This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‌പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല്‌പന

"കല്‌പന' എന്ന ചിത്രത്തില്‍നിന്നൊരു ദൃശ്യം

ഒരു ഹിന്ദി ചലച്ചിത്രം. വിശ്വവിഖ്യാതനായ ഭാരതീയ നര്‍ത്തകന്‍ ഉദയശങ്കര്‍ സംവിധാനം നടത്തിയും കെ. രാംനാഥ്‌ ഛായാഗ്രഹണം ചെയ്‌തും തയ്യാറാക്കിയ ഈ ചിത്രത്തിന്റെ നിര്‍മാണം 1948ല്‍ മദ്രാസിലെ ജെമിനി സ്റ്റുഡിയോവില്‍ വച്ചാണ്‌ നടന്നത്‌. സുമിത്രാനന്ദന്‍ പന്ത്‌ ഗാനരചയിതാവും, വിഷ്‌ണുദാസ്‌ ഷിറാലി സംഗീതസംവിധായകനും ഉദയശങ്കറും അദ്ദേഹത്തിന്റെ പത്‌നി അമലാശങ്കറും പ്രധാന അഭിനേതാക്കളും ആയിരുന്നു.

മുതലാളിവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന തൊഴിലാളിവര്‍ഗത്തെയും യന്ത്രശക്തിക്കടിമപ്പെടുന്ന മനുഷ്യജീവിതത്തെയും ആധാരമാക്കിക്കൊണ്ടുള്ള ഈ ചലച്ചിത്രത്തില്‍ ഭാരതീയ നൃത്തരൂപങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‌കിയിട്ടുണ്ട്‌. ഉദയശങ്കര്‍ ഈ ചലച്ചിത്രത്തില്‍ ഭാവോജ്വലങ്ങളായ ചില നൃത്തനാടകങ്ങളും അവതരിപ്പിക്കുകയുണ്ടായി. സാധാരണജനങ്ങള്‍ക്ക്‌ ഗ്രഹിക്കത്തക്ക രീതിയിലുള്ള കഥാപാത്രാവിഷ്‌കരണവും, തുടര്‍ച്ചയായുള്ള കഥാഗതിയും ഇല്ലാതിരുന്ന ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്‌.

സാംസ്‌കാരിക രംഗത്തും ലോകസിനിമാരംഗത്തും ജനശ്രദ്ധയാകര്‍ഷിച്ച കല്‌പന യൂറോപ്പില്‍ ബ്രസല്‍സ്‌ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട "വേള്‍ഡ്‌ ഫെസ്റ്റിവല്‍ ഒഫ്‌ ഫിലിംസ്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്ട്‌സി'ല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും സമ്മാനാര്‍ഹമാവുകയും ചെയ്‌തു. തികച്ചും ഭാരതീയ നൃത്തരൂപങ്ങളെ അവലംബമാക്കി നിര്‍മിക്കപ്പെട്ട ഈ ചലച്ചിത്രം ഉദയശങ്കറിന്റെ സ്വതന്ത്രചിന്താഗതി, ഭാവനാവൈഭവം, നൃത്തകലാവൈദഗ്‌ധ്യം എന്നിവ തെളിയിക്കുന്ന ഒരു ഉന്നത കലാസൃഷ്ടിയാണ്‌. നോ: ഉദയശങ്കര്‍

(പി.ആര്‍.എസ്‌. പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8D%E2%80%8C%E0%B4%AA%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍