This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കത്തി (വേഷം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കത്തി (വേഷം)
കഥകളിയിലെ ഒരു പ്രധാന വേഷം. അസുരന്മാര്‍, ദുഷ്ടകഥാപാത്രങ്ങള്‍, രാക്ഷസന്മാര്‍, ഗര്‍വിഷ്‌ഠരായ രാജാക്കന്മാര്‍ എന്നിവര്‍ക്കാണ് കഥകളിയില്‍ കത്തിവേഷം നല്‌കപ്പെട്ടിട്ടുള്ളത്. നരകാസുരന്‍, രാവണന്‍, കീചകന്‍, ദുര്യോധനന്‍, ശിശുപാലന്‍ മുതലായ കഥാപാത്രങ്ങളെയാണ് കത്തിവേഷക്കാര്‍ പ്രതിനിധാനം ചെയ്യുന്നത്. കത്തിയുടെ ആകൃതിയില്‍ മുഖത്ത് ചുട്ടികുത്തുന്നതിനാല്‍ "കത്തി' എന്ന പേരുണ്ടായി.
വീരരസം തുളുമ്പി നില്‌ക്കുന്ന ഈ വേഷം കഥകളിയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ ആവിഷ്‌കര്‍ത്താവായ ചാത്തുണ്ണിപ്പണിക്കരാണ്.
പച്ചവേഷത്തില്‍ നിന്ന് ഏതാഌം ചില വ്യത്യാസങ്ങളേ കത്തിവേഷത്തിനുള്ളൂ. നെറ്റിയില്‍ പുരികങ്ങളുടെ മുകളില്‍ നിന്നു തുടങ്ങി കഷ്ടിച്ച് ഒരു വിരല്‍ വീതിയില്‍ താഴോട്ട് മൂക്കിന്റെ സുഷിരം അടക്കം ഇരുവശങ്ങളിലും ചുവന്ന മനയോലയില്‍ കത്തിയുടെ രൂപത്തില്‍ ചായില്യം തേച്ച് മഷികൊണ്ട് ഒതുക്കി ചുട്ടി കുത്തുന്നതാണ് കത്തി. നെറ്റിയില്‍ കെട്ടുന്ന നാടയുടെ മധ്യത്തിലും മൂക്കിന്റെ അഗ്രത്തിലും "കിടേശു'(cork)കൊണ്ടുള്ള ഓരോ ചുട്ടിപ്പൂവ് അരിമാവുകൊണ്ട് ഒട്ടിച്ചു നിര്‍ത്തുന്നു. മൂക്കിന്റെ അറ്റത്തെ ചുട്ടിപ്പൂ നാടയുടെ മധ്യത്തിലെ ചുട്ടിപ്പൂവിനെക്കാള്‍ വലുതായിരിക്കും. പച്ചവേഷത്തിലെ ചുട്ടിയെക്കാള്‍ വലുതാണ് കത്തിയിലെ ചുട്ടി. ഭീകരത വര്‍ധിപ്പിക്കുന്നതിനായി "കത്തി' വച്ചിട്ടുള്ള ഭാഗം മുഴുവന്‍ ചുവന്ന ചായം തേക്കുന്നു. കണ്ണിനു മുകളിലും താഴെയും ചുവന്ന ചായം തേക്കാറുണ്ട്. കത്തിവേഷക്കാരുടെ ഉടുപ്പിഌം കിരീടത്തിഌം തിളക്കം കൂടുതലായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ദംഷ്‌ട്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. രൗദ്രത വര്‍ധിപ്പിക്കുന്നതിനായി അലറുകയും "ഗ്വെഗ്വെ' എന്ന ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
കത്തിക്ക് കുറുംകത്തി, നെടുംകത്തി എന്ന് രണ്ടു വകഭേദങ്ങളുണ്ടാക്കിയത് കപ്ലിങ്ങാട്ടു നമ്പൂതിരിയാണ്. കത്തിവേഷക്കാരില്‍ രാജത്വമുള്ളവരും ശൃംഗാരരസ പ്രധാനന്മാരുമായവരെ കുറുംകത്തിയെന്നും (ഉദാ. രാവണന്‍, ദുര്യോധനന്‍) അല്ലാതുള്ള അസുരപ്രകൃതിക്കാരെ നെടുംകത്തിയെന്നും (ഉദാ. ഹിഡുംബന്‍, ഘടോല്‍കചന്‍) പറയുന്നു. നെടുംകത്തിയില്‍ കത്തിയുടെ അറ്റം കടക്കണ്ണിനു താഴെ ഊര്‍ധ്വമുഖമായിരിക്കും. ഇവര്‍ ശൃംഗാരപ്പദം ആടാറില്ല. കുറുംകത്തിക്ക് മൂക്കിന്റെ രണ്ടുവശത്തും നീളത്തില്‍ ചുവന്ന ചായവും ശേഷം ഭാഗം പച്ചച്ചായവും പൂശിയിരിക്കും. കണ്‍തടങ്ങള്‍ക്കു താഴെയായി വരയ്‌ക്കുന്ന കത്തിയുടെ അഗ്രഭാഗം മേല്‌പോട്ടു വളഞ്ഞിരിക്കും.
ശംഖുവിളി, മേലാപ്പുപിടിക്കല്‍ തുടങ്ങിയ രാജോപചാരങ്ങള്‍ കത്തിവേഷത്തിന്റെ പുറപ്പാടിനുമുണ്ട്. കത്തിവേഷക്കാരില്‍ പ്രമുഖരാണ് ചെങ്ങന്നൂര്‍ രാമന്‍പിള്ള (കീചകന്‍, രാവണന്‍); പട്ടിക്കാന്തൊടി രാമുണ്ണി മേനോന്‍ (രാവണന്‍, കീചകന്‍); കലാമണ്ഡലം കൃഷ്‌ണന്‍ നായര്‍ (രാവണന്‍); വാഴേങ്കട കുഞ്ചുനായര്‍ (രാവണന്‍, ദുര്യോധനന്‍); കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ (കീചകന്‍) എന്നിവര്‍.