This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുംഭന്‍ദാസ്‌ (സു. 1468 - 1582)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുംഭന്‍ദാസ്‌ (സു. 1468 - 1582)

ഹിന്ദിയിലെ ഒരു ഭക്തകവി. കൃഷ്‌ണഭക്തിശാഖയില്‍ വിട്‌ഠലനാഥന്‍ സ്ഥാപിച്ച "അഷ്‌ടച്ഛാപി'ലെ കവികളില്‍ പ്രമുഖനാണ്‌ ഇദ്ദേഹം. മഹാപ്രഭു വല്ലഭാചാര്യനില്‍ നിന്നു ദീക്ഷ സ്വീകരിച്ച ഇദ്ദേഹം ശ്രീനാഥദേവാലയത്തില്‍ കീര്‍ത്തനക്കാരനായി നിയോഗിക്കപ്പെട്ടു. ദരിദ്രനായിത്തന്നെ കുടുംബജീവിതം നയിച്ചുപോന്നു. ആരില്‍ നിന്നും ദാനം സ്വീകരിച്ചിരുന്നില്ല. രാജാമാനസിംഹന്‍ നല്‌കിയ സ്വര്‍ണോപഹാരവും ഇദ്ദേഹം നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. ഒരിക്കല്‍ അക്‌ബര്‍ ചക്രവര്‍ത്തി ഫതഹ്‌പുര്‍ സിക്രിയിലേക്ക്‌ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുവാന്‍ വാഹനവുമായി ദൂതന്മാരെ അയച്ചു. എന്നാല്‍ കുംഭന്‍ദാസ്‌ വാഹനത്തില്‍ കയറാതെ കാല്‍ നടയായിത്തന്നെ ചെല്ലുകയാണുണ്ടായത്‌. എന്തെങ്കിലും ഉപഹാരം സ്വീകരിക്കണമെന്ന അക്‌ബര്‍ ചക്രവര്‍ത്തിയുടെ അപേക്ഷയ്‌ക്ക്‌ ഇദ്ദേഹം നല്‌കിയ മറുപടി "മേലില്‍ എന്നെ വിളിച്ചുവരുത്തി ഹരിഭജനത്തിന്‌ ഒരിക്കലും വിഘ്‌നമുണ്ടാക്കരുതേ' എന്നു മാത്രമായിരുന്നു. തന്റെ ആരാധ്യമൂര്‍ത്തിയായ ശ്രീനാഥന്റെ വിരഹം ദുസ്സഹമാകയാലാണ്‌ ഗോസ്വാമി വിട്‌ഠലനാഥനോടൊപ്പം ദ്വാരകയിലേക്കുപോലും പോകാതിരുന്നത്‌. ഇദ്ദേഹം ഗോസ്വാമിജിയുടെ ജന്മോത്സവത്തിന്‌ സംഭാവനയായി തന്റെ പൂരിയും മറ്റും വിറ്റുകിട്ടിയ അഞ്ചുനാണയം നല്‌കി. "ശരീരം, പ്രാണന്‍, ഗൃഹം, പത്‌നി, പുത്രന്‍ ഇവയുടെ വിക്രയം കൊണ്ടുപോലും ഗുരുവിനെ സേവിക്കണം. എങ്കിലേ യഥാര്‍ഥ വൈഷ്‌ണവനാകൂ' എന്ന തത്ത്വമാണ്‌ ഈ പ്രവൃത്തിമൂലം കുംഭന്‍ദാസ്‌ വ്യക്തമാക്കിയത്‌. ഇദ്ദേഹം ശരീരം ത്യജിച്ചു ശ്രീകൃഷ്‌ണന്റെ നികുഞ്‌ജലീലയില്‍ പ്രവേശിച്ചുവെന്നാണ്‌ ഐതിഹ്യം.

കുംഭന്‍ദാസിന്റെ അഞ്ഞൂറോളം വരുന്ന പദങ്ങള്‍ (ഗീതങ്ങള്‍) രാഗകല്‌പദ്രുമത്തിലും രാഗരത്‌നാകരത്തിലും സംഗ്രഹിച്ചിട്ടുണ്ട്‌. അഷ്‌ടയാമസേവ, വര്‍ഷോത്സവം എന്നിവയ്‌ക്കുവേണ്ടി രചിക്കപ്പെട്ടവയാണവയില്‍ ഏറിയകൂറും. ജന്മാഷ്‌ടമി, ഗോവര്‍ധനപൂജ, ഇന്ദ്രമാനഭംഗം, സംക്രാന്തി, രഥയാത്ര, രാഖി മുതലായവയാണ്‌ വര്‍ഷോത്സവങ്ങള്‍. ഗോചാരണം, ഭക്ഷണം, ശയനം, രാജഭോഗം മുതലായവയാണ്‌ അഷ്‌ടയാമസേവയില്‍ ഉള്‍പ്പെടുന്നത്‌. ഇതിനും പുറമേ പ്രഭുരൂപവര്‍ണനം, സ്വാമിനീ രൂപവര്‍ണനം, ദാനം, മാനം, ആസക്തി, വിരഹം, സുരതം, ഖണ്ഡിത, രുക്‌മിണീഹരണം മുതലായ വിഷയങ്ങളെ സ്‌പര്‍ശിക്കുന്ന ശൃംഗാരപദങ്ങളും കുംഭന്‍ദാസിന്റേതായുണ്ട്‌. ഗുരുഭക്തിയും ഗുരുപരിജനശ്രദ്ധയും പ്രകടമാക്കുന്ന പദങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കവിത്വദൃഷ്‌ടിയില്‍ ഈ പദങ്ങള്‍ വൈശിഷ്‌ട്യമുള്‍ക്കൊള്ളുന്നവയല്ല; സൂര്‍ദാസിന്റെ അനുകരണമാണ്‌.

കുംഭന്‍ദാസിന്റെ പദങ്ങളുടെ സമാഹാരം കുംഭന്‍ദാസ്‌ എന്ന പേരില്‍ കാംകരോലിയിലെ ശ്രീവിദ്യാവിഭാഗം പ്രകാശിപ്പിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍