This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓനീൽ, യൂജിന്‍ ഗ്ലാഡ്‌സ്റ്റണ്‍ (1888 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓനീൽ, യൂജിന്‍ ഗ്ലാഡ്‌സ്റ്റണ്‍ (1888 - 1953)

O'Neill, Eugene Gladstone

യൂജിന്‍ ഗ്ലാഡ്‌സ്റ്റണ്‍ ഓനീൽ

യു.എസ്‌. നാടകകൃത്ത്‌. വിശ്വനാടകസാഹിത്യത്തിന്‌ അമേരിക്ക സമ്മാനിച്ചിട്ടുള്ള ഏറ്റവും പ്രഗല്‌ഭനാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ നാലു കൃതികള്‍ക്ക്‌ പ്രശസ്‌തമായ പുലിറ്റ്‌സർ സമ്മാനം ലഭിച്ചു: ബിയോണ്‍ഡ്‌ ദ്‌ ഹൊറൈസണ്‍ (1919), അന്നാ ക്രിസ്റ്റീ (1922), സ്റ്റ്രഞ്ച്‌ ഇന്റർലൂഡ്‌ (1928), ലോങ്‌ ഡേസ്‌ ജേർണി ഇന്റു നൈറ്റ്‌ (1956) (ഇതിന്‌ ലഭിച്ചത്‌ മരണാനന്തര സമ്മാനമാണ്‌). ആദ്യമായി സാഹിത്യത്തിന്‌ നോബൽസമ്മാനം നേടിയ (1936) അമേരിക്കന്‍ നാടകകൃത്തും യൂജിന്‍ ഓനീൽ (Eugene O' Neill) തന്നെയാണ്‌. അമേരിക്കന്‍ നാടകസാഹിത്യത്തിന്റെ വികാസ പരിണാമചരിത്രത്തെ നോക്കിക്കാണുന്ന വിമർശകന്‍ "ഓനീലിന്‌ മുന്‍പും, ഓനീലിന്‌ പിന്‍പും' എന്ന അതിർവരമ്പിട്ട്‌ പറയുക സാധാരണമായിട്ടുണ്ട്‌.

പേരുകേട്ട ഒരു നാടകനടനായിരുന്ന ജെയിംസ്‌ ഓനീലിന്റെ (1847-1920) പുത്രനായി യൂജിന്‍ 1888 ഒ. 16-ന്‌ ന്യൂയോർക്കിലെ ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. അലക്‌സാന്ദ്ര്‌ ദുമായുടെ മോണ്ടിക്രിസ്റ്റോയിലെ പ്രഭു എന്ന നോവലിന്റെ നാടകീയാവതരണത്തിൽ കഥാനായകന്റെ ഭാഗം 16 വർഷം തുടർച്ചയായി അവതരിപ്പിച്ച്‌ പേരെടുത്ത ഒരാളായിരുന്നു ജെയിംസ്‌. പ്രിന്‍സ്‌ടണ്‍ സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം യൂജിന്‍ ചില ചില്ലറ ഗുമസ്‌തപ്പണികള്‍ നോക്കുകയും അക്കാലത്തെ പതിവനുസരിച്ച്‌ സ്വർണ സംഭരണാന്വേഷണത്തിനായി പല ഖനിപ്രദേശങ്ങളിലും അലയുകയും ചെയ്‌തു. പത്രപ്രവർത്തനത്തിനും ഇദ്ദേഹം ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഒടുവിൽ ഒരു നാവികനായി ആസ്റ്റ്രലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചശേഷം ഇദ്ദേഹം തിരിച്ചെത്തിയത്‌ ക്ഷയരോഗബാധിതനായിട്ടാണ്‌. 1913-ൽ ചികിത്സയ്‌ക്കായി ഇദ്ദേഹം ഒരു സാനിട്ടോറിയത്തിൽ ആറുമാസക്കാലം ചെലവഴിച്ചു. അച്ഛനിൽനിന്നു കിട്ടിയ അഭിനയകലാജ്ഞാനവും സമുദ്രസഞ്ചാരം നേടിക്കൊടുത്ത അനുഭവസമ്പത്തും ഇദ്ദേഹത്തിൽ അന്തർഹിതമായിരുന്ന നാടകരചനാപ്രവണതയ്‌ക്ക്‌ മൂർച്ച കൂട്ടിയത്‌ ഇക്കാലത്താണ്‌. മാസച്യുസെറ്റ്‌സിലെ പ്രാവിന്‍സ്‌ടണ്‍ നാടകസംഘത്തിനുവേണ്ടി ഇദ്ദേഹം രചിച്ച ബൗണ്‍ഡ്‌ ഈസ്റ്റ്‌ ഫോർ കാർഡിഫ്‌ (1916) എന്ന ആദ്യകൃതി തന്നെ നാടകകൃത്തെന്ന ഇദ്ദേഹത്തിന്റെ പില്‌ക്കാല പ്രശസ്‌തിക്ക്‌ അടിക്കല്ലിട്ടു. രണ്ടാം ലോകയുദ്ധത്തിന്റെ ആവിർഭാവം ഇദ്ദേഹത്തിന്റെ മാനസിക ഘടനയ്‌ക്കും ശരീരാസ്വാസ്ഥ്യത്തിനും കനത്ത ആഘാതമേല്‌പിച്ചു. വൈയക്തികമായ മനഃശാസ്‌ത്രത്തിന്റെ ദുരന്തങ്ങളെ 47-ഓളം നാടകങ്ങളിലൂടെ ആവിഷ്‌കരിച്ച ഇദ്ദേഹത്തിന്റെ ഏറ്റവും ഉജ്ജ്വലവും ആത്മകഥാപരവുമായ ലോങ്‌ഡേയ്‌സ്‌ ജേർണി ഇന്റു നൈറ്റ്‌ കൈയെഴുത്തുപ്രതിയായി അവശേഷിക്കുന്നു.

മൂന്നുപ്രാവശ്യം വിവാഹിതനായ ഓനീൽ മൂന്നുതവണയും വിവാഹമോചനം നടത്തി. ഇദ്ദേഹത്തിന്റെ പുത്രിയായ ഊനയെ വിവാഹംകഴിച്ചത്‌ പ്രസിദ്ധ ചലച്ചിത്ര നടന്‍ ചാർലി ചാപ്ലിനാണ്‌.

തന്റെ നാടകങ്ങളിലൂടെ പല പരീക്ഷണങ്ങളും ആവിഷ്‌കരണസരണികളും ഓനീൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മനുഷ്യനും വിധിയും തമ്മിലുള്ള മൗലികബന്ധമാണ്‌ അവയുടെയെല്ലാം അന്തർധാര. ഇദ്ദേഹം അമേരിക്കന്‍ സാഹിത്യരംഗത്തേക്ക്‌ കടന്നുവന്നത്‌ ഒരുസംഘം വിഗ്രഹഭഞ്‌ജകരുടെ മധ്യത്തിലേക്കായിരുന്നു. യാഥാസ്ഥിതിക സദാചാരമൂല്യങ്ങളുടെ നേരെ പടവാളുയർത്തിയ എച്ച്‌.എൽ. മെന്‍കനും (1880-1956) ഇടത്തരക്കാരുടെ തണുപ്പന്‍ ജീവിതസമ്പ്രദായങ്ങളെ ആക്ഷേപഹാസ്യപ്രചുരിമയോടെ പ്രകാശിപ്പിച്ച സിന്‍ക്ലെയർ ലൂയിസും (1885-1951) ലൈംഗിക രഹസ്യങ്ങളുടെ മൂടി തുറന്നുകാണിച്ച ഷെർവുഡ്‌ ആന്‍ഡേഴ്‌സണും (1876-1941) മറ്റും ഉള്‍പ്പെടുന്ന ഉത്‌പതിഷ്‌ണുക്കളുടെ മുന്‍നിരയിൽത്തന്നെ ഓനീലിന്‌ സ്ഥാനംകിട്ടി. ഇവർ കൈകാര്യം ചെയ്‌ത വിഷയങ്ങളെയൊക്കെ ഇദ്ദേഹത്തിന്റെ സർഗശക്തിയും സ്‌പർശിച്ചുവെങ്കിലും അവയിലെല്ലാം ശിതാഗ്രങ്ങളായ സൂചിമുനകളും വിഷാദഭരിതമായ ദുരന്ത പ്രതീതിയുടെ നിഴലാട്ടങ്ങളും സുലഭമായിരുന്നു.

ഈശ്വരന്‍, ഇച്ഛാശക്തി, വിധി തുടങ്ങിയവയെ സംശയഗ്രസ്‌തമായി നോക്കിക്കൊണ്ടിരുന്ന ഒരു ജനസമുദായത്തിന്റെ മധ്യത്തിലാണ്‌ ഓനീൽ ജീവിച്ചത്‌. ഗ്രീക്ക്‌ ദുരന്തനാടകങ്ങള്‍ വിധി വരുത്തിവയ്‌ക്കുന്ന ദുരന്തങ്ങളെയും ഷെയ്‌ക്‌സ്‌പിയറുടെ ദുരന്തനാടകങ്ങള്‍ സ്വഭാവപരിണാമങ്ങള്‍ക്ക്‌ വരുന്ന ദുരന്തങ്ങളെയും ആവിഷ്‌കരിക്കുകയും ദുരിതാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും ഇവയിലെ നായകന്മാർ ദൈവങ്ങളെ പ്രസാദിപ്പിച്ച്‌ ക്ലേശപരിഹാരം നേടുകയും ചെയ്യുമ്പോള്‍, ഓനീലിന്റെ ദുരന്തനാടകങ്ങള്‍ വൈയക്തികമായ മാനസികനിലകള്‍ വരുത്തിവയ്‌ക്കുന്ന ദുഃഖാനുഭവങ്ങളെ ആവിഷ്‌കരിക്കുന്നു. മനുഷ്യവിധി അവന്റെതന്നെ അന്തഃസ്രവ ഗ്രന്ഥികളിലും പാരമ്പര്യഘടകങ്ങളിലും അടങ്ങിയിരിക്കുന്നു എന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. 1931-ൽ ഇദ്ദേഹം രചിച്ച മോണിങ്‌ ബിക്കംസ്‌ എലക്‌റ്റ്രാ എന്ന നാടകത്തിലെ കഥാനായിക സൊഫൊക്കിള്‍സും യൂറിപ്പിഡീസും ഏസ്‌ഖിലിസും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പുനരവതാരം തന്നെയാണ്‌. സിഗ്മണ്‍ ഫ്രായ്‌റ്റ്‌ കാണിച്ചുകൊടുത്ത വഴിയിലൂടെ നടന്നെത്തി 20-ാം ശതകത്തിന്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരു ദുരന്തനായകനെ ഓനീലും കണ്ടെത്തുന്നു-പരിതഃസ്ഥിതിയുടെ ഇരയായ മനുഷ്യനെ.

ദി എമ്പറർ ജോണ്‍സ്‌ (1922), ഡിസയർ അണ്ടർ ദി എംസ്‌ (1924), ലാസറസ്‌ ലാഫ്‌ഡ്‌ (1928), ഡേസ്‌ വിത്തൌട്ട്‌ എന്‍ഡ്‌ (1934), എ മൂണ്‍ ഫോർ ദ്‌ മിസ്‌ ബിഗോട്ടണ്‍ (1947) തുടങ്ങിയവയാണ്‌ ഓനീലിന്റെ മറ്റു പ്രശസ്‌ത നാടകങ്ങള്‍. 1953 ന. 27-ന്‌ യൂജിന്‍ ഓനീൽ ന്യൂയോർക്കിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍