This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനകദാസന്‍ (1509 1607)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കനകദാസന് (1509 1607)
കര്‍ണാടകത്തിലെ പ്രശസ്‌തനായ കവിയും സംഗീതജ്ഞഌം. പുരന്ദരദാസന്റെ സമകാലികനായിരുന്നു ഇദ്ദേഹം. ധാര്‍വാര്‍ ജില്ലയില്‍ സങ്കാപുരത്തിനു സമീപമുള്ള ബാഡയില്‍ ബിരേഗൗഡ, ബീച്ചമ്മ എന്നിവരുടെ പുത്രനായി 1509ല്‍ ജനിച്ചു. തിമ്മപ്പ എന്നായിരുന്നു യഥാര്‍ഥ നാമധേയം. പില്‌ക്കാലത്ത് ഇദ്ദേഹത്തിന് ഒരു സ്വര്‍ണനിധി ലഭിച്ചുവെന്നും അങ്ങനെ തിമ്മപ്പ കനകദാസനായി അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം. ഇദ്ദേഹം ജാതിയില്‍ വേടനായിരുന്നുവെന്നും കുറുമ്പനായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.
കര്‍ണാടക സാഹിത്യത്തില്‍ "ദാസ' പ്രസ്ഥാനത്തിന് നേതൃത്വം നല്‌കിയ വ്യാസരായന്റെ അനുയായി ആയിരുന്നു കനകദാസന്‍. ഭക്തിനിര്‍ഭരങ്ങളായ അനവധി കീര്‍ത്തനങ്ങള്‍ക്കു പുറമേ മോഹന തരംഗിണി, ഹരിഭക്തിസാരം, രാമധ്യാനചരിത്രം, നളചരിതം എന്നീ കാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നൃസിംഹസ്‌തവം എന്നൊരു കൃതികൂടി കനകദാസന്റേതായി കരുതപ്പെടുന്നുവെങ്കിലും അതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കനകദാസന്‍െറ കീര്‍ത്തനങ്ങള്‍ മിക്കതും കര്‍ണാടക സംഗീതത്തിനു മുതല്‍ക്കൂട്ടുകളാണ്. "കഗിനേലേ കേശവാ' എന്ന മുദ്രയാണ് ഇദ്ദേഹം തന്റെ കീര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൃതികള്‍ മൊത്തത്തില്‍ "കനകമുണ്ടിഗേ' എന്ന പേരിലാണറിയപ്പെടുന്നത്. "മുണ്ടിഗഗജ', "തല്ലണിസദിറും കണ്ട്യതാജുമനപെ' തുടങ്ങിയവ പ്രസിദ്ധങ്ങളായ ഗാനതല്ലജങ്ങളാണ്.
കൃഷ്‌ണഭക്തനായിരുന്നു കനകദാസന്‍. ഒരിക്കല്‍ ഉടുപ്പിയിലെ ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കനകദാസന് അയിത്തം കാരണം പ്രവേശനം നിഷേധിക്കപ്പെട്ടു. ക്ഷേത്രത്തിനു പുറത്തു നിന്നുകൊണ്ട് ഇദ്ദേഹം കൃഷ്‌ണനെ സ്‌തുതിച്ചു പാടി. കനകദാസന്റെ ഭക്ത്യാതിരേകത്താല്‍ സംപ്രീതനായ ഭഗവാന്‍ ഭക്തന്‍ നിന്ന സ്ഥലത്തേക്കു തിരിഞ്ഞിരുന്നുവെന്നും ആ ഭാഗത്ത് ക്ഷേത്രഭിത്തിയില്‍ ഒരു ദ്വാരമുണ്ടായി എന്നും ഐതിഹ്യമുണ്ട്. ഭിത്തിയിലെ പ്രസ്‌തുത ദ്വാരം "കനകനഗിണ്ടി' എന്ന പേരിലറിയപ്പെടുന്നു. കനകദാസന്‍ 1607ല്‍ അന്തരിച്ചു.
(ടി. വെങ്കിടലക്ഷ്‌മി; സ.പ.)