This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർബിഗ്നി, ആൽസിഡേ ദെസ്സാലിനെസ്‌ ഡി (1802 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ബിഗ്നി, ആല്‍സിഡേ ദെസ്സാലിനെസ്‌ ഡി (1802 - 57)

Orbigny, Alcide Dessaliness d'

ഫ്രഞ്ചുകാരനായ പുരാജീവി വിജ്ഞാനി. ചാള്‍സ്‌ ഡാര്‍വിനോടൊപ്പം തെക്കേ അമേരിക്കയില്‍ സസ്‌തനജീവികളുടെ ഫോസിലുകളെക്കുറിച്ചു പഠനം നടത്തിയ ഇദ്ദേഹത്തെ മൈക്രാപാലിയന്റോളജി (സൂക്ഷ്‌മപുരാജീവി വിജ്ഞാനം)യുടെ പിതാവായി പരിഗണിച്ചുപോരുന്നു. ലോയ്‌ര്‍ ഇന്‍ഫീരിയറിലുള്ള കോ ഏര്‍സണില്‍ 1802 സെപ്‌. 6-ന്‌ ജനിച്ചു. ലാറോച്ചെല്ലെയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം പാരിസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഉദ്യോഗം സ്വീകരിച്ചു. 1826-ല്‍ ഇദ്ദേഹം തെക്കേ അമേരിക്കയില്‍ പര്യടനം നടത്തി മാനവവിജ്ഞാനം, ഭൂഗര്‍ഭശാസ്‌ത്രം, പ്രകൃതിവിജ്ഞാനം എന്നിവയില്‍ കൂടുതല്‍ അവഗാഹം നേടി.

പറാനായിലെ മലയിടുക്കുകളില്‍ ഓര്‍ബിഗ്നി ഫോസിലുകളെക്കുറിച്ചു പഠനം നടത്തുകയും ആ വിവരങ്ങള്‍ സമാഹരിച്ച്‌ വോയേജ്‌ ഡാന്‍സ്‌ എല്‍ അമേരിഖ്‌ മെറിഡീയോനേല്‍ (1839-42) എന്ന ഗ്രന്ഥം തയ്യാറാക്കുകയും ചെയ്‌തു. 1840-ലാണ്‌ പാലിയന്റോളജി ഫ്രാന്‍സൈസ്‌ ഔ ഡെസ്‌ക്രിപ്‌ഷന്‍ ഡെസ്‌ഫോസില്‍ ഡീലാ ഫ്രാന്‍സ്‌ എന്ന ഗ്രന്ഥപരമ്പരയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്‌. ഈ പരമ്പരയില്‍ ജൂറാസിക്‌, ക്രസ്റ്റേഷ്യസ്‌ അകശേരുകികളെക്കുറിച്ച്‌ എട്ടു വാല്യങ്ങള്‍ ഇദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വാല്യങ്ങള്‍ ഓര്‍ബിഗ്നിയുടെ മരണശേഷമാണ്‌ പുറത്തുവന്നത്‌. 1853-ല്‍ പാരിസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പാലിയന്റോളജി പ്രാഫസറായി ഓര്‍ബിഗ്നി നിയമിക്കപ്പെട്ടു. സെന്റ്‌ ഡെനീസിനടുത്തുള്ള പിയറേസിറ്റിയില്‍ വച്ച്‌ 1857 ജൂണ്‍ 30-ന്‌ ഇദ്ദേഹം അന്തരിച്ചു.

ഓര്‍ബിഗ്നിയുടെ മറ്റു പ്രമുഖ കൃതികളാണ്‌ കോഴ്‌സ്‌ എലിമെന്റയര്‍ ഡി പാലിയന്റോളജി എറ്റ്‌ ഡി ജിയോളജി സ്റ്റ്രറ്റിഗ്രാഫിഖ്‌സ്‌ (1849-52; 3 വാല്യങ്ങള്‍), പ്രാഡ്രാം ഡി പാലിയന്റോളജി സ്റ്റ്രാറ്റി ഗ്രാഫിഖ്‌ (1850-52; 3 വാല്യങ്ങള്‍) എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍