This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:41, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓത്ത്‌

ഭാഷയിൽ വേദത്തിനുള്ള പര്യായം. ഹിന്ദുക്കളുടെ വേദങ്ങളും മുസ്‌ലിങ്ങളുടെ ഖുറാനും ക്രിസ്‌ത്യാനികളുടെ ബൈബിളും ഓത്ത്‌ എന്ന പദംകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നു. വേദഭാഗങ്ങളുടെ അധ്യയനം, അധ്യാപനം, ഉച്ചാരണം എന്നിവ കുറിക്കുന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്‌. ചൊല്ലുക എന്നർഥമുള്ള "ഓതു'ക എന്ന ധാതുവിൽ നിന്നാണ്‌ ഓതപ്പെടുന്നത്‌ എന്നും ഓതുന്ന പ്രക്രിയ എന്നുമർഥമുള്ള "ഓത്ത്‌' നിഷ്‌പന്നമായിട്ടുള്ളത്‌. വേദാധ്യയനം ബ്രാഹ്മണരുടെ അനിവാര്യമായ ഒരു കർത്തവ്യമായിട്ടാണ്‌ പരിഗണിക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിൽ കുടിയേറിപ്പാർത്ത ആര്യബ്രാഹ്മണർ സാമാനേ്യന വേദാധ്യായികളായിരുന്നു-ഓത്തന്മാരായിരുന്നു. എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ കേരളബ്രാഹ്മണരിൽ ചിലർക്ക്‌ രാജ്യരക്ഷയിലും ആതുരശുശ്രൂഷയിലും കൂടുതലായി പങ്കെടുക്കേണ്ടിവന്നതുനിമിത്തം ആ വിഭാഗക്കാർക്ക്‌ പതിവായുള്ള വേദാധ്യയനം പ്രായോഗികമായി സാധ്യമല്ലാതെ വന്നു. അപ്പോള്‍ കേരളത്തിലെ ബ്രാഹ്മണരിൽ ഓത്തുള്ളവരെന്നും ഓത്തില്ലാത്തവരെന്നും രണ്ടു വിഭാഗങ്ങളുണ്ടായി. ആദ്യത്തെ കൂട്ടർ ഓത്തന്മാരെന്ന വ്യവഹാരത്തിന്‌ പാത്രമാവുകയും ചെയ്‌തു. ഋക്‌ മുതലായ വേദങ്ങളിലെ മന്ത്രങ്ങള്‍ ചൊല്ലിപ്പഠിക്കുന്നതിന്‌ ചില പരമ്പരാഗത നിഷ്‌ഠകളുണ്ട്‌; ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ സ്വരഭേദങ്ങള്‍ യഥാസ്ഥാനം നിഷ്‌കൃഷ്‌ടമായി പാലിക്കപ്പെടേണ്ടതുണ്ട്‌. അപ്രകാരം പഠിച്ചു പരിചയസമ്പന്നന്മാരായ ഓത്തന്മാർവേണം മറ്റുള്ളവരെ ഓത്തുപഠിപ്പിക്കേണ്ടത്‌. ഓത്തുപഠിപ്പിക്കുന്നവരെ ഓതിക്കന്‍ (ഓതിക്കോന്‍) എന്നുപറയുന്നു. ആഢ്യന്മാരും സമ്പന്നരുമായ നമ്പൂതിരിയുടെ ഗൃഹങ്ങളിലുള്ള ഉണ്ണികളെ ഉപനയനത്തിനുശേഷം ഓത്തുപഠിപ്പിക്കുന്നതിനായി ഓതിക്കോനെ പ്രതേ്യകം ക്ഷണിച്ചുവരുത്താറുണ്ട്‌. ആ ഇല്ലത്തെ ഉണ്ണികളോടൊപ്പം അടുത്തുള്ള ഇല്ലങ്ങളിലെ മറ്റ്‌ ഉണ്ണികളെയും ഇരുത്തി പഠിപ്പിക്കുന്നതിനുള്ള ഔദാര്യവും സമ്പന്നഗൃഹസ്ഥന്മാർ കാണിക്കാറുണ്ട്‌. മറ്റു ചിലപ്പോള്‍ ഓത്തു പഠിപ്പിക്കുന്നതിന്‌ ശിഷ്യന്മാർ ഓതിക്കോന്റെ ഗൃഹത്തിൽ ചെല്ലുന്നു. ഓത്തു പഠിപ്പിക്കുന്നതിന്‌ പ്രത്യേകം ഓത്തുമഠങ്ങള്‍ സ്ഥാപിച്ച്‌ അവിടെവച്ച്‌ ഓത്തു പഠിപ്പിക്കുന്നരീതിയും അപൂർവമായിരുന്നില്ല. ഓത്തന്മാരുടെയും ഓതിക്കന്മാരുടെയും സംഖ്യ ഇന്ന്‌ ക്രമേണ ക്ഷയിച്ചുതുടങ്ങിയിരിക്കുന്നു.

ഓത്തുചൊല്ലിപ്പഠിക്കാന്‍ ആരംഭിക്കുന്നത്‌ ഉപനയനത്തിനുശേഷമാണ്‌. സമാവർത്തനത്തിനുമുമ്പായി ചങ്ങത (സംഹിത) ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയിരിക്കണമെന്ന്‌ നിർബന്ധമുണ്ട്‌. ചൊല്ലുന്ന പദങ്ങളുടെ ആരോഹാവരോഹക്രമമനുസരിച്ച്‌ ശിഷ്യന്റെ ശിരസ്സുപിടിച്ച്‌, ചലിപ്പിച്ച്‌ ഓതിക്കന്‍ "സ്വരി'ക്കുന്നതിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. പിന്നീട്‌ തന്റെ കൈ ചലിപ്പിച്ചുകൊണ്ടാണ്‌ ഈ സ്വരക്രമം നിർദേശിക്കാറുള്ളത്‌. ക്ലേശകരമായ ഈ ചിട്ടപ്പെടുത്തൽ കുറച്ചുകാലംകൊണ്ട്‌ ശിഷ്യന്മാർ സ്വായത്തമാക്കുകയും ചെയ്യുന്നു.

ഓത്തന്മാർ ധാരാളമായി പങ്കെടുത്തു വേദമന്ത്രങ്ങള്‍ ജപിക്കുന്ന ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങാണ്‌ മുറജപം. മറ്റൊന്ന്‌ "കടവല്ലൂർ അനേ്യാന്യം'. ഇതിൽ തിരുനാവായക്കാരും തൃശൂർക്കാരുമായ ഓത്തന്മാരാണ്‌ പങ്കെടുക്കാറുള്ളത്‌. മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ ഓത്തുപരീക്ഷയിൽ വിജയിയായ ഓത്തന്‍ സമ്മാനാർഹനായി മുമ്പിൽ കടന്നിരിക്കുന്നതിന്‌ സാങ്കേതികമായി "കടന്നിരിക്കൽ' എന്നുപറഞ്ഞുവരുന്നു. നോ. കടവല്ലൂർ അന്യേന്യംവേദജ്ഞന്മാരുടെ സംഘം ക്ഷേത്രങ്ങളിലിരുന്ന്‌ ഓത്തുചൊല്ലി പ്രതിഷ്‌ഠാമൂർത്തിയെ ഉപാസിക്കുന്നതിന്‌ ചില ചടങ്ങുകള്‍ കേരളത്തിൽ പ്രചാരത്തിലുണ്ട്‌. ഓത്തൂട്ട്‌, പഞ്ചസന്ധ, ത്രിസന്ധ, വാരം എന്നിങ്ങനെ അവ അറിയപ്പെടുന്നു. യജൂർവേദികള്‍ കൂട്ടംചേർന്ന്‌ വേദം ആവർത്തിച്ചുചൊല്ലുന്ന ഏർപ്പാടാണ്‌ ഓത്തൂട്ട്‌. വേദാധ്യായനാനന്തരം ഓത്തന്മാർക്ക്‌ ഊട്ട്‌ (സദ്യ) നല്‌കുന്നതുകൊണ്ടാവണം ഓത്തൂട്ട്‌ എന്ന്‌ ഈ ചടങ്ങിന്‌ പേര്‌ വന്നത്‌. ഒന്നരമാസത്തോളം നീണ്ടുനില്‌ക്കുന്ന ഒന്നാണ്‌ ഓത്തൂട്ട്‌. ഉപാസനാരൂപത്തിലുള്ള വേദാധ്യയനത്തിന്‌ "കൊട്ട്‌' എന്നും, പ്രയോഗഭേദമനുസരിച്ച്‌ വലിയകൊട്ട്‌ എന്നും ചെറിയകൊട്ട്‌ എന്നും വ്യവഹാരങ്ങളുള്ളതുകൊണ്ട്‌ "ഓത്തുകൊട്ട്‌' എന്ന പദമാണ്‌ ഓത്തൂട്ടായിത്തീർന്നത്‌ എന്നും പക്ഷാന്തരമുണ്ട്‌. മൂന്നുകൊല്ലത്തിലൊരിക്കലേ ഓത്തൂട്ടു പതിവുള്ളൂ. 64 കൊല്ലത്തിലൊരിക്കൽ യജൂർവേദംകൊണ്ടു ചെയ്യുന്ന ഈശ്വരോപാസനയാണ്‌ പഞ്ചസന്ധ. ഋഗ്വേദികളുടെ ഓത്തൂട്ടിന്‌ ത്രിസന്ധ എന്നും പറയാറുണ്ട്‌. ക്ഷേത്രത്തിനുള്ളിൽവച്ച്‌ പ്രഗല്‌ഭരായ ഓത്തന്മാർ ഒത്തുകൂടി അവരവർക്കു നറുക്കെടുത്തുകിട്ടിയ വേദഭാഗങ്ങള്‍ ചൊല്ലുന്ന രീതിക്കാണ്‌ വാരം എന്നുപറയുന്നത്‌.

ഋഗ്വേദം, എട്ട്‌ അഷ്‌ടക(അട്ട)ങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌; ഓരോ അഷ്‌ടകവും എട്ട്‌ അധ്യായങ്ങളായും. ഇപ്രകാരമുള്ള അധ്യായങ്ങള്‍ക്കും ഓത്ത്‌ എന്നുപറയാറുണ്ട്‌. സൂക്തങ്ങളും വർഗ(പർക്കം)ങ്ങളുമടങ്ങിയതാണ്‌ ഒരോ ഓത്തും. യജൂർവേദികളാകട്ടെ സൂക്തങ്ങളെയാണ്‌ ഓത്ത്‌ എന്നുപറയാറുള്ളത്‌. അങ്ങനെ വേദം എന്നു സാമാന്യമായും വേദാധ്യായം എന്നു സവിശേഷമായും ഓത്ത്‌ എന്ന പദംകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നു. ഖുറാന്‍ പഠിപ്പിക്കുന്ന മദ്രസകളെ ഓത്തുപള്ളികള്‍ എന്നു പറഞ്ഞുവരുന്നു. ഇബ്‌നു ബതൂത്ത മലബാർ സന്ദർശിച്ചപ്പോള്‍ മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം ഓത്തുപള്ളികള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ ബൈബിളിനെ ഓത്ത്‌ എന്ന പദംകൊണ്ട്‌ വ്യവഹരിച്ചിരിക്കുന്നു.

വേലന്മാർ പറകൊട്ടി ഇലഞ്ഞിത്തോലുഴിഞ്ഞുകൊണ്ടു നടത്തുന്ന മന്ത്രവാദപ്രയോഗത്തിനും (വേലമ്പ്രവൃത്തി) ഓത്ത്‌ എന്നുപേരുണ്ട്‌. നോ. മുറജപം; ഋഗ്വേദം; യജൂർവേദം

(ഡോ. എന്‍.പി. ഉണ്ണി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍