This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്‍ഫ്യൂഷ്യസ് (ബി.സി. 551-479)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കണ്‍ഫ്യൂഷ്യസ് (ബി.സി. 551-479)
പ്രാചീന ചൈനയിലെ തത്ത്വജ്ഞാനിയും രാഷ്‌ട്രമീമാംസകഌം. പരമോന്നത ഋഷിയായും ആദിഗുരുവായും ചൈനക്കാര്‍ ഇദ്ദേഹത്തെ ആദരിക്കുന്നു. കങ്‌ഫൂസ് എന്ന ചീനപദം ലത്തീന്‍ ഭാഷയില്‍ ഉച്ചാരണസൗകര്യാര്‍ഥം രൂപാന്തരപ്പെട്ടിട്ടാണ് കണ്‍ഫ്യൂഷ്യസ് എന്ന പേര്‍ പ്രചരിതമായത്. ഇദ്ദേഹം പ്രചരിപ്പിച്ച തത്ത്വസംഹിതയാണ് കണ്‍ഫ്യൂഷ്യനിസം; ഇത് ജൂകിയാവ് (Jukiao) അഥവാ "പണ്ഡിതരുടെ പാഠശാല' എന്ന പേരിലറിയപ്പെടുന്നു. ലോകത്തിനു നൂതനാശയങ്ങളൊന്നും താന്‍ സംഭാവന ചെയ്‌തിട്ടില്ലെന്നും ചൈനയിലെ പുരാതനവും പരമ്പരാഗതവുമായ ആചാരങ്ങളെയും നീതിവാക്യങ്ങളെയും കൂടുതല്‍ ലളിതമായി ലോകര്‍ക്കു പുനരാഖ്യാനം ചെയ്‌തു കൊടുക്കുക മാത്രമേ താന്‍ ചെയ്‌തിട്ടുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. തന്റെ ശിഷ്യന്മാര്‍ക്കും ദേശസഞ്ചാരവേളയില്‍ താന്‍ പരിചയപ്പെട്ട പ്രഭുക്കന്മാര്‍ക്കുമാണ് ഇദ്ദേഹം നേരിട്ട് ഉപദേശങ്ങള്‍ നല്‌കിയത്. അന്നത്തെ പ്രഭുക്കളെയും നാടുവാഴികളെയും സാരോപദേശങ്ങളിലൂടെ സ്വാധീനിച്ച് സന്മാര്‍ഗികളാക്കി മാറ്റി രാജ്യത്തു സദ്‌ഭരണം നിലവില്‍ വരുത്തുക എന്നത് ഇദ്ദേഹത്തിന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.
ബി.സി. 551ല്‍ "കങ്' എന്ന വംശത്തില്‍ ഒരു സാധാരണ സൈനികോദ്യോഗസ്ഥന്റെ പുത്രനായി കണ്‍ഫ്യൂഷ്യസ് ജനിച്ചു. ആധുനിക ഷാന്‍തൂങ് മേഖലയിലെ "ലൂ' സംസ്ഥാനമായിരുന്നു ഇദ്ദേഹത്തിന്റെ ജന്മദേശം. തലയിലെ ഒരു മുഴനിമിത്തം "ചെറിയകുന്ന്' എന്നര്‍ഥമുള്ള "ച്യൂ' എന്ന പേരിലാണ് ഇദ്ദേഹം ശൈശവത്തില്‍ അറിയപ്പെട്ടിരുന്നത്.
പിതാവിന്റെ മരണശേഷം മാതാവിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന ച്യൂവിന് ചെറുപ്രായത്തില്‍ത്തന്നെ തൊഴില്‍ തേടേണ്ടി വന്നു. ധാന്യപ്പുര സൂക്ഷിപ്പുകാരനായും പൊതുനിലങ്ങളുടെ പരിപാലകനായും മറ്റും പ്രവര്‍ത്തിച്ച ഇദ്ദേഹം പഠനത്തിഌം സമയം കണ്ടെത്തി. പത്തൊമ്പതാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി. തന്റെ ബൗദ്ധികവും ആത്മീയവുമായ പ്രയാണത്തെക്കുറിച്ച് ഇദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ""പതിനഞ്ചാമത്തെ വയസ്സില്‍ ഞാന്‍ പഠനത്തില്‍ മനസ്സര്‍പ്പിച്ചു, മുപ്പതാം വയസ്സില്‍ എന്റെ നില ശക്തമായി ഉറപ്പിച്ചു, നാല്‍പ്പതിലെനിക്ക് സംശയങ്ങളേ ഇല്ലായിരുന്നു, അന്‍പതില്‍ സ്വര്‍ഗേച്ഛ എന്തെന്ന് ഞാനറിഞ്ഞു. അറുപതില്‍ ഞാനത് കേള്‍ക്കാന്‍ തയ്യാറായി. എഴുപതില്‍ ശരിയെ ധ്വംസിക്കാതെ തന്നെ, എനിക്ക് ഹൃദയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക സാധ്യമായി.
പരിപൂര്‍ണ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ഒരു തത്ത്വസംഹിതയ്‌ക്കു രൂപംകൊടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഊര്‍ജസ്വലരും ലക്ഷ്യബോധമുള്ളവരുമായ നിരവധി ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ടായി. അക്കാലത്ത് പ്രഭുക്കന്മാരുടെ കുത്തകയായിരുന്നു വിദ്യാഭ്യാസം. ഇതിനായി പാരമ്പര്യക്രമത്തില്‍ അധ്യാപകരെയും നിയമിച്ചിരുന്നു. ചീനയുടെ ചരിത്രത്തില്‍ സാധാരണക്കാര്‍ക്കായുള്ള പാഠശാല ഇദംപ്രഥമമായി കണ്‍ഫ്യൂഷ്യസ് സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ സംരംഭം നല്ലതുപോലെ വിജയിച്ചെന്നു മാത്രമല്ല ആ പാഠശാലാ സമ്പ്രദായം പിന്നീട് കൂടുതല്‍ വളരുകയും വികസിക്കുകയും കൂടി ചെയ്‌തു.
തികച്ചും അനൗപചാരികമായ രീതിയില്‍ ശിഷ്യന്മാരുമായുള്ള സംഭാഷണങ്ങളിലൂടെയാണ് കണ്‍ഫ്യൂഷ്യസ് അധ്യാപനം നടത്തിയത്. ഓരോ വിദ്യാര്‍ഥിയുടെയും പ്രത്യേകതകള്‍ മനസ്സിലാക്കുകയും ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുന്നതിനെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന്റെ പാഠശാലയിലെ ഊഷ്‌മളമായ ഗുരുശിഷ്യബന്ധത്തിന്റെ മാതൃക ചൈനയിലെ വിദ്യാഭ്യാസരംഗത്ത് ചിരപ്രതിഷ്‌ഠ നേടി. ഐതിഹ്യപ്രകാരം കണ്‍ഫ്യൂഷ്യസിന്റെ ജന്മദിനമായി കണക്കാക്കുന്ന സെപ്. 28 ആണ് ചൈനയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്.
ബി.സി. 500496 വരെയുള്ള കാലയളവില്‍ കുറേക്കാലം ഇദ്ദേഹം സംസ്ഥാനത്തെ നീതിപാലകനായിരുന്നു. ഇദ്ദേഹത്തിന്റെ കൃത്യനിര്‍വഹണരീതിയില്‍ സംതൃപ്‌തരായ അധികൃതര്‍ ഇദ്ദേഹത്തെ പൊതുമരാമത്തു മന്ത്രിയായും വിളംബംവിനാ നിയമമന്ത്രിയായും നിയോഗിച്ചു. അന്ന് നാടുവാണിരുന്ന ഒരു പ്രഭുവിനെ എത്ര ഉപദേശിച്ചിട്ടും ദുഷ്‌പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയാത്തതില്‍ നിരാശനായ കണ്‍ഫ്യൂഷ്യസ് തന്റെ മന്ത്രിപദം രാജിവച്ചു.
കണ്‍ഫ്യൂഷ്യസ് അന്ത്യകാലഘട്ടത്തില്‍ സാഹിത്യവൃത്തിയില്‍ മുഴുകി . അപ്പോഴാണ് "വസന്തവും ശരത്തും' എന്ന ഗ്രന്ഥം രചിച്ചത്. "ഭാവി തലമുറകളില്‍ ആരെങ്കിലും എന്റെ മഹിമയെ പരിഗണിക്കുകയാണെങ്കില്‍ അതിനു കാരണം വസന്തവും ശരത്തുമായിരിക്കും. ഭാവിതലമുറകളില്‍ ആരെങ്കിലും എന്നെ ആക്ഷേപിക്കുകയാണെങ്കില്‍ അതിഌം കാരണം ഈ ഗ്രന്ഥം തന്നെയായിരിക്കും' എന്നു കണ്‍ഫ്യൂഷ്യസ് തന്റെ കൃതിയെക്കുറിച്ച് പറയുന്നുണ്ട്. കവിത, ചരിത്രം, പരിവര്‍ത്തനം, മതാചാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നാലു കൃതികളുടെ സംശോധനവും ഇദ്ദേഹം നിര്‍വഹിക്കുകയുണ്ടായി. മേല്‍പ്പറഞ്ഞ നാലു കൃതികളും "വസന്തവും ശരത്തും' "അഞ്ചു ക്ലാസ്സിക്കുകള്‍' എന്നാണ് അറിയപ്പെടുന്നത്. ബി.സി. 479ല്‍ കണ്‍ഫ്യൂഷ്യസ് അന്തരിച്ചു.
"ജെന്‍' (jen) അഥവാ "മനുഷ്യത്വം' എന്ന സങ്കല്‌പമാണ് കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ കേന്ദ്രബിന്ദു. ദയ, സ്‌നേഹം, പരക്ഷേമകാംക്ഷ തുടങ്ങിയ അര്‍ഥങ്ങളും ഈ വാക്കിന് കല്‌പിക്കപ്പെട്ടിട്ടുണ്ട്. പ്രകൃത്യാ തന്നെ ഓരോരുത്തര്‍ക്കും സിദ്ധിക്കുന്ന "ജെന്‍' പരമാവധി വികസിപ്പിക്കേണ്ട ചുമതല മനുഷ്യരില്‍ നിക്ഷിപ്‌തമാണ്. ഒരു വ്യക്തിയുടെ ഔന്നത്യം അഥവാ മാഹാത്മ്യം നിര്‍ണയിക്കേണ്ടത് അയാളില്‍ ജെന്‍ എത്രത്തോളം വികാസം പ്രാപിച്ചിട്ടുണ്ട് എന്നതിനെ ആസ്‌പദമാക്കിയാണ്. ജീവന്‍ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രാധാന്യം ജെന്‍ സംരക്ഷിക്കുന്നതിന് നല്‍കേണ്ടതാണ്.
വ്യവസ്ഥാപിത ജീവിതത്തിന്റെ പ്രമുഖ അടിസ്ഥാനങ്ങള്‍ കുടുംബവും സമൂഹവുമാകയാല്‍ ഇവയുടെ ആരോഗ്യകരമായ നിലനില്‌പിന് സാഹോദര്യം, ഔദാര്യം എന്നീ ഗുണങ്ങള്‍ അനുപേക്ഷണീയമാണെന്നു കണ്‍ഫ്യൂഷ്യസ് വിശ്വസിക്കുന്നു. ഗുണകാംക്ഷ, നിഷ്‌കളങ്കത, മതാനുഷ്‌ഠാനം, കാര്യബോധം, സദ്‌വിശ്വാസം എന്നീ അഞ്ച് ഗുണങ്ങളില്‍ മനുഷ്യനു മുഖ്യമായും വേണ്ടത് ഗുണകാംക്ഷയാണെന്ന് ഇദ്ദേഹം ശക്തിയായി അഭിപ്രായപ്പെട്ടു. ഈ പഞ്ചഗുണങ്ങളെയും ഇങ്ങനെ ഇദ്ദേഹം സംക്ഷേപിച്ചിരിക്കുന്നു: "അന്യര്‍ നിങ്ങളോടു പെരുമാറുമ്പോള്‍ നിങ്ങള്‍ക്ക് അനിഷ്ടം തോന്നിയേക്കാവുന്ന കാര്യങ്ങള്‍ നിങ്ങള്‍ മറ്റുള്ളവരോട് അനുവര്‍ത്തിക്കരുത്'.
കവിത, സംഗീതം, മതാചാരങ്ങള്‍ മുതലായവ സ്വഭാവസംസ്‌കരണത്തിന് ഉതകുന്നവയാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. കവിതയിലൂടെ മനസ്സ് ഉണരുന്നു എന്നും മതാചാരങ്ങളിലൂടെ സ്വഭാവം നിയന്ത്രിക്കപ്പെടുന്നു എന്നും സംഗീതത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കപ്പെടുന്നു എന്നും ഇദ്ദേഹം പറഞ്ഞു. മനുഷ്യത്വവും ഔചിത്യവും സമഞ്‌ജസമായി സമ്മേളിക്കുമ്പോഴാണ് വ്യക്തിക്ക് പൂര്‍ണത ലഭിക്കുന്നതെന്നും, സമൂഹത്തില്‍ വ്യവസ്ഥയുണ്ടാകുന്നതെന്നും കണ്‍ഫ്യൂഷ്യസ് വിശ്വസിച്ചു.
"ജെന്‍' പൂര്‍ണവികാസം പ്രാപിക്കുകയും ഔന്നത്യം കൈവരിക്കുകയും ചെയ്‌ത വ്യക്തിയെ "ച്യുന്‍സു' (Chun-tzu) എന്നാണ് കണ്‍ഫ്യൂഷ്യസ് വിശേഷിപ്പിച്ചത്. "കുലീന മനുഷ്യന്‍' അഥവാ "രാജാവിന്റെ മകന്‍' എന്നായിരുന്നു ച്യുന്‍സു എന്ന വാക്കിന് അക്കാലത്ത് കല്‌പിക്കപ്പെട്ടിരുന്ന അര്‍ഥം. എന്നാല്‍ "കുലീനമായി പെരുമാറുന്ന മനുഷ്യന്‍' എന്നാണ് കണ്‍ഫ്യൂഷ്യസ് ച്യുന്‍സുവിന് നല്‍കിയ അര്‍ഥം. ജനനം കൊണ്ടല്ല മറിച്ച് കഴിവുകൊണ്ടാണ് ഒരു വ്യക്തിയുടെ ഔന്നത്യം അളക്കേണ്ടത് എന്ന് ഇദ്ദേഹം പ്രസ്‌താവിച്ചു. നൂതനാശയങ്ങളൊന്നും സംഭാവന ചെയ്‌തതായി കണ്‍ഫ്യൂഷ്യസ് അവകാശപ്പെടുന്നില്ലെങ്കിലും വ്യക്തികളുടെ കുലത്തിനല്ല കഴിവിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന ആശയം അക്കാലത്ത് തികച്ചും നൂതനവും വിപ്ലവകരവുമായിരുന്നു. കഴിവുകൊണ്ട് ഔന്നത്യം നേടിയ വ്യക്തികള്‍ കഴിവു കുറവുള്ളവര്‍ക്ക് നേതൃത്വം നല്‍കണമെന്ന കണ്‍ഫ്യൂഷ്യന്‍ സമീപനമാണ് ചൈനയിലെ വിഖ്യാത സിവില്‍ സര്‍വീസ് പരീക്ഷകള്‍ ആരംഭിക്കുവാന്‍ പ്രചോദനമായത്. ഭരണാധികാരികള്‍ സത്‌പ്രവൃത്തികളിലൂടെ ജനങ്ങള്‍ക്ക് മാതൃകയാകുകയും ഭരണം നന്മയിലധിഷ്‌ഠിതമാവുകയും ചെയ്യുമ്പോള്‍ ജനങ്ങളും ആത്മാര്‍ഥതയും നീതിബോധമുള്ളവരും ആയിത്തീരും എന്ന് ഇദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
കണ്‍ഫ്യൂഷ്യനിസം ഒരു മതമായി ചില സന്ദര്‍ഭങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരമ്പരാഗതമായ അര്‍ഥത്തില്‍ കണ്‍ഫ്യൂഷ്യസിനെ ഒരു മതസ്ഥാപകനായി കാണാനാവില്ല. ശുദ്ധവും നിഷ്‌കളങ്കവുമായ മതവികാരത്തെയും ജീവന്റെ ചൈതന്യത്തെയും മാനിച്ച ഇദ്ദേഹം മതാചാരങ്ങളില്‍ സൗന്ദര്യവുംകലാമൂല്യവും ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ദുര്‍മന്ത്രവാദം പോലെയുള്ള അനാചാരങ്ങളെ തികഞ്ഞ അന്ധവിശ്വാസങ്ങളായി ഇദ്ദേഹം തള്ളിക്കളഞ്ഞു. ഭൂതപ്രതാദികളുടെ ആരാധനയെക്കുറിച്ചുള്ള ഒരു ശിഷ്യന്റെ ചോദ്യത്തിന് ഇദ്ദേഹം നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു, ""മനുഷ്യസേവ നടത്തേണ്ടത് എങ്ങനെയാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല, പിന്നെങ്ങനെയാണ് പ്രതാത്മാക്കളുടെ സേവയെക്കുറിച്ച് നാമറിയുന്നത്? മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇദ്ദേഹം നല്‍കിയ ഉത്തരവും ഇത്തരത്തിലുള്ളതായിരുന്നു, ""ജീവിതത്തെക്കുറിച്ച് നമുക്ക് ഇപ്പോഴുമറിയില്ല. പിന്നെങ്ങനെയാണ് മരണത്തെക്കുറിച്ച് നാമറിയുന്നത്? ദിവ്യമായ ഒരു ദൗത്യത്തിന് ജീവിതമര്‍പ്പിച്ചു എങ്കിലും കണ്‍ഫ്യൂഷ്യസ് ഒരിക്കലും ദൈവദൂതന്റെയോ പ്രവാചകന്റെയോ പരിവേഷം ആഗ്രഹിച്ചില്ല. ക്രിസ്‌ത്വബ്‌ദാരംഭത്തിനു മുന്‍പ് തന്നെ കണ്‍ഫ്യൂഷ്യനിസം ചൈനയില്‍ സാര്‍വത്രികാംഗീകാരം നേടിയിരുന്നു. കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലും കണ്‍ഫ്യൂഷ്യസ് ആദരിക്കപ്പെടുന്നു. ചൈനീസ് ജീവിതശൈലി "കണ്‍ഫ്യൂഷ്യസ് ശൈലി' എന്നു പലപ്പേഴും വിശേഷിപ്പിക്കപ്പെടാറുണ്ട്. ചൈനയിലെ ഓരോ കൗണ്‍ടിയിലും കണ്‍ഫ്യൂഷ്യസിന്റെ ദേവാലയമുണ്ട്. കുങ്‌ലിനിലെ (Kunglin) കണ്‍ഫ്യൂഷ്യസിന്റെ ശവകുടീരം ചരിത്രസ്‌മാരകമായി സംരക്ഷിക്കപ്പെടുന്നു.