This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസി മുഹമ്മദ്‌, കോഴിക്കോട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസി മുഹമ്മദ്‌, കോഴിക്കോട്‌

കവിയും ഗ്രന്ഥകാരനും. ഇദ്ദേഹം കാസി അബ്‌ദുൽ അസീസിന്റെ പുത്രനായി കോഴിക്കോട്ട്‌ ജനിച്ചു. ജനനത്തീയതിയെപ്പറ്റി വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രപിതാമഹന്മാരിൽപ്പെട്ട സമുന്നത പണ്‌ഡിതന്മാരാണ്‌ കാസി അഹ്‌മദ്‌, കാസി അബൂബക്കർ ശാലിയാത്തി എന്നിവർ. ചാലിയ(ശാലിയത്ത്‌)വും കോഴിക്കോടുമായി പണ്‌ഡിതവർഗം അക്കാലത്ത്‌ ബന്ധപ്പെട്ടിരുന്നു. വ്യാകരണം, ഗണിതശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം തജ്‌വീദുൽ, ഖുർആന്‍, ഫിക്‌ഹ്‌ എന്നീ വിഷയങ്ങളിൽ ഇദ്ദേഹം പ്രാവീണ്യം നേടിയത്‌ തന്റെ പിതാവിൽ നിന്നും, ശൈഖ്‌ ഉസ്‌മാന്‍, അബ്‌ദുൽ അസീസ്‌ മഖ്‌ദൂം മഅ്‌ബരി മുതലായ പണ്‌ഡിതന്മാരിൽ നിന്നുമായിരുന്നു. മുസ്‌ലിം സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഇദ്ദേഹം ഫത്‌വ (മതവിധി) നല്‌കിയിരുന്നു.

അറബിഭാഷയിൽ കാസി മുഹമ്മദ്‌ ഗദ്യപദ്യങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. പോർച്ചുഗീസുകാരും സാമൂതിരിപ്പാടിന്റെ മുസ്‌ലിം-നായർ സങ്കലിതസേനയും തമ്മിൽ ചാലിയത്തുവച്ചു നടന്ന ചരിത്ര പ്രസിദ്ധമായ സമരങ്ങളുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫത്‌ഹുൽ മുബീന്‍ എന്ന ചരിത്രഗ്രന്ഥവും ഇസ്ലാമിലെ വൈവാഹികജീവിതമുറകള്‍ പ്രതിപാദിക്കുന്ന മഖാസിദുന്നിക്കാഹ്‌ എന്ന കിത്താബും, ഗണിതശാസ്‌ത്രത്തെ ഉപജീവിച്ചെഴുതിയ മന്‍ളൂമത്ത്‌ ഫീ ഇൽമിൽ ഹിസാബ്‌ എന്ന പുസ്‌തകവും ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്‌. നക്ഷത്രപഠനങ്ങള്‍ക്ക്‌ മാർഗനിർദേശങ്ങള്‍ നൽകിയിരുന്ന മന്‍ളൂമത്ത്‌ ഫീ ഇൽമിൽ അഫ്‌ലാക്കി വന്നൂജും എന്ന ജ്യോതിശ്ശാസ്‌ത്ര ഗ്രന്ഥത്തിന്റെ കർത്താവും ഇദ്ദേഹമാണ്‌.

തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണം രചിക്കുന്നതിന്‌ ഏതാനും വർഷം മുമ്പ്‌ കാസി മുഹമ്മദ്‌ ഒരു ഭക്തി കാവ്യം രചിച്ചു. മുഹ്‌യിദ്ദീന്‍ മാല എന്ന ഈ കൃതി കേരളത്തിലും പുറത്തും വളരെയധികം പ്രചാരം നേടി.

""കൊല്ലം യെളുനൂറ്റിയെണ്‍പത്ത്‌രണ്ടിൽ ഞാന്‍
	കോത്തേന്‍ ഇമ്മാലനെനൂറ്റയിമ്പത്തഞ്ചുമ്മൽ
	മുത്തും മാണിക്യവും ഒന്നായി കോത്തേപോൽ
	മുഹിയിദ്ദിന്‍മാലനെ കോത്തേന്‍ ഞാന്‍ ലോകരേ
	പാലിലെ വെണ്ണപോൽ ബൈത്താക്കി ചൊല്ലുന്നേന്‍
	പാക്കിയം ഉള്ളോവർ ഇതിനെ പഠിച്ചോവർ
	കണ്ടാന്‍ അറിവാളന്‍ കാട്ടിത്തരുംപോലെ
	ഖാളീ മുഹമ്മദ്‌ അതെന്ന്‌ പേരുള്ളോവർ
	കോളിക്കോട്ടത്തുറ തന്നിൽ പിറന്നോവർ
	കോർവ ഇതൊക്കെയും നോക്കി എടുത്തോവർ''
 

തുടങ്ങിയ ഈരടികളിൽ മുഹ്‌യിദ്ദീന്‍മാല എഴുതപ്പെട്ടത്‌, കൊ.വ. 782-ൽ ആണെന്നും അതിന്റെ രചയിതാവ്‌ കോഴിക്കോട്ടെ മുഹമ്മദ്‌ കാസിയാണെന്നും കവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. കാസി മുഹമ്മദ്‌ ഹിജ്‌റ 1025-ൽ ഇഹലോകവാസം വെടിഞ്ഞു. (സി. എന്‍. അഹമ്മദ്‌മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍