This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓലിന്‍, ബെർറ്റിൽ (1899 - 1979)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓലിന്‍, ബെര്‍റ്റില്‍ (1899 - 1979)
Ohlin, Bertil
നോബല്‍ സമ്മാനം നേടിയ സ്വീഡിഷ് ധനതത്ത്വശാസ്‌ത്രജ്ഞനും രാഷ്‌ട്രീയ നേതാവും. 1899 ഏ. 29-ന് സ്‌കെയ്‌ന്‍ കൗണ്ടിയിലെ ക്ലിപ്പന്‍ എന്ന സ്ഥലത്ത് ജനിച്ചു. ആധുനിക വാണിജ്യതത്ത്വത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
ലുണ്ട്-സ്റ്റോക്‌ഹോം സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. അന്താരാഷ്‌ട്ര വാണിജ്യമേഖലയില്‍ താത്‌പര്യമുണ്ടായ ഇദ്ദേഹം 1922-ല്‍ വ്യാപാരതത്ത്വങ്ങളെ സംബന്ധിക്കുന്ന സ്വന്തം പരികല്‌പന അവതരിപ്പിക്കുകയുണ്ടായി. ചെറിയൊരു കാലയളവില്‍ ഓലിന്‍, ഓക്‌സ്‌ഫഡ്-ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പഠനപര്യടനം നടത്തിയിരുന്നു. 1924-ല്‍ സ്റ്റോക്‌ഹോം സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റു ലഭിച്ചു. 1925-ല്‍ യൂണിവേഴ്‌സിറ്റി ഒഫ് കോപ്പന്‍ഹേഗനില്‍ പ്രാഫസര്‍ പദവി വഹിച്ചു. 1930-ല്‍ ജര്‍മനിയുടെ യുദ്ധകാലച്ചെലവുകളുടെ കണക്കുകളെപ്പറ്റി ഇദ്ദേഹം ജോണ്‍ മേയ്‌നാര്‍ഡ് കീയ്‌നെസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.
1944 മുതല്‍ 67 വരെ ഇദ്ദേഹം സ്വീഡനിലെ ലിബറല്‍ കക്ഷിയുടെ അധ്യക്ഷപദവി വഹിച്ചിരുന്നു. 1938 മുതല്‍ 70 വരെ പാര്‍ലമെന്റംഗവും 1944-45 കാലഘട്ടത്തില്‍ യുദ്ധകാല സര്‍ക്കാരില്‍ വാണിജ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. പ്രാദേശിക വ്യാപാരമേഖലകളെക്കുറിച്ചുള്ള ഓലിന്റെ പഠനഗ്രന്ഥം (1933), ആഗോളശ്രദ്ധ പിടിച്ചുപറ്റി. സ്റ്റോക്‌ഹോം സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സിലെ ഒരു അംഗമെന്ന നിലയില്‍ മാക്രാ ഇക്കണോമിക്‌സില്‍ തത്ത്വാധിഷ്‌ഠിത ചിന്ത മെനഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ഇതില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 1977-ല്‍ ജയിംസ് മീഡിനോടൊപ്പം ധനതത്ത്വശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം നേടുകയുണ്ടായി. 1979 ആഗ. 3-ന് ജാംറ്റ്‌ലന്‍ഡ് കൗണ്ടിയിലെ വലാദലെയില്‍ 80-ാം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.