This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമെറൂണ്‍, റിപ്പബ്‌ളിക്‌ ഒഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമെറൂണ്‍, റിപ്പബ്‌ളിക്‌ ഒഫ്‌

Republic of Cameroon

റിപ്പബ്‌ളിക്‌ ഒഫ്‌ കാമെറൂണ്‍-ഭൂപടം

പശ്ചിമാഫ്രിക്കയില്‍ അത്‌ലാന്തിക്‌ സമുദ്രതീരത്തു സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രം. രാജ്യത്തിന്റെ ഔദ്യോഗിക നാമം "റിപ്പബ്ലിക്‌ ഒഫ്‌ കാമെറൂണ്‍' എന്നാണ്‌. ഈ രാജ്യം വന്‍കരയുടെ ഉത്തരാര്‍ധത്തില്‍ വടക്ക്‌ അക്ഷാംശം 1045' മുതല്‍ 1300' വരെയും കിഴക്ക്‌ രേഖാ. 8030' മുതല്‍ 16005' വരെയും ത്രികോണാകൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. വിസ്‌തൃതി: 4,75,440 ച.കി.മീ. അയല്‍രാജ്യങ്ങള്‍ വടക്ക്‌ പടിഞ്ഞാറ്‌ നൈജീരിയ, വടക്ക്‌ കിഴക്ക്‌ ഛാഡ്‌, കിഴക്ക്‌ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്‌, തെക്ക്‌ കിഴക്ക്‌ കോംഗോ (ബ്രസാവിയ), തെക്ക്‌ ഗാബണും ഇക്വറ്റോറിയല്‍ ഗിനിയയും എന്നിവയാണ്‌. കാമെറൂണിന്‌ പടിഞ്ഞാറുള്ള അത്‌ലാന്തിക്‌ സമുദ്രഭാഗത്തെ ബയാഫ്ര ഉള്‍ക്കടല്‍ (Bight of Biafra) എന്നുവിശേഷിപ്പിക്കുന്നു. നിമ്‌നോന്നത ഭൂപ്രകൃതിയുള്ള, രാജ്യത്തെയും പശ്ചിമ വന്‍കരയിലെതന്നെയും ഉയരമേറിയ കൊടുമുടിക്കും പേര്‍, കാമെറൂണ്‍ എന്നാണ്‌.

15, 16 ശതകങ്ങങ്ങളില്‍ പോര്‍ച്ചുഗീസ്‌ പര്യവേക്ഷകര്‍ വൂറി (Wouri) നദിയുടെ അഴിമുഖത്തിനു നല്‌കിയ പേരില്‍ നിന്നാണ്‌ രാജ്യത്തിന്റെ നാമം നിഷ്‌പന്നമായിട്ടുള്ളത്‌. അഴിമുഖത്ത്‌ ചെമ്മീന്‍ സമൃദ്ധമായി കാണപ്പെട്ടതിനാല്‍ "കൊഞ്ചുള്ള നദി' എന്നര്‍ഥമുള്ള റിയോ ഡോ കാമെറോ (Rio dos Cameroes)എന്ന പേര്‍ ആ ഭാഗത്തിനു നല്‌കപ്പെട്ടു. നദിക്കും സമീപസ്ഥ മലനിരകള്‍ക്കും മാത്രമായി ഒതുങ്ങിനിന്ന ഈ പേര്‍ 1884 മുതല്‍ 1916 വരെ ഈ ഭാഗത്ത്‌ ജര്‍മനിക്കധീനമായിരുന്ന മേഖല(Kamerun)യെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചുപോന്നു. പില്‌ക്കാലത്തു കാമെറൂണ്‍ എന്ന പദം രാജ്യത്തിന്റെ നാമമെന്ന നിലയ്‌ക്ക്‌ സ്ഥിരപ്രതിഷ്‌ഠ നേടി.

നീണ്ടകാലം വൈദേശികാധിപത്യത്തില്‍ക്കഴിഞ്ഞ മേഖലകള്‍ സ്വരൂപിച്ചുണ്ടായ രാജ്യത്തെ ഔദ്യോഗിക ഭാഷകള്‍ ഇംഗ്ലീഷും ഫ്രഞ്ചുമാണ്‌. വ്യത്യസ്‌ത ദേശീയഭാഷകള്‍ സംസാരിക്കുന്ന അനേകശതം ബുന്ത ജനവര്‍ഗങ്ങള്‍ രാജ്യത്തുണ്ട്‌. ലോകത്തിലെ ഒരു പ്രമുഖ കൊക്കോ ഉത്‌പാദക രാജ്യമാണ്‌ കാമെറൂണ്‍. രാജ്യത്തെ ജനസംഖ്യ: 1,04,94,000 (1987); 17.80 ദശലക്ഷം (2005 മതിപ്പുകണക്ക്‌). രാജ്യം പത്തു പ്രവിശ്യകളായി വിഭജിതമാണ്‌. തലസ്ഥാനം: യാവൂണ്‍ഡേ (Yaounde).

ഭൂവിവരണം. കാമെറൂണില്‍, ഗിനിയ ഉള്‍ക്കടല്‍ തീരത്തുനിന്നാരംഭിച്ച്‌ പീഠഭൂമി വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ സമതലത്തിന്‌ 1580 കി.മീ. വീതിയുണ്ട്‌. തീരപ്രദേശത്തുള്ള കാമെറൂണ്‍ കൊടുമുടി (4,070 മീ. ഉയരം) ഏതുനേരവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നി പര്‍വത ശിഖരമാണ്‌. കാമെറൂണ്‍ കൊടുമുടി കൂടിയുള്‍ക്കൊള്ളുന്ന ഈ മേഖലയിലെ ഒരു അഗ്നിപര്‍വത ശൃംഖലയില്‍, സമുദ്രാന്തരിതമായിട്ടുള്ള അഗ്നിപര്‍വത ശൃംഗങ്ങളുടെ വെള്ളത്തിനു മേല്‍ എഴുന്നുകാണുന്ന തലപ്പുകളാണ്‌ ഫെര്‍നാന്‍ഡോ പോ, അന്നോബണ്‍ (Pagalu), പ്രിന്‍സിപ്‌, സാവോടോമേ തുടങ്ങിയ ദ്വീപുകള്‍. ബയാഫ്ര ഉള്‍ക്കടല്‍ തീരത്ത്‌ ചതുപ്പുകളും വീതിയേറിയ അഴിമുഖങ്ങളും ധാരാളമുണ്ട്‌. തീരത്തുള്ള പാറക്കെട്ടുകള്‍ കാരണം രാജ്യത്ത്‌ തുറമുഖസൗകര്യം കുറവാണ്‌. തന്മൂലം 150 കിലോമീറ്ററോളം വീതിയുള്ള തീരദേശം വിച്‌ഛിന്നമായിരിക്കുന്നു. തീരത്തെത്തുടര്‍ന്നുള്ള പീഠപ്രദേശത്തിന്‌ സമുദ്രനിരപ്പില്‍ നിന്ന്‌ 450-600 മീ. ഉയരമുണ്ട്‌. കാമെറൂണിന്റെ മധ്യഭാഗത്തായുള്ള അഡമാവാ ഉന്നതതടത്തിന്‌ സമുദ്രനിരപ്പില്‍ നിന്ന്‌ ശരാശരി 1,0001,500 മീ. ഉയരമാണുള്ളത്‌. ഇവിടത്തെ ഏറ്റവും വലിയ കൊടുമുടിക്ക്‌ (Mount Bambuto) 2,740 മീ. ഉയരമുണ്ട്‌. ഈ മേഖലയില്‍ നന്നെ പ്രായംകുറഞ്ഞ ലാവാ തിട്ടുകളും മൃതഅഗ്‌നിപര്‍വതങ്ങളും ധാരാളമുണ്ട്‌. അഡമാവാ പീഠപ്രദേശത്തിനും മാന്‍ഡറ പര്‍വതനിരകള്‍ക്കും ഇടയ്‌ക്കാണ്‌ വീതിയേറിയ ബനൂവെ (Benoue) നദീതടം. രാജ്യത്തിന്റെ വടക്കേയറ്റം ഛാഡ്‌ തടാകപ്രാന്തത്തിലെ എക്കല്‍ത്തടമാണ്‌. നോ. അഡമാവാ

അഗ്നിപര്‍വതഭൂപ്രദേശം-റൂംസ്‌കി

അപവാഹം. കാമെറൂണില്‍ ജലസമൃദ്ധമായ ധാരാളം നദികളുണ്ട്‌. അവ നാല്‌ അപവാഹക്രമങ്ങള്‍ക്കു രൂപം നല്‌കിയിരിക്കുന്നു. പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലുള്ള വൂറി, സനഗാ, ന്യോങ്‌, ന്റെം (Ntem) തുടങ്ങിയ നദികള്‍ ബയാഫ്ര ഉള്‍ക്കടലിലാണ്‌ പതിക്കുന്നത്‌. ഉത്തര കാമെറൂണില്‍ അഡമാവാ പീഠഭൂവിലുദ്‌ഭവിക്കുന്ന ബനൂവെ നദിയും ഇതിന്റെ പോഷകഘടകങ്ങളും പടിഞ്ഞാറോട്ടൊഴുകുന്നു; ബനൂവെ നദി നൈജീരിയയില്‍ വച്ച്‌ നൈജര്‍ നദിയില്‍ ലയിക്കുന്നു. രാജ്യത്തിന്റെ പൂര്‍വസീമാന്ത മേഖലയിലെ നദികളായ ലോഗോന്‍, ചാരി ഇവ ഛാഡ്‌ തടാകത്തിലേക്കു ഒഴുകിയിറങ്ങുന്നു. തെക്കു കിഴക്കുള്ള ങോക്കോ (Ngoko) നദി കോംഗോ നദിയുടെ ഒരു പോഷക ശാഖയാണ്‌. നദികളില്‍ ധാരാളമായി വെള്ളച്ചാട്ടങ്ങളുള്ളതിനാല്‍ ഇവ ഗതാഗതയോഗ്യമല്ല. എന്നാല്‍ അവ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു സഹായകമാകുന്നു.

കാലാവസ്ഥ. നിമ്‌നോന്നതത്വവും അക്ഷാംശീയ ദൈര്‍ഘ്യവും ആണ്‌ ഇവിടത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഭൂമധ്യരേഖയോടടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ രാജ്യത്ത്‌ ആണ്ടുമുഴുവനും ഉഷ്‌ണകാലാവസ്ഥയാണുള്ളതെങ്കിലും ഋതുക്കള്‍ നാലും അനുഭവവേദ്യമാണ്‌. താപനില ഏറിയാല്‍ 280C വരെ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. കരയില്‍ നിന്നു കടലിലേക്കും കടലില്‍ നിന്ന്‌ കരയിലേക്കും നീങ്ങുന്ന വായുപിണ്ഡങ്ങളുടെ സ്വാധീനതയിലാണ്‌ വര്‍ഷപാതം അനുഭവപ്പെടുന്നത്‌. വടക്കുദിശയില്‍ മഴ പ്രായേണ കുറഞ്ഞ തോതിലേ ലഭിക്കാറുള്ളൂ. തീരപ്രദേശത്ത്‌ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മഴക്കാലം നീണ്ടുനില്‌ക്കുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ വേനല്‍ക്കാലവും. മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളിലെ ഋതുപരിണാമം ആഞ്ഞുവീശുന്ന വര്‍ഷവാതങ്ങളുടെ അകമ്പടിയോടെയാണ്‌ സമാഗതമാകുന്നത്‌. രാജ്യത്തെ ശരാശരി വാര്‍ഷിക വര്‍ഷപാതം 245 സെ.മീ. ആണ്‌. ഇത്‌ വര്‍ഷത്തില്‍ 150 ദിവസം കൊണ്ട്‌ ലഭിക്കുന്നു. മേയ്‌ജൂണ്‍ മാസങ്ങളിലനുഭവപ്പെടുന്ന ഹ്രസ്വമായ മഴക്കാലത്തെത്തുടര്‍ന്ന്‌ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജ്യത്ത്‌ പൊതുവില്‍ വരണ്ട കാലാവസ്ഥയനുഭവപ്പെടുന്നു. തുടര്‍ന്നാണ്‌ കനത്ത മഴ ലഭിക്കുന്ന വര്‍ഷകാലം.

വാസ ദേശീയോദ്യാനം

സസ്യജാലം. ഭൂവിസ്‌തൃതിയുടെ ഏതാണ്ട്‌ മൂന്നിലൊന്നോളം പ്രദേശം മഴക്കാടുകളാണ്‌. രാജ്യത്തിന്റെ ദക്ഷിണാര്‍ധം നിത്യഹരിതമായ ഉഷ്‌ണമേഖലാ വനങ്ങളാണ്‌. തീരപ്രദേശത്ത്‌ കണ്ടല്‍ വനങ്ങളും സമൃദ്ധമാണ്‌. മധ്യമേഖലയില്‍ ഇലകൊഴിയും വനങ്ങളും നിത്യഹരിത വനങ്ങളും ഇടകലര്‍ന്നതാണ്‌. ഇവിടങ്ങളില്‍ വ്യാവസായിക പ്രാധാന്യമുള്ള ഈട്ടി, മഹാഗണി തുടങ്ങി പലയിനം മരങ്ങളും ധാരാളമുണ്ട്‌. വടക്കോട്ടു മഴ കുറവായതിനാല്‍ ഉത്തരഭാഗങ്ങളില്‍ അര്‍ധപര്‍ണപാതി വനങ്ങളും തുടര്‍ന്ന്‌ സാവന്ന സസ്യപ്രകൃതിയുമാണുള്ളത്‌. ഛാഡ്‌ തടാകത്തിന്റെ തീരപ്രദേശം പ്രായേണ വൃക്ഷരഹിതമാണ്‌.

ജന്തുവര്‍ഗങ്ങള്‍. പശ്ചിമാഫ്രിക്കയിലെ വന്യജന്തുജാലത്തിന്റെയും പൂര്‍വാഫ്രിക്കയിലെ സാവന്ന ജന്തുജാല (Ethiopian fauna) ത്തിന്റെയും സമ്മിശ്രമാണ്‌ കാമെറൂണിലെ വന്യജീവി സമ്പത്ത്‌. വിവിധയിനം മാനുകള്‍, പക്ഷികള്‍, വൈവിധ്യമാര്‍ന്ന ഷഡ്‌പദങ്ങള്‍ തുടങ്ങിയവയാല്‍ കാനനം സചേതനമാണ്‌. കാട്ടുപോത്ത്‌, കാണ്ടാമൃഗം, വിവിധയിനം മാനുകള്‍, ജിറാഫ്‌ തുടങ്ങിയ സസ്യഭോജികളും ചീറ്റ, സിംഹം, പുലി തുടങ്ങിയ മാംസഭോജികളുമാണ്‌ സാവന്ന ജന്തുവര്‍ഗങ്ങള്‍. ഒട്ടകപ്പക്ഷി, പെലിക്കന്‍ തുടങ്ങിയ വിശേഷയിനം പക്ഷികളും ഇവിടെയുണ്ട്‌. വന്യമൃഗങ്ങളുടെ രക്ഷയ്‌ക്കായി രാജ്യത്ത്‌ ധാരാളം വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും ദേശീയോദ്യാനങ്ങളുമുണ്ട്‌.

ഒരു പിഗ്മി കുടുംബം

ജനങ്ങള്‍

ജനവിതരണം. മൂന്നു ഭാഷാഗോത്രങ്ങളില്‍പ്പെടുന്ന, വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്ന നൂറുകണക്കിനു തദ്ദേശീയ ജനവര്‍ഗങ്ങള്‍ രാജ്യത്തുണ്ട്‌. തീരദേശത്തിനു പുറമേ പശ്ചിമ പീഠ പ്രദേശങ്ങളില്‍ ജനസാന്ദ്രത താരതമ്യേന ഏറിയിരിക്കുന്നു. അഡമാവാ പീഠപ്രദേശവും തെക്കുകിഴക്കന്‍ പ്രദേശങ്ങളും പ്രായേണ വിജനമാണ്‌. ഇവിടങ്ങളില്‍ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 3 മാത്രമാണ്‌. ജനങ്ങളില്‍ 40 ശതമാനത്തോളം നഗരങ്ങളില്‍ വസിക്കുന്നു. ജനസംഖ്യാപരമായി മുന്‍പന്തിയില്‍ നില്‌ക്കുന്ന നഗരങ്ങള്‍ ദുവാല, യാവൂണ്‍ഡേ, ഫുംബാന്‍, ബഫൂസാങ്‌, ബ്യൂ, ഗാരൂവ, മരൂവ കുംബ എന്നിവയാണ്‌. ശരാശരി വാര്‍ഷിക ജനസംഖ്യാ വര്‍ധനവ്‌ 1.97 ശതമാനം ആണ്‌. ജനസംഖ്യയുടെ പകുതിയോളം പ്രധാനമായും കാര്‍ഷികവൃത്തിയിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌. ജനവര്‍ഗങ്ങള്‍. കാമെറൂണില്‍ തനതായ ഭാഷാസംസ്‌കാരങ്ങളുള്ളതും അംഗസംഖ്യ നൂറുപോലുമില്ലാത്തതുമായ രണ്ടായിരത്തോളം വ്യത്യസ്‌ത നീഗ്രാ ജനവര്‍ഗങ്ങളുണ്ടെന്ന്‌ നരവംശ ശാസ്‌ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത്‌ സംസാരിക്കപ്പെടുന്ന തദ്ദേശീയ ഭാഷകള്‍ മൂന്നു ഭാഷാഗോത്രങ്ങളില്‍പ്പെടുന്നവയാണ്‌. തദനുസരണമായി ജനവിഭാഗങ്ങളെയും പൊതുവില്‍ മൂന്നായി തിരിക്കാം. ബന്തു ഭാഷകള്‍ സംസാരിക്കുന്ന തെക്കന്‍ വിഭാഗവും പടിഞ്ഞാറന്‍ വിഭാഗവും (Bantus), സുഡാനിക്‌ ഭാഷകള്‍ സംസാരിക്കുന്ന ഹൗസ (Hawsa) എന്നറിയപ്പെടുന്ന വടക്കന്‍ വിഭാഗവും. ഇവിടത്തെ ഏറ്റവും പ്രാചീനമായ ജനവര്‍ഗം പിഗ്മികളാണ്‌. ഇന്ന്‌ തെക്കന്‍ കാടുകളിലാണ്‌ ഇക്കൂട്ടരുള്ളത്‌. കറുത്തു കുറുകിയ ഈ നീഗ്രാവിഭാഗം ബഗൂയി (Baguielli) അഥവാ ബാബിംഗാ എന്നാണ്‌ തദ്ദേശീയമായി അറിയപ്പെടുന്നത്‌. ബാബിംഗാ, ബാക, ബകോല എന്നിവയാണ്‌ പ്രബല പിഗ്മി വിഭാഗങ്ങള്‍. സഹസ്രാബ്‌ദങ്ങളായി യാതൊരു പുരോഗതിയുമാര്‍ജിക്കാതെ വേട്ടയാടി ജീവിച്ചു പോരുന്ന നാടോടി ജനവര്‍ഗങ്ങളാണിവര്‍. നോ. പിഗ്‌മികള്‍

ഇക്വറ്റോറിയല്‍ ആഫ്രിക്കയില്‍ നിന്നാണ്‌ ബന്തു ജനവര്‍ഗങ്ങള്‍ കാമെറൂണിലെത്തിയത്‌. ആദ്യമായി ഇവിടെ എത്തിയ ബാന്തു ജനവര്‍ഗങ്ങള്‍ മാക, ന്‍സെം (Ndjems), ദുവാല എന്നിവയാണ്‌. ഇവരെത്തുടര്‍ന്ന്‌ 19-ാം ശതകത്തിന്റെ ആദ്യപാദങ്ങളില്‍ ഇവിടെയെത്തിയ ജനവിഭാഗങ്ങള്‍ ഫാങ്‌, ബാറ്റ്‌ എന്നിവയുമാണ്‌. ബന്തു ഭാഷകള്‍ സംസാരിക്കുന്ന പടിഞ്ഞാറന്‍ വിഭാഗത്തില്‍ അംഗസംഖ്യ കുറഞ്ഞ ധാരാളം ജനവര്‍ഗങ്ങളുണ്ട്‌. ഇക്കൂട്ടര്‍ അഡമാവാ പീഠപ്രദേശത്തിനും കാമെറൂണ്‍ കൊടുമുടിക്കും ഇടയ്‌ക്കായി വസിക്കുന്നു. ഇവയില്‍ ബാമിലേക്‌ വര്‍ഗത്തിനാണ്‌ പ്രാമുഖ്യം.

തെരുവ്‌ വ്യാപാരം-യാവുണ്ടേ

ദുവാല, ബലുന്‍ഡു, ബാസ, തംഗ എന്നീ വര്‍ഗക്കാര്‍ തീരദേശത്തും മാക, ന്‍സെം, കാക എന്നീ വര്‍ഗക്കാര്‍ കിഴക്കന്‍ മേഖലകളിലുമാണ്‌ വസിക്കുന്നത്‌. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഉള്ള സുഡാനിക്‌ ഭാഷകള്‍ സംസാരിക്കുന്ന ജനവര്‍ഗങ്ങള്‍ സാവോ, ഫുലാനി, കനൂറി തുടങ്ങിയവയാണ്‌. സാവോ വര്‍ഗക്കാര്‍ അഡമാവാ പീഠപ്രദേശത്താണ്‌ കാണപ്പെടുന്നത്‌. ഫുലാനി വര്‍ഗക്കാര്‍ നൈജര്‍ തടത്തില്‍ നിന്നെത്തിയവരാണ്‌.

ദുവാല തുറമുഖം

ഫാങ്‌ വിഭാഗത്തിലേതായ ബുലു എത്തോങ്‌, യാവൂണ്‍ഡേ, ബനി എന്നീ വര്‍ഗക്കാരും ബേറ്റ്‌ വര്‍ഗവും തലസ്ഥാനനഗരിക്കു ചുറ്റും പാര്‍പ്പുറപ്പിച്ചിരിക്കുന്നു. വര്‍ഗനാമത്തില്‍ നിന്നാണ്‌ നഗരത്തിനു യാവൂണ്‍ഡേ എന്ന പേര്‍ ലഭിച്ചത്‌.

ഭാഷാസാഹിത്യങ്ങള്‍. ഭാഷകള്‍ സൃഷ്‌ടിച്ച വേലിക്കെട്ടുകള്‍ക്കുള്ളില്‍ വൈരുധ്യപൂര്‍ണമായ പല സാഹിത്യസംസ്‌കാരങ്ങളും ഉടലെടുത്തു. കലാസാഹിത്യാദികളിലെ ഈ നാനാത്വമാണ്‌ തെക്കന്‍ കാടുകളില്‍ മുഴങ്ങുന്ന ഉന്മത്ത ലയമുള്ള പെരുമ്പറയടിയിലും പടിഞ്ഞാറന്‍ കാമെറൂണിയരുടെ ഇമ്പമാര്‍ന്ന വേണുഗാനാപാലാപനത്തിലും മറ്റും പ്രതിധ്വനിക്കുന്നത്‌. മൂന്നായി വിഭജിക്കാവുന്ന തദ്‌ദേശീയ ഭാഷകളൊക്കെത്തന്നെ നാടന്‍ പാട്ടുകളാലും നാടോടിക്കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്‌. വ്യക്തമായ ലിപിമാലയുടെ അഭാവവും വിദേശീയരുടെ ആഗമനവും ദേശീയ സാഹിത്യരൂപങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ വളരെയേറെ വിഘാതം സൃഷ്‌ടിച്ചു.

ഒരു മരവ്യവസായ കേന്ദ്രം

ബാമൂം, ബുലോങ്‌ തുടങ്ങിയ ദേശീയ ഭാഷകളില്‍ ഗ്രന്‌ഥങ്ങളും പത്രങ്ങളും പ്രസിദ്‌ധീകൃതമാവുന്നുണ്ട്‌. ബാമൂം ഭാഷയില്‍ വിരചിതമായ ചരിത്രപരവും മതപരവും ശരീരശാസ്‌ത്രപരവുമായ ഗ്രന്ഥങ്ങള്‍ ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്‌. ഇപ്പോള്‍ രാജ്യത്ത്‌ സാഹിത്യസൃഷ്‌ടികള്‍ നടത്തപ്പെടുന്നത്‌ മുഖ്യമായും ഫ്രഞ്ചിലാണ്‌. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലാണ്‌ നാടോടിക്കഥകളും മറ്റും ഫ്രഞ്ചുഭാഷയില്‍ പ്രസിദ്ധീകൃതമായിത്തുടങ്ങിയത്‌. തുടര്‍ന്ന്‌ ദീര്‍ഘകാലം നീണ്ടുനിന്ന സ്വാതന്ത്യ്രസമരകാലത്ത്‌ ഫ്രഞ്ചുഭാഷയില്‍ ഫ്രഞ്ചുകാര്‍ക്കെതിരായി രചിക്കപ്പെട്ട ദേശഭക്തി പ്രധാനങ്ങളായ സാഹിത്യസൃഷ്‌ടികള്‍ രാജ്യത്തിനൊരു മുതല്‍ക്കൂട്ടായി അവശേഷിക്കുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ദേശീയോദ്‌ഗ്രഥനത്തിന്റെ ഭാഗമായി രാജ്യത്തെ സാഹിത്യസംസ്‌കാരങ്ങള്‍ക്ക്‌ ഏകീകൃതസ്വഭാവമേകാനുദ്‌ദേശിച്ച്‌ "ആഫ്രിക്കന്‍ സൊസൈറ്റി ഒഫ്‌ കള്‍ച്ചര്‍' എന്ന ബൃഹത്‌ സംഘടനയുടെ ഭാഗമായി "കാമെറൂണ്‍ കള്‍ച്ചറല്‍ സൊസൈറ്റി' സ്ഥാപിതമായി (1962). ഇന്ന്‌ ഇവരുടേതും മറ്റു പല സാഹിത്യസാംസ്‌കാരിക സംഘടനകളുടേതുമായി ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള ധാരാളം പ്രസിദ്ധീകരണങ്ങള്‍ രാജ്യത്ത്‌ സുലഭമാണ്‌.

സമ്പദ്‌ഘടന. ആഫ്രിക്കയില്‍ ഫ്രഞ്ച്‌ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ കൈവരിച്ച ഒരു രാജ്യമാണ്‌ കാമെറൂണ്‍.

യൂറോപ്യന്‍ പൊതുവിപണി (E.F.C) തുടങ്ങിയ പല ബഹുരാഷ്‌ട്ര സംഘടനകളിലും അംഗത്വമുള്ള കാമെറൂണിന്‌ സാമ്പത്തിക പരാധീനതകള്‍ താരതമ്യേന കുറവാണ്‌. സ്വകാര്യമേഖലയില്‍ ഫ്രഞ്ച്‌ സാമ്പത്തിക സ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ ഭക്ഷ്യവിളകളാണ്‌ രാജ്യത്ത്‌ പ്രധാനമായും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഇവിടെ ഏറ്റവും കൂടുതല്‍ വ്യാവസായിക പുരോഗതി കാര്‍ഷികവിളകളുടെ സംസ്‌കരണരംഗത്താണ്‌ ഉണ്ടായിട്ടുള്ളത്‌. കയറ്റുമതി രംഗത്തും കാര്‍ഷികവിഭവങ്ങള്‍ക്കാണ്‌ പ്രഥമസ്ഥാനം. കൂടാതെ എണ്ണ, ധാതുവിഭവങ്ങള്‍, തടി തുടങ്ങിയവയും രാജ്യത്തുനിന്ന്‌ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌.

കൃഷി. ജനസംഖ്യയുടെ സു. 75 ശതമാനം കര്‍ഷകരാണ്‌. ഭക്ഷ്യവിളകളും കാപ്പി, കൊക്കോ തുടങ്ങിയ നാണ്യവിളകളുമാണ്‌ പ്രധാനമായും കൃഷി ചെയ്‌തുവരുന്നത്‌. തുണ്ടുതുണ്ടായ, നന്നേചെറിയ കൃഷിയിടങ്ങളില്‍ പരമ്പരാഗത കാര്‍ഷിക രീതികള-ാണ്‌ ഇന്നും അനുവര്‍ത്തിച്ചുവരുന്നത്‌. വാഴ, ചേന, കാച്ചില്‍, മരച്ചീനി തുടങ്ങിയ ഭക്ഷ്യവിളകളും എണ്ണക്കുരുക്കളും ആഭ്യന്തരോപയോഗത്തിനു വേണ്ടിയാണ്‌ പ്രധാനമായും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. വിസ്‌തൃതമായ കൃഷിയിടങ്ങളില്‍, പൊതു ഉടമയില്‍ കൃഷിചെയ്യപ്പെടുന്ന വാഴ, കരിമ്പ്‌, എണ്ണപ്പന, കൊക്കോ, കാപ്പി, റബ്ബര്‍, പരുത്തി തുടങ്ങിയ മുഖ്യകയറ്റുമതി വിഭവങ്ങളാണ്‌.

രാജ്യത്ത്‌ വിസ്‌തൃതമായ പുല്‍മേടുകളുണ്ട്‌. തന്‌മൂലം കാലിവളര്‍ത്തലും പുരോഗമിച്ചിട്ടുണ്ട്‌. പന്നിവളര്‍ത്തലും നന്നെ വികാസം പ്രാപിച്ചിരിക്കുന്നു. മത്സ്യബന്ധനത്തിനും സമ്പദ്‌ഘടനയില്‍ നിര്‍ണായക പങ്കുണ്ട്‌.

വ്യവസായം. കാമെറൂണില്‍ നിന്നും പ്രധാനമായും ഖനനം ചെയ്യപ്പെടുന്നത്‌ ടിന്‍, അയിര്‌, ചുണ്ണാമ്പുകല്ല്‌, പെട്രാളിയം തുടങ്ങിയവയാണ്‌. ഇവ കൂടാതെ ബോക്‌സൈറ്റ്‌, യുറേനിയം, നിക്കല്‍, സ്വര്‍ണം തുടങ്ങിയവയുടെ നിക്ഷേപങ്ങളും ഇവിടെയുണ്ട്‌. ജലവൈദ്യുത പദ്ധതികള്‍ ധാരാളമായി നടപ്പാക്കാവുന്ന നൈസര്‍ഗിക സൗകര്യങ്ങള്‍ രാജ്യത്തുണ്ട്‌. 1998ലെ കണക്കുപ്രകാരം മൊത്തം ഊര്‍ജോത്‌പാദനത്തിന്റെ 97 ശതമാനം ജലവൈദ്യുതിയാണ്‌. വനസമ്പത്തിനെ ആശ്രയിച്ച്‌, വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനരംഗവും പ്രധാനമാണ്‌. റെയില്‍ സ്ലീപ്പര്‍, തുറമുഖ സാമഗ്രികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന അസോബ്‌ (azobe) മരം ലോകവിപണിയിലെത്തിക്കുന്നതിന്റെ കുത്തക കാമെറൂണിനാണ്‌.

രാജ്യത്ത്‌ ഘനവ്യവസായരംഗത്തുള്ള എഡിയ അലുമിനിയം നിര്‍മാണശാലയില്‍ ഫ്രഞ്ച്‌ സഹകരണത്തോടെ, ഗിനി റിപ്പബ്ലിക്കില്‍ നിന്നു കൊണ്ടുവരുന്ന അലുമിനയില്‍ നിന്ന്‌ അലുമിനിയം ലോഹം ശുദ്ധീകരിച്ചെടുക്കുന്നു. സിമെന്റ്‌, വളം, കാര്‍ഷികോത്‌പന്നങ്ങള്‍, പരുത്തി ഉത്‌പന്നങ്ങള്‍, പാദരക്ഷകള്‍, റബ്ബര്‍ ടയറുകള്‍, സോപ്പ്‌, സിഗററ്റ്‌, ബിയര്‍ തുടങ്ങിയ വ്യവസായങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

വികസനം. ഒരു അവികസിത സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രാരബ്‌ധങ്ങളും അനുഭവിച്ചിരുന്ന കാമെറൂണ്‍ 1990നു ശേഷം അന്താരാഷ്‌ട്ര നാണ്യനിധി, ലോകബാങ്ക്‌ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം, ബാങ്കിങ്‌ തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്‌. അന്താരാഷ്‌ട്ര നാണ്യനിധിയുടെ സഹായത്തോടെ നടപ്പാക്കി വരുന്ന ത്രിവര്‍ഷ അടിസ്ഥാനസൗകര്യ ക്രമീകരണ പദ്ധതിവഴി 2003ല്‍ രാജ്യത്തെ വളര്‍ച്ചാനിരക്കു 4.2 ശതമാനം ആയിട്ടുണ്ട്‌.

വിവിധ നഗരങ്ങളെ കൂട്ടിയിണക്കുന്ന 34,300 കി. മീ. ഹൈവേയും, രണ്ടായിരത്തോളം കി.മീ. റെയില്‍പ്പാതയും ദുവാല (Douala), ഗറോവ (Garoua), യാവുണ്ടെ എന്നീ മൂന്ന്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്‍പ്പെടെ 45 വിമാനത്താവളങ്ങളും പ്രധാന തുറമുഖമായ ദുവാല ഉള്‍പ്പെടെയുള്ള ആറ്‌ തുറമുഖങ്ങളുമാണ്‌ കാമെറൂണിലെ ഗതാഗത മേഖലയുടെ പ്രധാന നേട്ടങ്ങള്‍. എന്നാല്‍ എയ്‌ഡ്‌സ്‌ രോഗത്തിന്റെ അനിയന്ത്രിതമായ വ്യാപനം കാമെറൂണിന്റെ സുസ്ഥിതിക്കു ഒരു ഭീഷണിയാണ്‌. 2003ല്‍ ഇവിടെയുള്ള എയ്‌ഡ്‌സ്‌ ബാധിതരുടെ എണ്ണം 5,60,000 ആണ്‌. ആ വര്‍ഷം ഈ രോഗത്താല്‍ മരിച്ചവര്‍ 49,000. ശരാശരി ആയുര്‍ദൈര്‍ഘ്യം 48 വയസ്സും ബാലമരണം 70 ശതമാനവും ആയിട്ടുണ്ട്‌ (2004). ഇതുമൂലം ജനങ്ങളുടെ പ്രയത്‌നശക്തിയിലുണ്ടായ തളര്‍ച്ചയാണ്‌ കാമെറൂണ്‍ റിപ്പബ്ലിക്കിനെ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ചരിത്രം. കാര്‍ത്തജീനിയന്‍ കപ്പല്‍യാത്രക്കാര്‍ ബി.സി. 5-ാം ശ.ല്‍തന്നെ കാമെറൂണ്‍ തീരത്ത്‌ എത്തിച്ചേര്‍ന്നിരിക്കാമെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു. 1472ല്‍ പോര്‍ച്ചുഗീസ്‌ നാവികര്‍ വൂറി നദിയുടെ അഴിമുഖത്ത്‌ എത്തിയതോടുകൂടിയാണ്‌ കാമെറൂണിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്‌. 16-ാം ശ. മുതല്‍ 17-ാം ശതകത്തിന്റെ ആദ്യദശകങ്ങള്‍ വരെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടിമകളെ വിതരണം ചെയ്‌തുവന്ന പ്രധാന കേന്ദ്രം കാമെറൂണ്‍ തീരമായിരുന്നു. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പശ്ചിമാഫ്രിക്കന്‍ അടിമവ്യാപാരത്തിന്‌ അറുതിവരുത്താന്‍ ബ്രിട്ടണ്‍ ശ്രമിച്ചതോടെ ഈ പ്രദേശം ബ്രിട്ടീഷ്‌ സ്വാധീനതയിലായി. 1858ല്‍ മൗണ്ട്‌ കാമെറൂണിന്റെ താഴ്‌വാരത്ത്‌ വിക്‌ടോറിയയില്‍ ആദ്യത്തെ ബ്രിട്ടീഷ്‌ അധിനിവേശം ആരംഭിച്ചു. എങ്കിലും ജര്‍മനിക്കാണ്‌ അവിടെ ഒരു പ്രാട്ടക്‌റ്ററേറ്റ്‌ സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ (1884).

ഒന്നാം ലോകയുദ്ധകാലത്ത്‌ സഖ്യശക്തികള്‍ കാമെറൂണ്‍ ജര്‍മനിയില്‍ നിന്നു പിടിച്ചെടുത്തു; 1916ല്‍ കാമെറൂണിന്റെ അഞ്ചില്‍ നാലുഭാഗം ഫ്രാന്‍സും ശേഷിച്ച ഭാഗം ബ്രിട്ടനും കൈയടക്കി. ലീഗ്‌ ഒഫ്‌ നേഷന്‍സിന്റെ തീര്‍പ്പനുസരിച്ച്‌ (1922) ഫ്രാന്‍സും ബ്രിട്ടനും ആ പ്രദേശം ഭരിച്ചു. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും ഭരണം കാമെറൂണിന്റെ താത്‌പര്യങ്ങള്‍ക്കെതിരായിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധക്കാലത്ത്‌ കാമെറൂണ്‍ സഖ്യശക്തികളുടെ കൂടെത്തന്നെയാണ്‌ നിലയുറപ്പിച്ചത്‌. യുദ്ധാനന്തരം കാമറൂണ്‍ യു.എന്‍. ട്രസ്റ്റ്‌ ടെറിട്ടറിയായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഭരണം നടത്തിയിരുന്നത്‌ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമായിരുന്നു. ഇക്കാലത്ത്‌ ഇവിടെ നിരവധി രാഷ്‌ട്രീയകക്ഷികള്‍ ഉദയം ചെയ്‌തു. ഫ്രഞ്ച്‌ ഭരണപ്രദേശത്ത്‌ റൂബെന്‍ ഉം ന്യോബെയുടെ നേതൃത്വത്തില്‍ 1948ല്‍ നിലവില്‍ വന്ന "യൂണിയന്‍ ദെ പോപ്പുലേഷന്‍സ്‌ ദു കാമെറൂണ്‍' (Union des Populations du Cameroun-UPC) എന്ന കക്ഷിയുടെ ലക്ഷ്യം ഫ്രാന്‍സില്‍നിന്നുള്ള മോചനവും രണ്ടു കാമെറൂണുകളുടെ പുനരേകീകരണവുമായിരുന്നു. ആന്‍ഡ്ര മേരി മുബിദ സ്ഥാപിച്ച ((1957) "ഡെമോക്രാറ്റ്‌സ്‌ കാമെറൂണോ'യും അഹ്‌മദു അഹിദ്‌ജോ സ്ഥാപിച്ച (1958) "യൂണിയന്‍ കാമെറൂണേ' (യു. സി.)യുമാണ്‌ മറ്റു രണ്ടു പ്രബലകക്ഷികള്‍.

യു. പി. സി. 1955ല്‍ ഫ്രഞ്ചുഭരണത്തിനെതിരായി നയിച്ച വിപ്ലവം വിഫലമായതിനെത്തുടര്‍ന്ന്‌ ആ കക്ഷി നിരോധിക്കപ്പെട്ടു. തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ വിപ്ലവം തുടര്‍ന്നുകൊണ്ടിരുന്ന ഈ കക്ഷിയെ ഗവണ്‍മെന്റ്‌ പിന്നീട്‌ തീര്‍ത്തും ഇല്ലാതാക്കി. 1960ല്‍ യു. പി. സി. നിയമവിധേയ കക്ഷിയായി പുനഃസ്ഥാപിക്കപ്പെട്ടു. യു.സി.യുടെയും മറ്റു ചില കക്ഷികളുടെയും സഹായത്തോടെ മുബിദായുടെ ഡെമോക്രാറ്റ്‌സ്‌ 1957ല്‍ ആദ്യത്തെ ഫ്രഞ്ച്‌ കാമെറൂണ്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചു. 1958ല്‍ ഈ ഗവണ്‍മെന്റ്‌ നിലംപതിച്ചപ്പോള്‍ അഹ്‌മദു അഹിദ്‌ ജോ പ്രധാനമന്ത്രിയായി പുതിയ ഭരണകൂടം ഉണ്ടായി. 1960 ജനു. 1നു ഫ്രഞ്ച്‌ കാമെറൂണ്‍ "കാമെറൂണ്‍ റിപ്പബ്ലിക്‌' എന്ന പേരില്‍ സ്വതന്ത്രമായി. അഹിദ്‌ജോ പ്രസിഡന്റുമായി.

ബ്രിട്ടീഷ്‌ ഭരണപ്രദേശമായ കാമെറൂണ്‍ ഉത്തര കാമറൂണ്‍ എന്നും ദക്ഷിണ കാമെറൂണ്‍ എന്നും വീണ്ടും വിഭജിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ്‌ കാമെറൂണിലെ പ്രധാന രാഷ്‌ട്രീയകക്ഷികള്‍ കാമെറൂണ്‍ പീപ്പിള്‍സ്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ (സി. പി. എന്‍. സി.), കാമെറൂണ്‍ നാഷണല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (കെ.എന്‍.ഡി.പി.) എന്നിവയായിരുന്നു. നൈജീരിയയുമായി യോജിക്കാനാണ്‌ സി. പി. എന്‍. സി. ആഗ്രഹിച്ചിരുന്നത്‌.

കാമെറൂണ്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ബ്രിട്ടീഷ്‌ ഭരണപ്രദേശത്ത്‌ യു. എന്‍. രണ്ടു ജനഹിത പരിശോധന നടത്തി (1959 ആഗ., 1961 ഫെ.). 1961ലെ ജനഹിത പരിശോധനയില്‍ ഉത്തര കാമെറൂണ്‍ നൈജീരിയയില്‍ ചേരുന്നതിനും, ദക്ഷിണ കാമെറൂണ്‍ കാമെറൂണ്‍ റിപ്പബ്ലിക്കില്‍ ലയിക്കുന്നതിനും അനുകൂലമായിരുന്നു. ഇതനുസരിച്ച്‌ 1961 ഒ. 1നു ദക്ഷിണ കാമെറൂണ്‍ കാമെറൂണ്‍ റിപ്പബ്ലിക്കില്‍ ലയിച്ച്‌ ഫെഡറല്‍ റിപ്പബ്ലിക്‌ ഒഫ്‌ കാമെറൂണ്‍ ആയി; ഉത്തര കാമെറൂണ്‍ നൈജീരിയയുടെ ഭാഗവുമായി. ഈ ഫെഡറല്‍ സംവിധാനം 1972 മേയ്‌ 6 വരെ നിലനിന്നു. മേയിലെ ജനഹിത പരിശോധനയിലൂടെ ഒരു പുതിയ ഭരണഘടന നിലവില്‍വരികയും യൂണിറ്ററി സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്‌ട്രത്തിനു (ജൂണ്‍ 2) യുണൈറ്റഡ്‌ റിപ്പബ്ലിക്‌ ഒഫ്‌ കാമെറൂണ്‍ എന്ന പേരു നല്‌കപ്പെടുകയും ചെയ്‌തു. എന്നാല്‍ 1984ല്‍ രാഷ്‌ട്രം "റിപ്പബ്ലിക്‌ കാമെറൂണ്‍' എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍