This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഡം, ഹോവാർഡ്‌ വാഷിങ്‌ടണ്‍ (1884 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓഡം, ഹോവാര്‍ഡ്‌ വാഷിങ്‌ടണ്‍ (1884 - 1954)

Odum, Howard Washington

യു.എസ്‌. സാമൂഹികശാസ്‌ത്രജ്ഞന്‍. 1884 മേയ്‌ 24-ന്‌ ഉത്തരജോര്‍ജിയയിലെ ബെത്‌ലഹേമില്‍ ജനിച്ചു. എമറി, മിസ്സിസ്സിപ്പി, ക്ലാര്‍ക്ക്‌, കൊളംബിയ എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജോര്‍ജിയ, എമറി സര്‍വകലാശാലകളിലും പിന്നീട്‌ 1920-ല്‍ നോര്‍ത്ത്‌ കരോളിനാ സര്‍വകലാശാലകളിലും സേവനം അനുഷ്‌ഠിച്ചു. സാമൂഹിക-ശാസ്‌ത്രസംബന്ധമായ പല സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു നേതൃത്വം നല്‌കിയ ഇദ്ദേഹം സാമൂഹികശാസ്‌ത്ര വികസനത്തിന്‌ പ്രചോദനം നല്‌കിയിട്ടുണ്ട്‌. ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇദ്ദേഹം സോഷ്യല്‍ ഫോഴ്‌സസ്‌ എന്ന ആനുകാലിക പ്രസിദ്ധീകരണവും ആരംഭിച്ചു. ദക്ഷിണ യു.എസ്സിലെ സാമൂഹികപ്രശ്‌നങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കിക്കൊണ്ടുള്ള പഠനങ്ങളിലായിരുന്നു ഓഡം ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ആദ്യമായി നീഗ്രാ വര്‍ഗക്കാരുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തെക്കുറിച്ച്‌ പഠനം നടത്തി. റെയിന്‍ബോ റൗണ്ട്‌ മൈ ഹോള്‍ഡര്‍ (1928) ആണ്‌ ഇദ്ദേഹത്തിന്റെ ആദ്യത്തെ ഗ്രന്ഥം. 1933-ല്‍ പ്രസിഡന്റ്‌ ഹെര്‍ബര്‍ട്ട്‌ ഹൂവറുടെ അഭ്യര്‍ഥനപ്രകാരം ഇദ്ദേഹവും വില്യം എഫ്‌. ഓഗ്‌ബേണും ചേര്‍ന്ന്‌ റീസന്റ്‌ സോഷ്യല്‍ ട്രന്‍ഡ്‌സ്‌ എന്ന റിപ്പോര്‍ട്ട്‌ തയ്യാറാക്കി. ഇദ്ദേഹത്തിന്റെ സതേണ്‍ റീജിയണ്‍ ഒഫ്‌ ദി യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ (1936) എന്ന പുസ്‌തകത്തില്‍ ദേശീയ ജീവിതത്തില്‍ ദക്ഷിണ സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച്‌ വിലയിരുത്തിയിട്ടുണ്ട്‌. ഗോത്രബന്ധങ്ങള്‍, പൊതുജനക്ഷേമം, ഉന്നതവിദ്യാഭ്യാസം, പ്രാദേശികാസൂത്രണം, ശിക്ഷാനിയമപരിഷ്‌കരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ കഴിവ്‌ പ്രകടമാക്കിയിട്ടുണ്ട്‌. കന്നുകാലി പ്രജനനത്തില്‍ താത്‌പര്യമുണ്ടായിരുന്ന ഓഡം "മാസ്റ്റര്‍ ബ്രീഡര്‍ അവാര്‍ഡി'ന്‌ അര്‍ഹനായിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ്‌ അണ്ടര്‍സ്റ്റാന്‍ഡിങ്‌ സൊസൈറ്റി (1947), അമേരിക്കന്‍ സോഷ്യോളജി (1953) എന്നിവ. ഓഡമിന്റെ സാമൂഹികശാസ്‌ത്ര ചിന്തകളുടെ സമാഹാരമാണ്‌ അണ്ടര്‍സ്റ്റാന്‍ഡിങ്‌ സൊസൈറ്റി. 1954 ന. 8-ന്‌ ചാപ്പല്‍ ഹില്ലില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍