This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍വിന്‍, ജോണ്‍ (1509 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാല്‍വിന്‍, ജോണ്‍ (1509 - 64)

Calvin, John

ജോണ്‍ കാല്‍വിന്‍

പ്രാട്ടസ്റ്റന്റ്‌ മതപരിഷ്‌കര്‍ത്താവും ദൈവശാസ്‌ത്രപണ്‌ഡിതനും. 1509 ജൂല. 10ന്‌ ഫ്രാന്‍സിലെ നൊയോങ്‌ (Noyon) എന്ന സ്ഥലത്തു ജനിച്ചു. നൊയോങ്‌ ഇടവകയിലെ ബിഷപ്പിന്റെ കാര്യസ്ഥനും സെക്രട്ടറിയുമായിരുന്നു പിതാവ്‌.

പതിനാലാമത്തെ വയസ്സില്‍ കാല്‍വിന്‍ പാരിസ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു. ദൈവശാസ്‌ത്രമായിരുന്നു ഐച്ഛികവിഷയം. സ്ഥിരോത്സാഹിയും കഠിനാധ്വാനിയും ആയിരുന്ന കാല്‍വിന്‍ അന്നത്തെ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസകാര്യങ്ങളിലും അതീവശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രശസ്‌തരും തന്നെക്കാള്‍ പ്രായമുള്ളവരുമായിരുന്നു സഹപാഠികളില്‍ അധികവും. 1528ല്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന്‌ പിതാവിന്റെ നിര്‍ദേശപ്രകാരം നിയമപഠനത്തിനായി ഓര്‍ലീന്‍സില്‍ ചേര്‍ന്നു. 1531ല്‍ പിതാവ്‌ അന്തരിച്ചു. 1532ല്‍ ഓര്‍ലീന്‍സില്‍നിന്ന്‌ കാല്‍വിന്‌ നിയമത്തില്‍ ഡോക്‌ടര്‍ ബിരുദം ലഭിച്ചു. ലീഷ്‌ (Liege)ല്‍ നിന്നുള്ള ഒരു അഭയാര്‍ഥിയും വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ ഇദലെറ്റ്‌ ദ്‌ ബ്യൂര്‍ (Idelette de Bure) എന്ന സ്‌ത്രീയെ കാല്‍വിന്‍ വിവാഹം കഴിച്ചു (1540). ഈ സ്‌ത്രീയില്‍ ഇദ്ദേഹത്തിനു ജനിച്ച ഏകസന്താനം ശൈശവത്തില്‍ത്തന്നെ മൃതിയടഞ്ഞു. 1549ല്‍ ഇദലെറ്റ്‌ അന്തരിച്ചു.

കത്തോലിക്കാസഭയുടെ അമിതാധികാരപ്രവണതയും സ്വതന്ത്രമായ ധൈഷണികാന്വേഷണങ്ങളോടുള്ള അസഹിഷ്‌ണുതയും 15-ാം ശതകങ്ങളില്‍ കാല്‍വിനെ പ്രാട്ടസ്റ്റന്റിസത്തിലേക്ക്‌ ആകര്‍ഷിച്ചു. 1536ല്‍ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ക്രിസ്‌ത്യന്‍ റിലിജിയന്‍ എന്ന കൃതിയില്‍ കത്തോലിക്കാ സഭയെ തള്ളിപ്പറയുകയും പ്രാട്ടസ്റ്റന്റ്‌ വീക്ഷണങ്ങളെ ന്യായീകരിക്കുകയും ചെയ്‌തു. 1536ല്‍ ജനീവയിലെത്തിയ ഇദ്ദേഹം അവിടുത്തെ നവീകരണവാദികളുടെ നേതാവായി ഉയര്‍ന്നു. 1541ല്‍ കാല്‍വിന്‍ തയ്യാറാക്കിയ "എക്ലസിയാസ്റ്റിക്കല്‍ ഓഡിനന്‍സ്‌' പുതിയ വിശ്വാസപ്രമാണങ്ങളും ആരാധനാസമ്പ്രദായവും പൗരോഹിത്യഘടനയും ആവിഷ്‌കരിച്ചു. ജനീവയില്‍ ക്രസ്‌തവവിശ്വാസത്തെയും സംഘടനയെയും ശുദ്ധീകരിക്കുന്നതിന്റെ പേരില്‍ നടത്തിയ മന്ത്രവാദിനിവേട്ട കുപ്രസിദ്ധമാണ്‌. വിഗ്രഹാരാധകരെയും മന്ത്രവാദിനികളെയും കാല്‍വിനും അനുയായികളും ഹിംസാത്മകമായിട്ടാണ്‌ നേരിട്ടത്‌. മാത്രവുമല്ല, കത്തോലിക്കാസഭയുടെ പൗരോഹിത്യവാഴ്‌ചയ്‌ക്കെതിരായ പരിഷ്‌കരണത്തില്‍ തുടങ്ങിയ കാല്‍വിന്‍ ക്രമേണ തികഞ്ഞ മതമൗലികവാദിയായി മാറുകയാണുണ്ടായത്‌.

1536ല്‍ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ ക്രിസ്‌ത്യന്‍ റിലിജിയന്‍ എന്ന ഗ്രന്ഥമാണ്‌ കാല്‍വിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം. ഫ്രാന്‍സിലെ രാജാവിനു സമര്‍പ്പിക്കപ്പെട്ട പ്രസ്‌തുത ഗ്രന്ഥത്തില്‍ ഫ്രഞ്ച്‌ പ്രാട്ടസ്റ്റന്റുകളെ ന്യായീകരിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പുകള്‍ പിന്നീട്‌ പല പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും ഒടുവിലത്തെ പതിപ്പ്‌ 1559ല്‍ പ്രസിദ്ധീകൃതമായി. കാല്‍വിന്റെ ചിന്താപദ്ധതികളുടെ വ്യക്തമായ രൂപരേഖ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. മനുഷ്യന്റെ അറിവിനെ ദൈവജ്ഞാനം, ആത്മജ്ഞാനം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിലെ മുഖ്യ പ്രതിപാദ്യം ഈ ദ്വിവിധജ്ഞാനം സമ്പാദിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്‌.

സഭയെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്നത്‌ വ്യത്യസ്‌തമായ ചുമതലകളും പ്രവര്‍ത്തികളുമാണെന്ന്‌ കാല്‍വിന്‍ വാദിച്ചു. സഭ മനുഷ്യന്റെ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ ഗവണ്‍മെന്റ്‌ മനുഷ്യന്റെ ലൗകികജീവിതത്തെ ക്രമപ്പെടുത്തുന്നു. വ്യക്തികള്‍ക്ക്‌ സാമൂഹികനീതി, അവസരസമത്വം, സാമ്പത്തികസമത്വം എന്നിവ ഉറപ്പുവരുത്തുക സ്റ്റേറ്റിന്റെ മുഖ്യ കടമയും ആകുന്നു. സഭയുടെ നന്മയ്‌ക്കുവേണ്ടിയായിരിക്കണം രാഷ്‌ട്രം നിലനില്‌ക്കേണ്ടത്‌. പ്രവര്‍ത്തനപരമായി സഭയും ഗവണ്‍മെന്റും പൂര്‍ണമായും സ്വതന്ത്രമായിരിക്കണം; സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സഭയും ഇടപെടുന്നതു ശരിയല്ല.

സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച്‌ ഗവണ്‍മെന്റുകളുടെ മൗലിക സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നു കാല്‍വിന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഫ്രാന്‍സില്‍ ഒരു പ്രജാപ്രഭുത്വ ഗവണ്‍മെന്റ്‌ ഉണ്ടാകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. ഭരണനൈപുണ്യമുള്ള പ്രഭുക്കന്മാരില്‍നിന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരായിരിക്കണം ഗവണ്‍മെന്റ്‌ രൂപീകരിക്കേണ്ടത്‌. ന്യായാധികാരികള്‍ക്ക്‌ ദൈവത്തില്‍നിന്ന്‌ അധികാരം ലഭിച്ചിട്ടുള്ളതുകൊണ്ട്‌ അവരുടെ അധികാരം ദൈവത്തിന്റെ അധികാരത്തിനു തുല്യമാണെന്ന്‌ കാല്‍വിന്‍ വിശ്വസിച്ചിരുന്നു. 1564 മേയ്‌ 27നു കാല്‍വിന്‍ അന്തരിച്ചു.

കാല്‍വിനിസം. കാല്‍വിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നവര്‍ ആരംഭിച്ച പുതിയ പ്രസ്ഥാനം കാല്‍വിനിസം എന്നാണറിയപ്പെടുന്നത്‌. ദൈവത്തിന്റെ പരമാധികാരം, ഓരോ മനുഷ്യയുക്തിയുടെയും പൂര്‍വനിശ്ചിതമായ ജീവിതം തുടങ്ങിയ ആശയങ്ങള്‍ കാല്‍വിനിസം എന്ന പേരില്‍ അറിയപ്പെടുന്നു. ദൈവത്തില്‍ നിന്നും അന്യവത്‌കൃതമായ ജീവിതം ദുരിതമയമാണെന്നും അതിനാല്‍ ജീവിതത്തെ ദൈവകൃപയ്‌ക്കുവേണ്ടിയുള്ള പ്രാര്‍ഥനയായി കാണണമെന്നും കാല്‍വിന്‍ വാദിച്ചു. കാല്‍വിന്റെ സാമൂഹികസാമ്പത്തിക വീക്ഷണങ്ങള്‍ ആധുനിക പൂര്‍വയൂറോപ്യന്‍ നാഗരികതയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. സാമ്പത്തികപ്രവര്‍ത്തനത്തെ സേവനമായി വ്യാഖ്യാനിച്ച കാല്‍വിനിസം മിതവ്യയത്തെയും സമ്പാദ്യശീലത്തെയും പ്രാത്സാഹിപ്പിക്കുകവഴി, മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിനു സഹായകമായിട്ടുണ്ടെന്നു ചില സാമൂഹ്യചിന്തകര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍