This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔപാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:54, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഔപാസനം

ഗൃഹസ്ഥാശ്രമികളായ മലയാള ബ്രാഹ്മണരുടെ "നിത്യകർമ'ങ്ങളില്‍ പ്പെടുന്ന അഗ്ന്യാരാധനം; അതിനുള്ള ഗാർഹപത്യാഗ്നിക്കും ഔപാസനം എന്നു പറയും. ബ്രാഹ്മണർ അഗ്നിസാക്ഷികമായി ഹോമത്തോടുകൂടിയാണ്‌ വിവാഹം ചെയ്യുന്നത്‌. അതിനുശേഷം ആ അഗ്നി അണഞ്ഞുപോകാതെ സശ്രദ്ധം സൂക്ഷിക്കുന്നു.

വധുവിനോടൊപ്പം സ്വഗൃഹത്തിലെത്തുന്ന വരന്‍ വിവാഹകർമത്തിന്‌ സാക്ഷ്യം വഹിച്ച അഗ്നിയെ ആവാഹിച്ച്‌ വടക്കിനിയില്‍ പ്രതേ്യകം തയ്യാറാക്കിയിട്ടുള്ള ഹോമകുണ്ഡത്തില്‍ നിക്ഷേപിക്കുന്നു. പിന്നീട്‌ അതു കെട്ടുപോകാതെ സൂക്ഷിക്കുകയും പതിവായി അതില്‍ ഹോമകാര്യങ്ങള്‍ നിർവഹിക്കുകയും ചെയ്യുന്നു. വധുവും വരനോടൊപ്പം ഈ കർമത്തില്‍ പങ്കുകൊള്ളണമെന്നാണ്‌ നിയമം. അവള്‍ വരനെ തൊട്ടുകൊണ്ടിരിക്കുക മാത്രമേ വേണ്ടൂ. ഇങ്ങനെ ഔപാസനത്തില്‍ നിത്യവും രണ്ടുനേരം ഹോമം ചെയ്യുന്നതിന്‌ നമ്പൂതിരിമാരുടെയിടയില്‍ "ഔപാസനം വേളി' എന്നു പറയുന്നു.

ഈ അഗ്നി ചിലപ്പോള്‍ ശ്രദ്ധക്കുറവുകൊണ്ട്‌ അണഞ്ഞുപോകാറുണ്ട്‌. അതിനെ "ഔപാസനം കെടുക', "ഔപാസനം പോവുക' എന്നാണ്‌ പറയുന്നത്‌. ഗൃഹസ്ഥന്‍ ഗ്രാമാതിർത്തി വിട്ടുപോയാലും ഔപാസനം പോയതായി കണക്കാക്കാറുണ്ട്‌. എന്തെന്നാല്‍ അക്കാലത്ത്‌ ഗൃഹസ്ഥന്റെ പരമധർമമായ അതിഥിപൂജ ചെയ്യാന്‍ (അഗ്നി അതിഥിയാകയാല്‍) സാധിക്കാതെ വരുന്നു. സ്വാഭാവികമായോ സാങ്കേതികമായോ ഔപാസനാഗ്നി കെട്ടുപോയാല്‍ വിവിധ ക്രിയകളോടെ അതു വീണ്ടും ജ്വലിപ്പിക്കുന്നതിനെ "ഔപാസനമിടുക' എന്നു പറയുന്നു. ഇപ്രകാരം ഔപാസനാഗ്നി ഇടുന്നതിനുള്ള സാമഗ്രികള്‍ സംഭരിച്ചുവച്ച "സംഭാരപ്പെട്ടി' ഇല്ലങ്ങളില്‍ സൂക്ഷിച്ചു വയ്‌ക്കപ്പെട്ടിരിക്കും. ഒരശുദ്ധവും ഔപാസനാഗ്നിയെ ബാധിക്കാതെ ഗൃഹസ്ഥന്‍ ആമരണം കാത്തു സൂക്ഷിക്കണം. അതിന്റെ സാങ്കേതിക സംജ്ഞ "ഔപാസന ശുദ്ധം' എന്നാണ്‌. ഗൃഹസ്ഥന്‍ മരണമടഞ്ഞാല്‍ ചിത കൊളുത്തുന്നതിന്‌ അയാള്‍ സൂക്ഷിച്ച ഔപാസനാഗ്നി തന്നെ ഉപയോഗിക്കണമെന്നാണ്‌ നിയമം. ഗൃഹസ്ഥന്റെ ജീവിതകാലം മുഴുവന്‍ ഔപാസനാഗ്നിയെ ആരാധിക്കുകയും അതിന്റെ ചൈതന്യം നശിക്കാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത്‌ ബ്രാഹ്മണരുടെ അവശ്യകർത്തവ്യങ്ങളിലൊന്നായി ധർമശാസ്‌ത്രം പ്രഖ്യാപിച്ചിട്ടുണ്ട്‌.

പുരുഷ സന്താനത്തിന്റെ അഭാവത്താല്‍ പ്രഥമപത്‌നി ജീവിച്ചിരിക്കെത്തന്നെ ഗൃഹസ്ഥന്‌ പുനർവിവാഹം ചെയ്യാന്‍ വിധിയുണ്ട്‌. അങ്ങനെയുള്ള ഗൃഹസ്ഥന്മാർക്കും ഔപാസനം അനുഷ്‌ഠിക്കാനുള്ള പ്രത്യേക നിബന്ധനകള്‍ ഉണ്ടായിരുന്നു. രണ്ടാം വിവാഹം കഴിഞ്ഞ്‌ ഔപാസനമിടുമ്പോള്‍ ആദ്യ ഭാര്യയും കൂടെ ഉണ്ടായിരിക്കണം. ഹോമം ചെയ്യുമ്പോഴൊക്കെ രണ്ടു ഭാര്യമാരും ഭർത്താവിനോടു ചേർന്നിരിക്കുന്നു. ഇതിന്‌ "കൂടി ഔപാസനം' എന്നു പേർ കല്‌പിച്ചിരുന്നു. ഗൃഹസ്ഥന്റെ തൊട്ടടുത്ത്‌ ആദ്യ ഭാര്യ, പിന്നീട്‌ രണ്ടാം ഭാര്യ എന്നീ ക്രമത്തിലാണ്‌ അവർ ഔപാസനത്തില്‍ പങ്കുകൊള്ളുന്നത്‌.

(ഡോ. എന്‍.പി. ഉണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B4%AA%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍