This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർതനെക്‌റ്റഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:24, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓര്‍തനെക്‌റ്റഡ

Orthonectida

മീസസോവ ജന്തുഫൈലത്തിലെ ഒരു ഗോത്രം. കടലിൽ കാണപ്പെടുന്ന വിവിധയിനം അകശേരുകികളുടെ ശരീരത്തിൽ പരാദജീവികളായി കഴിയുന്ന വളരെ ചെറിയ ജീവികളെയാണ്‌ ഈ ഫൈലത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ബീജസങ്കലനം കൂടാതെ രൂപംകൊള്ളുന്ന ഒരു അലൈംഗിക തലമുറയും, ബീജസങ്കലനഫലമായി രൂപമെടുക്കുന്ന ഒരു ലൈംഗികതലമുറയും മാറിമാറിവരുന്ന "തലമുറകളുടെ ഏകാന്തരണം'(alternation of generations)ഇവയുടെ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ്‌.

ഫ്‌ളാറ്റ്‌വേമുകള്‍, നെമർറ്റീന്‍ വേമുകള്‍, അനലിഡുകള്‍, ബ്രിട്ടിൽ സ്റ്റാറുകള്‍, കക്കകള്‍ തുടങ്ങിയ സമുദ്രജീവികളാണ്‌ ഓർതനെക്‌റ്റഡുകള്‍ക്ക്‌ ആതിഥേയത്വം നല്‌കുന്നത്‌. ഓർതനെക്‌റ്റഡുകള്‍ അവയുടെ ജീവിതചക്രത്തിലെ ഒരവസ്ഥയിൽ, അമീബ പോലെയുള്ള ബഹു-ന്യൂക്ലിയ പ്ലാസ്‌മോഡിയങ്ങളായി ആതിഥേയകോശങ്ങളിൽ കഴിയാറുണ്ട്‌. ആതിഥേയജീവിക്ക്‌ കാര്യമായ നാശമുണ്ടാക്കാന്‍ കഴിവുള്ളവയാണ്‌ ഈ പ്ലാസ്‌മോഡിയങ്ങള്‍. വിഖണ്ഡനം (fragmentation)മൂലം ഇവ പലപ്രാവശ്യം പ്രത്യുത്‌പാദനം നടത്തുന്നു. ഇതോടൊപ്പം "അനിഷേക ജനന' (parthenoge-nesis) ശേഷിയുള്ള ഏതാനും "ഏഗമീറ്റു'കളും രൂപമെടുത്തിട്ടുണ്ടാവും. ഈ ഏഗമീറ്റുകള്‍ ബഹുഭ്രൂണത(polyembryony)യിലൂടെ ആണും പെണ്ണുമടങ്ങിയ പുതിയൊരു ലൈംഗികതലമുറയ്‌ക്ക്‌ ജന്മമേകുന്നു. ഇക്കൂട്ടത്തിൽ അപൂർവമായി ഉഭയലിംഗികളും (hermaphrodites) ഉണ്ടായിരിക്കും. ഒരു പ്രത്യേക "ഏഗമീറ്റ്‌' ജന്മം നല്‌കുന്ന എല്ലാ അംഗങ്ങളും സാധാരണയായി ഒരു ലിംഗത്തിൽപ്പെട്ടതായിരിക്കും.

വളരെ ചെറുതും സിലിയ ഉള്ളതുമാണ്‌ ലൈംഗികതലമുറയിലെ ജീവികള്‍. സിലിയകളുള്ള ഒരുവരി കോശങ്ങളാൽ ആവൃതമായ ഒരു ലിംഗകോശപിണ്ഡമാണ്‌ ഇതിൽ ഒരു ജീവി എന്നു പറയാം. എന്നാൽ ഇവയിലെ സിലിയ-കോശങ്ങള്‍ വലയങ്ങളായി തിരിക്കാവുന്നതാണ്‌. മുന്നഗ്രത്തുള്ള കോശങ്ങളിലെ സിലിയകള്‍ മുന്നോട്ടായി കാണപ്പെടുന്നു. ഈ ഭാഗത്തിന്‌ "ആന്റീരിയർ കോണ്‍' എന്നാണ്‌ പേർ. ബാക്കിയെല്ലാഭാഗത്തും സിലിയകള്‍ പിന്നോട്ടാണ്‌ കാണപ്പെടുക. ആണ്‍ജീവിയുടെ സാധാരണ നീളം 0.1 മി.മീ. ആയിരിക്കും; പെണ്‍ജീവിക്ക്‌ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ്‌ വലുപ്പമുണ്ടാകും.

പൂർണവളർച്ചയെത്തുന്നതോടെ ഇവ ആതിഥേയശരീരത്തിനു പുറത്തുകടക്കുന്നു. സമുദ്രജലത്തിൽവച്ചാണ്‌ ഇണചേരൽ നടക്കുന്നത്‌. ബീജസങ്കലിതാണ്ഡങ്ങള്‍ സിലിയകളുള്ള ചെറുലാർവകളായി വികസിക്കുന്നു. മാതൃശരീരത്തിനുള്ളിൽനിന്ന്‌ രക്ഷപ്രാപിക്കുന്ന ഈ ലാർവകള്‍ പെട്ടെന്നുതന്നെ പുതിയ ആതിഥേയജീവികളെ പ്രാപിക്കുന്നതാണ്‌. ആതിഥേയശരീരത്തിൽ കടക്കുന്നയുടന്‍ ലാർവയുടെ സിലിയ-കോശനിര നഷ്‌ടമാവുകയും അതിനുള്ളിലുണ്ടായിരുന്ന കോശങ്ങള്‍ ആതിഥേയശരീരത്തിലാകമാനം പരക്കുകയും ചെയ്യുന്നു. ഈ ഓരോ കോശവും ഓരോ പ്ലാസ്‌മോഡിയമായിത്തീരും. ഇപ്രകാരം ഇതിന്റെ ജീവിതചക്രം പൂർണമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍