This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഹിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:40, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓഹിയോ

Ohio

യു.എസ്സിലെ ഒരു ഘടക സംസ്ഥാനം. ഓഹിയോ എന്ന വാക്കിനർഥം മഹാനദി(great river) എന്നാണ്‌. 1803-ൽ സ്റ്റേറ്റ്‌ പദവി ലഭിച്ച ഓഹിയോ വലുപ്പംകൊണ്ട്‌ യു.എസ്‌. സംസ്ഥാനങ്ങളിൽ 34-ാമത്തെ സ്ഥാനത്തും ജനസംഖ്യാക്രമത്തിൽ 7-ാമതുമാണ്‌. ഫെഡറൽ യൂണിയനിലെ 17-ാമത്തെ അംഗമാണ്‌. ഓഹിയോ. കിഴക്ക്‌ പെന്‍സിൽവേനിയ, തെക്കുകിഴക്കും തെക്കും പശ്ചിമ വെർജീനിയ, കെന്റക്കി, പടിഞ്ഞാറ്‌ ഇന്ത്യാന, വടക്കുപടിഞ്ഞാറ്‌ മിഷിഗണ്‍ എന്നിങ്ങനെയാണ്‌ അയൽസംസ്ഥാനങ്ങള്‍; വടക്കതിര്‌ ഈറി തടാകവുമാണ്‌. യു.എസ്സിലെ മുന്തിയ വ്യാവസായിക മേഖലയുടെ ഹൃദയഭാഗത്തും അസംസ്‌കൃത വിഭവങ്ങളുടെ കേന്ദ്രങ്ങള്‍ക്കു തൊട്ടടുത്തുമായി സ്ഥിതിചെയ്യുന്ന ഓഹിയോ സാമ്പത്തിക-സാമൂഹികരംഗങ്ങളിൽ വലുതായ പുരോഗതി ആർജിച്ചിരിക്കുന്നു. വിസ്‌തീർണം: 1,16,096 ച.കി.മീ.; തലസ്ഥാനം കൊളംബസ്‌. ജനസംഖ്യ: 11,544,951 (2011).

ഭൂപ്രകൃതി. ഓഹിയോയുടെ കിഴക്കന്‍ഭാഗം അല്ലിഗനി നിരകളുടെ തുടർച്ചയായ ഉന്നത തടങ്ങളാണ്‌; ഈറിതടാകം മുതൽ തെക്ക്‌ ഓഹിയോ നദീതീരം വരെ തുടർന്നു കാണുന്ന മേഖലയാണിത്‌. ഈ മേഖലയുടെ വടക്കരികിൽ പ്രാക്കാലത്തെ ഹിമാതിക്രമണത്തിന്റെയും പിന്‍വാങ്ങലിന്റെയും ഫലമായുണ്ടായ സവിശേഷ ഭൂരൂപങ്ങള്‍ കാണാം. തെക്കേപകുതി വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികള്‍ കാർന്നെടുത്തിട്ടുള്ള ചുരങ്ങള്‍മൂലം സങ്കീർണ ഭൂപ്രകൃതിയുള്ള നിമ്‌നോന്നത പ്രദേശമാണ്‌. ഇവിടെ 425 മീറ്ററിലേറെ ഉയരമുള്ള നിരവധി സ്ഥാനങ്ങളുണ്ട്‌. ഈറി തടാകതീരം മുതൽ സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറ്‌ മിഷിഗണ്‍ അതിർത്തിവരെ വ്യാപിച്ചുകാണുന്ന സമതലം ക്രമരഹിതമായ രീതിയിൽ തെക്കോട്ടു നീണ്ടു കാണുന്നു. ഈ സമതലത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ മുന്‍കാലത്ത്‌ ജലാന്തരിതമായോ ചതുപ്പുകളായോ കിടന്നിരുന്നവയാണ്‌; ഇപ്പോള്‍ സാങ്കേതിക പ്രവിധികളിലൂടെ വെള്ളം ചോർത്തിക്കളഞ്ഞ്‌ ഈ പ്രദേശത്ത്‌ കാർഷികോപയുക്തമാക്കിത്തീർത്തിട്ടുണ്ട്‌. യു.എസ്സിലെ മധ്യസമതലം ഓഹിയോയുടെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലേക്കു തുടർന്നു കാണുന്നു; സംസ്ഥാനത്തെ ഏറ്റവും താണപ്രദേശങ്ങളോടൊപ്പം ഏറ്റവും ഉയർന്ന സ്ഥാനവും മധ്യസമതലത്തിലാണ്‌.

അപവാഹം. ഓഹിയോയിലെ സാമാന്യം വിപുലമായ ജനസഞ്ചയത്തിന്റെ നാനാവിധ ഉപഭോഗങ്ങള്‍ക്കുവേണ്ട ജലം ലഭ്യമാക്കുന്നത്‌ സംസ്ഥാനത്തെമ്പാടുമുള്ള തടാകങ്ങളും കൃത്രിമ ജലാശയങ്ങളും നദികളുമാണ്‌. ഒരു കാലത്ത്‌ ഹിമാതിക്രമണത്തിനു വിധേയമായിരുന്ന ഈ മേഖലയിൽ സാമാന്യം ഉയർന്ന തോതിലുള്ള വർഷപാതവുമുണ്ട്‌. വമ്പിച്ച ഭൂജലശേഖരമുള്ള മേഖലയാണ്‌ ഓഹിയോ.

സംസ്ഥാനത്തിന്റെ വടക്കതിരിലുള്ള ഈറിതടാകം താരതമ്യേന ആഴം കുറഞ്ഞതാണ്‌. വടക്കുനിന്നുള്ള പല കാറ്റിന്റെയും ഗതിക്കനുസരിച്ച്‌ ഈറി തടാകതീരത്ത്‌ വെള്ളപ്പൊക്കമുണ്ടാവുക സാധാരണമാണ്‌. തടാകതീരം തീവ്രമായ അപരദനത്തിനുവഴിപ്പെട്ടു കാണുന്നു. ഇവിടെയുള്ള തുറമുഖങ്ങള്‍ വന്‍തോതിലുള്ള മണ്ണടിയൽമൂലം പലപ്പോഴും ഉപയോഗശൂന്യമായി ഭവിക്കുന്നു. ഈറിതീരം ജനസാന്ദ്രമാണ്‌. ഇവിടെയുള്ള മിക്ക നഗരങ്ങളും ശുദ്ധജല വിതരണത്തിന്‌ ഈ തടാകത്തെയാണ്‌ ആശ്രയിക്കുന്നത്‌. ഈറി തടാകത്തിലേക്ക്‌ ഒഴുകിവീഴുന്ന പ്രധാന നദികളാണ്‌ മോമി, കൈയഹോഗ എന്നിവ. ഈ നദികളുടെ പ്രഭവസ്ഥാനം ഓഹിയോ സംസ്ഥാനത്തെ പ്രധാന ജലവിഭാജക(water shed)മാണെന്നു പറയാം. ഇതിന്റെ മറുപുറത്തുനിന്ന്‌ ഉദ്‌ഭവിച്ച്‌ തെക്കോട്ടൊഴുകുന്ന മയാമി, സയോട്ട, മസ്‌കിങ്‌ഗ തുടങ്ങിയ നദികള്‍ ഓഹിയോ-മിസിസിപ്പി വ്യൂഹത്തിൽപ്പെട്ടവയാണ്‌. ഓഹിയോനദി ഓഹിയോ സംസ്ഥാനത്തിനുള്ളിൽ ഒഴുകുന്നില്ല. എന്നാൽ കനാലുകളിലൂടെ ഈ നദിയിലെ ജലം സംസ്ഥാനത്തെ ഉപഭോഗത്തിനു വഴിപ്പെടുത്തിയിരിക്കുന്നു. ഈറി തടാകത്തിലേക്കൊഴുകുന്ന നദികള്‍ സംസ്ഥാനത്തിന്റെ വിസ്‌തൃതിയിൽ 30 ശതമാനവും ഓഹിയോ-മിസിസിപ്പി വ്യൂഹത്തിൽപ്പെട്ടവ 70 ശതമാനവും ജലസിക്തമാക്കുന്നു. ഓഹിയോ സംസ്ഥാനത്തിനുള്ളിൽ 110 തടാകങ്ങളാണുള്ളത്‌; ഇവയിൽ 83 എണ്ണവും കൃത്രിമമായി നിർമിക്കപ്പെട്ടവയാണ്‌.

കാലാവസ്ഥ. കാനഡയിൽ നിന്നെത്തുന്ന ശീതളവായുപിണ്ഡവും മെക്‌സിക്കോ ഉള്‍ക്കടലിൽ നിന്നുവരുന്ന ഊഷ്‌മളവായുപിണ്ഡവും കൂടിക്കലരുന്ന സമ്മിശ്രമേഖലയിലാണ്‌ ഓഹിയോ സ്ഥിതിചെയ്യുന്നത്‌. തന്മൂലം സാമാന്യം നല്ല മഴ (96.5 സെ.മീ.) ലഭിക്കുന്നു. ഹിമപാതവും (71 സെ.മീ.) കുറവല്ല. അത്യുഷ്‌ണമോ അതിശൈത്യമോ അനുഭവപ്പെടുന്നില്ലെന്നു പറയാം. സാമാന്യ ഭൂകമ്പ സാധ്യതയുണ്ടെങ്കിലും തീവ്രതവളരെ കുറവായ രാജ്യമാണ്‌ ഓഹിയോ. 2002 മുതൽ 2007 വരെ ഏകദേശം 30-തോളം ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

സസ്യങ്ങളും ജന്തുക്കളും. വനങ്ങള്‍ ഒട്ടുമുക്കാലും തെളിക്കപ്പെട്ട അവസ്ഥയാണ്‌ ഇന്നുള്ളത്‌. സംസ്ഥാനത്തെ മൊത്തം ഭൂമിയിൽ 20 ശതമാനം മാത്രമാണ്‌ വനങ്ങളായുള്ളത്‌. ഇവയിൽ ഓക്‌, ആഷ്‌, മേപ്പിള്‍, വാള്‍നട്ട്‌, ബാസ്‌വുഡ്‌, ഹിക്കറി, ബീച്ച്‌ തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമാണ്‌. മാന്‍, കുറുനരി, പന്നി, മുയൽ, സ്‌കങ്ക്‌, ഒപ്പോസം തുടങ്ങിയ മൃഗങ്ങള്‍ ഓഹിയോയിലെ വനങ്ങളിൽ വിഹരിക്കുന്നു. 350-ഓളമിനം പക്ഷികളെയും ബാസ്‌, ട്രൗട്ട്‌, പെർച്ച്‌ തുടങ്ങി 170-ഓളം ഇനം മത്സ്യങ്ങളെയും ഇവിടെ കണ്ടെത്താം.

ജനങ്ങള്‍. ഈ സ്റ്റേറ്റിലെ ജനങ്ങളിൽ 75 ശതമാനത്തിലേറെ നഗരവാസികളാണ്‌; 43 ശതമാനം ആളുകളും അഞ്ച്‌ വന്‍നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി വസിക്കുന്നു. ഓഹിയോ അതിർത്തിയിൽ യൂറോപ്യന്‍ അധിവാസം ആരംഭിച്ചത്‌ 1788-ലാണ്‌. ബ്രിട്ടീഷ്‌, ജർമന്‍, സ്വിസ്‌ എന്നീ വിഭാഗക്കാർക്കാണ്‌ പ്രാബല്യമുള്ളത്‌. യൂറോപ്പിലെ റഷ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും ജപ്പാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നും കുടിയേറിയിട്ടുള്ള നിരവധി കുടുംബങ്ങളെ ഓഹിയോയിൽ കണ്ടെത്താം. 2007-ലെ ഭാഷാപഠന കണക്കുകള്‍ പ്രകാരം ഓഹിയോ സംസ്ഥാനത്തിലെ 28.9 ശതമാനം പേർ ജർമനും 14.8 ശതമാനം പേർ ഐറിഷും 10.1 ശതമാനം പേർ ഇംഗ്ലീഷ്‌ ഭാഷയും സംസാരിക്കുന്നവരാണ്‌. ജനങ്ങള്‍ 11.8 ശതമാനം പേർ കറുത്ത വർഗക്കാരാണെന്ന്‌ കാനേഷുമാരിയിൽ തെളിഞ്ഞിട്ടുണ്ട്‌. ജനങ്ങളിൽ 76 ശതമാനം ക്രിസ്‌ത്യാനികളും ബാക്കിയുള്ളവരിൽ ഭൂരിഭാഗവും പ്രാട്ടസ്റ്റന്റും ശേഷിച്ചവർ ബുദ്ധ-ഹിന്ദു-ഇസ്‌ലാംമതക്കാരുമാണ്‌.

സമ്പദ്‌വ്യവസ്ഥ. യു.എസ്‌. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കാർഷികോത്‌പാദന രംഗത്ത്‌ മുന്‍പന്തിയിൽ നില്‌ക്കുന്ന ഓഹിയോയിലെ 60 ശതമാനം ഭൂമിയും കൃഷിനിലങ്ങളാണ്‌. യന്ത്രവത്‌കൃതകൃഷി സമ്പ്രദായം സാർവത്രികമായതോടെ കാർഷികകേന്ദ്ര(ഫാം)ങ്ങളുടെ എണ്ണം ചുരുങ്ങുകയും ഒപ്പം വ്യാപ്‌തി വർധിക്കുകയും ചെയ്‌തിരിക്കുന്നു. കർഷകത്തൊഴിലാളികളുടെ സംഖ്യയിലും കുറവുണ്ടായിട്ടുണ്ട്‌. ചോളം, ഓട്‌സ്‌, ഫലവർഗങ്ങള്‍, മലക്കറിയിനങ്ങള്‍ എന്നിവയാണ്‌ മുഖ്യവിളകള്‍. കന്നുകാലിവളർത്തലും കോഴിവളർത്തലും വമ്പിച്ച തോതിൽ നടന്നു വരുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിലും ഓഹിയോ പിന്നാക്കമല്ല. കൽക്കരിയാണ്‌ ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഇരുമ്പ്‌, പെട്രാളിയം, ചുണ്ണാമ്പുകല്ല്‌, വാസ്‌തുശിലകള്‍, കളിമണ്ണ്‌, ഷെയ്‌ൽ, ഉപ്പ്‌, ജിപ്‌സം തുടങ്ങിയവയും വന്‍തോതിൽ ലഭിച്ചുവരുന്നു.

ധാതുക്കള്‍, ഇതര അസംസ്‌കൃത വസ്‌തുക്കള്‍, ഭൂജലം എന്നിവ ധാരാളമായി ലഭിക്കുന്നതുമൂലം ഓഹിയോ വ്യാവസായിക രംഗത്തു വമ്പിച്ച പുരോഗതി ആർജിച്ചിരിക്കുന്നു. റബ്ബർ ഉത്‌പന്നങ്ങള്‍, പിഞ്ഞാണസാധനങ്ങള്‍, വൈദ്യുതയന്ത്രങ്ങള്‍, പമ്പുകള്‍, പ്ലംബിങ്‌ (plumbing) ഉപകരണങ്ങള്‍ എന്നിവയുടെ നിർമാണത്തിൽ ഓഹിയോ യു.എസ്സിലെ ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കിയിരിക്കുന്നു. എണ്ണശുദ്ധീകരണം, സിറാമിക്‌സ്‌, ഇരുമ്പുരുക്ക്‌ തുടങ്ങിയ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഭക്ഷ്യപേയങ്ങള്‍, കണ്ണാടി, വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, സോപ്പ്‌ തുടങ്ങിയ അപമാർജകങ്ങള്‍, പ്ലാസ്റ്റിക്‌ സാധനങ്ങള്‍, രാസദ്രവ്യങ്ങള്‍ തുടങ്ങിയവയും വന്‍തോതിൽ ഉത്‌പാദിപ്പിച്ചു വരുന്നു. വളരെയേറെ വികാസം പ്രാപിച്ചിട്ടുള്ള മറ്റൊരു വ്യവസായമാണ്‌ അച്ചടി. മോട്ടോർ വാഹന ഉത്‌പാദനരംഗത്തും സ്റ്റീൽ, ഇരുമ്പ്‌ എന്നിവയുടെ ഉത്‌പാദനത്തിലും ഓഹിയോ മുന്‍പന്തിയിലാണ്‌. റബ്ബർ, പ്ലാസ്റ്റിക്‌ ഉത്‌പാദനരഗംത്ത്‌ ഇന്ന്‌ ഒന്നാം സ്ഥാനം ഓഹിയോ നേടിയിട്ടുണ്ട്‌.

ലോകത്തിലെ ഏറ്റവും നല്ല ബിസിനസ്സ്‌ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ്‌ ഓഹിയോ. അമേരിക്കയുടെ വാണിജ്യരംഗത്ത്‌ 3.2 ശതമാനം കയറ്റുമതി ഉത്‌പാദനവും നടത്തുന്നത്‌ ഓഹിയോ ആണ്‌. 2009-ലെ വേള്‍ഡ്‌ ബാങ്ക്‌ റിപ്പോർട്ട്‌ പ്രകാരം ലോകസമ്പദ്‌ വ്യവസ്ഥിതിയിൽ 20-ാം സ്ഥാനത്ത്‌ നിൽക്കുന്നത്‌ ഓഹിയോ ആണ്‌. ഊർജോത്‌പാനദരംഗത്ത്‌ ധാരാളം കമ്പനികള്‍ പ്രവർത്തിക്കുകയും രാജ്യത്ത്‌ സൗരോർജരംഗത്ത്‌ രണ്ടാം സ്ഥാനത്ത്‌ നിലകൊള്ളുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയിൽ വന്നമാറ്റം ദാരിദ്യ്രനിരക്ക്‌ 13.6 ശതമാനവും തൊഴിലില്ലായ്‌മ നിരക്ക്‌ 9.1 ശതമാനവുമായി കുറച്ചിട്ടുണ്ട്‌.

ചരിത്രം. ചരിത്രാതീത കാലത്തുതന്നെ അമേരിന്ത്യർ ഇവിടെ നിവസിച്ചിരുന്നു. എന്നാൽ ചരിത്രകാലത്തു വസിച്ചിരുന്നവർ പിൽക്കാലത്ത്‌ കുടിയേറ്റക്കാരായിരുന്നു. ഈറി തടാകത്തിനു തെക്കേതീരത്തു പാർത്തിരുന്നവരെ 17-ാം ശതകത്തിന്റെ അന്‍പതുകളിൽ ഇറക്വോയികള്‍ പുറത്താക്കി. 18-ാം ശതകത്തിന്റെ പ്രാരംഭത്തോടെ മിയാമികള്‍, ഷാനികള്‍, ഹൂറോണുകള്‍ എന്നിവരും ഓഹിയോയിലേക്കു കടന്നു.

കുടിയേറ്റം. ഈറിതടാകം ആദ്യമായി കണ്ടെത്തിയത്‌ (1669) ഫ്രഞ്ചുകാരായിരുന്നു; ഓഹിയോനദി കണ്ടുപിടിച്ചതും അവരായിരുന്നിരിക്കണം. 1685-ൽ ബ്രിട്ടീഷ്‌ കമ്പിളിവ്യാപാരികള്‍ ഈറിതടാകത്തിലൂടെ മക്കിനാക്‌ പ്രദേശത്തേക്കു കടന്നെങ്കിലും രണ്ടാമതു നടത്തിയ ശ്രമത്തെ ഫ്രഞ്ചുകാർ തടഞ്ഞു. കരോളിന, വിർജീനിയ, പെന്‍സിൽവേനിയ എന്നിവിടങ്ങളിലെ കച്ചവടക്കാർ 18-ാം ശതകത്തിന്റെ ആദികാലങ്ങളിൽ ഇവിടെ പ്രത്യക്ഷപ്പെട്ടു. ഓഹിയോയിൽ മേധാവിത്വം സ്ഥാപിക്കുവാനുള്ള ശ്രമം അമേരിന്ത്യരും ആംഗ്ലോ-ഫ്രഞ്ച്‌ കുടിയേറ്റക്കാരും തമ്മിൽ 18-ാം ശതകത്തിന്റെ അന്ത്യംവരെ, ഇടവിട്ടുള്ള യുദ്ധങ്ങളിൽ കലാശിച്ചു.

അമേരിക്കന്‍ സ്വാതന്ത്യ്രസമര(1775)ത്തിനുശേഷം ന്യൂയോർക്ക്‌, മാസാച്യസെറ്റ്‌സ്‌, വിർജീനിയ, കണക്‌റ്റിക്കട്ട്‌ എന്നീ സ്റ്റേറ്റുകള്‍ ഓഹിയോയിലെ ഭൂഭാഗങ്ങളുടെമേൽ അവർ സ്ഥാപിച്ചിരുന്ന അവകാശം കോണ്‍ഗ്രസ്സിനു വിട്ടുകൊടുത്തു (1781-86). എന്നാൽ വിർജീനിയ, ലിറ്റിൽ മിയാമി-ഷിയോതൊ നദികള്‍ക്കിടയ്‌ക്കുള്ള പ്രദേശവും കണക്‌റ്റിക്കട്ട്‌ ഈറിതടാകത്തിനു സമീപമുള്ള പ്രദേശ(വെസ്റ്റേണ്‍ റിസർവ്‌)വും തുടർന്നും കൈവശം വച്ചിരുന്നു. പില്‌ക്കാലത്ത്‌ മാസാച്യസെറ്റ്‌സ്‌ വെസ്റ്റേണ്‍ റിസർവിലെ 20,235 ഹെക്‌ടർ സ്ഥലം സ്വാതന്ത്യ്രസമരകാലത്ത്‌ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ ആക്രമണംമൂലം സ്വത്തുക്കള്‍ നഷ്‌ടപ്പെട്ടവർക്കായി നൽകി; ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഊഹക്കച്ചവടക്കാർക്കുവിറ്റു.

1787-ൽ കോണ്‍ഗ്രസ്സുമായുണ്ടായ തീരുമാനപ്രകാരം ഓഹിയോ കമ്പനി (ഓഹിയോയിൽ കുടിയേറ്റത്തിനായി 1747-ൽ രൂപവത്‌കരിക്കപ്പെട്ടു) ഓഹിയോ നദീതീരത്തോടുചേർന്ന 60,705 ഹെക്‌ടർ സ്ഥലം വിലയ്‌ക്കുവാങ്ങി. ന്യൂയോർക്കിലെ ഊഹക്കച്ചവടക്കാരുടെ ഷിയോതൊ കമ്പനി ഈ സ്ഥലത്തിനു വടക്കും പടിഞ്ഞാറുമായി സ്ഥിതിചെയ്‌തിരുന്ന ഒരു വലിയ പ്രദേശവും കരസ്ഥമാക്കി. 1787-ൽ കോണ്‍ഗ്രസ്‌ പാസ്സാക്കിയ ഒരു ഉത്തരവിന്‍ പ്രകാരം ഓഹിയോ നദിക്കു വടക്കുള്ള പ്രദേശത്തിനു മുഴുവനുമായി ഒരു ഭരണസമ്പ്രദായത്തിനു വ്യവസ്ഥ ചെയ്‌തു. 1787 ജൂലായിൽ ഗവർണർ ആർതർ സെന്റ്‌ ക്ലേയർ ഇവിടെ ഒരു പ്രാദേശിക ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചു. ഓഹിയോ കമ്പനിയുടെ പ്രദേശത്തെ കുടിയേറ്റക്കാർ ഭൂരിഭാഗവും ന്യൂ ഇംഗ്ലണ്ടിൽ നിന്നു വന്നവരായിരുന്നു.

വിപ്ലവത്തിനുശേഷം കുടിയേറ്റക്കാരായി വന്ന അമേരിക്കക്കാർക്ക്‌ അമേരിന്ത്യരിൽനിന്നും പല പീഡനങ്ങളും നേരിട്ടു. 1791 ന. 4-ന്‌ സെന്റ്‌ ക്ലേയറുടെ നേതൃത്വത്തിലുള്ള ഒരു സൈന്യത്തെ അമേരിന്ത്യന്‍ തുരത്തി. എന്നാൽ 1794 ആഗസ്റ്റിൽ ഇദ്ദേഹം അവരെ തോല്‌പിച്ചു; ഗ്രന്‍വിൽ സന്ധിപ്രകാരം ഓഹിയോയുടെ ഗണ്യമായ ഭാഗം അമേരിക്കക്കാരുടെ വാസത്തിനായി അവർ വിട്ടുകൊടുത്തു. ഇതോടെ അമേരിക്കക്കാർക്കെതിരായ അമേരിന്ത്യന്‍ ചെറുത്തുനില്‌പിന്റെ നട്ടെല്ലു തകർന്നു.

ജനസംഖ്യാവർധനവും സെന്റ്‌ ക്ലേയറുടെ സ്വേച്ഛാഭരണവും സ്റ്റേറ്റ്‌ പദവിക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനം ആരംഭിക്കുവാന്‍ ഇടയാക്കി. തെരഞ്ഞെടുക്കപ്പെടുന്ന ഒരു കണ്‍വെന്‍ഷന്‍ ഇതിനെപ്പറ്റി ആലോചിക്കുവാനും അനുകൂലമെങ്കിൽ ഒരു ഭരണഘടനയ്‌ക്കു രൂപം നല്‌കുവാനും തീരുമാനിക്കപ്പെട്ടു.

സ്റ്റേറ്റ്‌പദവി. തെരഞ്ഞെടുക്കപ്പെട്ട 35 പ്രതിനിധികളുടെ ഒരു കണ്‍വെന്‍ഷന്‍ 1802 ന. 1-ന്‌ സമ്മേളിക്കുകയും ഒരാളൊഴികെയുള്ളവർ സ്റ്റേറ്റ്‌ പദവിക്ക്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്‌തു. അതിനുശേഷം 25 ദിവസത്തിനകം ഒരു ഭരണഘടന രൂപപ്പെടുത്തി കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളുടെ ഫലമായി 1803 മാർച്ച്‌ 1-ന്‌ ആദ്യത്തെ ജനറൽ അസംബ്ലി നിലവിൽവന്നു. നിയമനത്തിനോ വീറ്റോയ്‌ക്കോ അധികാരമില്ലാത്ത ഒരു ഗവർണറും എക്‌സിക്യൂട്ടീവ്‌-ജൂഡീഷ്യൽ ഉദ്യോഗസ്ഥന്മാരെ നിയമിക്കാന്‍ അധികാരമുള്ള നിയമനിർമാണസഭയും ഭരണഘടനയിൽ നിബന്ധന ചെയ്‌തു.

19-ാം ശതകത്തിന്റെ പ്രാരംഭത്തിൽ റിപ്പബ്ലിക്കന്‍ പാർട്ടിയിൽ ഭിന്നിപ്പുണ്ടാകുന്നതുവരെ ഓഹിയോ ഭരിച്ചിരുന്നത്‌ അവരായിരുന്നു. 1816 വരെ ചില്ലിക്കോത്ത്‌ ആയിരുന്നു തലസ്ഥാനം. എന്നാൽ 1810-12 കാലത്തേക്കുമാത്രം ഈ പദവി സാന്‍സ്‌മില്ലിനു ലഭിച്ചിരുന്നു. 1816 മുതൽ കൊളംബസ്‌ തലസ്ഥാനമായി.

പുതിയ ഭരണഘടന. 1851-ൽ ഓഹിയോ ഒരു പുതിയ ഭരണഘടനയ്‌ക്കു രൂപം നല്‌കി. ഇതിൽ നിയമനിർമാണസഭയ്‌ക്കുണ്ടായിരുന്ന അധികാരങ്ങള്‍ ഗണ്യമായി കുറച്ചു. ന്യായാധിപന്മാരെയും ഉയർന്ന ഉദ്യോഗസ്ഥന്മാരെയും ജനകീയ വോട്ടുവഴി തെരഞ്ഞെടുക്കുവാന്‍ വ്യവസ്ഥ ചെയ്‌തു. ഒരു പുതിയ സമ്പ്രദായത്തിലുള്ള കോടതികള്‍ സൃഷ്‌ടിക്കപ്പെട്ടു. നിയമനിർമാണസഭയുടെ രണ്ടു മണ്ഡലങ്ങളിലേക്കും രണ്ടു വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പു നടത്തുന്നതിനുപുറമേ പ്രായപൂർത്തിയായവരും വെള്ളക്കാരുമായ എല്ലാ പുരുഷന്മാർക്കും വോട്ടവകാശം നൽകുവാനും പുതിയ ഭരണഘടന അനുശാസിച്ചു.

1900-ത്തിനുശേഷം ഭരണഘടനയുടെ നവീകരണത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനം ആരംഭിച്ചു. 1903-ൽ ഗവർണർക്കു വീറ്റോ അധികാരം നൽകിക്കൊണ്ടുള്ള ഒരു ഭേദഗതി അംഗീകരിച്ചിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും 1851-ലെ ഭരണഘടനയിൽ വരുത്തിയിരുന്നില്ല. 1912-ൽ ചേർന്ന ഭരണഘടനാകണ്‍വെന്‍ഷന്‍ ഒരു പുതിയ ഭരണഘടനയ്‌ക്കു രൂപം നൽകിയില്ലെങ്കിലും 41 ഭേദഗതികള്‍ സമ്മതിദായികരുടെ പരിഗണനയ്‌ക്കായി സമർപ്പിച്ചു. സ്‌ത്രീകള്‍ക്കു വോട്ടവകാശവും വധശിക്ഷ നിർത്തലാക്കുന്നതുമുള്‍പ്പെടെ എട്ട്‌ ഭേദഗതികള്‍ നിരാകരിക്കപ്പെട്ടു. തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കാവശ്യമായ നടപടികള്‍ക്ക്‌ അംഗീകാരം ലഭിച്ചു. 1912-ലെ തെരെഞ്ഞെടുപ്പിൽ ഗവർണർ സ്ഥാനവും നിയമനിർമാണസഭയിൽ വ്യക്തമായ ഭൂരിപക്ഷവും ഡെമോക്രാറ്റിക്‌ പാർട്ടിക്കു ലഭിച്ചു; പുതിയ നയങ്ങള്‍ നിയമനിർമാണം വഴി നടപ്പാക്കുവാന്‍ ഈ അന്തരീക്ഷം അനുയോജ്യമായിരുന്നു.

ഒന്നാം ലോകയുദ്ധകാലത്ത്‌ ഓഹിയോ സൈനിക-വ്യാവസായിക പ്രവർത്തനങ്ങളുടെ രംഗമായി മാറി. യുദ്ധാനന്തരമുണ്ടായ (1920) പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ രണ്ട്‌ സ്ഥാനാർഥികള്‍ (ഹാർഡിങും കോക്‌സും) ഓഹിയോക്കാരായിരുന്നു. ഇതിൽ റിപ്പബ്ലിക്കനായ ഹാർഡിങാണ്‌ വിജയിയായത്‌.

രണ്ടാം ലോകയുദ്ധകാലത്ത്‌ ഓഹിയോ ഒരു പ്രധാന വെടിക്കോപ്പുശാലയായി വർത്തിച്ചു; 8,40,000-ത്തോളം പൗരന്മാർ സൈനികസേവനത്തിനു ചേരുകയുണ്ടായി.

1953 ആഗ. 7-ന്‌ ഓഹിയോയെ യൂണിയനിലേക്കു പ്രവേശിപ്പിച്ചുകൊണ്ടുള്ള ഒരു ഔപചാരിക പ്രമേയം കോണ്‍ഗ്രസ്‌ അംഗീകരിച്ചു. അങ്ങനെ 1803 മുതൽ നിർവഹിക്കപ്പെടാതിരുന്ന പ്രസ്‌തുത ഔപചാരിക നടപടി പൂർത്തിയായി. രാഷ്‌ട്രീയം. റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളുമാണ്‌ ഓഗിയോയിലെ മുഖ്യരാഷ്‌ട്രീയ പാർട്ടികള്‍. ഓഹിയോസ്റ്റേറ്റ്‌ സെനറ്റിൽ റിപ്പബ്ലിക്കന്‍സാണ്‌ ഭൂരിപക്ഷം നിലനിർത്തുന്നത്‌. 2004-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിൽ ജോർജ്‌ ബുഷ്‌ പ്രസിഡന്റായ അവസരത്തിൽ ഓഹിയോ നിർണായക സ്വാധീനം ചെലുത്തുകയുണ്ടായി. ജനസാന്ദ്രതയേറിയ ഓഹിയോ അമേരിക്കന്‍ രാഷ്‌ട്രീയത്തിൽ നിർണായകഘടകമാണ്‌. വില്യം ഹെന്‌റി ഹാരിസണ്‍ തുടങ്ങി എട്ട്‌ പ്രസിഡന്റുമാർ ഓഹിയോയിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇക്കാരണത്താൽ മദർ ഒഫ്‌ പ്രസിഡന്റ്‌ എന്ന്‌ ഓഹിയോ അറിയപ്പെടുന്നു.

ഗതാഗതം. അമേരിക്കയിലെ പ്രധാനപ്പെട്ട പൂർവപശ്ചിമ ഗതാഗതപ്പാതകളായ യു.എസ്‌. ഹൈവേ 30, യു.എസ്‌. റൂട്ട്‌ 40 മുതലായവ ഓഹിയോയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ആധുനിക നിരത്തുകളുടെയും അന്തർസംസ്ഥാനഹൈവേകളുടെയും ഒരു ശൃംഖല തന്നെ ഇവിടെയുണ്ട്‌.

അഞ്ച്‌ അന്തർദേശീയ വിമാനത്താവളങ്ങളുള്‍പ്പെട്ട ഓഹിയോയിൽ പതിനൊന്ന്‌ വിമാനത്താവളങ്ങളുണ്ട്‌.

വിദ്യാഭ്യാസം. വിദ്യാഭ്യാസരംഗത്ത്‌ വളരെയേറെ പുരോഗതി നേടിയ ഒരു പ്രവിശ്യയാണ്‌ ഓഹിയോ. പ്രമറി സെക്കണ്ടറി ഉന്നതവിദ്യാഭ്യാസമേഖലകളിലായി നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വർഷംപ്രതി നാലുലക്ഷം വിദ്യാർഥികള്‍ പഠനത്തിലേർപ്പെടുന്നു. അമേരിക്കയിലെ സർവകലാശാലാ വിദ്യാഭ്യാസരംഗത്ത്‌ അഞ്ചാംസ്ഥാനമാണ്‌ ഓഹിയോക്കുള്ളത്‌. 13 സ്റ്റേറ്റ്‌ സർവകലാശാലകളും 24 പ്രാദേശികകേന്ദ്രങ്ങളും 46 സ്വകാര്യ സർവകലാശാലകളും കോളജുകളും ആറ്‌ മെഡിക്കൽ സ്‌കൂളുകളും 15 കമ്യൂണിറ്റി കോളജുകളും എട്ട്‌ ടെക്‌നിക്കൽ കോളജുകളും 24 സ്വതന്ത്ര കോളജുകളും ഇവിടെയുണ്ട്‌.

അമേരിക്കയിലെ ഏറ്റവും മികച്ച പബ്ലിക്‌ ലൈബ്രറികളിൽ പലതും ഓഹിയോയിലാണ്‌ പ്രവർത്തിക്കുന്നത്‌. കൊളമ്പസ്‌ പബ്ലിക്‌ ലൈബ്രറി ഇവയിൽ മുന്നിട്ടുനിൽക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B9%E0%B4%BF%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍