This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസന്‍, ഈലിയ (1909 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസന്‍, ഈലിയ (1909 - 2003)

Kazan, Elia

ഈലിയ കാസന്‍

പ്രസിദ്ധ യു.എസ്‌. നാടക-ചലച്ചിത്ര സംവിധായകന്‍. മൂന്ന്‌ പതിറ്റാണ്ട്‌ കാലത്തോളം നാടക-ചലച്ചിത്ര രംഗത്ത്‌ സജീവമായിരുന്ന കാസന്‍ ഓസ്‌കാര്‍, ടോണി തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക്‌ ഒന്നിലേറെ തവണ അര്‍ഹനായിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കുടുംബപ്പേരായ കാസന്‍ ജോഗ്ലസ്‌ (Kazan Joglous) എന്നതിന്റെ ചുരുക്കെഴുത്താണ്‌ കാസന്‍.

1909 സെപ്‌. 7-ന്‌ തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ ജനിച്ച കാസന്‍ 1913-ല്‍ മാതാപിതാക്കള്‍ക്കൊപ്പം യു.എസ്സിലേക്ക്‌ കുടിയേറുകയും ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയും ചെയ്‌തു. ന്യൂറോഷല്ലെ ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും മാസച്ച്യൂസെറ്റ്‌സിലെ വില്യം കോളജില്‍ നിന്നും ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം യേര്‍ സര്‍വകലാശാലയിലെ ഡ്രാമാറ്റിക്‌ സ്‌കൂളില്‍ നിന്നും ദ്വിവത്സര ഡിപ്ലോമ നേടി നാടകരംഗത്തേക്ക്‌ പ്രവേശിച്ചു.

ഈലിയ കാസന്‍ ഫിലിം എഡിറ്റിങില്‍

ഒരു നടനായിട്ടായിരുന്നു കാസന്റെ രംഗപ്രവേശം. എന്നാല്‍ വളരെ പെട്ടെന്നുതന്നെ നാടകകലയുടെ സങ്കേതങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിയ ഇദ്ദേഹം സംവിധാനരംഗത്തേക്ക്‌ കടന്നുവന്നു. 1932-ല്‍ ഇദ്ദേഹം ലീ സ്‌ട്രാസ്‌ബര്‍ഗും ഹരോള്‍ഡ്‌ ക്ലര്‍മാനും ഒപ്പം ന്യൂയോര്‍ക്കിലെ പ്രശസ്‌ത ഗ്രൂപ്പ്‌ തിയെറ്റര്‍ പ്രസ്ഥാനം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാലനാടകങ്ങളൊക്കെയും അവതരിപ്പിക്കപ്പെട്ടത്‌ ഗ്രൂപ്പ്‌ തിയെറ്ററിലൂടെയാണ്‌. "ഗോള്‍ഡന്‍ബോയ്‌', "നൈറ്റ്‌ മ്യൂസിക്‌', "ബ്ലൂസ്‌ ഇന്‍ ദ്‌ നൈറ്റ്‌' തുടങ്ങിയ നാടകങ്ങളാണ്‌ ഇക്കാലത്ത്‌ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും ശ്രദ്ധേയമായവ.

1942-ല്‍ "സ്‌കിന്‍ ഒഫ്‌ അവര്‍ ടീത്ത്‌' എന്ന നാടകത്തിന്‌ മികച്ച സംവിധായകനുള്ള ന്യൂയോര്‍ക്ക്‌ ഡ്രാമാ ക്രിറ്റിക്‌സ്‌ പുരസ്‌കാരം ലഭിച്ചതോടെ കാസന്‍ നാടകലോകത്ത്‌ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ഇക്കാലത്തുതന്നെ ഇദ്ദേഹം നാടകകലയില്‍ പുതിയ ചിന്താപദ്ധതികള്‍ക്ക്‌ രൂപം നല്‍ കുന്നതിലും വ്യാപൃതനായി. 1947-ലാണ്‌ റോബര്‍ട്ട്‌ ലൂയിസ്‌, ഷെറില്‍ ക്രാഫോര്‍ഡ്‌ എന്നിവര്‍ക്കൊപ്പം ഇദ്ദേഹം ആക്‌റ്റേഴ്‌സ്‌ സ്റ്റുഡിയോയ്‌ക്ക്‌ രൂപംനല്‍ കിയത്‌. ടെന്നസി വില്യംസിന്റെയും ആര്‍തര്‍ മില്ലറുടെയുമെല്ലാം രചനകള്‍ക്ക്‌ നാടകാവിഷ്‌കാരങ്ങള്‍ ഉണ്ടായത്‌ ഈ പ്രസ്ഥാനത്തിലൂടെയായിരുന്നു. നിരവധി പുതിയ അഭിനേതാക്കളെയും ഈ പ്രസ്ഥാനത്തിന്‌ കണ്ടെത്താനായി.

എട്ടുതവണ ടോണി പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട കാസന്‍ മൂന്ന്‌ പ്രാവശ്യം പുരസ്‌കാരം കരസ്ഥമാക്കി; "ആള്‍ മൈ സണ്‍സ്‌' (1947), "ഡെത്ത്‌ ഒഫ്‌ എ സെയില്‍ സ്‌മാന്‍' (1949), "ജെ.ബി.' (1959), "ജാക്കോബ്‌സ്‌ക്കി ആന്‍ഡ്‌ ദ്‌ കേണല്‍ ' എന്നീ നാടകങ്ങള്‍ക്ക്‌ ഡ്രാമാക്രിറ്റിക്‌സ്‌ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. "വണ്‍ ടച്ച്‌ ഒഫ്‌ വീനസ്‌', "ഹാരിയറ്റ്‌', "സ്‌ട്രീറ്റ്‌ കാര്‍ നെയിമ്‌ഡ്‌ ഡിസയര്‍', "ടീ ആന്‍ഡ്‌ സിംപതി', "ക്യാറ്റ്‌ ഓണ്‍ എ ടിന്‍ റൂഫ്‌', "സ്വീറ്റ്‌ ബേഡ്‌ ഒഫ്‌ യൂത്ത്‌' എന്നിവയാണ്‌ കാസന്റെ മറ്റു പ്രധാന നാടകങ്ങള്‍.

നാടകരംഗത്ത്‌ സജീവമായിരുന്ന 1940-കളില്‍ ത്തന്നെ കാസന്‍ ചലച്ചിത്രലോകത്തേക്കും കടന്നുവന്നു. 1940-ല്‍ "സിറ്റി ഒഫ്‌ കോണ്‍ക്വസ്റ്റ്‌' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ചലച്ചിത്രരംഗപ്രവേശം. ഏതാനും ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം പിന്നീട്‌ സംവിധാനരംഗത്തേക്കുതിരിഞ്ഞു. 1945-ല്‍ പുറത്തിറങ്ങിയ "എ ട്രീ ഗ്രാസ്‌ ഇന്‍ ബ്രൂക്ക്‌ലിന്‍' ആയിരുന്നു ഇദ്ദേഹം സംവിധാനം ചെയ്‌ത ആദ്യ ചലച്ചിത്രം. അതിലെ അഭിനേതാക്കള്‍ക്ക്‌ ആ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചതോടെ കാസന്‍ ചലച്ചിത്രലോകത്തും ചിരപ്രതിഷ്‌ഠ നേടി. പിന്നീട്‌, മൂന്ന്‌ ദശകങ്ങളിലായി മുപ്പതിലധികം ചലച്ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്‌തു. "ജെന്റില്‍ മാന്‍സ്‌ എഗ്രിമെന്റ്‌' (1947), "ബൂമറാങ്‌' (1947), "പിങ്കി' (1949), "പാനിക്‌ ഇന്‍ ദ്‌ സ്‌ട്രീറ്റ്‌' (1950), "സ്‌ട്രീറ്റ്‌ കാര്‍ നെയിമ്‌ഡ്‌ ഡിസയര്‍' (1951), "വിവ സപാറ്റ' (1952), "മാന്‍ ഓണ്‍ എ ടൈറ്റ്‌ റോപ്പ്‌' (1953), "ഓണ്‍ ദ്‌ വാട്ടര്‍ ഫ്രന്റ്‌' (1954), "ഈസ്റ്റ്‌ ഒഫ്‌ ഏദന്‍' (1955), "ബേബി സോള്‍' (1956), "എ ഫെയ്‌സ്‌ ഇന്‍ ദ്‌ ക്രൗഡ്‌' (1957), "വൈല്‍ ഡ്‌ റിവര്‍' (1960), "സ്‌പ്ലെണ്ടര്‍ ഇന്‍ ദ്‌ ഗ്രാസ്‌' (1967), "അമേരിക്ക, അമേരിക്ക' (1963), "ദി അറേഞ്ച്‌മെന്റ്‌' (1969), "ദ്‌ വിസിറ്റേഴ്‌സ്‌' (1972), "ദ്‌ ലാസ്റ്റ്‌ ടൈക്കൂണ്‍' (1976) തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. മെര്‍ലിന്‍ ബ്രാന്‍ഡോ, റോസ്‌ സ്റ്റീഗര്‍, ജെയിംസ്‌ ഡീന്‍, ജൂലി ഹാരിസ്‌, കരോള്‍ ബേക്കര്‍ തുടങ്ങിയ ഹോളിവുഡ്‌ താരങ്ങളുടെയൊക്കെ രംഗപ്രവേശം കാസന്റെ സിനിമകളിലൂടെയായിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലഭിനയിച്ച 21 പേര്‍ക്ക്‌ മികച്ച അഭിനേതാക്കള്‍ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്രലോകത്ത്‌ ഇദ്ദേഹം "അഭിനേതാവിന്റെ സംവിധായകന്‍' (അരീേൃ' റെശൃലരീേൃ) എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എട്ടുതവണ ഓസ്‌കാര്‍ പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട "ജെന്റില്‍ മാന്‍സ്‌ എഗ്രിമെന്റ്‌' (1947), "ഓണ്‍ ദ്‌ വാട്ടര്‍ഫ്രന്റ്‌' (1954) എന്നീ സിനിമകളുടെ സംവിധാനത്തിനും സമഗ്ര സംഭാവനകള്‍ക്കുമായി, അക്കാദമിയുടെ ലൈഫ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡും (1999) ഇദ്ദേഹത്തിന്‌ ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചു. ന്യൂയോര്‍ക്ക്‌ ഫിലിം ക്രിറ്റിക്‌സ്‌ പുരസ്‌കാരം (1948, 1952, 1955), ഗ്രിഫിത്ത്‌ അവാര്‍ഡ്‌ (1982), ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ്‌ (1996) തുടങ്ങിയവയാണ്‌ ഇദ്ദേഹത്തെ തേടിയെത്തിയ മറ്റു പ്രധാന പുരസ്‌കാരങ്ങള്‍. അമേരിക്ക, അമേരിക്ക (1962); ദി അറേഞ്ച്‌മെന്റ്‌ (1967); ദി അസ്സാസിന്‍സ്‌ (1972); ദി അണ്ടര്‍ സ്റ്റഡി (1974); ആക്‌ട്‌സ്‌ ഒഫ്‌ ലവ്‌ (1974); ദി അനറ്റോലിയന്‍ (1982); ബിയോണ്ട്‌ ദി എയ്‌ഗണ്‍ (1994) എന്നീ കൃതികളും 1988-ല്‍ എ ലൈഫ്‌ എന്ന പേരില്‍ ഒരു ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

1963-ല്‍ ആദ്യ ഭാര്യ മോളിഡേ താച്ചര്‍ അന്തരിച്ചു. പിന്നീട്‌ നടി ബാര്‍ബറാ ലോദനെ വിവാഹം ചെയ്‌തെങ്കിലും 13 വര്‍ഷത്തിന്‌ ശേഷം വേര്‍പിരിഞ്ഞു. ഫ്രാന്‍സസ്‌ റഡ്‌ജ്‌ ആണ്‌ മൂന്നാം ഭാര്യ. 2003 സെപ്‌. 28-ന്‌, 94-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍