This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപിറ്റ്‌സ്‌ ലൈബ്രറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:27, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപിറ്റ്‌സ്‌ ലൈബ്രറി

Oriental Research Institute and Manuscript Library

കേരള സർവകലാശാലയുടെ സുപ്രസിദ്ധമായ ഒരു പഠനഗവേഷണവിഭാഗം. താളിയോലഗ്രന്ഥങ്ങളുടെ ശേഖരങ്ങളിൽ രണ്ടാംസ്ഥാനം ഇതിനുണ്ട്‌. ഭാസനാടകങ്ങളുടെ പ്രകാശനം ഈ സ്ഥാപനത്തെ ലോകപ്രശസ്‌തമാക്കി.

സ്ഥാപനചരിത്രം. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ കൊട്ടാരംവക ഗ്രന്ഥശാല വികസിപ്പിക്കാനും സാംസ്‌കാരികപ്രവർത്തനങ്ങള്‍ക്കു നൂതനമായ മാനം പകരാനും തീരുമാനമായി. അതിനെത്തുടർന്ന്‌ 1908 സെപ്‌. 4-ന്‌ സംസ്‌കൃതം ക്യൂറേറ്റർ ഓഫീസ്‌ എന്ന ഒരു സ്ഥാപനം ഉടലെടുത്തു. കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഗ്രന്ഥങ്ങള്‍ മിക്കതും ഈ സ്ഥാപനത്തിനു കൈമാറി. സ്ഥാപനത്തിന്റെ മേലധികാരിയായി മഹാമഹോപാധ്യായന്‍ ഡോ. ടി.ഗണപതിശാസ്‌ത്രിയെ നിയമിച്ചു. പണ്ഡിതനും ഗവേഷകനും നിരൂപകനും കവിയും വ്യാഖ്യാതാവുമായിരുന്ന ശാസ്‌ത്രി സ്ഥാപനത്തിന്റെ യശസ്സ്‌ ഭാരതത്തിൽ മാത്രമല്ല, ലോകമെങ്ങും വ്യാപിപ്പിക്കുകയുണ്ടായി.

ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെതന്നെ നിർദേശപ്രകാരം 1924-ൽ മലയാളഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു പ്രത്യേകമായി ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. അതിനു മലയാളം ക്യൂറേറ്റർ ഓഫീസ്‌ എന്നാണ്‌ നാമകരണം ചെയ്‌തത്‌. അതിന്റെ ആദ്യത്തെ ക്യൂറേറ്റർ ആയി മഹാകവി ഉള്ളൂർ എസ്‌. പരമേശ്വരയ്യർ നിയമിതനായി. മലയാളത്തിലുള്ള ധാരാളം കൈയെഴുത്തുകൃതികള്‍ സംഭരിച്ചത്‌ ഇക്കാലത്താണ്‌. മഹാകവി തുടങ്ങിവച്ച തിരുവനന്തപുരം മലയാളം സീരീസ്‌ ഇന്ന്‌ പ്രാചീനകൈരളി എന്നപേരിൽ തുടർന്നുവരുന്നു.

1930-ൽ സംസ്‌കൃതം ക്യൂറേറ്റർ ഓഫീസും മലയാളം ക്യൂറേറ്റർ ഓഫീസും കൂടി സംയോജിപ്പിച്ചു ഡിപ്പാർട്ട്‌മെന്റ്‌ ഫോർ ദ്‌ പബ്ലിക്കേഷന്‍ ഒഫ്‌ ഓറിയന്റൽ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ എന്ന ഒറ്റസ്ഥാപനമാക്കി. കെ. സാംബശിവശാസ്‌ത്രിയായിരുന്നു ഇതിന്റെ ആദ്യത്തെ ക്യൂറേറ്റർ.

1937-ൽ നിലവിൽവന്ന തിരുവിതാംകൂർ സർവകലാശാല ഒരു വർഷത്തിനുശേഷം ഹസ്‌തലിഖിതഗ്രന്ഥങ്ങള്‍ക്കായി ഒരു പ്രത്യേക സ്ഥാപനം തുടങ്ങി. അപ്രകാശിതഗ്രന്ഥങ്ങളുടെ പ്രകാശനമായിരുന്നു ആ സമാരംഭത്തിന്റെ മുഖ്യലക്ഷ്യമെങ്കിലും ആദ്യഘട്ടത്തിലെ ശ്രമം താളിയോലഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നതിൽ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായി ധാരാളം ഗ്രന്ഥങ്ങള്‍ സമാഹരിക്കാന്‍ സർവകലാശാലയ്‌ക്കു കഴിഞ്ഞു. ഈ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുന്നതിനും അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നതിനുമായി രൂപം നല്‌കിയതാണ്‌ യൂണിവേഴ്‌സിറ്റി മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി.

തിരുവിതാംകൂർ സർവകലാശാലയുടെ ചാന്‍സലർ അന്നത്തെ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവർമയും വൈസ്‌ചാന്‍സലർ സർ സി.പി. രാമസ്വാമി അയ്യരും ആയിരുന്നു. സർക്കാരും സർവകലാശാലയും ഒരേ ഭരണത്തിലാകുകയും, രണ്ടു ഹസ്‌തലിഖിതഗ്രന്ഥശാലകളുടെയും പ്രവർത്തനവും ലക്ഷ്യവും ഒന്നായിരിക്കുകയും ചെയ്‌തതുകൊണ്ട്‌ ഇവ ഏകോപിപ്പിക്കാന്‍ തീരുമാനമായി. ഇങ്ങനെയാണ്‌ 1940-ൽ കൂടുതൽ വികസിതമായ സ്വഭാവം ഹസ്‌തലിഖിതഗ്രന്ഥശാലയ്‌ക്ക്‌ ഉണ്ടായത്‌. സർവകലാശാല സ്വീകരിച്ചിരുന്ന മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി എന്ന പേരുതന്നെ ഈ വികസിതദശയിലും തുടർന്നു. 1968-ൽ ഗ്രന്ഥശാല പുനഃസംഘടിപ്പിക്കുകയും അതിന്‌ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി എന്ന പേരുനൽകുകയും ചെയ്‌തു.

ആസ്ഥാനം. 1908 മുതൽ ഇരുപത്തിയെട്ടു കൊല്ലം തിരുവനന്തപുരത്ത്‌ കിള്ളിപ്പാലത്തിനു സമീപം ലക്ഷ്‌മീവിലാസം ബംഗ്ലാവിലാണു മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി പ്രവർത്തിച്ചിരുന്നത്‌. അതിന്റെ പൂമുഖം ഇടിഞ്ഞുവീണപ്പോള്‍ തൈക്കാട്ടു ട്രയിനിങ്‌ കോളജിനു സമീപമുണ്ടായിരുന്ന കോഴിക്കുളങ്ങര ബംഗ്ലാവിലേക്കു മാറ്റിസ്ഥാപിച്ചു. ഒരു കൊല്ലംകഴിഞ്ഞ്‌ കവടിയാർ പ്രദേശത്തു സ്ഥിതിചെയ്‌തിരുന്ന ഇംഗിള്‍ഡെന്‍ ബംഗ്ലാവിലേക്കു ലൈബ്രറി മാറ്റി. 1938-ൽ കവടിയാറിൽത്തന്നെയുള്ള ഗവണ്‍മെന്റുവക കെട്ടിടം സ്ഥാപനത്തിന്‌ അനുവദിച്ചുകിട്ടി. 1940-ൽ സർവകലാശാലയുടെ ഹസ്‌തലിഖിതഗ്രന്ഥശേഖരവും ക്യൂറേറ്റർ ഓഫീസും ഒരുമിച്ചതോടെ തൈക്കാട്‌ ആർട്‌സ്‌ കോളജ്‌ കോമ്പൗണ്ടിൽ ഒരു കെട്ടിടം പണിയിക്കുകയും ഗ്രന്ഥശാല അതിലേക്കു മാറ്റുകയും ചെയ്‌തു.

സർവകലാശാലയുടെ പഠനഗവേഷണവിഭാഗങ്ങള്‍ കാര്യവട്ടം കാമ്പസ്സിൽ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാന്‍ തുടങ്ങിയതോടെ 1971-ൽ അവിടത്തെ ഓറിയന്റൽ ബ്ലോക്കിലേക്ക്‌ ഈ ഗ്രന്ഥശാലയും മാറ്റി. താളിയോലഗ്രന്ഥങ്ങള്‍ സൂക്ഷിക്കാന്‍ എയർകണ്ടീഷന്‍ ചെയ്‌ത വിശാലമായ ഹാളോടുകൂടിയ ഒരു കെട്ടിടം കാര്യവട്ടം കാമ്പസ്സിൽത്തന്നെ പിന്നീടു പണികഴിപ്പിച്ചു. പൗരസ്‌ത്യമായ ശില്‌പസംവിധാനമുള്ള മനോഹരമായ ഈ കെട്ടിടത്തിലാണ്‌ 1982 മുതൽ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി പ്രവർത്തിച്ചുവരുന്നത്‌.

ഗ്രന്ഥസംഖ്യ. ശ്രീമൂലം തിരുനാള്‍ മഹാരാജാവു രൂപംനൽകിയ ഹസ്‌തലിഖിതഗ്രന്ഥശാല സർവകലാശാലയുടേതായി സംയോജിപ്പിക്കുന്ന അവസരത്തിൽ കേവലം രണ്ടായിരം സംസ്‌കൃതഗ്രന്ഥങ്ങളും അഞ്ഞൂറു മലയാളഗ്രന്ഥങ്ങളുമാണ്‌ ആ ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നത്‌. അഞ്ചുകൊല്ലംകൊണ്ട്‌ ഗ്രന്ഥസംഖ്യ ഇരുപതിനായിരത്തിൽ കവിഞ്ഞു. തുടർന്നുപല കാലത്തായി നടത്തിയ തീവ്രമായ പരിശ്രമംനിമിത്തം മുപ്പതിനായിരം കെട്ടുകളിലായി അമ്പത്താറായിരം ഗ്രന്ഥങ്ങള്‍ സ്വരൂപിക്കാന്‍ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി അധികൃതർക്കു സാധിച്ചു.

ഗ്രന്ഥങ്ങളുടെ വൈവിധ്യം. സംസ്‌കൃതം, മലയാളം, തമിഴ്‌ എന്നീ ഭാഷകളുടെയും സാഹിത്യത്തിന്റെയും വിവിധകാലഘട്ടങ്ങള്‍, ശാഖകള്‍ എന്നിവ പ്രതിനിധാനം ചെയ്യുന്നുണ്ട്‌ ഈ ഗ്രന്ഥശേഖരം. ഓരോ ശാഖയിലുംപെട്ട ഗ്രന്ഥങ്ങള്‍ എണ്ണത്തിൽ ധാരാളമുണ്ട്‌. വേദം, വേദാന്തം, മന്ത്രം, തന്ത്രം, കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, തർക്കം, മീമാംസ, പുരാണം, അർഥശാസ്‌ത്രം, ഛന്ദസ്‌, ജ്യോതിഷം, ഗണിതം, ആയുർവേദം, ശില്‌പം എന്നിങ്ങനെ. വേദത്തിലും സാഹിത്യത്തിലും ശാസ്‌ത്രത്തിലുമുള്ള ഗ്രന്ഥങ്ങള്‍ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഗ്രന്ഥങ്ങള്‍ വലുതായാലും ചെറുതായാലും സമാഹരിച്ചു സൂക്ഷിക്കാന്‍ കഴിഞ്ഞത്‌ ഈ ഗ്രന്ഥശാലയുടെ മികച്ച നേട്ടമാണ്‌. ലിപികള്‍. ദേവനാഗരി, മലയാളം, തമിഴ്‌ എന്നീ ലിപികളിലാണ്‌ ഗ്രന്ഥങ്ങള്‍ പൊതുവേ എഴുതിയിട്ടുള്ളത്‌. തെലുഗു, കർണാടകം, ബംഗാളി എന്നിവയിലുള്ള ഏതാനും ഗ്രന്ഥങ്ങളും ഈ ശേഖരത്തിൽപ്പെടുന്നു. വട്ടെഴുത്തിലുള്ള ചെപ്പേടുകള്‍ ആ പഴയ ലിപി സമ്പ്രദായത്തിന്റെ മാതൃക നിലനിർത്തുകയാണ്‌.

എഴുത്തുസാമഗ്രികള്‍. പനയോലയിൽ എഴുതി ദ്വാരമിട്ടു നൂൽകടത്തി പലകപ്പടി വച്ചു ബലപ്പെടുത്തിയാണ്‌ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുക. എഴുത്തിനുള്ള പ്രധാന ഉപകരണങ്ങള്‍ പനയോലയും എഴുത്താണിയും തന്നെ. പനയോല മഞ്ഞളരച്ചു കലക്കിയ പാലിൽ പുഴുങ്ങി എഴുതാന്‍ തയ്യാറാക്കുന്നു. ഇവിടത്തെ ഗ്രന്ഥങ്ങള്‍ ഏറിയപങ്കും കേരളത്തിലെ പനകളിൽ നിന്നു ലഭിച്ച ഓലയിലാണ്‌ എഴുതിയിരിക്കുന്നത്‌. നീളത്തിലും വീതിയിലും ഇവയ്‌ക്കു മേന്മയുണ്ട്‌. രണ്ടരയടി നീളവും മൂന്നിഞ്ചു വീതിയും അവയ്‌ക്കു സാധാരണമാണ്‌. കേരളത്തിലെ പനയോലകൊണ്ടുള്ള ഗ്രന്ഥങ്ങള്‍ കഴിഞ്ഞാൽപ്പിന്നെ ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ തമിഴ്‌നാട്ടിലെ പനയോലകൊണ്ടാണ്‌. അവയുടെ നീളം പൊതുവേ രണ്ടടിവരും. ആന്ധ്രയിലെ പനയോലകള്‍ ചെറുതും കട്ടികൂടിയതുമാണ്‌. നല്ല മസൃണത അവയ്‌ക്കുണ്ട്‌. ഇക്കാരണത്താൽ ഓലയുടെ വശങ്ങളിൽ ചിത്രങ്ങള്‍ വരച്ചു ഗ്രന്ഥം കമനീയമാക്കാന്‍ പല എഴുത്തുകാരും ശ്രമിച്ചിരുന്നു. കർണാടകത്തിലെ പനയോലകള്‍ വേഗം പൊട്ടും. കനം തീരെ കുറവുമാണ്‌. ബർമയിലെ പനയോല കൊണ്ടുള്ള ഒരു ഗ്രന്ഥമേ ഈ ഗ്രന്ഥശേഖരത്തിലുള്ളൂ. അതിലെ ഓലകള്‍ക്കു കനവും നീളവും ബലവും കൂടുതലുണ്ട്‌. നല്ല മിനുസമുള്ള ഇവ എഴുതാന്‍ അത്യുത്തമം. നേപ്പാളിലെ പനയോല കനം കുറഞ്ഞതും എഴുതാന്‍ മെച്ചവുമാണ്‌. അഗരുത്വക്‌, ഭൂർജപത്രമെന്നിവയും എഴുത്തിനുപയോഗിച്ചിരുന്നു. പോളിഷ്‌ തേച്ച പലകക്കഷണംപോലെ തോന്നിക്കുന്നതാണ്‌ അഗരുത്വക്‌. നല്ല ബലവും മനോഹാരിതയുമുണ്ട്‌. ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന മാതൃകയ്‌ക്കു നാലു ശതകം കഴിഞ്ഞിട്ടും പുതുമ നഷ്‌ടപ്പെട്ടിട്ടില്ല. ഭൂർജമരത്തിന്റെ തൊലിയുടെ ഉള്‍ഭാഗം ഉരിച്ചെടുത്തു ക്രമപ്പെടുത്തുന്നതാണ്‌ ഭൂർജപത്രം. വളരെ നേർത്തതും അതിവേഗം മുറിഞ്ഞുപോകുന്നതുമാണ്‌ ഇത്‌. നേരിയ കടലാസുപോലെ തോന്നിക്കും. എഴുന്നുനില്‌ക്കുന്ന ഞരമ്പുകള്‍ എഴുത്തിന്റെ ഭംഗി കുറയ്‌ക്കുന്നുണ്ട്‌. തുണിയിൽ എഴുതിയ ഗ്രന്ഥങ്ങളും ഈ ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചുപോരുന്നു. പെട്ടെന്ന്‌ കേടുവരുന്നതുകൊണ്ട്‌ തുണി പ്രത്യേകരീതിയിൽ തയ്യാറാക്കിയിരിക്കുന്നു. സ്ലേറ്റുപോലുള്ള ഏതോ ദ്രവ്യം അർധദ്രവാവസ്ഥയിൽ ഉണ്ടാക്കി തുണിയിൽ പുരട്ടി ഉണക്കിയാണ്‌ ഇതു സജ്ജമാക്കിയിരിക്കുന്നത്‌.

കേരളീയ വ്യാഖ്യാനങ്ങള്‍. ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറിയുടെ മേന്മയ്‌ക്കു നിദാനമായ പല കാര്യങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം സംസ്‌കൃത കൃതികള്‍ക്കു കേരളീയർ രചിച്ച വ്യാഖ്യാനങ്ങള്‍ക്കുണ്ട്‌. സംസ്‌കൃത സാഹിത്യത്തിലെ സുപ്രധാനകൃതികള്‍ എല്ലാംതന്നെ ഈ വ്യാഖ്യാനസീമയിൽപ്പെടുന്നു. കാളിദാസകൃതികള്‍ക്കു പൂർണസരസ്വതി രചിച്ച വ്യാഖ്യാനങ്ങള്‍ ഇക്കൂട്ടത്തിൽ മുന്‍പന്തിയിൽ നിൽക്കുന്നുണ്ട്‌. കേരളവ്യാഖ്യാനങ്ങളുടെ പ്രത്യേകത അവ മൂലകൃതിയുടെ കേവലമായ അർഥവിവരണം മാത്രമല്ല എന്നതാണ്‌. മൂലകൃതിയുടെ അർഥം വിവരിക്കുന്നതോടൊപ്പം അവയുടെ ആസ്വാദ്യമായ വശങ്ങളെല്ലാം ചൂണ്ടിക്കാണിച്ച്‌ രചനയുടെ ആന്തരമായ അർഥഭാവങ്ങള്‍ ബോധിപ്പിക്കുന്നു.

ഭാസനാടകങ്ങള്‍. പദ്‌മനാഭപുരത്തിന്‌ അടുത്തുള്ള മണലിക്കര മഠത്തിൽനിന്നും വൈക്കത്തിന്‌ അടുത്തുള്ള കടുത്തുരുത്തിയിൽനിന്നും കണ്ടെടുത്തു ഗണപതിശാസ്‌ത്രി പ്രസിദ്ധീകരിച്ച ഭാസനാടകപരമ്പര ലോകശ്രദ്ധപിടിച്ചുപറ്റി. കാളിദാസനു മുമ്പുതന്നെ കീർത്തിപരത്തി വിരാജിച്ചിരുന്ന ഭാസമഹാകവിയെക്കുറിച്ച്‌ 1912 വരെ കേട്ടുകേള്‍വി മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ശാസ്‌ത്രിയുടെ കണ്ടെത്തൽ ഭാരതവിജ്ഞാനീയപഠനത്തിൽ ഒരു പുതിയ അധ്യായം തുറന്നിട്ടു.

ചിത്രരാമായണം. അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള ഒരു താളിയോലഗ്രന്ഥമാണ്‌ ചിത്രരാമായണം. അധ്യാത്മരാമായണത്തിന്റെ കഥ അവലംബമാക്കി ഏകദേശം മുന്നൂറ്റിയറുപതു ഖണ്ഡങ്ങളായി തിരിക്കാവുന്ന രീതിയിൽ ചിത്രങ്ങളിലൂടെ കഥ പറയുന്ന സമ്പ്രദായമാണ്‌ ഇതിൽ സ്വീകരിച്ചിരിക്കുന്നത്‌. ഒരിക്കൽ വരച്ചാൽ തിരുത്താനുള്ള ഒരു ശ്രമവും താളിയോലയിൽ ഫലിക്കയില്ല. ആ സ്ഥിതിക്ക്‌ ഓരോ സന്ദർഭവും രൂപകല്‌പന ചെയ്‌ത്‌ അതിന്റെ അന്തിമാവസ്ഥയിൽ വരയ്‌ക്കുകയാണ്‌ ഗ്രന്ഥകാരന്‍ ചെയ്‌തിട്ടുള്ളത്‌. കഥകളി, കൂടിയാട്ടം തുടങ്ങിയ കേരളീയമായ കലാരൂപങ്ങള്‍ സ്വീകരിച്ചിരുന്ന വേഷവിധാനവും ആഭരണസ്വരൂപവും ഈ ഗ്രന്ഥത്തിന്റെ ചിത്രകാരനു മാതൃകയായിട്ടുണ്ടാവും. കിരീടം, കേശഭാരം, ചെവിപ്പൂവ്‌, തോട, കുണ്ഡലം എന്നിങ്ങനെ പലതും ഈ നാട്ടിൽ പ്രചരിച്ചിരുന്ന കലാരൂപങ്ങളുടെ സങ്കല്‌പനത്തോടു ചേർന്നു നില്‌ക്കുന്നു.

മറ്റു ചിത്രഗ്രന്ഥങ്ങള്‍. കേരളീയമായ ചിത്രരാമായണം കൂടാതെ ഇന്തോനേഷ്യയിൽനിന്നു ലഭിച്ച മറ്റൊരു ചിത്രരാമായണം കൂടി ഈ ഗ്രന്ഥശേഖരത്തിൽ ഉണ്ട്‌. പാവക്കൂത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു വരച്ചതാണ്‌ ഇതിലെ ചിത്രങ്ങള്‍. സീതാപഹരണം മുതൽ ഹനുമാന്‍ സീതയെ കണ്ടെത്തുന്നതുവരെയുള്ള രംഗങ്ങള്‍ ഇരുപത്തിയഞ്ച്‌ ഓലകളിലായി ഇതിൽ ചിത്രീകരിക്കുന്നു. കട്ടിയും മിനുസവുമുള്ള ഓലയിൽ നാരായംകൊണ്ടു ഷെയിഡ്‌ കൊടുത്ത ചിത്രങ്ങള്‍ മറ്റൊരു ആലേഖനസമ്പ്രദായമാണു കുറിക്കുക. ഭാരതയുദ്ധത്തിലെ ഒരു രംഗം മാത്രം ചിത്രീകരിക്കുന്ന ഒരു മഹാഭാരതചിത്രഗ്രന്ഥം കൂടി ഇന്തോനേഷ്യയിൽ നിന്നു കിട്ടിയിട്ടുണ്ട്‌. ഇതിലും ചിത്രങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നതു രാമായണചിത്രത്തിലേതുപോലെതന്നെ. മൂലകഥയിൽനിന്നു ചില വ്യത്യാസങ്ങളും ഇതിൽ വരുത്തിയിരിക്കുന്നു.

ഗ്രന്ഥങ്ങളുടെ പഴക്കം. ക്രിസ്‌തുവർഷം 1376 മുതലുള്ള മലയാളഗ്രന്ഥങ്ങളും 1571 മുതലുള്ള സംസ്‌കൃതഗ്രന്ഥങ്ങളും ഈ ഗ്രന്ഥശേഖരത്തിൽ ഉണ്ട്‌. ദൈവാഗമം ഭാഷ ആണ്‌ തീയതി കുറിച്ച ഏറ്റവും പഴയ ഗ്രന്ഥം. 1571-ൽ എഴുതിത്തീർത്ത ഈ ഗ്രന്ഥം വായിക്കാന്‍ ഇപ്പോഴും പ്രയാസമില്ല. സ്‌കന്ദസ്വാമി രചിച്ച ഋഗ്വേദസംഹിതാഭാഷ്യം പഴക്കത്തിൽ ദൈവാഗമം ഭാഷയോട്‌ അടുത്തുനില്‌ക്കുന്നു. ഇതിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അഞ്ഞൂറുകൊല്ലത്തെ പഴക്കം ഓലകള്‍ക്കു വന്നതായി അനുമാനിക്കാം.

ആര്യമഞ്‌ജുശ്രീമൂലകല്‌പം. ഈ സ്ഥാപനത്തിൽ നിന്നു പ്രസിദ്ധം ചെയ്‌ത ആര്യമഞ്‌ജുശ്രീമൂലകല്‌പം എന്ന കൃതി ബുദ്ധമതത്തെ സംബന്ധിച്ചും ഗുപ്‌തസാമ്രാജ്യത്തെക്കുറിച്ചും അമൂല്യങ്ങളായ പല വിവരങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്‌. ഇതിന്റെ പ്രസിദ്ധീകരണം വിന്‍സെന്റ്‌ സ്‌മിത്ത്‌, കെ.പി. ജയസ്വാള്‍ തുടങ്ങിയ ചരിത്രകാരന്മാർക്കു തങ്ങളുടെ അഭിപ്രായങ്ങള്‍ തിരുത്തിക്കുറിക്കാന്‍ ഉതകിതയതായി അവർ പ്രസ്‌താവിക്കുന്നു. കൗടലീയം ഭാഷാവ്യാഖ്യാനം. കൗടല്യന്റെ അർഥശാസ്‌ത്രത്തിനു മലയാളത്തിലുള്ള ബൃഹത്തായ വ്യാഖ്യാനമാണു കൗടലീയം ഭാഷാവ്യാഖ്യാനം. അർഥശാസ്‌ത്രത്തിന്റെ സംസ്‌കൃതപാഠം ഇതിൽ ശുദ്ധമായി കൊടുത്തിരിക്കുന്നു. മൂലകൃതിയിലെ ക്ലേശകരമായ ഭാഗങ്ങള്‍പോലും സുഗ്രഹമാക്കാന്‍ പോരുന്നതാണ്‌ ഇതിലെ മലയാളവ്യാഖ്യാനം.

മാരണപ്രകരണം. രണ്ടരസെന്റിമീറ്റർ വീതിയുള്ള ഓലയിൽ എഴുതിയ ഗ്രന്ഥമാണ്‌ മാരണപ്രകരണം. ഇതിൽ ഓരോ ഓലയിലും മുപ്പതുവരികള്‍വരെ അതിസൂക്ഷ്‌മമായി അക്ഷരത്തിൽ എഴുതിക്കൊള്ളിച്ചിരിക്കുന്നു. ശത്രുക്കളെ വകവരുത്തുന്നതെന്ന അർഥത്തിലാണു മാരണപദം പ്രയോഗിച്ചിരിക്കുന്നത്‌. ഇഷ്‌ടപുരുഷന്മാരെയും സ്‌ത്രീകളെയും വശീകരിക്കുന്ന സമ്പ്രദായങ്ങളും ലക്ഷണശാസ്‌ത്രവും ഇതിലുണ്ട്‌. പെട്ടെന്നു വായിച്ചു മനസ്സിലാക്കി പരോപദ്രവം ചെയ്യരുതെന്നു കരുതിയാവാം ഇപ്രകാരം ചെറിയ അക്ഷരത്തിൽ ഗ്രന്ഥം എഴുതിയിട്ടുള്ളത്‌.

പ്രശ്‌നമാർഗം. രാമായണകഥാസന്ദർഭങ്ങള്‍ ഒരു വശത്തും മറുവശത്ത്‌ അതിന്റെ ഫലവും വിവരിക്കുന്ന ഒരു ഭാഗ്യപരീക്ഷണഗ്രന്ഥമാണു പ്രശ്‌നമാർഗം. അക്ഷരപ്രശ്‌നമെന്നും ഇതിനു പേരുണ്ട്‌. ഏതെങ്കിലും ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഉദ്ദിഷ്‌ടകാര്യം സാധിക്കുമോ ഇല്ലയോ എന്നറിയാന്‍ ഈ ഗ്രന്ഥം സഹായിക്കും.

രൂപപ്രശ്‌നം. പ്രശ്‌നമാർഗം പോലുള്ള ഗ്രന്ഥമാണിത്‌. ഇതിലെ ഓലകളിൽ ഒരു വശത്ത്‌ ഒരു ചിത്രം എഴുതിയിരിക്കുന്നു ദേവതകളുടെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ആകാം ആ ചിത്രം. അപൂർവമായി ധ്വജം, ചക്രം, കല്‌പവൃക്ഷം തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ട്‌. ഫലവിവരണം സംസ്‌കൃതത്തിൽ അനുഷ്‌ഠുപ്‌ ശ്ലോകത്തിൽ നിർവഹിച്ചിരിക്കുന്നു.

രുദ്രാക്ഷമാല. മുപ്പതോളം പനയോലത്തുണ്ടുകള്‍ അടുക്കി രുദ്രാക്ഷാകൃതി വരത്തക്കവണ്ണം മുറിച്ചു ക്രമപ്പെടുത്തി ഇരുവശങ്ങളിലും കെട്ടിട്ടു മുറുക്കി വേർതിരിക്കാന്‍ പറ്റാത്തവണ്ണം തയ്യാറാക്കിയതാണ്‌ രുദ്രാക്ഷമാലാഗ്രന്ഥം. പശവച്ച്‌ ഒട്ടിച്ചതുപോലുള്ള രൂപഭദ്രത കെട്ടുകൊണ്ടു വരുത്തിയിരിക്കുന്നു. ഇതിൽ ദേവീമാഹാത്മ്യം എഴുതിയിട്ടുണ്ടെന്നാണു വിശ്വാസം. ജപമാലയായി ഉപയോഗിക്കുകയാണു ലക്ഷ്യമെന്നു തീർച്ച.

താളിയോലയും അലങ്കാരവും. ഉള്ളടക്കത്തിലേക്കു ശ്രദ്ധതിരിയുംമുമ്പ്‌ കാഴ്‌ചക്കാരെ വശീകരിക്കുന്ന ഏതാനും ഗ്രന്ഥങ്ങളും ഈ ശേഖരത്തിലുണ്ട്‌. ഓലഗ്രന്ഥങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങുപലകയുടെ ചിത്രപ്പണിയാണ്‌ ഇതിനുകാരണം. ചില ഗ്രന്ഥങ്ങള്‍ക്കു താങ്ങായി ആനക്കൊമ്പ്‌ ഉപയോഗിച്ചിരിക്കുന്നു. ഇവയിൽ അനന്തശയനം തുടങ്ങിയവ കൊത്തിച്ചേർത്തിട്ടുണ്ട്‌. ചില കൊമ്പിന്‍പലകകള്‍ നിറംപിടിപ്പിച്ചു കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

പ്രസിദ്ധീകരണം. താളിയോലഗ്രന്ഥങ്ങളുടെ സമാഹരണവും സംരക്ഷണവും കാർത്തികതിരുനാള്‍ മഹാരാജാവിന്റെ കാലംതൊട്ടേ നടന്നുവരുന്ന പ്രക്രിയയാണ്‌. എന്നാൽ അവയുടെ പ്രസിദ്ധീകരണത്തിനുള്ള ശ്രമം 1903-ൽ മാത്രമേ ആരംഭിച്ചുള്ളൂ. ദേവന്‍ രചിച്ച്‌ കൃഷ്‌ണലീലാശുകന്‍ വ്യാഖ്യാനം എഴുതിയ ദൈവം എന്ന വ്യാകരണഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണമാണു തിരുവനന്തപുരം സംസ്‌കൃതഗ്രന്ഥാവലിയുടെ നാന്ദി കുറിച്ചത്‌. തുടർന്ന്‌ ധാരാളം ഗ്രന്ഥങ്ങള്‍ പുറത്തുവരികയുണ്ടായി.

ഗവേഷണം. തുടക്കം മുതല്‌ക്കേ ഗവേഷണരംഗത്ത്‌ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി ശ്രദ്ധകേന്ദ്രീകരിച്ചു. ഡോ. ഗണപതിശാസ്‌ത്രിയുടെ പരിശ്രമം ഗവേഷണത്തിനു മാതൃക ഒരുക്കി. സംസ്‌കൃതസാഹിത്യം സംബന്ധിച്ചു പൊതുവെയും അതിൽ കേരളീയരുടെ സേവനത്തെക്കുറിച്ച്‌ പ്രത്യേകമായും ഇതിനകം ധാരാളം ഗവേഷണപ്രബന്ധങ്ങള്‍ ഈ ഗ്രന്ഥശാല പ്രസിദ്ധം ചെയ്‌തുകഴിഞ്ഞു. സംസ്‌കൃതത്തിലും മലയാളത്തിലുമായി പുറത്തിറങ്ങിയ മിക്ക ഗ്രന്ഥങ്ങളുടെയും നീണ്ട അവതാരികകള്‍ ഇതിന്‌ ഉത്തമോദാഹരണങ്ങളാണ്‌. ഗ്രന്ഥശാല, സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ജേർണലുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ഉപസംഹാരം. മാതൃകാപരമായി പ്രവർത്തിച്ചു ലോകശ്രദ്ധ ആകർഷിച്ച ചരിത്രമാണ്‌ തിരുവനന്തപുരത്തെ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറിക്കുള്ളത്‌. ഗ്രന്ഥങ്ങളുടെ പ്രാചീനത, സംഖ്യ, വൈശിഷ്‌ട്യം, അവ എഴുതിയിട്ടുള്ള ലിപികളുടെ വൈവിധ്യം, അവയുടെ മൗലികത, അന്യത്ര അസുലഭമായ സവിശേഷതകള്‍, മാതൃകാപരമായ പ്രസാധനം എന്നിവകൊണ്ട്‌ ഈ സ്ഥാപനം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌.

(ഡോ. കെ. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍