This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുചിമാരന്‍, കുചിമാരതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുചിമാരന്‍, കുചിമാരതന്ത്രം

ലൈംഗികശാസ്‌ത്രപ്രണേതാവായ ഒരു മുനി, മാഗധദേശീയന്‍. മൈഥുനക്രീഡാവിധികളെ അനുഭവങ്ങളിലൂടെ പഠിച്ചു തികച്ചും ശാസ്‌ത്രീയമായി അപഗ്രഥിച്ച കുചിമാരന്‍, സംഭോഗാദി കലകളില്‍ ഏതെല്ലാം ക്രീഡാവിധികളാണ്‌ ദാമ്പത്യം പരമാനന്ദകരമാക്കുന്നതിന്‌ അവശ്യം അനുഷ്‌ഠിക്കേണ്ടതെന്നു വിവരിക്കുന്ന ലൈംഗികശാസ്‌ത്രഗ്രന്ഥമാണ്‌ കുചിമാരതന്ത്രം. സംഭോഗവിഷയകമായ മന്ത്രവിധികളും ഔഷധവിധികളും എല്ലാം ഏകോപിപ്പിച്ച്‌ വിരചിതമായ ഒരു സംസ്‌കൃത കൃതിയാണിത്‌. സുരതതന്ത്ര പ്രതിപാദനമാണെങ്കിലും കുചോപനിഷത്ത്‌ എന്ന്‌ ഇതിനു ലഭിച്ച പേര്‌ ആ വിഷയത്തില്‍ ഇതിനുളള വൈശിഷ്‌ട്യത്തെയും ഔത്‌കൃഷ്‌ട്യത്തെയും പ്രകടമാക്കുന്നു.

	""സംഭോഗാദിഷു സംഭാരാ-
	ദുപപന്നം  ച തത്ത്വതഃ
	കുചിമാരേണ തപസാ
	യത്‌കൃതം ക്രീഡനം പുരാ
	തത്‌ പ്രവക്ഷ്യാമി ചിത്രാര്‍ഥം
	നാനാര്‍ഥ പദനിശ്ചിതം
	ശ്രൂയതാം നാമതശ്ചൈവ
	കുചോപനിഷദം പുനഃ''
 

എന്ന പ്രസ്‌താവം ഗ്രന്ഥത്തിന്റെ സാമാന്യസ്വഭാവത്തെക്കുറിച്ചുള്ള വിവരം നല്‌കുന്നുണ്ട്‌.

ബൃംഹണം, വശ്യം, വൃഷ്യം, കന്യാകരണം, ലോമകാര്‍ഷ്‌ണ്യം, വന്ധ്യം, പ്രസവം, സ്‌തംഭനം, രോമശാതനം, ദ്രാവണം എന്നീ കാര്യങ്ങളെക്കുറിച്ചു വിശദമായും ലളിതമായും ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്‌.

ലിംഗത്തിന്റെ പോഷണത്തിനും ഉദ്ധാരണത്തിനുമുള്ള ഉപായങ്ങളാണ്‌ ബൃംഹണോപാധികള്‍. സംഭോഗാവസരങ്ങളില്‍ അമിതമായ ആനന്ദം അനുഭവിക്കാന്‍ ഉതകുന്ന ലേപനവിധികളും സ്വാധീനകളാകാത്ത സ്‌ത്രീകളെ വശീകരിക്കാനുള്ള ഉപായങ്ങളും വശ്യം എന്ന അധികരണത്തില്‍ വിവരിക്കുന്നു. ശുക്ലവര്‍ധനയ്‌ക്കും തന്മൂലം ഓജസിനുമുള്ള ഔഷധവിശേഷങ്ങളുടെ ഉപയോഗങ്ങളെ പ്രതിപാദിക്കുന്നതാണ്‌ വൃഷ്യം. വൃദ്ധകളെപ്പോലും കാമകേളികളില്‍ സജ്ജകളും പ്രഗല്‌ഭകളുമാക്കാനുള്ള മാര്‍ഗങ്ങളാണ്‌ കന്യാകരണത്തില്‍ പ്രതിപാദിക്കുന്നത്‌. സ്‌ത്രീകളെ ആയുഃപര്യന്തം വന്ധ്യകളാക്കി നിത്യം സംഭോഗപ്രക്രിയ തുടര്‍ന്നുപോകാനുള്ള ഉപായങ്ങളുടെ വിധിയാണ്‌ "വന്ധ്യ'ത്തിലുള്ളത്‌. സ്‌ത്രീകളില്‍ നിരന്തരമായ കന്യകാത്വം നിലനിര്‍ത്തുന്നതിനുവേണ്ടി അനഭീഷ്‌ടമായ ഗര്‍ഭം സ്രവിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഈ ഗ്രന്ഥത്തില്‍ പരാമൃഷ്‌ടമായിട്ടുണ്ട്‌. നരച്ച മുടി കറുപ്പിച്ച്‌ ആകൃതിയില്‍ ത്തന്നെ യുവത്വം നിലനിര്‍ത്താനുള്ള വിദ്യകളുടെ വിന്യസനമാണ്‌ "ലോമകാര്‍ഷ്‌ണ്യ'ത്തിലുള്ളത്‌. സ്‌ത്രീകളെ അനായാസം ഗര്‍ഭധാരണത്തിനു സജ്ജകളും സമര്‍ഥകളുമാക്കാനുള്ള പ്രയോഗങ്ങളുടെ സംവിധാനം "പ്രസവ'ത്തില്‍ പ്രതിപാദിതമായിരുന്നു. ചില പ്രത്യേകതരം ഔഷധങ്ങള്‍ യോനി-ലിംഗങ്ങളില്‍ ലേപനം ചെയ്‌തു ശുക്ലത്തെ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ചു നിര്‍ത്തി സംഭോഗസുഖം ദീര്‍ഘിപ്പിക്കാനുള്ള വാജീകരണപ്രകാരങ്ങളത്ര "സ്‌തംഭ'നത്തില്‍ പ്രസ്‌താവിക്കുന്നത്‌. ഗുഹ്യസ്ഥാനങ്ങളിലും മറ്റും സംഭോഗാദ്യവസരങ്ങളില്‍ അരോചകമായിത്തോന്നാവുന്ന രോമരാജിയെ നിശ്ശേഷം നശിപ്പിക്കാനുതകുന്ന ഔഷധങ്ങളുടെ വിധിയാണ്‌ "രോമശാതന'ത്തിലെ പ്രതിപാദ്യം. സ്‌ത്രീകളെ ഇച്ഛാനുസരണം ദ്രവവതികളാക്കാനുള്ള വിശേഷവിദ്യകളാണ്‌ "ദ്രാവണം' കൈകാര്യം ചെയ്യുന്നത്‌.

കൂടാതെ അഭീഷ്‌ടം സാധിക്കുന്നതിനുള്ള അനേകം മന്ത്രങ്ങളും തന്ത്രങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കുചിമാരതന്ത്രത്തിലെ എല്ലാവിധ പ്രയോഗവിധികള്‍ക്കും വ്യത്യസ്‌തങ്ങളായ ഔഷധങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അവയില്‍ അങ്ങാടിമരുന്നുകളും പച്ചമരുന്നുകളുമുണ്ട്‌. ഈ മരുന്നുകള്‍ എങ്ങനെയെല്ലാം തയ്യാറാക്കണമെന്നുള്ള ക്വാഥവിധികളും അവയുടെ ഉപയോഗക്രമങ്ങളും ഈ കൃതിയില്‍ സുലളിതമായ പദ്യങ്ങളില്‍ വിവരിച്ചിരിക്കുന്നു.

ലൈംഗിക വിവാഹശാസ്‌ത്രങ്ങളെക്കുറിച്ചുള്ള ആദ്യകൃതിയായ കാമസൂത്രത്തിന്റെ കര്‍ത്താവായ വാത്സ്യായന മഹര്‍ഷിയുടെ കാലത്തിനുശേഷമായിരിക്കണം കുചിമാരമഹര്‍ഷി ജീവിച്ചിരുന്നത്‌. കാമസൂത്രത്തില്‍ നിന്ന്‌ അക്കാലത്തെ സദാചാരമൂല്യങ്ങളും ജനജീവിതത്തിന്റെ രീതിവ്യത്യാസങ്ങളും കൂടി നമുക്കുലഭിക്കുന്നു. കുചിമാരതന്ത്രത്തില്‍ നിന്നു രതിസുഖത്തിന്റെ പരമകാഷ്‌ഠയിലെത്തി ദാമ്പത്യജീവിതം പരമാനന്ദപ്രദമാക്കാനുള്ള ഉപായങ്ങളും ഗ്രഹിക്കാന്‍ കഴിയുന്നു. ലൈംഗികമായി പരാജയപ്പെടുന്ന യുവതീയുവാക്കള്‍ക്കു ദാമ്പത്യജീവിതം വിജയകരമാക്കിത്തീര്‍ക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കാതിരിക്കുകയില്ല. ഈ കുചിമാരമഹര്‍ഷി ആരായിരുന്നുവെന്നും മറ്റും വ്യക്തമായി അറിയാന്‍ കഴിയുന്നില്ല. കുചോപനിഷത്ത്‌ കൂടാതെ മറ്റേതെങ്കിലും കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടോ എന്നും അറിവില്ല.

ഗര്‍ഭനിരോധനത്തിനും ഭ്രൂണഹത്യയ്‌ക്കും പര്യാപ്‌തങ്ങളായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്‌തുത കൃതി പ്രാചീനകാലത്തെ ജനങ്ങള്‍ക്കു മികച്ച ഒരു കുടുംബാസൂത്രണ ഗ്രന്ഥമായും വര്‍ത്തിച്ചിരിക്കാം.

മലയാളത്തില്‍ എ.എസ്‌.ജി.പിള്ള ദര്‍പ്പണമെന്ന വ്യാഖ്യാനത്തോടുകൂടി കുചിമാരതന്ത്രം (1954) പ്രസാധനം ചെയ്‌തിട്ടുണ്ട്‌. സ്വാമി ബ്രഹ്മവ്രതനും ഈ ഗ്രന്ഥത്തിന്‌ ഒരു വിവര്‍ത്തനം (1963) രചിച്ചിട്ടുണ്ട്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍