This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌, വില്യം ലിയോണ്‍ മക്കെന്‍സി (1874-1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിങ്‌, വില്യം ലിയോണ്‍ മക്കെന്‍സി (1874-1950)

King, William Lyon Mackenzie

വില്യം ലിയോണ്‍ മക്കെന്‍സി കിങ്‌

കാനഡയിലെ രാജ്യതന്ത്രജ്ഞന്‍. മൂന്നു തവണയായി 21 വര്‍ഷത്തിലേറെ കാനഡയിലെ പ്രധാനമന്ത്രി പദം വഹിച്ച കിങ്‌, ഒന്റാറിയോയിലെ ബെര്‍ലിനി(പിന്നീട്‌ കിച്‌നര്‍)യില്‍ 1874-ല്‍ ജനിച്ചു. ഒരു അഭിഭാഷകനായിരുന്ന ജോണ്‍ കിങാണ്‌ പിതാവ്‌; അപ്പര്‍ കാനഡയില്‍ 1837-ലുണ്ടായിരുന്ന കലാപത്തിന്‌ നേതൃത്വം വഹിച്ചിരുന്ന വില്യം ലിയോണ്‍ മക്കെന്‍സിയുടെ പുത്രി ഇസബെല്‍ മാതാവും. 1895-ല്‍ ടോറന്റോയില്‍ നിന്ന്‌ കിങ്‌ ബിരുദം നേടി. ഷിക്കാഗോയില്‍ നിന്ന്‌ "പൊളിറ്റിക്കല്‍ ഇക്കോണമി'യില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കിയ കിങ്ങിന്‌ ഹാര്‍വാര്‍ഡില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു. 1900-ല്‍ സിവില്‍ സര്‍വീസില്‍ ലേബര്‍ ഡെപ്യൂട്ടി മിനിസ്റ്ററായി. 1908-ല്‍ പാര്‍ലെന്റ്‌ അംഗമായ കിങ്‌ കാനഡയിലെ ആദ്യത്തെ മുഴുവന്‍ സമയ ലേബര്‍ മിനിസ്റ്ററായി നിയമിതനായി. ഒന്നാം ലോകയുദ്ധകാലത്ത്‌ ഇദ്ദേഹം റോക്‌ഫെല്ലര്‍ ഫൗണ്ടേഷനില്‍ വ്യവസായോപദേശകനായി. പ്രധാനമന്ത്രി ലോറിയറുടെ നിര്യാണത്തെത്തുടര്‍ന്ന്‌ ചേര്‍ന്ന ലിബറല്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ (1919) കിങ്ങിനെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായി. 1921-ല്‍ കിങ്‌ കാനഡയിലെ പ്രധാനമന്ത്രിയായി. 1930-ല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും 1935-ല്‍ വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു; 1948-ല്‍ വിശ്രമജീവിതം സ്വീകരിക്കുന്നതുവരെ ആ പദവി വഹിച്ചു. യു.എസ്സുമായി രണ്ടാം ലോകയുദ്ധക്കാലത്ത്‌ നല്ല ബന്ധം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1950 ജൂല. 22-നു ഒട്ടാവയില്‍ വച്ച്‌ കിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍