This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിം ഇൽ സുങ്‌ (1912 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിം ഇൽ സുങ്‌ (1912 - 94)

Kim Il Sung

കിം ഇല്‍ സുങ്‌

ഉത്തര കൊറിയയുടെ മുന്‍പ്രധാനമന്ത്രിയും രാഷ്‌ട്രതന്ത്രജ്ഞനും. പ്യോങ്‌യാങിനു സമീപം ഒരു കര്‍ഷകകുടുംബത്തില്‍ 1912 ഏ. 15-ന്‌ ജനിച്ചു. ജപ്പാന്റെ ആധിപത്യത്തിലായിരുന്ന കൊറിയയില്‍ നിന്ന്‌ 1925-ഓടുകൂടി കിം, മാതാപിതാക്കളോടൊപ്പം മഞ്ചൂറിയയിലേക്കുപോയി. അവിടെ 14 വര്‍ഷത്തോളം താമസിച്ചു. അവിടത്തെ കിറിന്‍ സ്‌കൂളില്‍ നിന്ന്‌ വിദ്യാഭ്യാസം നിര്‍വഹിച്ച കിം 1931-ല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗമായി. കൊറിയ-മഞ്ചൂറിയ അതിര്‍ത്തിയിലെ യാലു നദീപ്രദേശങ്ങളില്‍ വസിച്ചുകൊണ്ട്‌ ജപ്പാനെതിരായ ഗറില്ലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ ഗറില്ലകളില്‍ വലിയ പ്രാധാന്യം സിദ്ധിക്കാതിരുന്ന കിം ജപ്പാന്റെ പിടിയില്‍ നിന്ന്‌ കഷ്‌ടിച്ചു രക്ഷപ്പെട്ട്‌ സൈബീരിയയില്‍ എത്തി എന്നാണ്‌ പറയപ്പെടുന്നത്‌. സോവിയറ്റ്‌ യൂണിയനിലെത്തിയ കിം ഖബറോവ്‌സ്‌ക്‌ പാര്‍ട്ടി സ്‌കൂളില്‍ നിന്ന്‌ രാഷ്‌ട്രീയവും സൈനികവുമായ പരിശീലനം സമ്പാദിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ചെങ്കുപ്പായസൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്റ്റാലിന്‍ഗ്രാഡ്‌ പ്രദേശത്ത്‌ യുദ്ധം ചെയ്‌തു മേജറായി ഉയര്‍ന്നു. വടക്കന്‍ കൊറിയ സോവിയറ്റ്‌ പട്ടാളം കീഴടക്കിയപ്പോള്‍ കിം അവരോടൊപ്പം എത്തി; 1945 ഒക്‌ടോബറില്‍ പ്യോന്‍യാങ്ങില്‍ പ്രവേശിച്ചു. ഈ അവസരത്തിലാണ്‌ കൊറിയന്‍ വീരേതിഹാസ പുരുഷനായ കിം ഇല്‍ സുങ്ങിന്റെ പേര്‌ ഇദ്ദേഹം സ്വയം സ്വീകരിച്ചതെന്നു പറയപ്പെടുന്നു. അന്ന്‌ കൊറിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നുവിഭാഗം കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ട്‌ 1948 സെപ്‌. 8-ന്‌ കിം വടക്കന്‍ കൊറിയന്‍ പ്രധാനമന്ത്രിയായി. 1950 ജൂണ്‍ 25-നു വടക്കന്‍ കൊറിയന്‍ പട്ടാളം തെക്കന്‍ കൊറിയ ആക്രമിച്ചു. ഈ യുദ്ധം 1953 ജൂല. 25 വരെ നീണ്ടുനിന്നു. രണ്ടു കൊറിയകളും ഒന്നിപ്പിക്കണമെന്ന കിം-ന്റെ ആഗ്രഹത്തിന്റെ ബഹിഃസ്‌ഫുരണമായിരുന്നു ഈ യുദ്ധം. രാജ്യത്തെ മറ്റെല്ലാ പ്രതിലോമശക്തികളെയും കീഴടക്കാന്‍ കഴിഞ്ഞ കിം, 1961 മുതല്‍ വടക്കന്‍ കൊറിയയിലെ പരമാധികാരിയായി. "വടക്കന്‍ കൊറിയന്‍ സ്റ്റാലിന്‍' എന്നുകൂടി വിളിക്കപ്പെടുന്ന കിം, പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്തുകൊണ്ടാണ്‌ ഭരണം നടത്തിയത്‌. 1993-ല്‍ ആണവനിര്‍വ്യാപനകരാറി(Nuclear Nonproliteration Treaty)ല്‍ നിന്നും ഉത്തരകൊറിയ പിന്മാറിയതായി കിം പ്രഖ്യാപിച്ചു. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ജനിപ്പിച്ച ഈ നടപടിയെത്തുടര്‍ന്ന്‌ ഉത്തര കൊറിയക്കുമേല്‍ നടപടി കടുത്ത സമ്മര്‍ദമുണ്ടാക്കിയെങ്കിലും കിം പിന്മാറിയില്ല. 1994 ജൂലായില്‍ അദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍