This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീമോതെറാപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കീമോതെറാപ്പി

Chemotherapy

രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചികിത്സാസമ്പ്രദായം. പോള്‍ എർലിഹ്‌ (ജമൗഹ ഋവൃഹശരവ, 1854-1915) എന്ന ജർമന്‍ ഭിഷഗ്വരനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. 1908-ൽ ഇദ്ദേഹത്തിന്‌ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. കൃത്രിമമായി നിർമിച്ചെടുത്ത രാസവസ്‌തുക്കളും (ഉദാ. സള്‍ഫാഡയസിന്‍, ക്ലോറോഗ്വാനിഡ്‌) പ്രകൃതിജന്യവസ്‌തുക്കളും (ഉദാ. എമിറ്റിന്‍, പെന്‍സിലിന്‍) കീമോതെറാപ്പിക്ക്‌ ഉപയോഗിച്ചുവരുന്നു. പ്രാട്ടീനുകള്‍, മറ്റു ആന്റിജനീകപദാർഥങ്ങള്‍, പരോപജീവികള്‍ എന്നിവയ്‌ക്കെതിരായി പൊരുതുന്നതിന്‌ ഒരു ജീവി ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡി പോലുള്ള വസ്‌തുക്കളിൽ നിന്ന്‌ വേർതിരിച്ചറിയാനായി ഇവയെ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ എന്നു പറഞ്ഞുവരുന്നു. ഒരു പ്രകൃതിജന്യ സംയുക്തത്തെ രാസികമായി നവീകരിച്ച്‌ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ നിർമിക്കാം. ആധുനിക റീകോമ്പിനന്റ്‌ ഡി.എന്‍.എ. സാങ്കേതികവിദ്യയിലൂടെയും ഇവയുടെ ഉത്‌പാദനം സാധ്യമാണ്‌.

I. ചരിത്രം. 16-ാം ശതകത്തിൽത്തന്നെ രാസചികിത്സയെക്കുറിച്ചുള്ള ബോധം ഭിഷഗ്വരന്മാർക്കുണ്ടായിരുന്നു. 1865-ൽ ഹെന്‍റിച്ച്‌ ലിസോർ (Heinrich Lissauer) രക്താർബുദ ചികിത്സയ്‌ക്കായി രാസവസ്‌തുവായ പൊട്ടാസ്യം ആർസനൈറ്റ്‌ (ഫൗളേഴ്‌സ്‌ ലായനി) ഉപയോഗിച്ചതിൽ നിന്നാണ്‌ കീമോതെറാപ്പിയുടെ ചരിത്രം ആരംഭിക്കുന്നത്‌. എന്നാൽ 19-ാം ശതകത്തിൽ എർലിഹിന്റെ ഗവേഷണത്തോടെയാണ്‌ ഈ ശാസ്‌ത്രശാഖ കൂടുതൽ പ്രകടമായിത്തീർന്നത്‌.

ആതിഥേയജീവിക്കു വഹിക്കാവുന്നതും എന്നാൽ പരോപജീവിയുടെ നാശത്തിനു കാരണമാകുന്നതുമായ രാസവസ്‌തുവിനെയാണ്‌ എർലിഹ്‌ ചികിത്സയ്‌ക്കായി നിർദേശിച്ചത്‌. ഇവയ്‌ക്കു ചില പ്രത്യേകതകളും ഇദ്ദേഹം നിർദേശിച്ചിരുന്നു.

സ്‌പെസിഫിസിറ്റി. പരോപജീവകോശങ്ങളുടെയും ആതിഥേയകോശങ്ങളുടെയും ജൈവരസതന്ത്രം വേർതിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള രാസൗഷധവസ്‌തുക്കളുടെ കഴിവിനെയാണ്‌ പ്രത്യേകഗുണമായി ഇവിടെ പറയുന്നത്‌. ഇവയെ "മാന്ത്രികവെടിയുണ്ടകള്‍' ((magic bullets)എന്നാണ്‌ എർലിഹ്‌ വിശേഷിപ്പിച്ചിരുന്നത്‌. ഇദ്ദേഹത്തിന്റെ ചിന്തയിൽ രൂപംപൂണ്ട ഇത്തരം മാന്ത്രികവെടിയുണ്ടകള്‍ പില്‌ക്കാലത്തു നിർമിക്കപ്പെടുകതന്നെ ചെയ്‌തു. സിഫിലിസ്‌ എന്ന മാരകരോഗത്തിനെതിരായി പ്രയോഗിക്കപ്പെട്ട സാൽവർസാന്‍ എന്ന ഔഷധം ആതിഥേയജീവിയുടെ കോശങ്ങള്‍ക്ക്‌ യാതൊരു ഹാനിയും വരുത്തുന്നില്ല. എന്നാൽ ചിലയിനം ബാക്‌റ്റീരിയങ്ങളുടെ കോശഭിത്തിയുടെ നിർമാണം തടസ്സപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്‌. പക്ഷേ, വൈറസ്‌മൂലമുണ്ടാകുന്ന രോഗങ്ങളിലും കാന്‍സറിലും ഈ രീതിയിലുള്ള നിയതത്ത്വം (സ്‌പെസിഫിസിറ്റി) അത്ര ഫലവത്തല്ല. പരോപജീവിയുടെയും നിയോപ്ലാസത്തിന്റെയും ഉപാപചയക്രമം ആതിഥേയജീവിയുടേതുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്‌ ഈ വൈഷമ്യം ഉണ്ടാകുന്നത്‌. ഇന്ന്‌ ചികിത്സാരംഗത്തുപയോഗിക്കുന്ന പല കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളും അത്ര മെച്ചമായ സ്‌പെസിഫിസിറ്റി പുലർത്തുന്നില്ല. അതിനാൽ ഇവ പകർച്ചവ്യാധികള്‍ സൃഷ്‌ടിക്കുന്ന അണുജീവികളിലോ ഏതെങ്കിലും ഒരുതരം ജീവിയിലോ മാത്രമേ പ്രയോഗിക്കപ്പെടുന്നുള്ളൂ. വലിയ വൈറസുകള്‍, റിക്കറ്റ്‌സിയ, പലതരം ബാക്‌റ്റീരിയങ്ങള്‍ എന്നിവയുടെ വളർച്ച ബ്രാഡ്‌ സ്‌പെക്‌ട്രം ആന്റിബയോട്ടിക്കുകള്‍ നശിപ്പിക്കുന്നു.

ബന്ധനം. ട്രിപ്പാനോസോമുകളെ നശിപ്പിക്കുന്നതിനായി എർലിഹ്‌ നടത്തിയ പരീക്ഷണങ്ങള്‍, ഒരു യൗഗികം പ്രവർത്തനക്ഷമമാവണമെങ്കിൽ ആദ്യം അതു കോശങ്ങളുമായി ബന്ധപ്പെടണം എന്ന തത്ത്വം വെളിച്ചത്തു കൊണ്ടുവന്നു. ബന്ധനം എന്ന ഈ ആശയത്തിൽ നിന്നുമാണ്‌ സൈഡ്‌-ചെയിന്‍ എന്ന പദ്ധതി എർലിഹ്‌ വികസിപ്പിച്ച്‌ ആവിഷ്‌കരിച്ചത്‌. ഇതനുസരിച്ച്‌ പരജീവികോശങ്ങളുടെ പ്രതലത്തിനു രാസസമൂഹനം (chemical grouping) എന്ന സ്വഭാവമുണ്ടെന്നും കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ക്ക്‌ ഇവയോടു പ്രത്യേകമായ അഭിനിവേശം ഉണ്ടെന്നും ഇദ്ദേഹം ഊഹിച്ചു. ഒരിക്കൽ ഔഷധം ഈ സൈഡ്‌ ചെയിനുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ പരോപജീവികളുടെ നാശം തുടങ്ങുകയായി. എർലിഹിന്റെ ഈ തത്ത്വം ആധുനിക വൈദ്യശാസ്‌ത്രം ഇന്നും പിന്‍തുടരുന്നുണ്ട്‌. ഇദ്ദേഹം സൈഡ്‌-ചെയിന്‍ എന്നു നാമകരണം ചെയ്‌തവയെ ആധുനികർ റിസെപ്‌റ്റർ എന്നു വിളിച്ചുവരുന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഈ തത്ത്വത്തിനു വന്നിട്ടില്ല. മേല്‌പറഞ്ഞ ആശയം കണക്കിലെടുത്തു മുന്നോട്ടുപോയ ഗവേഷണങ്ങളുടെ ഫലമായി ലുക്കീമിയ (രക്താർബുദം), മലേറിയ എന്നിവയ്‌ക്ക്‌ എതിരെ പ്രയോഗിക്കാവുന്ന പല ഔഷധങ്ങളും കണ്ടുപിടിക്കപ്പെട്ടു. സള്‍ഫൊണാമൈഡുകള്‍ തുടങ്ങിയ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളുടെ രാസപ്രവർത്തനരീതി ഒരു പരിധിവരെ വിശദീകരിക്കാനും ഈ തത്ത്വം പ്രയോജനപ്പെട്ടു. ഫലപ്രദമായ വിതരണം. എർലിഹ്‌ ആവിഷ്‌കരിച്ച മൂന്നാമത്തെ തത്ത്വമാണ്‌ ഫലപ്രദമായ വിതരണം എന്നത്‌. ഒരു കീമോതെറാപ്യൂട്ടിക്‌ ഔഷധം രോഗിയിൽ കുത്തിവച്ചാൽ ആ ഔഷധം സംക്രമണഭാഗത്തു ഫലപ്രദമായ സാന്ദ്രതയിൽ വിതരണം ചെയ്‌തിരിക്കണം എന്നാണ്‌ ഈ തത്ത്വംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പരോപജീവിയുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ ഔഷധം ഫലപ്രദമായി വിതരണം നടത്തിയിട്ടുണ്ടെങ്കിൽ പരോപജീവി കൊല്ലപ്പെടും. രോഗഗ്രസ്ഥമായ ഭാഗത്തുതന്നെ ചികിത്സ നടത്താന്‍ ആദ്യകാലങ്ങളിൽ വളരെ ശ്രദ്ധിച്ചിരുന്നു. വായിൽക്കൂടിയോ രക്തത്തിലൂടെയോ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ നല്‌കി പ്രത്യക്ഷമല്ലാത്ത ഭാഗങ്ങളിലുള്ള മിക്ക സംക്രമണങ്ങളെയും ചികിത്സിക്കാമെന്നത്‌ ആധുനിക കീമോതെറാപ്യൂട്ടിക്‌ രീതിയുടെ പ്രത്യേകതയാണ്‌. എന്നാൽ മരുന്നുകള്‍ക്കു കടന്നുചെല്ലാന്‍ പ്രയാസമേറിയ മേഖലകളും ഉണ്ടെന്നത്‌ കണക്കിലെടുക്കാതെവയ്യ. രക്തത്തിലൂടെ നല്‌കുന്ന ഔഷധങ്ങള്‍ തലച്ചോറിൽ പ്രവേശിക്കുന്നതിനു പ്രകൃത്യാതന്നെ പല തടസ്സങ്ങളും ഉണ്ട്‌. ചില ശരീരഭാഗങ്ങളിൽ രക്തസഞ്ചാരം വളരെ കുറവാണെന്നതു മറ്റൊരു തടസ്സമാണ്‌. അസ്ഥികൂടത്തിലെ ചില ഭാഗങ്ങളാണ്‌ ഇതിനു ദൃഷ്‌ടാന്തം. ചില പരോപജീവികള്‍ ശരീരത്തിൽ കടന്നുകഴിഞ്ഞാൽ ശരീരം അതിനോടു പ്രതികരിക്കുമ്പോള്‍ ഇവ ചില ഭാഗങ്ങളിലേക്കു ഒതുങ്ങിക്കൂടാറുണ്ട്‌. കാൽസിഫൈഡ്‌ ട്യൂബർക്കിള്‍സ്‌ (Subacute bacterial endocardites) ഇെതിനുദാഹരണമാണ്‌. രക്തം വഹിക്കുന്ന ഔഷധങ്ങള്‍ ഇവിടേക്കു കടന്നുചെല്ലുക സാധാരണമല്ല. രോഗസംക്രമണം രക്തത്തിൽത്തന്നെയാണെങ്കിൽ-ഉദാഹരണമായി ബാക്‌റ്റീരിമിയാ-കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ അതീവ ഫലപ്രദങ്ങളാണ്‌. ഈ അവസരത്തിൽ എർലിഹിന്റെ തത്ത്വം അതായത്‌ സംക്രമണഭാഗത്തുതന്നെയുള്ള ഫലപ്രദമായ വിതരണം-ഏറ്റവും സ്വീകാര്യമാകുന്നു.

II. അർബുദവും കീമോതെറാപ്പിയും. രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചികിത്സയ്‌ക്കു പൊതുവേ, കീമോതെറാപ്പി അഥവാ രാസചികിത്സ എന്നു പറയുന്നുവെങ്കിലും ഇന്ന്‌ കീമോതെറാപ്പി എന്നാൽ അർബുദത്തിനുള്ള ഔഷധചികിത്സ എന്നാണു വിവക്ഷിതം. അർബുദ ചികിത്സയുടെ പ്രത്യേക പശ്ചാത്തലത്തിൽ കീമോതെറാപ്പിയെക്കുറിച്ചുള്ള വിശദീകരണത്തിനു പ്രസക്തിയുണ്ട്‌. കീമോതെറാപ്പിയിലൂടെ അർബുദകോശങ്ങളെ നശിപ്പിക്കുകയോ അവയുടെ വ്യാപനം തടയുകയോ ആണ്‌ ചെയ്യുന്നത്‌. സൈറ്റോടോക്‌സിക്‌ അഥവാ കോശത്തിന്‌ ഹാനികരമായ രാസവസ്‌തുക്കള്‍ ആണ്‌ കീമോതെറാപ്പിക്ക്‌ ഉപയോഗിച്ചിരുന്നത്‌. കീമോതെറാപ്പിയുടെ ഏറ്റവും വലിയ ദോഷവും അതാണ്‌. അർബുദകോശങ്ങള്‍ക്ക്‌ ഹാനികരമായ വസ്‌തു ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഒരു കീമോതെറാപ്പി ഔഷധം നിർമിക്കുന്നത്‌ ഈ വസ്‌തുത കണക്കിലെടുത്താണ്‌. പരമാവധി കാന്‍സർ കോശങ്ങളെ നശിപ്പിക്കാനും പരമാവധി ആരോഗ്യമുള്ള കോശങ്ങളെ രക്ഷിക്കാനും കഴിവുള്ളതാകണം ഒരു രാസൗഷധം. ഔഷധഗവേഷണ പ്രക്രിയയിലെ മുന്നേറ്റത്തിന്റെ ഫലമായി ദോഷഫലങ്ങള്‍ തീരെക്കുറഞ്ഞ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

അർബുദകോശങ്ങളെയും സാധാരണ കോശങ്ങളെയും തിരിച്ചറിഞ്ഞ്‌ ആക്രമിക്കാന്‍ ഔഷധത്തെ പ്രാപ്‌തമാക്കുകയാണ്‌ വേണ്ടത്‌. അർബുദകോശങ്ങള്‍ വളരെ വേഗത്തിൽ വിഭജനം നടത്തുമ്പോള്‍, സാധാരണ കോശങ്ങള്‍ സാവധാനത്തിലാണ്‌ വിഭജനം നടത്തുക. ഈ ശാസ്‌ത്രതത്ത്വം രാസൗഷധ നിർമാണത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്‌. കാന്‍സർ കോശങ്ങളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിനു കഴിവില്ല. കാന്‍സർ കോശങ്ങള്‍ അന്യവസ്‌തുക്കളാണെന്ന്‌ തിരിച്ചറിയാനുള്ള "ബോധം' പ്രതിരോധസങ്കേതത്തിനില്ല. ശരീരത്തിന്റെ തന്നെ അപചയങ്ങള്‍കൊണ്ട്‌ നമ്മുടെ കോശങ്ങള്‍ക്ക്‌ രൂപാന്തരം വരുന്നതാണ്‌ അർബുദം. അതുകൊണ്ടാണ്‌ പ്രതിരോധസംവിധാനത്തിന്‌ ഈ കോശങ്ങളെ ആക്രമിക്കാന്‍ കഴിയാത്തത്‌. പുതിയ കീമോതെറാപ്പി ഔഷധങ്ങള്‍ ഈയൊരു തിരിച്ചറിയൽ പ്രക്രിയ രൂപപ്പെടുത്തുന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌. പ്രതിരോധ സംവിധാനത്തെയാകെ പുനഃസംവിധാനം ചെയ്‌ത്‌, കാന്‍സർ രോഗത്തെ അന്യവസ്‌തുവായിക്കണ്ട്‌ ആക്രമിക്കാന്‍ സജ്ജമാക്കുന്ന ഔഷധങ്ങളും നിലവിലുണ്ട്‌. അർബുദ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ആദ്യ കീമോതെറാപ്യൂട്ടിക്‌ ഔഷധം മസ്റ്റാർഡ്‌ വാതകമാണ്‌. ലിംഫോമയ്‌ക്കും ദീർഘസ്ഥായിയായ രക്താർബുദങ്ങള്‍ക്കും എതിരായി 1940-കളുടെ മധ്യത്തിൽ ആൽഫ്രഡ്‌ ഗിൽമാനും ഫ്രഡറിക്‌ എസ്‌. ഫിലിപ്‌സും ചേർന്നാണ്‌ ഇതു പ്രചാരത്തിൽ കൊണ്ടുവന്നത്‌. ഒരു വിഷവാതകമായി ഒന്നാം ലോകയുദ്ധക്കാലത്തുതന്നെ കുപ്രസിദ്ധിയാർജിച്ച മസ്റ്റാർഡ്‌ വാതകത്തിന്‌ സജീവ കോശസംവർധനകേന്ദ്രങ്ങളായ അസ്ഥിമജ്ജ, ലിംഫ്‌ നോഡുകള്‍ എന്നിവയെ നശിപ്പിക്കുവാന്‍ കഴിവുള്ളതായി കണ്ടെത്തിയിരുന്നു. മസ്റ്റാർഡ്‌ വാതകത്തിന്റെ ഉപയോഗം പില്‌ക്കാലങ്ങളിൽ കുറഞ്ഞുവന്നു. എന്നിരുന്നാലും ചിലയിനം ലിംഫോമയ്‌ക്കെതിരെ നൈട്രജന്‍ മസ്റ്റാർഡ്‌ ഉപയോഗിച്ചുവരുന്നു.

കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിഭാഗമാണ്‌ ഫോളിക്‌ അമ്ല ആന്റഗണിസ്റ്റുകള്‍ (Folic acid antagonists). കോശങ്ങള്‍ക്ക്‌ വളരുവാനും വിഭജിക്കുവാനും ആവശ്യമായ ഒരു മെറ്റബോളൈറ്റാണ്‌ ഫോളിക്‌ അമ്ലം. ഫോളിക്‌ അമ്ലം ഉത്‌പാദിപ്പിക്കാനുള്ള ഒരു അർബുദകോശത്തിന്റെ കഴിവിനെ പ്രതിരോധിച്ചുകൊണ്ടാണ്‌ ഫോളിക്‌ അമ്ല ആന്റഗണിസ്റ്റുകള്‍ ശരീരത്തിൽ പ്രവർത്തിക്കുന്നത്‌. ചികിത്സാരംഗത്ത്‌ ഉപയോഗിക്കപ്പെട്ട ആദ്യ ഫോളിക്‌ അമ്ല ആന്റഗണിസ്റ്റ്‌ അമിനോറ്റെറിന്‍ (aminopterin) ആണ്‌. 1948-ലെ ഒരു റിപ്പോർട്ട്‌ പ്രകാരം രക്താർബുദം ബാധിച്ച കുട്ടികളിൽ പകുതിപേരിലും അമിനോറ്റെറിന്റെ ഉപയോഗം താത്‌കാലിക ശമനം ഉണ്ടാക്കിയിരുന്നു. അർബുദ ചികിത്സാരംഗത്ത്‌ ആന്റിമെറ്റബോളൈറ്റ്‌ വിഭാഗം മരുന്നുകളുടെ പ്രചാരത്തിന്‌ ഇതുകാരണമായി. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ്‌ മെതോട്രക്‌സേറ്റ്‌ (Methotrexate). അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ലുക്കീമിയ, കോറിയോ കാർസിനോമ, തലയിലും കഴുത്തിലുമുണ്ടാവുന്ന അർബുദങ്ങള്‍, മറ്റു പലതരം അർബുദങ്ങള്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദമായി ഇത്‌ ഉപയോഗിച്ചുവരുന്നു. കീമോതെറാപ്പിയുടെ ആദ്യ വിജയമായി രേഖപ്പെടുത്തിയിട്ടുള്ളത്‌ മെനോട്രക്‌സേറ്റ്‌ ഉപയോഗിച്ച്‌ 1961-ൽ ഭേദമാക്കിയ ഒരു കോറിയോ കാർസിനോമയാണ്‌.

ന്യൂക്ലിയിക്‌ അമ്ല ആന്റഗണിസ്റ്റുകളാണ്‌ മൂന്നാമത്തെ വിഭാഗം. അർബുദകോശങ്ങളുടെ വളർച്ചയ്‌ക്കും വിഭജനത്തിനും ആവശ്യമായ ന്യൂക്ലിയിക്‌ അമ്ലങ്ങളെ നശിപ്പിക്കുവാന്‍ ചില രാസപദാർഥങ്ങള്‍ക്കു കഴിയുമെന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മരുന്നുകളാണിവ. ഇത്തരം ഔഷധങ്ങളുടെ കണ്ടുപിടുത്തത്തിന്‌ ജോർജ്‌ ഹിച്ചിങ്‌സി(George Hitchings)നുെം ഗെർട്രൂഡ്‌ എലിയ(Gertrude Elion)നും നോബൽ സമ്മാനം ലഭിച്ചു. 1952-ൽ വികസിപ്പിച്ചെടുത്ത 6-മെർകാപ്‌റ്റോപ്യൂരിന്‍ ആണ്‌ ഇവയിൽ ആദ്യത്തേത്‌. അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ലുക്കീമിയക്കെതിരെ 6-മെർകാപ്‌റ്റോപ്യൂരിന്‍ ഉപയോഗിക്കുന്നു. ന്യൂക്ലിയിക്‌ അമ്ലആന്റഗണിസ്റ്റുകളിൽ രണ്ടാമത്തേത്‌ 1957-ൽ ചാള്‍സ്‌ ഹീഡെൽ ബെർഗർ വികസിപ്പിച്ചെടുത്ത 5-ഫ്‌ളൂറോയുറാസിൽ ആണ്‌. തല, കഴുത്ത്‌, കുടൽ, സ്‌തനാർബുദങ്ങള്‍ക്കെതിരെ ഇവ ഫലപ്രദമാണ്‌. സൈറ്ററാബിന്‍ (സൈറ്റോസിന്‍ അരാബിനോസൈഡ്‌) മുതിർന്നവരിൽ തീവ്രരക്താർബുദത്തിനെതിരെ ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിരുന്നു. അക്യൂട്ട്‌ മൈലോയ്‌ഡ്‌ ലുക്കീമിയയുടെ പ്രാഥമിക ചികിത്സയിൽ ഇന്നും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ദീർഘകാലമായ ലിംഫോസൈറ്റിക്‌ ലുക്കീമിയയുടെ ചികിത്സയിലുപയോഗിക്കുന്ന ഫ്‌ളൂഡറാബിന്‍ ഈ വിഭാഗത്തിലെ പുതിയ കണ്ടെത്തലാണ്‌.

1954-ൽ ആക്‌റ്റിനോമൈസിന്‍ ഡി-യെക്കുറിച്ച്‌ നടത്തിയ പഠനത്തോടെ ആന്റിട്യൂമർ ആന്റിബയോട്ടിക്കുകളും കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളായി അംഗീകരിക്കപ്പെട്ടു. ബാക്‌റ്റീരിയ, ഫംഗസ്‌ എന്നീ സൂക്ഷ്‌മാണുക്കള്‍ക്കുപുറമേ മനുഷ്യകോശങ്ങളെയും നശിപ്പിക്കുന്നുവെന്നതാണ്‌ ആന്റിട്യൂമർ ആന്റിബയോട്ടിക്കുകളെ മറ്റ്‌ ആന്റിബയോട്ടിക്കുകളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. ഡോക്‌സോറൂബിസിന്‍ (ആഡ്രിയാമൈസിന്‍) പരക്കെ ഉപയോഗത്തിലിരിക്കുന്ന ഒരു അർബുദവിരുദ്ധ ഔഷധമാണ്‌. ഔഷധനിർമാണ വ്യവസായത്തിന്റെ വളർച്ചയോടെ നിരവധി പുതിയ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ നിലവിൽ വന്നു. തന്മാത്രജീവശാസ്‌ത്രത്തിന്റെ നവീന പ്രവിധികളും അർബുദത്തിന്റെ ജനിതകാടിസ്ഥാനത്തെക്കുറിച്ചുള്ള അറിവും ഫലപ്രദമായ ചികിത്സാവിധികള്‍ക്ക്‌ വഴിതെളിച്ചിട്ടുണ്ട്‌. രക്തക്കുഴലുകളുടെ രൂപവത്‌കരണം (angiogenesis) തെടയുന്നതും ഓങ്കോജീനുകളെയും ട്യൂമർ സപ്രസർ ജീനുകളെയും ലക്ഷ്യമാക്കുന്നതും ആയ ഔഷധങ്ങള്‍ വികസിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. ഡോക്‌ടർമാരുടെ അനുഭവത്തിന്റെയും ശാസ്‌ത്രഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ നവീനങ്ങളായ ഔഷധക്കൂട്ടുകള്‍ അർബുദചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌.

III. പ്രവർത്തനതത്ത്വം. ഒരു നിശ്ചിത അളവ്‌ കീമോതെറാപ്യൂട്ടിക്‌ ഔഷധത്തിന്‌ നശിപ്പിക്കുവാന്‍ കഴിയുന്നത്‌ ഒരു നിശ്ചിത എണ്ണം കോശങ്ങളെയല്ല, മറിച്ച്‌ കോശങ്ങളുടെ ഒരു നിശ്ചിത അംശ (fractional cell kill hypothesis)ത്തെയാണ്‌ എന്നതാണ്‌ കീമോതെറാപ്പിയുടെ അടിസ്ഥാനതത്ത്വം. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ കീമോതെറാപ്പിയിൽ നല്‌കുന്ന മരുന്നിന്റെ അളവ്‌, കീമോതെറാപ്പികളുടെ എണ്ണം എന്നിവ നിശ്ചയിക്കപ്പെടുന്നത്‌. ചികിത്സയുടെ ഫലം നിർണയിക്കുന്ന ഘടകങ്ങളും ഇവ തന്നെയാണ്‌. അർബുദകോശങ്ങളുടെ വളർച്ചയും കീമോതെറാപ്പി നല്‌കിയതിനുശേഷമുള്ള ക്രമമായ കോശനശീകരണവും താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫിൽ നിന്ന്‌ വ്യക്തമാണ്‌. കൂടുതൽ എണ്ണം കോശങ്ങള്‍ നശിപ്പിക്കുന്ന, കൂടുതൽ ഫലപ്രദമായ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ ഗ്രാഫിൽ കുത്തനെയുള്ള ചരിവുതലം നല്‌കുന്നു.

ആദ്യത്തെ അമ്പടയാളത്തിനു മുമ്പുള്ള സിഗ്‌മോയ്‌ഡ്‌ വക്രം അർബുദത്തിന്റെ വളർച്ചാനിരക്കിനെയും തുടർന്നു വരുന്ന കുത്തനെയുള്ള ചരിവുതലങ്ങള്‍ കീമോതെറാപ്പിയുടെ ഫലമായി മരണപ്പെടുന്ന കോശങ്ങളുടെ നിശ്ചിത അംശത്തെയും കാണിക്കുന്നു. അമ്പടയാളങ്ങള്‍ കീമോതെറാപ്പിയെയാണ്‌ ദ്യോതിപ്പിക്കുന്നത്‌.

കീമോതെറാപ്പിയുടെ ഇടവേളകളിൽ കോശപുനർവളർച്ച ഉണ്ടാകുമെങ്കിലും തുടർന്നുവരുന്ന കീമോതെറാപ്പിയിൽ കോശങ്ങളുടെ എണ്ണം വീണ്ടുംകുറയുന്നു. ശരീരത്തിന്‌ സ്വയം മറ്റു മാർഗങ്ങളിലൂടെ നീക്കം ചെയ്യാന്‍ കഴിയുന്ന തരത്തിൽ ഇവയുടെ എണ്ണം കുറയുന്നതോടെ രോഗശമനം സാധ്യമാവുന്നു.

വിവിധ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങള്‍ കോശങ്ങളിൽ പ്രവർത്തിക്കുന്നത്‌ വ്യത്യസ്‌ത രീതികളിലാണെങ്കിലും ആത്യന്തികമായി കോശമരണം (അപ്പോടോസിസ്‌) തന്നെയാണ്‌ ഇവയുടെയെല്ലാം ലക്ഷ്യം. കീമോതെറാപ്പി ചിലരിൽ പൂർണമായ രോഗശമനമുണ്ടാക്കുമെങ്കിലും ചില അവസരങ്ങളിൽ രോഗലക്ഷണങ്ങളിൽ നിന്നുള്ള ആശ്വാസം മാത്രമായിരിക്കും ലഭിക്കുന്നത്‌. അർബുദത്തിന്റെ സ്വഭാവം, മരുന്നിന്റെ ഗുണം എന്നിവയ്‌ക്കൊപ്പം തന്നെ രോഗിയുടെ പൊതുവായ ശാരീരികാവസ്ഥയും കീമോതെറാപ്യൂട്ടിക്‌ ഔഷധത്തിന്റെ തിരഞ്ഞെടുക്കലിൽ പ്രധാനപ്പെട്ടതാണ്‌. കീമോതെറാപ്പി അർബുദവളർച്ച തടയുന്നതോടൊപ്പം തന്നെ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്‌. രോഗിയുടെ പ്രായവും കീമോതെറാപ്പിയുടെ ഫലത്തെ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ്‌. IV. ആർക്കാണ്‌ കീമോതെറാപ്പി നല്‌കുന്നത്‌?. സാധാരണഗതിയിൽ ഈ ഔഷധങ്ങള്‍ രക്തത്തിലേക്കു കുത്തിവയ്‌ക്കുകയാണു ചെയ്യുന്നത്‌. രക്തത്തിലൂടെ സഞ്ചരിക്കുന്നതിനാൽ രക്തത്തിൽ വ്യാപിച്ചിരിക്കുന്നതോ, രക്തം എത്തുന്ന ശരീരകലകളിലോ ഉള്ള അർബുദകോശങ്ങളെ നേരിടാന്‍ രാസൗഷധത്തിനു കഴിയും. അതുകൊണ്ട്‌, ശരീരത്തിലെമ്പാടും അർബുദം വ്യാപിക്കുമ്പോള്‍ ഏറ്റവും നല്ല ചികിത്സ കീമോതെറാപ്പിയാണ്‌.

ചിലപ്പോള്‍, അർബുദം തുടക്കത്തിൽ കണ്ടെത്താന്‍ കഴിയാതെ വരാം. ട്യൂമറിൽ നിന്ന്‌ അർബുദകോശങ്ങള്‍ രക്തത്തിലൂടെയും ലിംഫ്‌ദ്രാവകത്തിലൂടെയും മറ്റും കരളിലോ ശ്വാസകോശത്തിലോ സമീപസ്ഥങ്ങളായ മറ്റു ശരീരകലകളിലോ എത്താന്‍ സാധ്യതയുണ്ട്‌. അത്തരം ഘട്ടത്തിൽ കീമോതെറാപ്പി അനിവാര്യമാണ്‌.

ശസ്‌ത്രക്രിയകൊണ്ടും റേഡിയേഷന്‍ കൊണ്ടും രോഗബാധിതഭാഗത്തെ അർബുദത്തെ മാത്രമേ നശിപ്പിക്കാന്‍ കഴിയൂ. മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടുള്ള അർബുദത്തെ നേരിടാന്‍ കീമോതെറാപ്പി തന്നെ വേണ്ടിവരുന്നു. അതുപോലെതന്നെ ലുക്കീമിയപോലെ രക്തകോശങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും കീമോതെറാപ്പിയാണ്‌ പ്രധാനചികിത്സ. അർബുദകോശങ്ങളെ മുഴുവന്‍ നശിപ്പിച്ച ശേഷവും ഭാവിയിൽ അർബുദമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുവാനും കീമോതെറാപ്പി നല്‌കാറുണ്ട്‌. ഇതിനെ അഡ്‌ജുവന്റ്‌ കീമോതെറാപ്പി എന്നു പറയുന്നു. സ്‌തന, കുടൽ അർബുദങ്ങളുടെ ചികിത്സയിൽ അഡ്‌ജുവന്റ്‌ തെറാപ്പി ഫലപ്രദമാണ്‌. ശസ്‌ത്രക്രിയ ചെയ്യാന്‍ പ്രയാസമുള്ള ചില ട്യൂമറുകള്‍ കീമോതെറാപ്പി കൊടുത്ത്‌ സങ്കോചിപ്പിച്ചതിനു(നിയോഅഡ്‌ജുവന്റ്‌ കീമോതെറാപ്പി)ശേഷം ശസ്‌ത്രക്രിയ നടത്താറുണ്ട്‌. രോഗിയുടെ പൊതുവായ ആരോഗ്യം, ശരീരഭാരം, രോഗത്തിന്റെ ഇനം, വ്യാപ്‌തി തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രാസൗഷധങ്ങളുടെ ഡോസും ഇനവും നിർണയിക്കുന്നത്‌. ആഴ്‌ചയിൽ ഒരിക്കൽ, രണ്ടാഴ്‌ചയിലൊരിക്കൽ, മൂന്നാഴ്‌ചയിലൊരിക്കൽ തുടങ്ങി വിവിധ ആവൃത്തികളിലാണ്‌ ഈ മരുന്ന്‌ നല്‌കുന്നത്‌. തെറാപ്പിക്കാവശ്യമായ അളവിനേക്കാള്‍ അല്‌പം അധികമായാൽപോലും ഔഷധം വിഷകരമാകും.

V. പാർശ്വഫലങ്ങള്‍. നേരത്തേ സൂചിപ്പിച്ചതുപോലെ, ചില ഔഷധങ്ങള്‍ ത്വരിതഗതിയിൽ വിഭജനം നടത്തുന്ന കോശങ്ങളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണ്‌. കാന്‍സർ കോശങ്ങള്‍ അതിശീഘ്രം വിഭജിക്കുന്നു എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരം ഔഷധങ്ങള്‍ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. എന്നാൽ നിർദോഷമായി, ത്വരിതഗതിയിൽ വിഭജിക്കുന്ന ചില കോശസമൂഹങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ട്‌. മുടിവേരിലെ കോശങ്ങള്‍, ആമാശയത്തിലെയും കുടലിലെയും കോശങ്ങള്‍ എന്നിവ ഉദാഹരണം. കാന്‍സർ കോശങ്ങള്‍ എന്നു തെറ്റിദ്ധരിച്ച്‌ ഈ ശീഘ്രഗതിക്കാരെ ഔഷധം ആക്രമിക്കുന്നു. തുടർന്ന്‌ മുടികൊഴിച്ചിൽ, ഛർദി, ഓക്കാനം, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്‌മ തുടങ്ങിയ പാർശ്വഫലങ്ങള്‍ പ്രത്യക്ഷമാകുന്നു. ഇവയുടെ കാഠിന്യം കുറയ്‌ക്കാനുള്ള മറുമരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്‌. അതുപോലെ തന്നെ രക്തത്തിലെ കോശങ്ങളെയും ഔഷധം ദോഷകരമായി ബാധിക്കുന്നു. ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനാൽ രോഗിയുടെ പ്രതിരോധശേഷി കുറയുകയും അണുബാധയ്‌ക്ക്‌ സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ്‌ കീമോതെറാപ്പിയെടുക്കുന്ന രോഗികളുടെ രക്തം ഇടയ്‌ക്കിടെ പരിശോധിക്കേണ്ടിവരുന്നത്‌. ശരീരത്തിന്റെ ഊർജസ്വലത നഷ്‌ടപ്പെടുകയും, ക്ഷീണം അധികരിച്ചതായും ചില രോഗികള്‍ക്ക്‌ അനുഭവപ്പെടാം.

VI. കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധം. ആന്ത്രാസൈക്ലിനുകള്‍, വിന്‍ക്രിസ്റ്റിന്‍, എറ്റോപോസൈഡ്‌, പാക്ലിടാക്‌സെന്‍ എന്നിങ്ങനെ വിവിധ കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളോട്‌ അർബുദകോശങ്ങള്‍ പ്രതിരോധം പ്രകടിപ്പിക്കാറുണ്ട്‌. മരുന്നുകളെ പുറന്തള്ളിക്കൊണ്ടാണ്‌ കോശങ്ങള്‍ പ്രതിരോധം പ്രകടമാക്കുന്നത്‌. പി-ഗ്ലൈക്കോപ്രാട്ടീന്‍ (P Glycoprotein) എന്ന ഒരു ട്രാന്‍സ്‌ഡ്‌തരീയ ഗ്ലൈക്കോപ്രാട്ടീനാണ്‌ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്‌. ഔഷധം ലക്ഷ്യമാക്കുന്ന കോശാന്തര ഘടകത്തിന്റെ അളവ്‌ കൂട്ടിയും മരുന്നിനെ കോശത്തിനുള്ളിലേക്ക്‌ കുറഞ്ഞ അളവിൽ സ്വാംശീകരിച്ചുകൊണ്ടുമെല്ലാം അർബുദകോശങ്ങള്‍ പ്രതിരോധം പ്രകടിപ്പിക്കുന്നുണ്ട്‌. ചില അവസരങ്ങളിൽ ട്യൂമർസപ്രസ്സർ ജീനായ പി 53 (P 53) യുടെ പ്രവർത്തനവൈകല്യം വഴിയും പ്രതിരോധം സൃഷ്‌ടിക്കാറുണ്ട്‌. ഔഷധപ്രരിതമായ കോശമരണത്തിന്‌ ആരംഭം കുറിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ഒരു പ്രാട്ടീനായ പി 53 യുടെ അഭാവത്തിൽ കീമോതെറാപ്പി നല്‌കിയാലും കോശമരണം സംഭവിക്കുകയില്ല. അർബുദത്തിലെ എല്ലാ കോശങ്ങളും സമാനത പുലർത്തണമെന്നില്ല. കീമോതെറാപ്പിയോട്‌ വ്യത്യസ്‌ത സംവേദനക്ഷമത പുലർത്തുന്നതും വ്യത്യസ്‌ത സ്വഭാവമുള്ളതുമായ കോശങ്ങള്‍ അർബുദത്തിലുണ്ടാവാം. ഇവയിൽ ചില കോശങ്ങള്‍ ഒരു പ്രത്യേക മരുന്നിനോട്‌ സംവേദനത്വം പ്രകടിപ്പിക്കുമ്പോള്‍ മറ്റു ചിലവ പ്രതിരോധം പ്രകടിപ്പിക്കുന്നവയാവാം. ഭിന്നജാതീയ (heterogeneous)മായ ഒരു അർബുദത്തിൽ ഒരു മരുന്നിന്‌ ഒരു തരം കോശങ്ങളെ മാത്രമേ നശിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂവെങ്കിൽ കീമോതെറാപ്പി പരാജയപ്പെടുകയാണുണ്ടാവുക.

VII. നൂതനശ്രമങ്ങള്‍ 1. കോമ്പിനേഷന്‍ തെറാപ്പി. അർബുദകോശങ്ങളുടെ പ്രതിരോധത്തെ ചെറുക്കുവാനുള്ള നൂതനരീതിയാണ്‌ കോമ്പിനേഷന്‍ തെറാപ്പി. ലിംഫോമയ്‌ക്കായുള്ള "ചോപ്‌ തെറാപ്പി' (CHOP Therapy-Cyclophosphamide Hydroxy daunorubicin (doxorubicin), Oncovin (vincerstine) Prednisone) ഇവിടെ ഒരു മരുന്നിനുപകരം ഒരുകൂട്ടം മരുന്നുകളാണ്‌ തെറാപ്പിയിൽ ഉള്‍പ്പെടുന്നത്‌. ഏകൗഷധ തെറാപ്പിയെക്കാള്‍ വളരെയധികം ഫലപ്രദമാണ്‌ കോമ്പിനേഷന്‍ തെറാപ്പി. ഒന്നിൽക്കൂടുതൽ മരുന്നുകള്‍ നല്‌കുന്നതിനാൽ ഒരു മരുന്നിനോട്‌ പ്രതിരോധം കാണിക്കുന്ന അർബുദകോശത്തെ കോമ്പിനേഷനിലെ മറ്റൊരു മരുന്നുകൊണ്ട്‌ നശിപ്പിക്കാനാവും. ഒരേ പാർശ്വഫലം തന്നെ ഉളവാക്കാത്ത ഔഷധങ്ങളുടെ യോഗം ഉപയോഗിക്കുന്നതുവഴി പാർശ്വഫലങ്ങള്‍ കുറയ്‌ക്കാനാവും.

2. ജൈവരാസിക നിയന്ത്രണം. അർബുദ കോശങ്ങളുടെ ഔഷധ പ്രതിരോധം നിർവീര്യമാക്കുന്ന മറ്റൊരു ഔഷധം നല്‌കുകയാണ്‌ വേറൊരു മാർഗം. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച പി.എസ്‌.സി -833 (PSC-833) എന്ന മരുന്നിന്‌ കോശങ്ങള്‍ പ്രതിരോധിക്കുന്ന മരുന്നുകളെ കൂടുതൽ സമയം ശരീരത്തിൽ നിലനിർത്താനുള്ള കഴിവുണ്ട്‌.

3. അധികഡോസ്‌ കീമോതെറാപ്പി. കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള മറ്റൊരു രീതിയാണ്‌ അധികഡോസ്‌ കീമോതെറാപ്പി. ഇപ്രകാരം അധികഡോസ്‌ നല്‌കുന്നതുമൂലം സാധാരണ കോശങ്ങളും നശിപ്പിക്കപ്പെടുന്നതിനാൽ മജ്ജ മാറ്റിവയ്‌ക്കൽ അനിവാര്യമാകുന്നു.

4. കോശചക്ര ഇടപെടൽ. കോശവിഭജന ചക്രത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിൽ മാത്രം (specific phase) അർബുദകോശങ്ങള്‍ക്കു ഹാനിവരുത്തുന്ന കീമോതെറാപ്യൂട്ടിക്‌ ഔഷധങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ സൈറ്ററാബിന്‍, മെതോട്രക്‌സേറ്റ്‌ എന്നിവ കോശചക്രത്തിന്റെ ട ഘട്ടത്തിലാണ്‌ പ്രവർത്തനസജ്ജമാവുന്നത്‌. പാക്ലിടാക്‌സലാകട്ടെ, ങഘട്ടത്തിലും. എന്നാൽ യാതൊരു സ്‌പെസിഫിസിറ്റിയും ഇല്ലാത്ത ഔഷധങ്ങളുമുണ്ട്‌. ഉദാ: ജെംസിറ്റാബിന്‍ (gemcetabine). കോശചക്രത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഔഷധങ്ങളുടെ കൃത്യമായ പ്രവർത്തനരീതിയെക്കുറിച്ചുമുള്ള ജ്ഞാനം അർബുദചികിത്സാരംഗത്ത്‌ കൂടുതൽ ഫലപ്രദമായ ഔഷധങ്ങളുടെ വികാസത്തിന്‌ സഹായകമാണ്‌. എന്നാൽ ഈ രംഗത്ത്‌ കാര്യമായ വിജയമൊന്നും ഉണ്ടായിട്ടില്ല. കോശചക്രത്തെ നിയന്ത്രിക്കുന്ന പ്രാട്ടീനുകളെ (ഉദാ. സൈക്ലിന്‍സ്‌) കൃത്യമായി ബാധിക്കുന്ന മരുന്നുകളുടെ വികാസത്തിന്‌ ഇത്തരം പഠനങ്ങള്‍ വഴിതെളിച്ചേക്കാം.

5. വ്യാവർത്തനം പ്രരിപ്പിക്കൽ. സാധാരണ കോശങ്ങളെ പോലെ വ്യാവർത്തനം ചെയ്യുകയോ പൂർണവളർച്ച പ്രാപിക്കുകയോ ചെയ്യാത്ത അർബുദകോശങ്ങള്‍ വിഭജനത്തിനുള്ള ശേഷി നിലനിർത്തുന്നു. അതിനാൽ വ്യാവർത്തനത്തിനു പ്രരകമാകുന്ന ഔഷധങ്ങള്‍ കോശവിഭജനത്തെ തടയുന്നു. ഇത്തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുക വഴി സൈറ്റോടോക്‌സിക്‌ ഫലങ്ങള്‍ കുറച്ച്‌ ട്യൂമർകോശങ്ങളെ നിർവീര്യമാക്കാന്‍ സാധിക്കും എന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍