This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌സ്‌ലി, ചാള്‍സ്‌ (1819-75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിങ്‌സ്‌ലി, ചാള്‍സ്‌ (1819-75)

Kingsley, Charles

ചാള്‍സ്‌ കിങ്‌സ്‌ലി

ഇംഗ്ലീഷ്‌ സാഹിത്യകാരനും പുരോഹിതനും. ഡെവണ്‍ഷയറിലെ ഡാര്‍ട്ട്‌മത്തിനു സമീപമുള്ള ഹോള്‍നെ വികാറേജില്‍ ഒരു പുരോഹിതന്റെ പുത്രനായി 1819 ജൂണ്‍ 12-ന്‌ ജനിച്ചു. ക്ലിഫ്‌ടണിലും തുടര്‍ന്ന്‌ കേംബ്രിജിലും വിദ്യാഭ്യാസം നടത്തി. 1842-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും എവേഴ്‌സിലിയില്‍ സ്ഥിരതാമസാക്കുകയും ചെയ്‌തു. 1844-ല്‍ ഫാനി ഗ്രന്‍ഫെലിനെ വിവാഹം കഴിച്ചു. പുരോഹിതവൃത്തിയോടൊപ്പംതന്നെ വിദ്യാഭ്യാസരംഗത്തും കിങ്‌സ്‌ലി പ്രവര്‍ത്തിച്ചു. 1860 മുതല്‍ 69 വരെ ഇദ്ദേഹം കേംബ്രിജിലെ ചരിത്രവിഭാഗത്തില്‍ പ്രാഫസറായി സേവനമനുഷ്‌ഠിച്ചു. വെസ്റ്റ്‌ മിനിസ്റ്റര്‍ പള്ളിയിലെ പുരോഹിതനായിരിക്കെ 1875 ജനു. 23-ന്‌ എവേഴ്‌സിലിയില്‍ വച്ച്‌ കിങ്‌സ്‌ലി അന്തരിച്ചു.

കിങ്‌സ്‌ലി കവിതകളും നോവലുകളും ഉള്‍പ്പെടെ 35 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഹൈപേഷ്യ (1853), വെസ്റ്റ്‌വേര്‍ഡ്‌ ഹോ (1855), ദ്‌ ഹീറോസ്‌ (1856), വാട്ടര്‍ ബേബീസ്‌ (1863), ഹെറിവേഡ്‌ ദ്‌ വേക്ക്‌ (1865) എന്നിവയാണ്‌ കിങ്‌സ്‌ലിയുടെ പ്രധാന കൃതികള്‍. കുട്ടികള്‍ക്കു വേണ്ടി ലളിതമായ ശൈലിയില്‍ പുനരാവിഷ്‌കരിച്ച ഗ്രീക്കുകഥകളുടെ സമാഹാരമായ ദ്‌ ഹീറോസ്‌ ഇംഗ്ലീഷിലെ ഒരു പ്രമുഖ ബാലസാഹിത്യകൃതിയായി പ്രസിദ്ധി നേടി. സമകാലികജീവിതം സത്യസന്ധമായി പ്രതിബിംബിക്കുന്നവയാണ്‌ കിങ്‌സ്‌ലിയുടെ എല്ലാ കൃതികളും.

തികച്ചും ഒരു മതവിശ്വാസിയായിരുന്നെങ്കിലും കിങ്‌സ്‌ലി സോഷ്യലിസ്‌ററ്‌ ആദര്‍ശങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ നില മെച്ചപ്പെടുത്തേണ്ടത്‌ പള്ളിയുടെ ചുമതലയാണെന്ന്‌ ഇദ്ദേഹം വാദിച്ചിരുന്നു. അതിനുവേണ്ട സഹകരണസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്‌തു. ഡാര്‍വിന്റെ പരിണാമവാദത്തെ സ്വാഗതം ചെയ്യാനും ഈ പുരോഹിതന്‌ ഒരു മടിയുമില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അനുജനാണ്‌ നോവലിസ്റ്റായ ഹെന്‌റി കിങ്‌സ്‌ലി (1830-76). കിങ്‌സ്‌ലിയുടെ വിധവ 1877-ല്‍ ചാള്‍സ്‌ കിങ്‌സ്‌ലി, ഹിസ്‌ ലെറ്റേഴ്‌സ്‌ ആന്‍ഡ്‌ മെമ്മറീസ്‌ ഒഫ്‌ ഹിസ്‌ ലൈഫ്‌ എന്ന പേരില്‍ കിങ്‌സ്‌ലിയുടെ ജീവചരിത്രഗ്രന്ഥം രചിച്ചിട്ടുണ്ട്‌. കിങ്‌സ്‌ലിയുടെ ജീവിതത്തിന്റെ യഥാര്‍ഥചിത്രം നല്‌കുന്നുണ്ടെങ്കിലും ഈ ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഫലിതം, നര്‍മബോധം എന്നിവയോട്‌ നീതി പുലര്‍ത്തുന്നില്ല എന്നൊരു വിമര്‍ശനമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍