This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓ കോണർ, റൊഡറിക് (1860 - 1940)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓ കോണര്‍, റൊഡറിക് (1860 - 1940)
O'Conor, Roderic
ഐറിഷ് ചിത്രകാരന്‍. 1860 ഒ. 17-ന് അയര്‍ലണ്ടിലെ റോസ് കോമണ്‍ എന്ന സ്ഥലത്ത് ജനിച്ചു. ലണ്ടന്‍, ആന്റ്‌വെര്‍പ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1883-ല്‍ ഇദ്ദേഹം ഫ്രാന്‍സിലേക്കു പോയി; തുടര്‍ന്നുള്ള ജീവിതകാലം അവിടെയാണ് കഴിച്ചുകൂട്ടിയത്. പോള്‍ ഗോഗിന്‍ എന്ന പ്രസിദ്ധ ഫ്രഞ്ചുചിത്രകാരന്റെ ശിഷ്യസംഘത്തില്‍ ചേര്‍ന്നുകൊണ്ട്, ബ്രിട്ടനിലെ പോട്ട്-അവെന്‍ കേന്ദ്രമാക്കി ഇദ്ദേഹം ചിത്രരചനയില്‍ ഏര്‍പ്പെട്ടു. ഓ കോണര്‍ ഒരു കലാവസ്‌തു സമ്പാദകന്‍ കൂടിയായിരുന്നു. സ്വതേ ധനവാനായിരുന്നതിനാല്‍ തന്റെ ചിത്രങ്ങള്‍ വില്‌ക്കുന്നതിനെക്കുറിച്ച് ഇദ്ദേഹം ചിന്തിച്ചിരുന്നതേയില്ല. അതിനാല്‍ ചിത്രകലയിലുണ്ടായിരുന്ന ഓ കോണറുടെ പ്രാഗല്‌ഭ്യവും അവയുടെ രചനാസവിശേഷതയും ഇദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് കലാപ്രമികള്‍ക്ക് ആസ്വദിക്കുവാന്‍ തരപ്പെട്ടത്. ഗോഗിന്‍, സെസാന്‍, ബെനാര്‍ഡ്, മാനേറ്‌ന്വാര്‍ തുടങ്ങി അതിപ്രഗല്‌ഭന്മാരായ ചിത്രകാരന്മാരുടെ പല ഉദാത്തരചനകളും ഓകോണറുടെ കലാശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹം രചിച്ച എണ്ണച്ചായച്ചിത്രങ്ങളും ദാരുശില്‌പങ്ങളും പ്രതിരൂപാത്മകസ്വഭാവമുള്ളവയായിരുന്നു; സംവേദനീയതയും ലാളിത്യവും ഇവയുടെ മറ്റു രണ്ടു പ്രത്യേകതകളാണ്. ലണ്ടനിലെ റ്റേറ്റ് ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റില്‍ ലൈഫ് വിത്ത് ബോട്ടില്‍സ് (1892), മിസിസ് മാര്‍ഗരറ്റ് എന്ന കലാവസ്‌തു സമ്പാദകയുടെ കൈവശമുള്ള എല്ലോ ലാന്‍ഡ്‌സ്‌കേപ്പ്, പോട്ട്-അവെന്‍ (1892) എന്നിവ ഓ കോണറുടെ പ്രസിദ്ധ രചനകളാണ്. 1940 മാ. 18-ന് ഇദ്ദേഹം നിര്യാതനായി. 2011 മാര്‍ച്ചില്‍ ഓ കോണറുടെ "ലാന്റ് സ്‌കേപ് കാസില്‍സ്' എന്ന പെയിന്റിങ് 3,37,250 പൗണ്ടിന് വില്‌ക്കപ്പെട്ടു.