This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌പറോവ്‌, ഗാരി (1963- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്‌പറോവ്‌, ഗാരി (1963- )

Kasparov, Garry

ഗാരി കാസ്‌പറോവ്‌

മുന്‍ലോക ചെസ്സ്‌ചാമ്പ്യനായിരുന്ന റഷ്യാക്കാരന്‍. ലോകം കണ്ട ഏറ്റവും മികച്ച ചെസ്‌ കളിക്കാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന കാസ്‌പറോവ്‌ മികച്ചൊരു എഴുത്തുകാരനും രാഷ്‌ട്രീയപ്രവര്‍ത്തകനും കൂടിയാണ്‌.

1963 ഏ. 13-ന്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസെര്‍ബെയ്‌ജാനിലായിരുന്നു ജനനം. മാതാപിതാക്കളില്‍ നിന്നാണ്‌ ചെസ്സിന്റെ ആദ്യപാഠങ്ങള്‍ കാസ്‌പറോവ്‌ അഭ്യസിക്കുന്നത്‌. രണ്ടാമത്തെ വയസ്സില്‍ ത്തന്നെ ചെസ്സ്‌ കളിച്ചുതുടങ്ങിയ കാസ്‌പറോവ്‌ 13-ാമത്തെ വയസ്സില്‍ സോവിയറ്റ്‌ ജൂനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. അക്കാലത്തെ പ്രഗല്‌ഭനായിരുന്ന വ്‌ളാഡിമര്‍ മാക്കോഗൊനവ്‌, അലക്‌സാണ്ടര്‍ ഷാക്രാവ്‌ എന്നിവരായിരുന്നു ഇക്കാലത്ത്‌ കാസ്‌പറോവിന്റെ കോച്ചുമാര്‍.

1978-ല്‍ തന്റെ 15-മത്തെ വയസ്സിലാണ്‌ സോവിയറ്റ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡോടെ കാസ്‌പറോവ്‌ യോഗ്യത നേടിയത്‌. നിരവധി വലുതും ചെറുതുമായ മത്സരങ്ങളില്‍ വിജയിച്ച കാസ്‌പറോവ്‌ ലോക ചെസ്സ്‌ ഫെഡറേഷന്റെ (ഫിഡെ) റാങ്കിങ്ങില്‍ മുന്നോട്ടു പോകുകയും ബോസ്‌നിയയില്‍ വച്ചുനടന്ന ഗ്രാന്‍ഡ്‌മാസ്റ്റര്‍ ടൂര്‍ണമെന്റ്‌, ലോകജൂനിയര്‍ ചെസ്‌ ചാംപ്യന്‍ഷിപ്പ്‌, ചെസ്സ്‌ ഒളിംപ്യാഡ്‌ എന്നിവയില്‍ വിജയിച്ചതോടെ ലോകത്തിലെ ഏറ്റവും മികച്ച 10 ചെസ്‌ താരങ്ങളില്‍ ഒരാളായി മാറുകയും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി നേടുകയും ചെയ്‌തു (1980). 1980-ലും 82-ലും യു.എസ്‌.എസ്‌.ആര്‍. ചെസ്സ്‌ ചാംപ്യന്‍ഷിപ്പില്‍ കാസ്‌പറോവായിരുന്നു ജേതാവ്‌. അതേകാലത്ത്‌ നടന്ന സൂപ്പര്‍ക്ലാസ്‌ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്‌, മോസ്‌കോ ഇന്റര്‍സോണല്‍ ടൂര്‍ണമെന്റ്‌ എന്നിവയിലും വിജയിച്ചതോടെ കാസ്‌പറോവിന്റെ റാങ്കിങ്‌ വീണ്ടും ഉയര്‍ന്നു. 19 വയസ്സിലായിരുന്നു കനേഡിയന്‍ ടൂര്‍ണമെന്റിലേക്ക്‌ കാസ്‌പറോവ്‌ യോഗ്യത നേടുന്നത്‌. ചെസ്സ്‌ ഇതിഹാസം ബോബി ഫിഷറിനുശേഷം ഈ യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം കാസ്‌പറോവാണ്‌. ഇതോടെ റാങ്കിങില്‍ അക്കാലത്തെ ഏറ്റവും മികച്ച താരം അനാത്തോളി കാര്‍പോവിന്‌ തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കാസ്‌പറോവിനു കഴിഞ്ഞു.

1984 ജനുവരിയില്‍ 2710 ഫിഡെ റേറ്റോടെ ലോക ഒന്നാം നമ്പര്‍ പദവിയില്‍ കാസ്‌പറോവെത്തി. അതേ വര്‍ഷം തന്നെയാണ്‌ മുന്‍ ലോകചാംപ്യനായിരുന്ന വാസിലെ സ്‌മിസ്ലോവിനെ പരാജയപ്പെടുത്തി ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നതും.

1984 സെപ്‌. 10-നായിരുന്നു ലോകചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടന്നത്‌. നിലവിലുള്ള ചാമ്പ്യന്‍ അനാത്തോളി കാര്‍പോവുമായി നടന്ന ഈ മത്സരത്തില്‍ 48 ഗെയിമുകളില്‍ അഞ്ച്‌ എണ്ണത്തില്‍ കാര്‍പോവും മൂന്ന്‌ എണ്ണത്തില്‍ കാസ്‌പറോവും വിജയിച്ചു. 40 സമനിലകള്‍ കണ്ട മത്സരം വിജയിയെ പ്രഖ്യാപിക്കാതെയാണ്‌ അവസാനിപ്പിച്ചത്‌. പിന്നീട്‌ കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും ഈ ചാംപ്യന്‍ഷിപ്പ്‌ നടത്തപ്പെടുകയും 24-ാമത്തെ ഗെയിമില്‍ കറുത്ത കരുക്കളുമായി സിസിലിയന്‍ പ്രതിരോധ രീതിയില്‍ കളിച്ച കാസ്‌പറോവ്‌ വിജയിക്കുകയും ചെയ്‌തു. അതോടെ 13-11 എന്ന നിലയില്‍ കാസ്‌പറോവ്‌ ലോക ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ടു. 22 വയസ്സായിരുന്നു അന്ന്‌ അദ്ദേഹത്തിന്റെ പ്രായം.

പിന്നീട്‌ 1986, 87, 90 വര്‍ഷങ്ങളില്‍ കാര്‍പോവിനെ തോല്‌പിച്ച്‌ കിരീടം നിലനിര്‍ത്താന്‍ കാസ്‌പറോവിനായി. അഞ്ച്‌ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 21 വിജയം, 19 തോല്‍ വി, 104 സമനില എന്നതാണ്‌ കാസ്‌പറോവിന്റെ പ്രകടനം.

പിന്നീട്‌ അന്താരാഷ്‌ട്ര ചെസ്സ്‌ ഫെഡറേഷനുമായി പിണങ്ങിയ കാസ്‌പറോവ്‌ ഗ്രാന്റ്‌മാസ്റ്റേഴ്‌സ്‌ അസോസിയേഷന്‍ എന്ന പ്രാഫഷണല്‍ ചെസ്സ്‌ കളിക്കാരുടെ സംഘടനയ്‌ക്ക്‌ 1986-ല്‍ രൂപംനല്‍ കി. ഈ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. പിന്നീട്‌ 1993-ല്‍ പ്രാഫഷണല്‍ ചെസ്സ്‌ അസോസിയേഷന്‍ എന്ന സംഘടനകൂടി സംഘടിപ്പിച്ച കാസ്‌പറോവ്‌ ഈ സംഘടനയുടെ പേരിലും നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തി. 1993-ലെ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഈ സംഘടനയുടെ പേരിലായിരുന്നു. പിന്നീട്‌ 1995-ലെ ലോകചാമ്പ്യന്‍ഷിപ്പും പി.സി.എ. (പ്രാഫഷണല്‍ ചെസ്സ്‌ അസോസിയേഷന്‍) ലോക ചാമ്പ്യന്‍ഷിപ്പ്‌ എന്നാണറിയപ്പെട്ടത്‌. ഇതില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദുമായിട്ടായിരുന്നു കാസ്‌പറോവിന്റെ മത്സരം. ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രഡ്‌ സെന്ററില്‍ വച്ച്‌ നടന്ന മത്സരങ്ങളില്‍ ഒന്നിനെതിരെ മൂന്ന്‌ ഗെയിമുകള്‍ക്ക്‌ കാസ്‌പറോവ്‌ ജേതാവായി.

ഐ.ബി.എം. കമ്പനി നിര്‍മിച്ച ഡീപ്‌ബ്ലൂ (Deep blue) എന്ന കംപ്യൂട്ടറുമായി 1996-ലാണ്‌ കാസ്‌പറോവ്‌ ആദ്യമായി മത്സരിച്ചത്‌. 4-2 എന്ന സ്‌കോറില്‍ കാസ്‌പറോവ്‌ വിജയിച്ചു. എന്നാല്‍ അടുത്ത വര്‍ഷം കഴിവുകള്‍ വര്‍ധിപ്പിച്ച ഡീപ്‌ബ്ലൂ കംപ്യൂട്ടര്‍ 3.5-2.5 നിലയില്‍ കാസ്‌പറോവിനെ പരാജയപ്പെടുത്തി. ഒരു പുനര്‍മത്സരത്തിന്‌ കാസ്‌പറോവ്‌ ആവശ്യപ്പെട്ടെങ്കിലും ഐ.ബി.എം. തയ്യാറായില്ല.

അക്കാലത്ത്‌ കാസ്‌പറോവ്‌ നേടിയ മറ്റൊരു പ്രധാന കപ്പ്‌ മാര്‍ക ലെയന്‍സ്‌ ആയിരുന്നു. 2000-ല്‍ ലണ്ടനില്‍ നടന്ന മത്സരത്തിലാണ്‌ കാസ്‌പറോവിന്റെ ലോകചാമ്പ്യന്‍പട്ടം നഷ്‌ടമാകുന്നത്‌. കാസ്‌പറോവിന്റെ ശിഷ്യനായ വ്‌ളാഡിമിര്‍ ക്രാംനിക്കായിരുന്നു ലണ്ടനില്‍ വച്ച്‌ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കാസ്‌പറോവിനെ തോല്‌പിച്ചത്‌.

2003-ല്‍ ബീപ്‌ ജൂനിയര്‍ എന്ന കംപ്യൂട്ടറുമായും ത3ഉ ഫ്രിറ്റ്‌സ്‌ എന്ന കംപ്യൂട്ടര്‍ പ്രാഗ്രാമുമായും കാസ്‌പറോവ്‌ മത്സരിച്ചു. രണ്ടു മത്സരങ്ങളും സമനിലയിലാണ്‌ അവസാനിച്ചത്‌. 2005-ല്‍ ലിനാറസ്‌ ടൂര്‍ണമെന്റിലെ വിജയത്തോടെ കാസ്‌പറോവ്‌ അന്താരാഷ്‌ട്ര ചെസ്സ്‌ രംഗത്തുനിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വിരമിച്ചതിനുശേഷവും നിരവധി പ്രദര്‍ശനമത്സരങ്ങളില്‍ മത്സരിച്ചും വിജയിച്ചും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാസ്‌പറോവ്‌ ഏറ്റവും പ്രായംകുറഞ്ഞ ലോകചാംപ്യനായ മാഗ്‌നസ്‌ കാള്‍സന്റെ കോച്ചുമായിരുന്നു.

വിരമിക്കലിനുശേഷം റഷ്യന്‍ രാഷ്‌ട്രീയരംഗത്തേക്കു പ്രവേശിച്ച കാസ്‌പറോവിന്റെ നേതൃത്വത്തിലാണ്‌ യുണൈറ്റഡ്‌ സിവില്‍ ഫ്രണ്ട്‌, ദി അദര്‍ റഷ്യ തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കപ്പെട്ടത്‌. 25-ഓളം പുസ്‌തകങ്ങള്‍ കാസ്‌പറോവ്‌ രചിച്ചിട്ടുണ്ട്‌. മൈ ഗ്രറ്റ്‌ പ്രഡിസെസെഴ്‌സ്‌, ഗാരി കാസ്‌പറോവ്‌ ഒണ്‍ മോഡേണ്‍ ചെസ്സ്‌ എന്നിവ അവയില്‍ ശ്രദ്ധേയമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍