This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ലർ, ആൽഫ്രഡ്‌ (1902 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്‌ലർ, ആൽഫ്രഡ്‌ (1902 - 84)

Kastler, Alfred

ആല്‍ ഫ്രഡ്‌ കാസ്‌ലര്‍

നോബല്‍ സമ്മാനിതനായ ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. അണുവിലെ "ഹെര്‍ഷ്യന്‍' എന്നു വിളിക്കുന്ന പ്രത്യേകതരം അനുരണനങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ പ്രാകാശീയ പമ്പിങ്‌ (Optical Pumbing) എന്ന പ്രവിധി കണ്ടുപിടിക്കുകയും വികസിപ്പിക്കുകയും ചെയ്‌തതിനാണ്‌ 1966-ല്‍ ഇദ്ദേഹത്തിന്‌ നോബല്‍ സമ്മാനം ലഭിച്ചത്‌.

ആല്‍ ഫ്രഡ്‌ കാസ്‌ലര്‍ സ്‌മാരക സ്റ്റാമ്പ്‌

അല്‍ സാസിലെ (Alsace) ഗുബ്‌വിയര്‍ (Gueb willer) എന്ന സ്ഥലത്ത്‌ 1902-മേയ്‌ 3-നു കാസ്‌ലര്‍ ജനിച്ചു. ഇദ്ദേഹം 1920-ല്‍ പാരീസിലെത്തി. ഇക്കോള്‍ നോര്‍മല്‍ സുപെരിയറില്‍ (Ecole normale superieure) പഠനം നടത്തി. കാസ്‌ലര്‍ക്ക്‌ ബോര്‍ഡിയോ സര്‍വകലാശാലയില്‍ നിന്ന്‌ ഭൗതികത്തില്‍ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചു; അവിടെ ഏറെക്കാലം അധ്യാപകനായി കഴിഞ്ഞു. 1958 മുതല്‍ സെന്റര്‍ നാഷണല്‍ ദെ ല റെഷാര്‍ഷെ സിയന്റിഫിക്കിന്റെ (Centre National de la Richerche Seientifique) അറ്റോമിക്‌ ക്ലോക്‌ ലബോറട്ടറിയുടെ ഡയറക്‌ടര്‍ ആയി സേവനമനുഷ്‌ഠിച്ചു. ബോര്‍ഡിയോ, ക്ലെര്‍മണ്ട്‌-ഫെറന്റ്‌, ലൗവെയിന്‍എന്നീ സര്‍വകലാശാലകളില്‍ ഫാക്കള്‍ട്ടി അംഗമായും പ്രവര്‍ത്തിച്ചു.

കാസ്‌ലറുടെ ആദ്യകാല ഗവേഷണം, ഉത്തേജിതമായ അണുക്കളില്‍ ഇലക്‌ട്രാണുക്കളുടെ വിന്യാസത്തെ സംബന്ധിച്ചായിരുന്നു. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്‌ ഭൗതികത്തില്‍ വ്യാപകമായ പ്രയോഗ സാധുത കൈവന്നു. പ്രകാശത്തിന്റെയും റേഡിയോ തരംഗങ്ങളുടെയും ഉത്തേജനംമൂലം അണുക്കള്‍ വിസര്‍ജിക്കുന്ന വികിരണങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങള്‍ ഇതുമൂലം സാധിതമായി. അണുകേന്ദ്ര ചക്രണങ്ങള്‍ (nuclear spins), കൊന്തികാഘൂര്‍ണ്ണങ്ങള്‍ (magnetic moments)എന്നിവ അളക്കുന്നതിനും മേസര്‍, ലേസര്‍ (Maser, Laser) എന്നിവ വികസിപ്പിച്ചെടുക്കുന്നതിനും കാസ്‌ലറുടെ കണ്ടുപിടിത്തം വഴിതെളിച്ചു. ശാസ്‌ത്രസംഭാവനകളുടെ അംഗീകാരമായി ഇദ്ദേഹം ഫ്രഞ്ച്‌, പോളിഷ്‌ ഭൗതിക ശാസ്‌ത്ര അക്കാദമികളുടെ അംഗമായി അവരോധിക്കപ്പെട്ടു. അണുബോംബ്‌ നിര്‍മിച്ചതിനും വിയറ്റ്‌നാമില്‍ ഫ്രഞ്ച്‌സേന ഏര്‍പ്പെട്ടതിനും എതിരായി കാസ്‌ലര്‍ ശബ്‌ദമുയര്‍ത്തി. അല്‍ ജീരിയയെ ഫ്രഞ്ച്‌ ആധിപത്യത്തില്‍ നിന്നു മോചിപ്പിക്കണമെന്ന്‌ ഇദ്ദേഹം വാദിക്കുകയുണ്ടായി. 1984 ജനു. 7-ന്‌ ഫ്രാന്‍സിലെ ബാന്‍ഡോളില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍