This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്‌വേ, തോമസ്‌ (1652 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:15, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്‌വേ, തോമസ്‌ (1652 - 85)

Otway, Thomas

ഇംഗ്ലീഷ്‌ നാടകകൃത്തും കവിയും. 1652 മാ. 3-ന്‌ സസ്‌സെക്‌സിലെ ട്രാറ്റൊന്‍ എന്ന സ്ഥലത്ത്‌ ഒരു പുരോഹിതന്റെ മകനായി ജനിച്ചു. ഓക്‌സ്‌ഫഡിലെ വിന്‍ചെസ്റ്റർ കോളജിലും ക്രസ്റ്റ്‌ ചർച്ച്‌ കോളജിലും വിദ്യാഭ്യാസം നടത്തി. എന്നാൽ പിതാവിന്റെ നിര്യാണംമൂലം പഠനം പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. തൊഴിലനേ്വഷിച്ച്‌ ലണ്ടനിലെത്തിയ ഓട്‌വേ ഒരു നാടകസമിതിയിൽ ചേർന്നുവെങ്കിലും നടനെന്ന നിലയിൽ വിജയംവരിക്കാന്‍ സാധിച്ചില്ല. പിന്നീട്‌ ഇദ്ദേഹം നാടകരചനയിൽ ഏർപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്‌തു. അൽബിയാദസ്‌ എന്ന കാവ്യനാടകമാണ്‌ ഓട്‌വേയുടെ ആദ്യകൃതി. ഇത്‌ 1675-ൽ ഡ്യൂക്ക്‌ ഒഫ്‌ യോർക്ക്‌ തിയെറ്ററിൽ അവതരിപ്പിക്കപ്പെട്ടു. ആൽസിബൈയാഡീസ്‌ (1675), ഡോന്‍ കാർലോസ്‌ (1676), റ്റൈറ്റ്‌സ്‌ ആന്‍ഡ്‌ ബെറനിസ്‌ (1677), ദ്‌ ഹിസ്റ്ററി ആന്‍ഡ്‌ ഫോള്‍ ഒഫ്‌ കൈയസ്‌ മേറിയസ്‌ (1680), ദി ഓർഫാന്‍ ഓർ ദി അണ്‍ഹാപ്പി മാരേ്യജ്‌ (1680), വെനിസ്‌ പ്രിസർവ്‌ഡ്‌ ഓർ എ പ്ലോട്ട്‌ സിഡ്‌കവേഡ്‌ (1682) എന്നീ ആറ്‌ ട്രാജഡികളും: ദ്‌ ചീറ്റ്‌സ്‌ ഒഫ്‌ സ്‌കാപിന്‍ (1677), ഫ്രന്‍ഡ്‌ഷിപ്പ്‌ ഇന്‍ ഫാഷന്‍ (1678), ദ്‌ സോള്‍ജേഴ്‌സ്‌ ഫോർച്യൂണ്‍ (1681), ദി എതീസ്റ്റ്‌ (1684) എന്നീ നാല്‌ കോമഡികളും ഓട്‌വേ രചിച്ചിട്ടുണ്ട്‌.

ദി ഓർഫന്‍, വെനീസ്‌ പ്രിസർവ്‌ഡ്‌ എന്നീ ശോകാന്തനാടകങ്ങള്‍ 18-ാം ശ. മുഴുവനും, 19-ാം ശതകത്തിന്റെ ആദ്യപാദത്തിലും ഇംഗ്ലീഷ്‌ നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ആ ശതകത്തിൽ ഇംഗ്ലീഷ്‌ ഭാഷയിലുണ്ടായ ഏറ്റവും വലിയ നാടകമാണ്‌ വെനീസ്‌ പ്രിസർവ്‌ഡ്‌ എന്നുകരുതപ്പെടുന്നു. ഇത്‌ മിക്ക യൂറോപ്യന്‍ ഭാഷകളിലും വിവർത്തിതമായിട്ടുണ്ട്‌.

ദി പൊയറ്റ്‌സ്‌ കംപ്ലെയ്‌ന്റ്‌ ഒഫ്‌ ഹിസ്‌ മ്യൂസ്‌ (1680), വിന്‍സർ കാസിൽ ഇന്‍ എ മോണ്യൂമെന്റ്‌ റ്റു ഔവർ ലേറ്റ്‌ സോവറിന്‍ ചാള്‍സ്‌ II(685) എന്നീ രണ്ട്‌ കവിതാസമാഹാരങ്ങള്‍കൂടി ഓട്‌വെയ്‌യുടെതായുണ്ട്‌. സമകാലിക രാഷ്‌ട്രീയത്തെക്കുറിച്ചുള്ള സൂചനകളടങ്ങിയ ആത്മകഥാപരമായ കവിതകളാണ്‌ ആദ്യത്തേതിൽ. ജയിംസ്‌ രണ്ടാമന്റെ കിരീടധാരണത്തോടനുബന്ധിച്ചെഴുതിയ സ്‌തുതികാവ്യമാണ്‌ രണ്ടാമത്തേത്‌. വിഗ്ഗുകളോട്‌ കവിക്കുള്ള വിപ്രതിപത്തിയും രാജപക്ഷക്കാരോടുള്ള ആഭിമുഖ്യവും ഇതിൽ പ്രകടമാണ്‌.

സാഹിത്യരംഗത്തും നാടകവേദിയിലും പ്രശസ്‌തനായിത്തീർന്നെങ്കിലും അമിതമായ മദ്യപാനം കടുത്ത ദാരിദ്യ്രത്തിനു കാരണമാക്കി. അന്ത്യകാലത്ത്‌ ഉത്തമർണന്മാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും രക്ഷപ്രാപിക്കാനായി ടവർഹില്ലിലെ ഒരു സത്രത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന ഓട്‌വേ 1685 ഏ. 14-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍