This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരണത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 28 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാരണത

Causality

ഒരു വസ്‌തുവിന്റെയോ സംഭവത്തിന്റെയോ പ്രക്രിയയുടെയോ ആവിര്‍ഭാവത്തിഌം രൂപീകരണത്തിഌം നിമിത്തമായിട്ടുള്ള വസ്‌തുവോ സംഭവമോ പ്രക്രിയയോ. ഓരോ സംഭവത്തിഌം വസ്‌തുവിഌം പിന്നില്‍ മറ്റൊരു സംഭവത്തെയും വസ്‌തുവിനെയും സങ്കല്‌പിക്കുകയും ആദ്യത്തേതില്‍ നിന്നുമാണ്‌ രണ്ടാമത്തേതുണ്ടായതെന്നു കരുതുകയുമാണ്‌ സാധാരണ ചെയ്യുക. ഉണ്ടാക്കുന്നതെന്തോ അതിനെ കാരണമെന്നും, ഉണ്ടായതെന്തോ അതിനെ കാര്യമെന്നും പറയുന്നു. പ്രായോഗിക ജീവിതത്തിലും ശാസ്‌ത്രത്തിന്റെ പ്രായോഗിക തലത്തിലും അനിവാര്യമായ ഒന്നാണ്‌ കാരണതയെക്കുറിച്ചുള്ള ഈ സങ്കല്‌പം. സംഭവങ്ങളെയോ വസ്‌തുക്കളെയോ കുറിച്ച്‌ വ്യക്തവും വിശദവുമായി അറിയുന്നതിനു നാം സാമാന്യമായി സ്വീകരിച്ചുപോരുന്ന മാര്‍ഗം തന്നെയാണ്‌ സംഭവങ്ങള്‍ക്കും വസ്‌തുക്കള്‍ക്കും പിന്നിലുള്ള കാരണത്തെയും അവയ്‌ക്ക്‌ പ്രസ്‌തുത സംഭവങ്ങളോടും വസ്‌തുക്കളോടുമുള്ള ബന്ധത്തെയും കുറിച്ച്‌ അന്വേഷിക്കുക എന്നത്‌. കുറ്റകൃത്യങ്ങളുടെ കാരണം അന്വേഷിക്കാതെ നിയമത്തിഌം നീതിന്യായ വ്യവസ്ഥയ്‌ക്കും നിലനില്‍പ്പില്ല. രോഗത്തിന്റെ കാരണമറിയാതെ ചികിത്സയെക്കുറിച്ചു ചിന്തിക്കാനാവില്ല. ഇങ്ങനെ, പ്രായോഗിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാരണത എന്ന സങ്കല്‌പത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.

കാരണതയും മാറ്റവും. ഇല്ലായ്‌മയില്‍ നിന്നു പുതുതായി ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. അതുകൊണ്ട്‌ "കാരണം' എല്ലായ്‌പ്പോഴും മുമ്പുണ്ടായിരുന്നതില്‍ മാറ്റം മാത്രമാണുണ്ടാകുന്നത്‌. ഈ മാറ്റം പുതുതായി എന്തെങ്കിലും ഉണ്ടായി എന്നു തോന്നത്തക്കവിധം പ്രകടമായ മാറ്റമോ മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ വന്ന വെറുമൊരു ചെറിയ മാറ്റം മാത്രമോ ആകാം. ആദ്യത്തേതിനെ "രൂപാന്തരം' (generation) എന്നും രണ്ടാമത്തേതിനെ "ഗുണപരമായ ചലനം' (qualitative motion) എന്നുമാണ്‌ അരിസ്റ്റോട്ടല്‍ വിശേഷിപ്പിക്കുന്നത്‌. പട്ടുനൂല്‍പ്പുഴു ശലഭമായി മാറുന്നതും കല്ലില്‍ നിന്നു പ്രതിമ കൊത്തിയുണ്ടാക്കപ്പെടുന്നതും മേല്‌പറഞ്ഞ രണ്ടു മാറ്റങ്ങള്‍ക്കും യഥാക്രമം ഉദാഹരണമായെടുക്കാം. ഇങ്ങനെ മാറ്റത്തിനു വിധേയമായ അവസ്ഥ ചിലപ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കാം. "കാരണം' മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാവാം ഇത്‌. രോഗം ശാരീരികാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്‌. രോഗം തുടരുന്നത്‌ രോഗകാരണങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാണല്ലോ.

അവശ്യോപാധിയും മതിയായ ഉപാധിയും. ഓരോ സംഭവത്തിനു പിന്നിലും ഒരു കാരണമല്ല അനേകം കാരണങ്ങളുണ്ടാവും. ഇവയില്‍ ചില കാരണങ്ങള്‍ അവശ്യം ഉണ്ടായേ കഴിയൂ; മറ്റെല്ലാ കാരണങ്ങളും അതേപടിയുണ്ടെങ്കിലും ഈ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഒരു പ്രത്യേക സംഭവം അതേപടി സംഭവിക്കുകയില്ല. ഈ കാരണങ്ങളെയാണ്‌ അവശ്യോപാധികള്‍ (necessary conditions)എന്നു പറയുന്നത്‌. ഒരു സംഭവത്തിന്റെ "കാരണം' എന്നുപറയുന്നത്‌ ഈ അവശ്യോപാധികളുടെ മൊത്തമായ അവസ്ഥയെ ആണ്‌. അവശ്യോപാധികളുടെ മൊത്തമായ അവസ്ഥ മുന്‍പറഞ്ഞ സംഭവത്തിനുള്ള "മതിയായ ഉപാധി'(sufficient condition)യുമാണ്‌. അതായത്‌ ഈ പ്രത്യേകസംഭവത്തിന്‌ ഇത്രയും അവശ്യോപാധികളുണ്ടായാല്‍ മതി. മറ്റൊന്നുകൂടി ആവശ്യമില്ല എന്ന്‌ അര്‍ഥം. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തില്‍ എ.ജെ. എയര്‍ തുടങ്ങിയ ദാര്‍ശനികന്മാര്‍ കാരണതയെ നിര്‍വചിക്കുന്നത്‌ "അവശ്യോപാധിയോ മതിയായ ഉപാധിയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' എന്നാണ്‌.

കൃത്യമായും ഏതൊക്കെയായിരിക്കണം ഒരു സംഭവത്തിനു പിന്നിലുണ്ടാവേണ്ട "അവശ്യോപാധികള്‍'? ഒരു തീപ്പെട്ടിക്കൊള്ളി കത്തുന്നതിന്‌ ഒരു പരുത്ത പ്രതലത്തില്‍ ഉരസുകയെന്നത്‌ അവശ്യോപാധിയാകുമോ? തീയിന്മേല്‍ കാണിച്ചാലും തീപ്പെട്ടിക്കൊള്ളി കത്തുകയില്ലേ?എന്നു ജെ. എസ്‌. മില്‍ സന്ദേഹിക്കുന്നു. ഒരു സംഭവം പല കാരണങ്ങള്‍ കൊണ്ടുണ്ടാവാമെന്ന്‌ അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്‌ തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തിന്മേലുള്ള ഉരസലോ, തീയുടെ സാമീപ്യമോ കാരണമാകാം. അതുപോലെ ഒരുവന്റെ മരണം, രോഗംകൊണ്ടോ, മറ്റനേകം കാരണങ്ങള്‍ കൊണ്ടോ സംഭവിക്കാം. ഇതിനെ കാരണബഹുത്വം (plurality of causes)എന്നു മില്‍ വിളിക്കുന്നു. എന്നാല്‍, ഇങ്ങനെ ഒരു പ്രത്യേകസംഭവത്തിനു പിന്നിലുണ്ടായേക്കാവുന്ന അനവധി കാരണങ്ങളെ സാമാന്യബുദ്ധി മിക്കവാറും കണക്കിലെടുക്കാറില്ല. ഒരു "മാറ്റം' സംഭവിക്കുമ്പോള്‍ നാം അതിന്റെ പിന്നിലുള്ള "കാരണ'ത്തെക്കുറിച്ച്‌ ആലോചിക്കുന്നു. പക്ഷേ, ഇന്ദ്രിയങ്ങള്‍ക്കു പ്രത്യക്ഷമായ മാറ്റങ്ങള്‍ മാത്രമേ കണക്കിലെടുക്കാനാവൂ. അതുപോലെ തന്നെ പ്രകടമായും നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നവയെ മാത്രമേ നാം "കാരണങ്ങളുടെ പട്ടികയില്‍ പെടുത്താറുള്ളു. മാത്രവുമല്ല, ചില സംഭവങ്ങള്‍ക്കു അവശ്യംവേണ്ടതായ ചില ഉപാധികളെ സാമാന്യബുദ്ധി ചിലപ്പോള്‍ അവഗണിച്ചു കളയുകകൂടി ചെയ്യാറുണ്ട്‌. നേരത്തേപറഞ്ഞ ഉദാഹരണത്തില്‍ തന്നെ, തീപ്പെട്ടിക്കൊള്ളിക്കു തീപിടിക്കുന്നതിനു പരുത്ത പ്രതലത്തില്‍ ഉരസുകയല്ലാതെ അന്തരീക്ഷത്തില്‍, ഓക്‌സിജന്‍ ഉണ്ടായേ തീരൂ എന്നൊരവശ്യോപാധി കൂടിയുണ്ടെന്ന്‌ നാം സാധാരണ ഓര്‍ക്കാറില്ല. ഇപ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. സാമാന്യബുദ്ധി സങ്കല്‌പിക്കുന്നതുപോലെ അത്ര ലഘുവോ ലളിതമോ അല്ല കാരണത എന്ന സങ്കല്‌പം. കാരണത തത്ത്വചിന്തകന്മാര്‍ക്ക്‌ അതീവ സങ്കീര്‍ണമായ ഒരു പ്രശ്‌നമായതും അതുകൊണ്ടുതന്നെയാണ്‌.

പ്രശ്‌നങ്ങളും സങ്കല്‌പങ്ങളും. കാരണതയെ സംബന്ധിച്ച്‌ ചില പൊതുധാരണകള്‍ ഉണ്ട്‌. അതിലൊന്നാണ്‌ കാരണതയുടെ സാര്‍വലൗകികത്വം (universality). അതായത്‌ കാരണം കൂടാതെ ഒന്നും സംഭവിക്കുന്നില്ല; കാര്യത്തിനു കാരണം ഒരു അവശ്യോപാധിയാണ്‌ എന്ന ധാരണ. മറ്റൊന്ന്‌, കാരണതയുടെ ഐക്യ രൂപ്യത (uniformity) യാണ്‌; ഒരേ കാരണം ഒരേ ഫലത്തെ ഉളവാക്കും എന്ന ധാരണ. കാര്യവും അതിന്റെ കാരണവും തമ്മില്‍ ഒരവശ്യബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ നിന്നു സിദ്ധിക്കും. കാരണതയുടെ സാര്‍വലൗകികത്വം എന്ന ആശയം പരക്കെ അംഗീകരിക്കപ്പെട്ടു പോന്നിരുന്നെങ്കിലും മുമ്പുണ്ടായിരുന്ന ദൃഢത ഈ ആശയത്തിനിന്നില്ല. ചില മാറ്റങ്ങള്‍ഉദാഹരണത്തിന്‌ പരമാണുക്കളുടെ സൂക്ഷ്‌മഘടനയിലുണ്ടാവുന്ന ചില വ്യതിയാനങ്ങള്‍, മനുഷ്യമനസ്സിന്റെ ചില സ്വേച്ഛാപ്രവര്‍ത്തനങ്ങള്‍സകാരണങ്ങളാണോ എന്ന്‌ ചില ചിന്തകന്മാര്‍ സംശയിക്കുന്നു; ഇതു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു കാട്ടാവുന്ന ഒന്നല്ലതാഌം.

കാരണവും അതിന്റെ കാര്യവും തമ്മില്‍ ഒരു അവശ്യബന്ധം നിലനില്‍ക്കുന്നുവെന്ന ആശയത്തെ ഡേവിഡ്‌ ഹ്യൂം ശക്തിയായി നിഷേധിച്ചു. നാം കാണുന്നത്‌ "കാരണം' എന്നു നാം വിളിക്കുന്ന ഒരു സംഭവവും, തുടര്‍ന്ന്‌ "കാര്യം' എന്നു നാം വിളിക്കുന്ന മറ്റൊരു സംഭവവുമാണ്‌. ഒരേ കാരണം വീണ്ടും ആവര്‍ത്തിക്കുകയും എല്ലായ്‌പ്പോഴും ഒരേ ഫലംതന്നെ ആവര്‍ത്തിച്ചുകാണുകയും ചെയ്യുമ്പോള്‍ കാരണത്തിഌം കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം നാം സങ്കല്‌പിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരേ കാരണം തികച്ചും മുമ്പത്തെപ്പോലെ ആവര്‍ത്തിക്കുക സാധ്യമല്ലല്ലോ. നേരത്തേ സംഭവിച്ചതിനോട്‌ സാദൃശ്യമുള്ള ഒരു കാരണം മാത്രമാണ്‌ പിന്നീട്‌ സംഭവിക്കുന്നത്‌. എല്ലാ അംശത്തിലുമുള്ള സാമ്യത അസംഭവ്യമാണ്‌. പ്രസക്തമായ അംശങ്ങളിലുള്ള സാദൃശ്യം മാത്രമേ കണക്കിലെടുക്കാനാവൂ. അവസാനം വരുമ്പോള്‍, പ്രസക്തമായ ചില അംശങ്ങളില്‍ സാമ്യമുള്ള ഒരേ കാരണം ആവര്‍ത്തിക്കുമ്പോള്‍ പ്രസക്തമായ ചില അംശങ്ങളില്‍ സാദൃശ്യമുള്ള ഫലമുണ്ടാവുന്നതായി നാം കാണുന്നു. ഇതില്‍ നിന്നെങ്ങനെയാണ്‌ ഒരു പൊതുനിയമം ഉണ്ടാക്കിയെടുക്കുക? സംഭവങ്ങളുടെ ആവര്‍ത്തനത്തിന്‌ കേവലം ഐക്യരൂപത മാത്രം പോരാ. സംഭവങ്ങളുടെ സംയോജനം (conjunction) നിരുപാധികം (unconditional) കൂടിയാവണം എന്ന മില്ലിന്റെ വാദം കാര്യകാരണങ്ങള്‍ തമ്മിലുള്ള അവശ്യബന്ധത്തിന്റെ നില ഒന്നുകൂടി ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

ഈ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുവാനാണ്‌ ചില ദാര്‍ശനികന്മാര്‍ പ്രകൃതി നിയമങ്ങളെ (Natural Laws) ആശ്രയിച്ചത്‌. മാവില്‍നിന്നു അടരുന്ന മാമ്പഴം നിലത്തു തീര്‍ച്ചയായും വീഴും. ഇതു പ്രകൃതി നിയമമാണ്‌. ഇതേ രീതിയില്‍ "എ' എന്ന കാരണത്തിന്റെ ഫലമായി "ബി' എന്ന കാര്യം സംഭവിക്കണം. സംഭവിച്ചേ തീരൂ എന്നൊരു നിയമം കണ്ടെത്താന്‍ കഴിയുമോ? അത്തരത്തില്‍ കാരണത്തിഌം അതിന്റെ കാര്യത്തിഌം തമ്മില്‍ ഒരു അവശ്യബന്ധം അരോപിക്കുന്നതിനോടു ശാസ്‌ത്രജ്ഞന്മാരും ഹ്യൂമിനെപ്പോലെ അനുഭവമാത്രവാദികളായ (empiricists) തത്ത്വചിന്തകന്മാരും യോജിച്ചില്ല. മില്‍, മക്‌ടഗര്‍ട്ട്‌, റസ്സല്‍ തുടങ്ങിയവരാകട്ടെ പ്രകൃതിനിയമങ്ങളുടെ അലംഘനീയത (inviolability) യെത്തന്നെ ചോദ്യം ചെയ്യുന്നു. മാവില്‍നിന്നടര്‍ന്ന മാമ്പഴം താഴെ വീഴുന്നു എന്ന സംഭവത്തിന്മേല്‍ ആവര്‍ത്തിച്ചുള്ള നിരീക്ഷണംകൊണ്ട്‌ ഐക്യരൂപത ആരോപിക്കാമെന്നല്ലാതെ ഒരു പ്രകൃതിനിയമമായി അതിനെ കരുതാന്‍ കഴിയില്ലെന്നാണവരുടെ പക്ഷം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍