂ മായോ, ബേലാഷിക്‌, ജോണ്‍ റോബ്ലിങ്‌, ഗുസ്റ്റാവ്‌ ലീ ഡെന്റാൽ എന്നിവർ. സംഗീതജ്ഞരായ ലോറെന്‍സോ ഡപോണ്ടെ, സെർഗി കൂസെവിറ്റ്‌സ്‌കി, ആർറ്റൂറോടൊസ്‌കാനിനി, വാർട്ടർ ഡാംറോഷ്‌, ബ്രൂണോ വാള്‍ട്ടർ; ചിത്രകാരനായ എമ്മാനുവൽ ലോയ്‌റ്റ്‌സെ; ശില്‌പവിദഗ്‌ധനായ കാള്‍ ബിറ്റെർ; പത്രപ്രവർത്തകരായ ജോസഫ്‌ പുലിറ്റ്‌സർ, എഡ്വേഡ്‌ ബോക്‌, പീറ്റർ കൊള്ളിയർ; സിനിമാരംഗത്തെ ചാർലി ചാപ്ലിന്‍, വില്യം ഫോക്‌സ്‌, ഡിയോണ്‍ ബൂസികാള്‍ട്ട്‌, ഷൂബെർട്ട്‌ സഹോദരന്മാർ, വാർനെർ സഹോദരന്മാർ; സാഹിത്യകാരന്മാരായ തോമസ്‌ മന്‍, ഫ്രാന്‍സ്‌ വെർഫെൽ, ലിയോണ്‍ ഫോയ്‌റ്റ്‌ വാങ്‌ഗെർ എന്നിവരും യു.എസ്സിലേക്കു കുടിയേറിയവരാണ്‌.

ഇന്ത്യ. ആഫ്രിക്കന്‍ നീഗ്രായിഡ്‌ വർഗക്കാരാണ്‌ ഇന്ത്യയിൽ ആദ്യമായി കുടിയേറിയത്‌ എന്നു കരുതപ്പെടുന്നു. നീഗ്രായിഡുകള്‍ ചരിത്രാതീതകാലത്തുതന്നെ ഇന്ത്യയിൽ കുടിയേറിയിരുന്നുവെന്നതിനു തെളിവുകളുണ്ട്‌. ഇവരുടെ പിന്‍ഗാമികളാണ്‌ ദക്ഷിണേന്ത്യയിലെ ഇരുളർ, പാണർ, കാടർ, കുറുമർ എന്നീ ജനവർഗങ്ങള്‍. അസം, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിൽ നീഗ്രായിഡ്‌ വർഗത്തിന്റെ സന്തതിപരമ്പരകള്‍ ഇന്നുമുണ്ട്‌. ഇന്തോനേഷ്യയിൽനിന്നു കുടിയേറിയവരാണ്‌ ആന്‍ഡമാന്‍ ജനവർഗമെന്ന്‌ ചില നരവംശശാസ്‌ത്രജ്ഞന്മാർ കരുതുന്നു. നോ. നീഗ്രായിഡ്‌ആര്യന്മാരുടെ കുടിയേറ്റത്തിനു മുമ്പുതന്നെ ഇന്ത്യയിൽ ആസ്റ്റ്രിക്കുകളും ദ്രാവിഡരും സിനോ ടിബറ്റനുകളും കുടിയേറിയിരുന്നു. മംഗളോയിഡ്‌ ഗോത്രത്തിന്റെ ശാരീരികമായ പ്രത്യേകതകള്‍ പ്രകടമായിക്കാണുന്ന സിനോ ടിബറ്റനുകള്‍ ബി.സി. 3500-ൽത്തന്നെ ഇന്ത്യയുടെ ഉത്തരപ്രദേശങ്ങളിൽ വസിക്കുകയും അവരുടെ ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ആര്യന്മാർ ഇക്കൂട്ടരെ "കിരാതന്മാർ' എന്നു പരാമർശിച്ചിട്ടുണ്ട്‌. ഇവരെക്കുറിച്ചുള്ള പരാമർശങ്ങള്‍ യജുർവേദത്തിലും അഥർവവേദത്തിലും ആദികാലസംസ്‌കൃതഗ്രന്ഥങ്ങളായ മഹാഭാരതത്തിലും മനുസംഹിതയിലും കാണാം. ആര്യന്മാർ കുടിയേറുന്നതിനു സു. രണ്ടര സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പുതന്നെ ഇവർ ഇന്ത്യയിൽ വസിച്ചിരുന്നുവെന്നതിനുള്ള തെളിവുകളാണ്‌ മോഹന്‍ജൊദരോയിൽനിന്ന്‌ ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുള്ള വസ്‌തുക്കള്‍.

മെഡിറ്ററേനിയന്‍ ജനവർഗത്തിന്റെ ഒരു ഉപവിഭാഗമായ ആസ്റ്റ്രിക്കുകള്‍ ദ്രാവിഡർക്കു മുമ്പുതന്നെ ഇന്ത്യയിൽ കുടിയേറുകയും ഇന്ത്യയൊട്ടാകെ അധിവസിക്കുകയും ചെയ്‌തിരുന്നു. ആസ്റ്റ്രിക്‌ ജനവർഗത്തിന്റെ ശാരീരികമായ പ്രത്യേകതകളാണ്‌ ഇന്ത്യയിലെ ഇന്നത്തെ ജനവിഭാഗത്തിന്റെ ഭൂരിഭാഗത്തിനുമുള്ളത്‌. മണ്‍വെട്ടിയും മറ്റും ഉപയോഗിച്ചുള്ള കൃഷിസമ്പ്രദായം ഏർപ്പെടുത്തിയത്‌ ഇക്കൂട്ടരാണ്‌. നെല്ല്‌, കുരുമുളക്‌, വഴുതന, പാവൽ, ഇഞ്ചി, മഞ്ഞള്‍ എന്നിവ ഇവർ കൃഷി ചെയ്‌തിരുന്നു. എന്നാൽ കാളകള്‍ വലിക്കുന്ന കലപ്പകൊണ്ടുള്ള കൃഷിസമ്പ്രദായം ഇവർക്കു വശമായിരുന്നില്ല. ഇവർ നൂൽനൂറ്റ്‌ പരുത്തിവസ്‌ത്രങ്ങള്‍ നെയ്‌തിരുന്നു. കോഴി വളർത്തൽ, പന്നി വളർത്തൽ എന്നിവയിലും ഇവർക്കു വൈദഗ്‌ധ്യമുണ്ടായിരുന്നു. ആനയെ മെരുക്കി നാട്ടാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതും ഇക്കൂട്ടരാണ്‌. ഗ്രാമജീവിതത്തിൽ കേന്ദ്രീകരിച്ചിരുന്ന ഇക്കൂട്ടർക്ക്‌ ഒരു നാഗരികസംസ്‌കാരം ഉരുത്തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണ്‌. ആസ്റ്റ്രിക്കുകളിൽ ഒരു കൂട്ടം നായാട്ടുകാരായി കുന്നുകളിലും മധ്യ കിഴക്കേ ഇന്ത്യയിലെ വനങ്ങളിലും ചുറ്റിനടന്ന്‌ ഉപജീവനം കഴിച്ചു. നദീതീരങ്ങളിൽ വാസമുറപ്പിച്ചവർ കാർഷികസമൂഹങ്ങളായിത്തീർന്നു. ആസ്റ്റ്രിക്‌ ഭാഷ ദ്രാവിഡ-ആര്യന്‍ ഭാഷകളെപ്പോലും സ്വാധീനിച്ചിട്ടുണ്ട്‌. ദ്രാവിഡ-ആര്യന്‍ ഭാഷകളുടെ സമ്മർദത്തിന്റെ ഫലമായി സമതലങ്ങളിൽ ആസ്റ്റ്രിക്‌ ഭാഷ നിഷ്‌പ്രഭമായെങ്കിലും ഇന്ത്യയുടെ മധ്യകിഴക്കന്‍ പ്രദേശങ്ങളിലും വനങ്ങളിലും ആസ്റ്റ്രിക്‌ഭാഷ ഇന്നും പ്രചാരത്തിലിരിക്കുന്നു. ഹിമാലയന്‍ ചരിവുകളിലെ സിനോ ടിബറ്റന്‍ ഭാഷകളിൽ ആസ്റ്റ്രിക്‌ ഭാഷയുടെ സ്വാധീനത വളരെ പ്രകടമാണ്‌. മംഗളോയിഡ്‌ വർഗത്തിന്റെ പിന്മുറക്കാരായ അസമിലെ ഖാസികള്‍ ആസ്റ്റ്രിക്‌ ഭാഷയാണ്‌ ഇപ്പോഴും വാമൊഴിയായി ഉപയോഗിക്കുന്നത്‌. ആര്യ, ദ്രാവിഡരുടെ കുടിയേറ്റത്തിന്റെ ഫലമായി ബി.സി. 1000-ത്തോടടുത്ത്‌ ആര്യ-ദ്രാവിഡ-ആസ്റ്റ്രിക്‌ ഗോത്രങ്ങളുടെ ഒരു സങ്കര ജനസമൂഹം ഉരുത്തിരിഞ്ഞു.

വൈദികകാല(ബി.സി. 2500-2000)ത്തിനു മുമ്പുതന്നെ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ദ്രാവിഡരുടെ ഉത്‌പത്തിയെ സംബന്ധിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഏഷ്യാമൈനർ, കിഴക്കന്‍ മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയവരാണ്‌ ദ്രാവിഡർ എന്നതാണ്‌ ഒരു മതം. ദക്ഷിണേന്ത്യ, സിന്‍ഡ്‌, പഞ്ചാബ്‌ എന്നിവിടങ്ങളിൽ ഇവർ ആധിപത്യം സ്ഥാപിച്ചു. ആര്യന്മാരുടെ അധീശത്വത്തിനുശേഷവും ഡെക്കാണ്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ ദ്രാവിഡ ഗോത്രങ്ങള്‍ക്കും അവരുടെ ഭാഷകള്‍ക്കും (തമിഴ്‌, മലയാളം, കന്നഡ, തെലുഗു) വലിയ കോട്ടം തട്ടിയിട്ടില്ല. നോ. ദ്രാവിഡർ ബി.സി. മൂന്നാം സഹസ്രാബ്‌ദത്തോടടുത്ത കാലത്തായിരിക്കണം ആര്യന്മാർ ഇന്ത്യയിലേക്കു കുടിയേറിയത്‌. ആര്യന്മാരുടെ മൂലസ്ഥാനം മധ്യേഷ്യയാണ്‌ എന്ന അഭിപ്രായത്തിനാണു കൂടുതൽ തെളിവുകളുള്ളത്‌. ജനപ്പെരുപ്പവും കാലിമേച്ചിലിനു വേണ്ടി പുതിയ മേച്ചിൽ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആവശ്യവും മൂലം അവർ ദേശാന്തരഗമനം നടത്തിയെന്നും അങ്ങനെ തെക്കു കിഴക്കോട്ടു നീങ്ങിയവർ ഇന്ത്യയിലെത്തിയെന്നുമാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്‌. നോ. ആര്യന്മാർ ഇറാനിലെ സസാനിയന്‍ രാജവംശത്തിലെ അവസാനത്തെ രാജാവായ യസ്‌ദെ സെർദിനെ അറബികള്‍ പരാജയപ്പെടുത്തിയതോടെ ഭഗ്നാശരായ സൊരാസ്റ്റ്രിയരിൽ ഒരു കൂട്ടം എ.ഡി. 766-ൽ ഇന്ത്യയിൽ അഭയാർഥികളായെത്തി. "പാർസ്‌' എന്ന സ്ഥലത്തുനിന്ന്‌ ഇന്ത്യയിലെത്തിയ കപ്പൽ ആദ്യം ദിയൂവിലാണ്‌ അടുത്തത്‌. ദിയൂവിൽനിന്നു ഗുജറാത്തിലേക്കുള്ള കപ്പൽയാത്രയ്‌ക്കിടയിൽ ഒരു കൊടുങ്കാറ്റുണ്ടായി. സുരക്ഷിതമായി ഒരു സ്ഥലത്തെത്തുകയാണെങ്കിൽ അവിടെ സൊരാസ്റ്റ്രർക്ക്‌ വിശുദ്ധമായ ഒരു അഗ്നി ക്ഷേത്രം (അതാഷ്‌ ബെറാം) സ്ഥാപിക്കാമെന്ന്‌ അവർ നേർന്നു എന്നും അങ്ങനെ രക്ഷപ്പെട്ടതിന്റെ സ്‌മരണയ്‌ക്കുവേണ്ടി അവർ "ഇറാന്‍ഷാ' പണിതെന്നുമാണ്‌ രേഖകളിൽ കാണുന്നത്‌. പാർസ്‌ എന്ന സ്ഥലത്തുനിന്ന്‌ ഇന്ത്യയിൽ കുടിയേറിയവരായതുകൊണ്ട്‌ സൊരാസ്റ്റ്രിയർ "പാർസികള്‍' എന്നും അറിയപ്പെടുന്നു. കുടിയേറ്റത്തിനുശേഷം ഹിന്ദുക്കളുടെ ആചാരാനുഷ്‌ഠാനങ്ങളുമായി താദാത്മ്യം പ്രാപിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ മതപ്രമാണങ്ങള്‍ പ്രത്യേകമായി അനുവർത്തിക്കാന്‍ അവർ ശ്രദ്ധിക്കുന്നുണ്ട്‌. നോ. പാർസികള്‍; സൊരാസ്റ്റ്രിയനിസം വാണിജ്യ-വ്യാപാരങ്ങളിലൂടെ ഇന്ത്യയിലെത്തിയ അറബികള്‍ പിന്നീട്‌ ഇന്ത്യയിൽ അധീശത്വം സ്ഥാപിച്ചു. എ.ഡി. 8-ാം ശതകത്തിന്റെ ആദ്യപാദത്തിൽ അറബികള്‍ സിന്‍ഡ്‌ ആക്രമിച്ചു കീഴടക്കി. 11-ാം ശതകത്തിൽ തുർക്കികള്‍ വടക്കുപടിഞ്ഞാറന്‍ പഞ്ചാബും തങ്ങളുടെ അധീനതയിലാക്കി. ഷിഹാബുദീന്‍ ഗോറി ഉത്തരേന്ത്യ മുഴുവന്‍ കീഴടക്കിയ ശേഷം 1206-ൽ ഡൽഹി സുൽത്താനേറ്റ്‌ സ്ഥാപിച്ചു. അടുത്ത ഒന്നര ശതകത്തിനകം സുൽത്തനേറ്റിന്റെ അധികാരപരിധി ദക്ഷിണേന്ത്യയോളം വ്യാപിച്ചു. 16-ാം ശ. ആയതോടെ മുഗള്‍സാമ്രാജ്യം ഇന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ത്യ ആക്രമിക്കാനെത്തിയ അറബി-തുർക്കി മുഗള്‍സേനയുടെ അംഗസംഖ്യ തുലോം കുറവായിരുന്നു. ഇന്ത്യയിലേക്കു വന്‍തോതിൽ മുസ്‌ലിം കുടിയേറ്റം നടന്നതായി രേഖകളില്ല. ഇന്ത്യയിലെ ജനങ്ങളുടെ മതപരിവർത്തനം വഴിയാണ്‌ മുസ്‌ലിങ്ങളുടെ അംഗസംഖ്യ വർധിപ്പിച്ചത്‌. സിക്കന്തർ, അലാവുദീന്‍ ഖിൽജി, മുഹമ്മദ്‌ ഗസ്‌നി എന്നിവർ സമ്മർദവും തന്ത്രവും ഉപയോഗിച്ച്‌ ഹിന്ദുക്കളെ ഇസ്‌ലാംമതത്തിലേക്കു മതപരിവർത്തനം നടത്തി. നോ. മുഗള്‍സാമ്രാജ്യം ലോകമെങ്ങും ചെന്ന്‌ തന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ യേശുക്രിസ്‌തു ശിഷ്യന്മാരോട്‌ ആജ്ഞാപിച്ചതനുസരിച്ച്‌ പൗരസ്‌ത്യ ഭൂഭാഗങ്ങളിലെത്തിയത്‌ തോമാശ്ലീഹയായിരുന്നു. തോമാശ്ലീഹ ഇന്ത്യയിലെത്തിയതോടെയാണ്‌ ഇന്ത്യയിൽ ക്രിസ്‌തുമതം വേരൂന്നിയത്‌. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ട്‌, ഇറാന്‍, റോം എന്നിവിടങ്ങളിൽനിന്ന്‌ നിരവധി മതപ്രചാരകർ ഇന്ത്യയിൽ എത്തി മതപ്രചരണം തുടർന്നു. റോബർട്ട്‌ ദെ നൊബിലി, സെന്റ്‌ ജോണ്‍ ഡിബ്രിറ്റോ, ജോസഫ്‌ ബെഷി, തോമസ്‌ സ്റ്റിവന്‍സ്‌, ജോണ്‍ ഗൊണ്‍സാൽവെസ്‌ എന്നിവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വാസ്‌കോദെഗാമ 1498-ൽ ഇന്ത്യയിലെത്തിയതോടെ മതപ്രചാരണവും മതപരിവർത്തനവും വന്‍തോതിലായി. 1542-ൽ ഗോവയിലെത്തിയ സെന്റ്‌ ഫ്രാന്‍സിസ്‌ നിരവധി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യിച്ചു.

ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ കുടിയേറ്റം കാര്യമായ തോതിലുണ്ടായിരുന്നില്ല. എന്നാൽ വാണിജ്യവും ഭരണവും ഒരുമിച്ചുകൊണ്ടുപോകാമെന്നു വന്നതോടെ ഇന്ത്യയിലേക്കുള്ള ഇംഗ്ലീഷുകാരുടെ കുടിയേറ്റം വന്‍തോതിലായി. ഇതുപോലെതന്നെ ഡച്ച്‌, ഫ്രഞ്ച്‌, പോർച്ചുഗീസ്‌ ജനതയും വന്‍തോതിൽ ഇന്ത്യയിലേക്കു പ്രവഹിച്ചുകൊണ്ടിരുന്നു. 1857-ൽ നടന്ന ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനു ശേഷം ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌ ഭരണത്തിന്റെ നേതൃത്വത്തിലായതോടെ കുടിയേറ്റത്തിന്റെ ആക്കം വളരെയേറെ വർധിച്ചു. ഇന്ത്യ സ്വതന്ത്രയായതോടെയാണ്‌ ഇംഗ്ലീഷുകാരുടെ കുടിയേറ്റത്തിന്‌ അറുതിയുണ്ടായത്‌.

കമ്പനി ഭരണകാലത്തും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഇന്ത്യാഭരണകാലത്തും നിരവധി ഇന്ത്യാക്കാർ തോട്ടം തൊഴിലാളികളായും മറ്റും വിദേശങ്ങളിലേക്കു കുടിയേറിയിരുന്നു. സിലോണ്‍, ജപ്പാന്‍, ആഫ്രിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലേക്കാണ്‌ കൂടുതൽ കുടിയേറ്റം നടന്നത്‌. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും വിദേശങ്ങളിലായിരുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാർ ഇന്ത്യയിലേക്കു മടങ്ങാതെ കുടിയേറിയ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച്‌ ആ രാജ്യങ്ങളിലെ പ്രജകളാകുകയാണുണ്ടായത്‌.

സ്വാതന്ത്യ്രലബ്‌ധിക്കുമുമ്പും പിമ്പും ഉണ്ടായ വാണിജ്യ വ്യവസായ പുരോഗതിയുടെ ഫലമായി ഗ്രാമങ്ങളിൽ നിന്നു നിരവധി ഇന്ത്യക്കാർ നഗരങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്‌. മഹാനഗരങ്ങളിലെ ജീവിതസൗകര്യങ്ങളും തൊഴിൽ അവസരങ്ങളും സാമ്പത്തികഭദ്രതയും ഇപ്പോഴും ഈ പ്രയാണത്തിന്‌ അനുഗുണമായിരിക്കുന്നു. കുടിയേറ്റങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ കർക്കശമായതോടെ ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള കുടിയേറ്റത്തിന്റെ നിരക്കിനു സാരമായ കുറവുണ്ടായിട്ടുണ്ട്‌. വന്‍കിട വികസിതരാജ്യങ്ങളുടെ കോളനികള്‍ സ്വാതന്ത്യ്രം നേടിയതിന്റെ ഫലമായി ആ രാജ്യങ്ങളിലെ പ്രജകളിലുണ്ടായ ദേശീയതാബോധം കുടിയേറ്റക്കാർക്കു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ശ്രീലങ്ക, ആഫ്രിക്കന്‍രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകള്‍ക്കുമുമ്പു കുടിയേറിയ ഇന്ത്യക്കാർ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ നിർബന്ധിതരാകത്തക്കവണ്ണം ആ രാജ്യങ്ങളിലെ ജനങ്ങളും ഗവണ്‍മെന്റും സമ്മർദം ചെലുത്തുന്നുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളിലെ എണ്ണ കണ്ടെത്തലിന്റെയും തത്‌ഫലമായുണ്ടായ സാമ്പത്തിക പുരോഗതിയുടെയും ഫലമായി ലഭിച്ച തൊഴിലവസരങ്ങള്‍ ഇന്ത്യ, പാകിസ്‌താന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളിലെ തൊഴിൽരഹിതർക്ക്‌ അനുഗ്രഹമായിട്ടുണ്ട്‌. ഇന്ത്യയിൽനിന്ന്‌ ആയിരക്കണക്കിനാളുകള്‍ തൊഴിൽസൗകര്യങ്ങള്‍ തേടി ആഫ്രിക്കന്‍, ഗള്‍ഫ്‌രാജ്യങ്ങളിലെത്തുന്നു. ഇന്ത്യയിൽനിന്ന്‌ ഗള്‍ഫ്‌രാജ്യങ്ങളിലെത്തുന്നവരിൽ ഭൂരിപക്ഷവും കേരളത്തിൽനിന്നുള്ളവരാണ്‌. കുടിയേറി സ്ഥിരമായി പാർക്കാന്‍ സൗകര്യമില്ലാത്ത രീതിയിലാണെങ്കിലും ഈ പ്രവാഹത്തെ ഒരു താത്‌കാലിക കുടിയേറ്റമെന്നു വിശേഷിപ്പിക്കാം.

"ഇന്റർനാഷണൽ ഓർഗനൈസേഷന്‍ ഫോർ മൈഗ്രഷന്‍'ന്റെ 2010-ലെ "വേള്‍ഡ്‌ മൈഗ്രഷന്‍ റിപ്പോർട്ട്‌' പ്രകാരം 2010-ലെ രാഷ്‌ട്രാന്തര കുടിയേറ്റക്കാരുടെ എണ്ണം 214 ദശലക്ഷമാണ്‌. ഈ നൂറ്റാണ്ടിൽ നടക്കുന്ന കുടിയേറ്റങ്ങളിൽ ചിലത്‌ യുദ്ധം മൂലമോ (ഉദാ. ഇറാഖിൽ നിന്നും ബോസ്‌നിയയിൽ നിന്നും യു.എസ്സിലേക്കും യു.കെ.യിലേക്കുമുള്ള കുടിയേറ്റങ്ങള്‍) രാഷ്‌ട്രീയ സംഘർഷങ്ങള്‍ മൂലമോ (ഉദാ. സിംബാബ്‌വേയിൽ നിന്ന്‌ യു.കെ.യിലേക്ക്‌) പ്രകൃതിദുരന്തങ്ങള്‍ മൂലമോ (ഉദാ. മോണ്‍ടെസെറാത്തിലെ അഗ്‌നിപർവതസ്‌ഫോടനത്തിനുശേഷം യു.കെ.യിലേക്കുണ്ടായ കുടിയേറ്റം) ആണെങ്കിലും പ്രധാനമായും നടക്കുന്നത്‌ സാമ്പത്തിക ഉന്നതിലക്ഷ്യമാക്കിയുള്ള കുടിയേറ്റങ്ങളാണ്‌. ഒരേ സേവനത്തിന്‌ വ്യത്യസ്‌ത രാജ്യങ്ങളിൽ ലഭിക്കുന്ന വേതനങ്ങള്‍ തമ്മിലുള്ള വലിയ അന്തരമാണ്‌ ഇതിന്‌ കാരണമാകുന്നത്‌. അംഗരാജ്യങ്ങള്‍ക്കിടയിൽ കുടിയേറ്റത്തിനുള്ള തടസ്സങ്ങള്‍ ഭാഗികമായോ പൂർണമായി തന്നെയോ നീക്കം ചെയ്യപ്പെട്ടിട്ടുള്ള യൂറോപ്യന്‍ യൂണിയനിൽ, ഉയർന്ന വേതനനിരക്കുള്ള ഫ്രാന്‍സ്‌, ജർമനി, ഇറ്റലി, യു.കെ. തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുറഞ്ഞ വേതനനിരക്കുള്ള ഗ്രീസ്‌, ഹംഗറി, ലിത്വാനിയ, പോളണ്ട്‌, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്‌ കുടിയേറ്റം നടക്കുന്നു. പല വികസിത രാജ്യങ്ങളിലും വിദഗ്‌ധരുടെ ദൗർലഭ്യമുള്ളത്‌ അവിടേക്ക്‌ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള അഭ്യസ്‌തവിദ്യരുടെ കുടിയേറ്റത്തിനു വഴിയൊരുക്കുന്നു. കാനഡയെ പോലെ ഉദാരമായ കുടിയേറ്റനയം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ തൊഴിൽ വൈദഗ്‌ധ്യമുള്ളവരുടെ കുടിയേറ്റത്തെ പ്രാത്സാഹിപ്പിക്കുന്നുണ്ട്‌. ഈ രീതിയിൽ ഉളവാകുന്ന "ബുദ്ധി ചോർച്ച' ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‌ പ്രതിവർഷം 4.1 ബില്യണ്‍ ഡോളറിന്റെയും ഇന്ത്യയ്‌ക്ക്‌ പ്രതിവർഷം 10 ബില്യണ്‍ ഡോളറിന്റെയും നഷ്‌ടമുളവാക്കുന്നു എന്ന്‌ അസോചാം (Assocham) പോലെയുള്ള സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഗോളതാപനവും സമുദ്രനിരപ്പ്‌ ഉയരുന്നതും മൂലം ഉളവാകുന്ന ചില കുടിയേറ്റങ്ങള്‍ക്കും ഈ നൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചേക്കാം. മാലി, തുവാലു തുടങ്ങിയ ദ്വീപ്‌ രാഷ്‌ട്രങ്ങള്‍ പൂർണമായി മുങ്ങിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട്‌ മുഴുവന്‍ പൗരന്മാരെയും മറ്റു രാജ്യങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിക്കുന്നത്‌ പരിഗണിച്ചു വരികയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍