This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔറൊക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:52, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഔറൊക്‌സ്‌

Aurochs

യൂറോപ്പില്‍ ജീവിച്ചിരുന്നതും ഇന്ന്‌ നാമാവശേഷമായി കഴിഞ്ഞിരിക്കുന്നതുമായ ഒരിനം കാട്ടുകാള. ഔറോസ്‌ (ouros-wild ox) എന്ന ഗ്രീക്ക്‌ പദത്തില്‍നിന്നാണ്‌ "ഔറൊക്‌സി'ന്റെ നിഷ്‌പത്തി. ശാ.നാ. ബോസ്‌ (ബൈസണ്‍) യൂറസ്‌. ആദ്യമായി ഔറൊക്‌സിനെക്കുറിച്ച്‌ വിശദമായ ഒരു വിവരണം നല്‌കിയ സീസർ ചക്രവർത്തി യൂറസ്‌ (Urus)എന്ന പേരാണ്‌ ഇതിനു നല്‍കിയത്‌. പില്‌ക്കാലത്ത്‌ ആ പേര്‌ സ്‌പീഷീസിന്റെ നാമമായി സ്വീകരിക്കപ്പെട്ടു. അന്ധകാരയുഗ(Dark Ages) ത്തിന്റെ ഏതാണ്ടവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള പൂർവദേശങ്ങളിലും ഈയിനം കാട്ടുകാളകള്‍ സുലഭമായിരുന്നു. വടക്കന്‍ യൂറോപ്പിലെ കാടുകളും സമതലങ്ങളുമായിരുന്നു ഇവയുടെ മുഖ്യവാസരംഗങ്ങള്‍. കാഴ്‌ചയില്‍ ഇതിന്‌ അമേരിക്കന്‍ കാട്ടുപോത്തിനോട്‌ വളരെ സാദൃശ്യമുണ്ട്‌. എന്നാല്‍ ഔറൊക്‌സിന്റെ തലയും കഴുത്തും അമേരിക്കന്‍ കാട്ടുപോത്തിന്റേതിനോളം ചിടപിടിച്ചതായിരുന്നില്ല. ഇതിന്റെ നെഞ്ചിലെ രോമത്തിന്റെ വളർച്ചയും താരതമ്യേന കുറവായിരുന്നു. പക്ഷേ ശ്രാണിഭാഗത്തെ (pelvis) വികാസവും വാലിന്റെ നീളവും ഇവയില്‍ കൂടുതലായിരുന്നു എന്നാണ്‌ മനസ്സിലാകുന്നത്‌. ഇന്ന്‌ നാം ഇണക്കിവളർത്തുന്ന കന്നുകാലികളുടെ പ്രധാനപൂർവികർ ഔറൊക്‌സ്‌ ആയിരുന്നെന്നു കരുതപ്പെടുന്നു.

ബോസ്‌ യൂറസ്‌ നാമാവശേഷമായതിനുശേഷം യൂറോപ്യന്‍ കാട്ടുപോത്തിനെ (Bison bison or B. bonasus) വിശേഷിപ്പിക്കാന്‍ ഔറൊക്‌സ്‌ എന്ന പദം ഉപയോഗിച്ചുതുടങ്ങി. ഇത്‌ ശരിയായ പ്രയോഗമായി ജന്തുശാസ്‌ത്രജ്ഞർ അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ന്‌ ഈ പദത്തിന്‌ സാർവത്രികത ലഭിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്യന്‍ കാട്ടുപോത്ത്‌ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇനമാണ്‌. നോ. അമേരിക്കന്‍ കാട്ടുപോത്ത്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍