This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുവറീത്‌, മാളിയമ്മാവിൽ(1853 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:52, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞുവറീത്‌, മാളിയമ്മാവിൽ(1853 - 1935)

മലയാള പ്രസാധകന്‍. 1853 ഏപ്രിലിൽ (1028 മേടം 6-ന്‌) പൊന്നാനിത്താലൂക്കിൽ വെയിലത്തൂരംശത്തിൽ ജനിച്ചു. കൊച്ചിയിൽനിന്ന്‌ അച്ചുനിരത്തി പണി പഠിച്ച്‌, ചാവക്കാട്‌, പാവറട്ടി, കോഴിക്കോട്‌ മുതലായ പല സ്ഥലങ്ങളിൽ പണിയെടുത്തു. അച്ചുകൂടങ്ങളിൽ അച്ചടിക്കുന്ന പുസ്‌തകങ്ങള്‍ ഇദ്ദേഹം സ്വയം ചുമന്നുകൊണ്ടുപോയി വിറ്റിട്ടുണ്ട്‌. 1048-ാമാണ്ടോടുകൂടി പാറമേൽ ഇട്ടൂപ്പു വക കുന്നംകുളം വിദ്യാരത്‌നപ്രഭ അച്ചുകൂടത്തിൽ നിയമിതനായി. അവിടെനിന്നു കൈക്കുളങ്ങര രാമവാരിയരുടെ വിലപ്പെട്ട പല ഗ്രന്ഥങ്ങളും പ്രകാശനം ചെയ്യാന്‍ സൗകര്യം കിട്ടി. വാരിയരുമായുള്ള സമ്പർക്കം കാരണം കുഞ്ഞുവറീത്‌ വാരിയരുടെ ഒരു ആത്മസുഹൃത്തും പുരസ്‌കർത്താവുമായിത്തീർന്നു. ക്രമേണ ഇദ്ദേഹം ഒരു ഭാഷാപണ്ഡിതനായി. 1062 മിഥുനം 1-ന്‌ തൃശൂർ കേരളകല്‌പദ്രുമം അച്ചുകൂടം മാനേജരായി. അന്നുമുതൽ മാനേജർ കുഞ്ഞുവറീത്‌ എന്ന്‌ അറിയപ്പെട്ടു. 12 ക്രിസ്‌തീയ പ്രമാണികള്‍ ചേർന്ന്‌ ആരംഭിച്ച ഈ പ്രസ്സിനു പുറമേ പിന്നീട്‌ അവിടെത്തന്നെ "ഭാരതവിലാസം' എന്നും "വാണീകളേബരം' എന്നും രണ്ടു മുദ്രണാലയങ്ങള്‍ കൂടി സ്ഥാപിച്ചു. 1906 മുതൽ ഏതാനും കൊല്ലം മേടത്തിലെ പൂരക്കാലത്ത്‌ ഭാഷാപോഷണാർഥം "ഭാരതവിലാസം' എന്ന പേരിൽ ഒരു സഭ നടത്തി. ക്രിസ്‌തുവേദചരിതം, വ്യാകുലപ്രസംഗം, മാർത്തോമ്മാചരിത്രം തുടങ്ങി പതിന്നാലോളം മതഗ്രന്ഥങ്ങള്‍ സ്വയം രചിച്ചു പ്രസിദ്ധീകരിച്ചു. എടമരത്തു വിക്‌റ്ററെക്കൊണ്ട്‌ മാർത്തോമാ പർവം, പഴയ പാന, മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം മുതലായ ഗ്രന്ഥങ്ങള്‍ എഴുതിച്ചു പ്രസാധനം ചെയ്‌തു.

കുഞ്ഞുവറീതിന്റെ ഏറ്റവും വലിയ ഭാഷാസേവനം ഒരു പ്രസാധകനെന്ന നിലയിലാണ്‌. മലയാളത്തിലെ വിലപ്പെട്ട പല അപ്രകാശിതഗ്രന്ഥങ്ങളും ഭാരതവിലാസം പ്രസ്‌ മുഖേനയാണ്‌ വെളിച്ചംകണ്ടത്‌. കൈക്കുളങ്ങര രാമവാരിയർ, ടി.സി. പരമേശ്വരന്‍ മൂസത്‌ എന്നിവരെക്കൊണ്ട്‌ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിച്ചു. വാരിയരുടെ സർവാംഗസുന്ദരി (അഷ്‌ടാംഗഹൃദയം വ്യാഖ്യാനം) തുടങ്ങിയ 41-ഉം, മൂസ്സതിന്റെ ഭഗവദ്‌ഗീതാ വ്യാഖ്യാനം മുതലായ 43-ഉം ഗ്രന്ഥങ്ങളാണ്‌ ഭാരതവിലാസം പ്രസിദ്ധപ്പെടുത്തിയത്‌. ഏ.ആർ. രാജരാജവർമയുടെ നളചരിതവ്യാഖ്യാനം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം തർജുമ, കോട്ടയത്തുതമ്പുരാന്റെ കേരളവർമരാമായണം, രാമായണം, ഭാരതം, ശാങ്കരസ്‌മൃതി എന്നിങ്ങനെ ഒട്ടനവധി ഉത്‌കൃഷ്‌ടകൃതികള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുമാറ്‌ കുഞ്ഞുവറീത്‌ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. ഈ ഭാഷാസ്‌നേഹി 1935 ജൂണ്‍ 29-ന്‌ നിര്യാതനായി.

(എന്‍.കെ. ദാമോദരന്‍, ഡോ. മാത്യൂ വെള്ളാങ്കൽ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍