This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌കാർ അവാർഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:46, 22 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓസ്‌കാർ അവാർഡ്‌

Oscar Award

പ്രസിദ്ധ ഹോളിവുഡ്‌ ചലച്ചിത്ര അവാർഡ്‌. യു.എസ്സിലെ "അക്കാദമി ഒഫ്‌ മോഷന്‍ പിക്‌ചർ ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌' ആണ്‌ ഈ അവാർഡ്‌ നൽകുന്നത്‌. ചലച്ചിത്രരംഗത്ത്‌ ഏറ്റവും അഭിമാനാർഹമായ ബഹുമതിയായി കണക്കാക്കപ്പെട്ടുവരുന്ന ഈ അവാർഡ്‌ ഏറ്റവും ഉന്നതന്മാരായ ചലച്ചിത്ര കഥാകൃത്തുക്കള്‍, സംവിധായകർ, ഫിലിം നിർമാതാക്കള്‍, ഗായകർ, കാമറാമാന്മാർ, നടീനടന്മാർ, സഹനടീനടന്മാർ എന്നിവർക്ക്‌ വർഷംതോറും നൽകിവരുന്നു. മരണാനന്തര ബഹുമതിയായും ഓസ്‌കാർ അവാർഡ്‌ നൽകിയിട്ടുണ്ട്‌.

1927-ലാണ്‌ ഓസ്‌കാർ അവാർഡ്‌ ഏർപ്പെടുത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചത്‌. ചലച്ചിത്രരംഗത്ത്‌ ഹോളിവുഡിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ചലച്ചിത്രവ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും സഹായിക്കുന്ന തരത്തിൽ വർഷംതോറും ചില അവാർഡുകള്‍ നൽകുന്നത്‌ പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം 1927 മേയ്‌ 11-ന്‌ ആദ്യമായി യോഗം ചേർന്ന അക്കാദമിയിൽ പൊന്തിവന്നു. ഈ അഭിപ്രായം അംഗീകരിക്കുകയും സമ്മാനമായി ഉത്‌കൃഷ്‌ടമായ ഒരു പ്രതിമ നൽകുന്നത്‌ നന്നായിരിക്കുമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. കോണ്‍റാഡ്‌ നഗൽ എന്ന ചലച്ചിത്ര നടനായിരുന്നു ഈ നിർദേശങ്ങള്‍ ആദ്യമായി മുന്നോട്ടുവച്ചത്‌.

ഓസ്‌കാർ അവാർഡിന്റെ രൂപകല്‌പന നിർവഹിച്ചത്‌ എം.ജി.എം. ഫിലിംസിന്റെ കലാസംവിധായകനായ സെഡ്രിക്‌ ഗിബ്ബണ്‍സ്‌ ആണ്‌. ഒരു റീൽ ഫിലിമിന്റെ മുകളിൽ ഒരു പുരുഷന്‍ കുരിശും വാളും പിടിച്ച്‌ നിൽക്കുന്ന രൂപമാണ്‌ അദ്ദേഹം നിർമിച്ചത്‌. 1931 വരെ ഈ അവാർഡിന്‌ പ്രത്യേക പേരൊന്നും ഉണ്ടായിരുന്നില്ല. 1931-ൽ ഓസ്‌കാർ എന്ന പേര്‌ യാദൃശ്ചികമായിട്ടാണ്‌ ഇതിന്‌ കൈവന്നത്‌. 1931-ൽ അക്കാദമിയുടെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായി നിയമിക്കപ്പെട്ട മിസ്സിസ്‌ മാർഗററ്റ്‌ ഹെറിക്‌ ഈ അവാർഡിന്റെ രൂപമാതൃക കണ്ട്‌ അത്‌ തന്റെ മാതുലന്‍ ഓസ്‌കാറിനെപ്പോലെ ഇരിക്കുന്നു എന്ന്‌ അഭിപ്രായപ്പെട്ടു. ഇതു കേട്ടുനിന്നിരുന്ന ഒരു പത്രപ്രതിനിധി ഈ പ്രതിമയ്‌ക്ക്‌ ഓസ്‌കാർ എന്ന പേരു നൽകി വാർത്ത പ്രസിദ്ധം ചെയ്‌തു. അതോടെ ആ പേരിനു പ്രചാരം സിദ്ധിച്ചു.

92 ശതമാനം വെളുത്തീയവും 7 ശതമാനം ആന്റിമണിയും 1 ശതമാനം ഓടും ചേർന്ന ബ്രിട്ടനി എന്ന കൂട്ടുലോഹത്തിൽ വാർത്തെടുത്ത്‌ നിക്കൽ പൂശിയിട്ടുള്ള ഓസ്‌കാർ പ്രതിമയുടെ ഉയരം 25.4 സെന്റിമീറ്ററും ഭാരം 3 കിലോഗ്രാമും ആണ്‌. വിഗ്രഹം മിനുസപ്പെടുത്തിയശേഷം സ്വർണം പൂശി ആകർഷകമാക്കുന്നു. അതിനുശേഷം, ചുവന്ന നിക്കൽ പൂശിയതും 2.5 കിലോഗ്രാം ഭാരമുള്ളതുമായ ഒരു ചട്ടത്തിൽ ഘടിപ്പിക്കുന്നു. 1970 വരെ ലോസ്‌ ആഞ്ചലസിലാണ്‌ ഇതു നിർമിച്ചിരുന്നത്‌. അതിനുശേഷം ചിക്കാഗോയിൽ നിർമിക്കപ്പെട്ടുവരുന്നു. അക്കാദമിയുടെ നിർദേശത്തിൽ ലൈസന്‍സു നൽകപ്പെട്ടിട്ടുള്ള കമ്പനികള്‍ക്കുമാത്രമേ ഈ അവാർഡു നിർമിക്കുന്നതിന്‌ അധികാരമുള്ളൂ. രണ്ടാം ലോകയുദ്ധകാലത്ത്‌ ടിന്നിനും ചെമ്പിനും ദൗർലഭ്യമുണ്ടായപ്പോള്‍ പ്ലാസ്റ്റർ ഒഫ്‌ പാരിസ്‌ കൊണ്ടായിരുന്നു ഓസ്‌കാർ ട്രാഫികള്‍ നിർമിച്ചത്‌. ഓസ്‌കാർ അവാർഡുനേടിയ ആദ്യത്തെ നടന്‍ "ദി വേ ഒഫ്‌ ആള്‍ ഫ്‌ളെഷ്‌' എന്ന ചിത്രത്തിൽ അഭിനയിച്ച എമിൽ ജന്നിങ്‌സ്‌ ആണ്‌. നടി "സെവന്‍ത്‌ ഹെവന്‍' എന്ന ചിത്രത്തിൽ അഭിനയിച്ച ജാനറ്റ്‌ ഗയ്‌നറും. ലോക പ്രശസ്‌തനായ വാള്‍ട്ട്‌ ഡിസ്‌നി ആകെ 31 ഓസ്‌കാർ നേടുകയുണ്ടായി. രണ്ടാം സ്ഥാനത്തുനില്‌ക്കുന്നത്‌ കാഥറീന്‍ ഹെപ്‌ബേണും വാള്‍ട്ടർ ബ്രണ്ണനും ആണ്‌. ഇവർ മൂന്ന്‌ ഓസ്‌കാർ അവാർഡു വീതം നേടി.

അവാർഡുനേടുന്നവർ തങ്ങളുടെ ട്രാഫികള്‍ വില്‌ക്കുന്നതും മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുന്നതും അക്കാദമി നിരോധിച്ചിട്ടുണ്ട്‌. ആർക്കെങ്കിലും അതു വില്‌ക്കണമെങ്കിൽ അക്കാദമിക്കുമാത്രമേ അതു വില്‌ക്കാവൂ എന്നും നിബന്ധനയുണ്ട്‌. കേടു പറ്റിയ ട്രാഫികള്‍ നന്നാക്കുന്നതിനോ മാറ്റി എടുക്കുന്നതിനോ അക്കാദമിയുടെ അനുവാദം ഉണ്ടായിരിക്കേണ്ടതാണ്‌.

1929-ൽ ആദ്യത്തെ ഓസ്‌കാർ അവാർഡുദാന ചടങ്ങ്‌ നടന്നത്‌ ഹോളിവുഡിലെ റൂസ്‌വെൽറ്റ്‌ ഹോട്ടലിലായിരുന്നു. 2002 മുതൽ ഹോളിവുഡിലെ കൊഡാക്ക്‌ തിയെറ്ററിലാണ്‌ ഈ ചടങ്ങ്‌ നടക്കുന്നത്‌. 2004 വരെ അവാർഡ്‌ പ്രഖ്യാപിച്ചിരുന്നത്‌ ജനുവരിമാസത്തിലും അതിനുശേഷം ഫെബ്രുവരിമാസത്തിലുമാണ്‌. 2013-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 85-ാമത്തെ ഓസ്‌കാർ അവാർഡ്‌ ലഭിച്ചത്‌ "അർഗോ' എന്ന സിനിമയ്‌ക്കാണ്‌.

ശാസ്‌ത്രരംഗത്തും സാഹിത്യരംഗത്തും നോബൽ സമ്മാനത്തിനുള്ള ഉന്നതമായ സ്ഥാനമാണ്‌ ചലച്ചിത്രലോകത്തിൽ ഓസ്‌കാർ അവാർഡിനുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍