This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:24, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

മലയാള അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം. ഒ യുടെ ദീർഘമായ ഈ കണ്‌ഠോഷ്‌ഠ്യസ്വരം ദ്രാവിഡഭാഷകള്‍ക്കും ആധുനിക ഭാരതീയ ആര്യഭാഷകള്‍ക്കും സംസ്‌കൃതത്തിനും സമാനമാണ്‌. ദീർഘമായും പ്ലുതമായും "ഒ' ഉച്ചരിക്കാം. ഒരോന്നിനും ഉദാത്ത-അനുദാത്ത-സ്വരിതങ്ങള്‍ എന്നിങ്ങനെ മൂന്ന്‌ ഭേദങ്ങളും അവയ്‌ക്കു വീണ്ടും അനുനാസിക-അനനുനാസിക പ്രഭേദങ്ങളും ഉണ്ട്‌. അങ്ങനെ ഓകാരം 12 വിധമായി ഭവിക്കുന്നു. ഇപ്പോഴത്തെ സ്വരചിഹ്നം (....ാേ) രൂപപ്പെടുന്നതുവരെ ഹ്രസ്വലിപിതന്നെയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഉദാഹരണമായി ബെയ്‌ലിയുടെ മലയാള-ഇംഗ്ലീഷ്‌ നിഘണ്ടു (1846) വിൽ "ഓ' എന്ന ദീർഘലിപിയും കാണാനുണ്ടെങ്കിലും ഹ്രസ്വലിപിയാണ്‌ പൊതുവേ ഉപയോഗിച്ചിരുന്നത്‌. ഇന്നത്തെ ദീർഘലിപിയാണ്‌ ഗുണ്ടർട്ട്‌ തന്റെ നിഘണ്ടുവിൽ (1872) സ്വീകരിച്ചിരിക്കുന്നത്‌. റവ. ജോർജ്‌ മാത്തന്റെ മലയാഴ്‌മയുടെ വ്യാകരണ(1863)ത്തിലും ഈ രീതിതന്നെ കാണുന്നു കേരളകൗമുദി(1878, കോവുണ്ണി നെടുങ്ങാടി)യിൽ ഓകാരത്തിന്‌ ഇന്നത്തെപ്പോലെയുള്ള ലിപി ഉപയോഗിച്ചിരിക്കുന്നുവെങ്കിലും ഈ സമ്പ്രദായം അന്നു വേണ്ടത്ര ഉറപ്പിച്ചുകഴിഞ്ഞിട്ടില്ലായിരുന്നുവെന്ന്‌ ഗ്രന്ഥകാരന്‍ സൂചിപ്പിച്ചിട്ടുണ്ട്‌. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ചില ഗ്രന്ഥങ്ങളിലും ഓകാരത്തിന്‌ ഹ്രസ്വലിപി ഉപയോഗിച്ചിരിക്കുന്നതു കാണാം (കൈക്കുളങ്ങര രാമവാരിയരുടെ വ്യാഖ്യാനങ്ങള്‍). മിക്കഭാഷകളിലും "ഓ' വിളിക്കാനും വിളികേള്‍ക്കാനും ഉപയോഗിക്കുന്നു. വികല്‌പനിപാതമായും വ്യാക്ഷേപകമായും ഇതിനു പ്രയോഗമുണ്ട്‌.

ഉദാ. ഓ, ഇവിടെ വരൂ. ഓ, വന്നേക്കാം. ഞാനോ നീയോ? ഓ, എന്തുവേദന! സംബോധനാരൂപമുണ്ടാക്കാനായി ചില നാമപദങ്ങളോട്‌ "ഓ' ശബ്‌ദം ചേർക്കുന്ന പതിവും മലയാളത്തിലുണ്ട്‌.

ഉദാ. ശങ്കരോ; ഗോപാലോ "ശാന്തേതരം വെടിഞ്ഞീടൊലാ മാമെടോ'. (നിവാതകവചകാലകേയവധം-ശീതങ്കന്‍തുള്ളൽ-കുഞ്ചന്‍ നമ്പ്യാർ)

ഉകാരാന്തസംസ്‌കൃതശബ്‌ദങ്ങളുടെ സംബോധനാരൂപങ്ങളും, സംബോധനാരൂപത്തിലുള്ള ചില വ്യാക്ഷേപകങ്ങളും ഓകാരത്തിലവസാനിക്കുന്നതായി കാണുന്നു.

ഉദാ. വിഷ്‌ണോ, എന്റമ്മോ, എന്റച്ചോ നിശ്ചയാർഥത്തെയും അനിശ്ചയാർഥത്തെയും സൂചിപ്പിക്കാന്‍ ഉതകുന്ന ഒരു നിപാതമായി "ഓ' മലയാളത്തിൽ ഉപയോഗിക്കാറുണ്ട്‌.

ഉദാ. വീണിതല്ലോ കിടക്കുന്നു ധരണിയിൽ (എഴുത്തച്ഛന്‍) ആർക്കോവേണ്ടി സ്‌മരണം, അനുകമ്പ എന്നീ സന്ദർഭങ്ങളിൽ ഓകാരം പ്രയോഗിക്കാറുണ്ട്‌.

ഉദാ. ഓ, അതു ശരിയാണ്‌. ഓ, അങ്ങനെ സംഭവിച്ചതുകഷ്‌ടമായി.

സംസ്‌കൃത വ്യാകരണമനുസരിച്ച്‌ "ഓ' ഒരു സന്ധ്യക്ഷരമാണ്‌ (അ, ആ എന്നീ സ്വരങ്ങള്‍ക്കു പരമായി ഉ, ഊ എന്നിവ വരുമ്പോള്‍ ഓ ആദേശം)

ഉദാ. ചന്ദ്ര + ഉദയം - ചന്ദ്രാദയം യഥാ + ഉചിതം - യഥോചിതം നവ + ഊഢ - നവോഢ രംഭാ + ഊരു - രംഭോരു സംസ്‌കൃത വിസർഗസന്ധിയിൽ അസ്‌ (അഃ) എന്നതിനു വരുന്ന ആദേശമായും ഓ പ്രയോഗിക്കുന്നു.

ഉദാ. രാവണോ നാമ രാക്ഷസഃ (രാവണഃനാമ രാക്ഷസഃ) മനോദുഃഖം സംസ്‌കൃതഭാഷയിലെ അവ, ഉപ എന്നീ ഉപസർഗങ്ങള്‍ക്ക്‌ ഭാഷയിൽ ചിലപ്പോള്‍ ഓ എന്ന്‌ തദ്‌ഭവരൂപം കണ്ടുവരുന്നു.

ഉദാ. അവച്ഛാദനം-ഓച്ഛാദനം ഉപചാരം -ഓചാരം അവന്‍, അവള്‍ എന്നീ ചുട്ടെഴുത്തുകളിലെ അവ എന്ന ഭാഗം ഓകാരമായി ചില പ്രദേശങ്ങളിൽ ഉച്ചരിച്ചു കാണുന്നുണ്ട്‌.

ഉദാ. അവന്‍-ഓന്‍ അവള്‍-ഓള്‍

മകന്‍, മകള്‍ എന്നിങ്ങനെയുള്ള ശബ്‌ദങ്ങള്‍ക്ക്‌ മോന്‍, മോള്‍ എന്നിങ്ങനെ രൂപാന്തരം വരുന്നത്‌ "അക' എന്നതിന്‌ ഓകാരം വന്നിട്ടാണ്‌. തന്നിൽ താണവരോടു പറയുമ്പോള്‍ അനുപ്രയോഗമായി വരുന്ന കൊള്ളു, കൊള്ളുക എന്നിവയുടെ സങ്കുചിതരൂപമായും ഓകാരം പ്രയോഗിക്കാറുണ്ട്‌. ഉദാ: പഠിച്ചുകൊള്ളു-പഠിച്ചോ നോക്കിക്കൊള്ളുക-നോക്കിക്കോ

ഓകാരത്തോടുകൂടി അനുസ്വാരം ചേർത്തുകിട്ടുന്ന ഓം (അ+ഉ+മ്‌) എന്നത്‌ പ്രണവമാണ്‌; ഒരു ബീജാക്ഷരമന്ത്രമാണ്‌. കാമധേനുതന്ത്രത്തിൽ ഓകാരം പഞ്ചദേവമയമാണെന്നു പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. സംസ്‌കൃതത്തിൽ വിസർഗത്തോടുകൂടിയ ഓ (ഓഃ) ശബ്‌ദത്തിന്‌ ബ്രഹ്മാവ്‌ എന്ന്‌ അർഥമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍