This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞപ്പ, മൂർക്കോത്ത്‌ (1905 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞപ്പ, മൂര്‍ക്കോത്ത്‌ (1905 - 93)

മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ

കേരളീയ സാഹിത്യകാരന്‍. 1905 മേയ്‌ 14-ന്‌ മൂര്‍ക്കോത്ത്‌ കുമാരന്റെയും യശോദമ്മയുടെയും മകനായി കുഞ്ഞപ്പ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം തലശ്ശേരി ഇല്ലിക്കുന്നിലെ ബാസല്‍മിഷന്‍ സ്‌കൂളിലും നഗരത്തിലെ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സ്‌കൂളിലുമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജ്‌, മദിരാശി പ്രസിഡന്‍സി കോളജ്‌ എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. കെമിസ്‌ട്രി ഐച്ഛികവിഷയമായി എടുത്ത്‌ 1925-ല്‍ ബി.എ. പാസായി. അഖിലേന്ത്യാ റെയില്‍വേ അക്കൗണ്ട്‌സ്‌ പരീക്ഷയില്‍ വിജയിച്ചതിനെത്തുടര്‍ന്ന്‌ റെയില്‍വേ ഓഡിറ്ററായി നിയമിതനായി. ബംഗാളി(കല്‍ക്കത്ത)ല്‍ സേവനം നടത്തിവരവേ 1961-ല്‍ റെയില്‍വേ ഡയറക്‌ടറായി റിട്ടയര്‍ ചെയ്‌തു. അതിനുശേഷം ഹിന്ദുസ്ഥാന്‍ സ്റ്റീലില്‍ സീനിയര്‍ ആഫീസര്‍ എന്ന നിലയില്‍ 1965 വരെ സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ റാഞ്ചിയില്‍ ചീഫ്‌ ഒഫ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആന്‍ഡ്‌ ഇന്‍ഡസ്റ്റ്രിയല്‍ റിലേഷന്‍സ്‌ ആഫീസറായും തുടര്‍ന്ന്‌ ഓണററി ഉപദേഷ്‌ടാവായും സേവനമനുഷ്‌ഠിച്ചശേഷം 1966-ല്‍ നാട്ടിലേക്കു മടങ്ങി.

അതിനുശേഷം ഇദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങി. 1966-ല്‍ മലയാളമനോരമ കോഴിക്കോട്‌ എഡിഷന്‍ തുടങ്ങിയപ്പോള്‍ അവിടെ അസോസിയേറ്റ്‌ എഡിറ്ററായി നിയമിക്കപ്പെട്ടു. ഇദ്ദേഹം പത്രമാസികകളില്‍ രംഗപ്രവേശം ചെയ്‌തത്‌ സഞ്‌ജയന്‍ പത്രാധിപരായി കേരളപത്രിക നടത്തിയിരുന്ന കാലത്താണ്‌. മാതൃഭൂമി ദിനപത്രത്തിലും വാരാന്ത്യപ്പതിപ്പിലും കുഞ്ഞപ്പ എഴുതിയ നിരവധി ലേഖനങ്ങളില്‍ പലതും "പരശുരാമന്‍' എന്ന തൂലികാനാമത്തിലായിരുന്നു.

കുഞ്ഞപ്പയുടെ വിജ്ഞാനശകലങ്ങള്‍, ഒരു കുപ്പിവള ജനിക്കുന്നു, കുട്ടികളുടെ കഥകള്‍, കടലാസും പെന്‍സിലും, തൊണ്ണൂറ്റിയൊമ്പത്‌, ഞാനല്ല (രണ്ടു ഭാഗങ്ങള്‍), ഗാന്ധിജി-സത്യാന്വേഷണം (പരിഭാഷ), ബാലകഥാതരംഗിണി എന്നിവ ബാലസാഹിത്യത്തിന്‌ തിലകംചാര്‍ത്തിയ കൃതികളാണ്‌. മൂര്‍ക്കോത്ത്‌ കുമാരന്‍, ഉരുളയ്‌ക്കുപ്പേരി, സല്ലാപസാഹിത്യം, ലോലാക്ഷികള്‍, നിരൂപണ നിരൂപണം, ഗൗതമബുദ്ധന്‍ (പരിഭാഷ) എന്നിവ മുതിര്‍ന്നവര്‍ക്കുവേണ്ടി രചിച്ച കൃതികളില്‍പ്പെടുന്നു. ഇതിനുപുറമേ ഇംഗ്ലീഷിലേക്ക്‌ പല കൃതികളും വിവര്‍ത്തനം ചെയ്‌തിട്ടുമുണ്ട്‌. ബാലാമണിയമ്മയുടെ അമ്മയുടെ വിവര്‍ത്തനമായ മദര്‍ (Mother), ത്രീ ബാഗ്‌സ്‌ ഒഫ്‌ ഗോള്‍ഡ്‌ ആന്‍ഡ്‌ അദര്‍ ഇന്ത്യന്‍ ഫോക്ക്‌ ടെയില്‍സ്‌ (Three Bags of Gold and other Indian Folk Tales), ടൂ ബ്രദേഴ്‌സ്‌ (Two Brothers) സ്റ്റോറീസ്‌ ഫോര്‍ ചില്‍ഡ്രണ്‍ (Stories for children)എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള കൃതികള്‍. ഇദ്ദേഹം മലയാളസാഹിത്യത്തിന്‌ പൊതുവിലും ഹാസസാഹിത്യത്തിനും ബാലസാഹിത്യത്തിനും പ്രത്യേകിച്ചും നല്‌കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്‌. 1993 ഒ. 23-ന്‌ ഇദ്ദേഹം അന്തരിച്ചു.

(സി. കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍