This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥനകുതൂഹലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:16, 31 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഥനകുതൂഹലം

കര്‍ണാടക സംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഒരു വക്ര സമ്പൂര്‍ണ ജന്യരാഗം. 29-ാമത്തെ മേളകര്‍ത്താരാഗമായ ധീര ശങ്കരാഭരണത്തിന്റെ ജന്യമാണിത്‌. കുതൂഹലം എന്ന രാഗത്തില്‍ നിന്നും ആവിര്‍ഭവിച്ച കഥനകുതൂഹലം 19-ാം ശ.ത്തിലാണ്‌ പ്രചാരത്തില്‍ വന്നത്‌. പട്ടണം സുബ്രഹ്മണ്യയ്യര്‍ (1845 1902) കണ്ടുപിടിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന ഈ രാഗം വക്രസമ്പൂര്‍ണ ആരോഹണാവരോഹണത്തോടു കൂടിയതാണ്‌.

ആരോഹണം: സ രി മ ധാ നി ഗ പ സ
അവരോഹണം: സ നി ധ പ മ ഗ രി സ

ഈ രാഗത്തില്‍ ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങളെ കൂടാതെ ചതുഃശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതി ധൈവതം, കാകളിനിഷാദം എന്നീ സ്വരങ്ങളും പ്രയോഗിക്കുന്നു. കര്‍ണാടകസംഗീതത്തില്‍ മാത്രം പ്രചരിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്ന ഈ രാഗത്തില്‍ പാശ്ചാത്യസംഗീതത്തിന്റെ ഛായ പ്രതിഫലിപ്പിക്കുന്ന ചില സ്വരസഞ്ചാരങ്ങളും പ്രയോഗിക്കുന്നുണ്ട്‌. നിഗപ, മധാനിഗപ തുടങ്ങിയ സ്വരപ്രയോഗങ്ങള്‍ അവയില്‍ ചിലതാണ്‌. കമ്പ (ഗമക) വിഹീനരാഗങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്‌. ജണ്ടവരിശ പ്രയോഗങ്ങളും (സസരിരി, മഗരി, രിരി മമ ധധ, ഗഗപപസാ) വരിശപ്രയോഗങ്ങളും (സരിരിമ മധധനി) ഈ രാഗത്തിന്റെ സവിശേഷതകളാണ്‌. വായ്‌പാട്ടിനെക്കാള്‍ വാദ്യവൃന്ദ സംഗീതത്തിലാണ്‌ ഈ രാഗം കൂടുതല്‍ ശോഭിക്കുന്നത്‌. ഏതവസരത്തിലും പാടാവുന്ന ഈ രാഗം കച്ചേരികളില്‍ സാധാരണയായി പ്രധാനരാഗത്തിന്റെ ആലാപനത്തിനു ശേഷമാണ്‌ പാടാറുള്ളത്‌. പട്ടണം സുബ്രഹ്മണ്യയ്യരുടെ "രഘുവംശസുധാംബുധി', മുത്തയ്യാഭാഗവതരുടെ "ഗോപാല നന്ദന', ബാലമുരളീകൃഷ്‌ണയുടെ "തില്ലാന' എന്നീ കൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ളവയും പ്രചാരം സിദ്ധിച്ചവയുമാണ്‌.

കര്‍ണാടകസംഗീതത്തില്‍ സാങ്കേതികജ്ഞാനം ലഭിച്ചിട്ടില്ലാത്ത ശ്രാതാക്കള്‍ക്കു പോലും കഥനകുതൂഹലം ആസ്വാദ്യമായി തോന്നാറുണ്ട്‌. കുതൂഹലരാഗത്തിന്റെ ഒരു വിശിഷ്ട ഇനം എന്നര്‍ഥത്തിലുള്ള കഥനകുതൂഹലം എന്ന നാമം ഈ രാഗത്തിന്‌ അന്വര്‍ഥം തന്നെയാണ്‌. ഉത്സാഹമെന്ന ഭാവത്തെ ഉദ്ദീപിപ്പിക്കാന്‍ കഥനകുതൂഹലത്തിനു കഴിവുണ്ട്‌. കഥാകാലക്ഷേപം തമിഴ്‌ നാട്ടില്‍ പ്രചാരത്തിലുള്ള സംഗീതാത്മകമായ ഒരു കഥാകഥനകലാരൂപം. കാലക്ഷേപം, ഹരികഥ, സത്‌കഥാകാലക്ഷേപം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കഥാകാലക്ഷേപം കേരളത്തില്‍ കഥാപ്രസംഗം എന്ന പേരിലാണ്‌ പ്രചരിച്ചിട്ടുള്ളത്‌. "ഭഗവത്‌സ്‌തുതി'കള്‍ കഥാരൂപത്തില്‍ ചൊല്ലുന്നതു കേട്ട്‌ "കാലം കഴിക്കുക' എന്നാണ്‌ ഈ പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവചനം, ഗീതം, വാദ്യം, നൃത്തം എന്നിവയുടെ സമഞ്‌ജസരൂപമായ കഥാകാലക്ഷേപം പണ്ഡിതപാമരഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമാണ്‌.

19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ തഞ്ചാവൂരില്‍ ജീവിച്ചിരുന്ന കൃഷ്‌ണഭാഗവതര്‍ (1847 1903) ആയിരുന്നു ഈ കലാരൂപത്തിന്റെ ഉപജ്ഞാതാവ്‌. അന്ന്‌ പ്രചാരത്തിലിരുന്ന പുരാണപഠനം, കീര്‍ത്തന്‍ (മറാഠി കാലക്ഷേപം), നാടോടികാലക്ഷേപങ്ങള്‍ (വില്ലുപാട്ട്‌, ലാവണിപ്പാട്ട്‌) എന്നിവയില്‍ നിന്നുള്ള പല അംശങ്ങളും സമന്വയിപ്പിച്ചു വികസിപ്പിച്ചെടുത്തതാണ്‌ കഥാകാലക്ഷേപം. ഈ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മൂവള്ളൂര്‍ സഭാപതി അയ്യര്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്‌.

മതപരവും പൗരാണികവും സാമൂഹികവുമായ പ്രാധാന്യമര്‍ഹിക്കുന്ന ഈ കലാരൂപത്തില്‍ രാമായണമഹാഭാരതാദി പുരാണേതിഹാസങ്ങളും, പ്രസിദ്ധ ശൈവ വൈഷ്‌ണവഭക്തന്മാരുടെ ജീവചരിത്രങ്ങളും ആണ്‌ അവതരിപ്പിക്കാറുള്ളത്‌. ഗോപാലകൃഷ്‌ണ ഭാരതി, കബീര്‍ദാസ്‌, തുളസീദാസ്‌, പുരന്ദരദാസ്‌, ത്യാഗരാജര്‍ തുടങ്ങിയ പ്രമുഖസംഗീതജ്ഞരുടെ കൃതികളും കാലക്ഷേപത്തിനിടയ്‌ക്ക്‌ ആലപിക്കാറുണ്ട്‌. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കുചേലോപാഖ്യാനം, അജാമിളോപാഖ്യാനം എന്നിവയും കഥാകാലക്ഷേപരൂപത്തില്‍ അവതരിപ്പിച്ചുവരുന്നുണ്ട്‌. മൂന്നു മണിക്കൂറോളം നീണ്ടു നില്‌ക്കുന്ന ഈ കലാരൂപത്തിലെ പ്രധാന ഘടകങ്ങള്‍ നിരൂപണം, പഞ്ചപദി, വന്ദനശ്ലോകം, അഞ്‌ജനഗീതം, പ്രഥമപദം എന്നിവയാണ്‌. പ്രഥമപദത്തിലാണ്‌ കഥയുടെ അവതരണംഅഷ്ടപദി, ശ്ലോകം, വിരുത്തം, നാമാവലി, അഭംഗം, തില്ലാന, ദേവര്‍നാമ, തേവാരം, തിരുപ്പുകഴ്‌ എന്നിവയും ഇതിനിടയ്‌ക്ക്‌ ആലപിക്കാറുണ്ട്‌.

കഥാകാലക്ഷേപം അവതരിപ്പിക്കുന്നയാളിന്‌ ഭാഷാജ്ഞാനം, പ്രവചനവൈദഗ്‌ധ്യം, അക്ഷരശുദ്ധി, പുരാണപാണ്ഡിത്യം, ഹാസ്യാത്‌മകമായ ഉപകഥാവതരണവൈഭവം, ശബ്‌ദമാധുരി തുടങ്ങിയ ഗുണങ്ങള്‍ അവശ്യം വേണ്ടതാണ്‌; ശ്രാതാക്കളെ മുഷിപ്പിക്കാതെ രസിപ്പിച്ചുകൊണ്ടു പോകുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

കഥാകാലക്ഷേപവിദ്വാന്മാരെ "കീര്‍ത്തനകേസരി', "കീര്‍ത്തനവിശാരദ', "കീര്‍ത്താനാചാര്യ' എന്നീ ബഹുമതികള്‍ നല്‌കി ആദരിക്കാറുണ്ട്‌. ഗോപാലകൃഷ്‌ണ ഭാരതി, തിരുപ്പയണം പഞ്ചാപകേശശാസ്‌ത്രി, അനന്തരാമഭാഗവതര്‍, മാങ്കുടി ചിദംബരഭാഗവതര്‍, ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതര്‍, കൃപാനന്ദവാരിയാര്‍, സന്താനഗോപാലാചാരി, എമ്പാര്‍ വിജയരാഘവാചാരി എന്നിവര്‍ ഈ രംഗത്തെ പ്രഗല്‌ഭ കലാകാരന്മാരാണ്‌. നോ: അഞ്‌ജനഗീതം; കഥാപ്രസംഗം; ഹരികഥ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍