This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടോപൈലറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:35, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്ടോപൈലറ്റ്‌

Autopilot

വിമാനങ്ങള്‍, ബഹിരാകാശവാഹനങ്ങള്‍, കപ്പലുകള്‍, അന്തർവാഹിനികള്‍ മുതലായവ വൈമാനികന്റെയോ, നാവികന്റെയോ സഹായമില്ലാതെതന്നെ പ്രവർത്തിപ്പിച്ച്‌ സഞ്ചാരം നടത്തുന്നതിനുള്ള സ്വയം പ്രവർത്തക യാന്ത്രികസംവിധാനം.

യുദ്ധാവശ്യത്തിനും മറ്റും ഉപയോഗിക്കപ്പെടുന്ന ഗൈഡഡ്‌ മിസൈലുകളിലും (guided missiles) അതുപോലെയുള്ള മറ്റ്‌ എയർക്രാഫ്‌റ്റുകളിലുമാണ്‌ ഓട്ടോപൈലറ്റുകളുടെ ആവശ്യം പ്രധാനമായി നേരിടാറുള്ളത്‌. മിസൈലുകളുടെ ലക്ഷ്യം പലപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനമോ മറ്റു വസ്‌തുക്കളോ ആയിരിക്കും. ഓട്ടോപൈലറ്റ്‌ ഉപയോഗിക്കണമെങ്കിൽ ഇവയെ ലക്ഷ്യത്തിലെത്തിക്കുവാന്‍ പൈലറ്റ്‌ എന്ന നിലയിൽ ഒരാളുടെ ആവശ്യം നേരിടുന്നില്ല. എന്നാൽ, പൈലറ്റുകള്‍ ഉള്ള എയർക്രാഫ്‌റ്റുകളിലും ഓട്ടോപൈലറ്റ്‌ സംവിധാനം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്‌. നിഷ്‌പ്രയാസം നിലത്തിറങ്ങുന്നതിനും യാത്രാവേളയിൽ പെട്ടെന്ന്‌ നേരിടേണ്ടിവരുന്ന മാർഗവ്യതിയാനങ്ങളും അഭ്യാസങ്ങളും (manoeuvres) മറ്റും നിയന്ത്രിക്കുന്നതിനും ഇത്‌ പൈലറ്റിനെ സഹായിക്കുന്നു. വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയ്‌ക്കു പുറമേ കപ്പലുകള്‍, അന്തർവാഹിനികള്‍ (sub-marines), ടോർപ്പിഡോകള്‍ (torpedoes) ബഹിരാകാശവാഹനങ്ങള്‍ എന്നിവയിലെല്ലാം ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്‌. മോട്ടോർവാഹനങ്ങളുടെ സ്വയം നിയന്ത്രണത്തിനുപോലും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കുന്ന കാര്യം ഇന്ന്‌ ഗവേഷണ വിധേയമായിക്കൊണ്ടിരിക്കുന്നു.

വിമാനങ്ങളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു ഓട്ടോപൈലറ്റ്‌വ്യൂഹം താഴെ വിവരിക്കുന്നു. ഒരു വിമാനത്തിന്റെ പ്രധാനപ്പെട്ട അക്ഷങ്ങളും നിയന്ത്രണോപകരണങ്ങളും ചിത്രം 1-ൽ കാണിച്ചിട്ടുണ്ട്‌. വിമാനത്തിന്റെ ഉരുളൽ (roll), മറിയൽ (pitch), തിരിയൽ (yaw) എന്നീ ചലനങ്ങള്‍ ഏതേത്‌ അക്ഷത്തെ ആസ്‌പദമാക്കിയാണെന്നുള്ള കാര്യം ചിത്രത്തിൽ പ്രതേ്യകം അടയാളപ്പെടുത്തിയിട്ടുണ്ട്‌. റഡ്ഡർ (rudder) എലിവേറ്റർ (elevator), എയ്‌ലറോണ്‍ (aileron)എന്നീ വിമാനഭാഗങ്ങളാണ്‌

വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്നത്‌. അവയുടെ ആപേക്ഷികമായ സ്ഥാനങ്ങള്‍ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ചിത്രം 2-ൽ കാണിച്ചിരിക്കുന്നത്‌ ഒരു ഓട്ടോപൈലറ്റ്‌ നിയന്ത്രണവ്യൂഹത്തിന്റെ രൂപരേഖയാണ്‌. റേഡിയോറിസീവർ, ഓട്ടോനാവിഗേറ്റർ എന്നിവയിൽനിന്നോ മറ്റേതെങ്കിലും ഗൈഡന്‍സ്‌ വ്യൂഹത്തിൽനിന്നോ ആണ്‌ സ്റ്റിയറിങ്‌ ആജ്ഞകള്‍ പുറപ്പെടുന്നത്‌. അല്ലെങ്കിൽ, പൈലറ്റ്‌ മുന്‍കൂട്ടി സെറ്റുചെയ്‌തുവച്ച ആജ്ഞകളുമാവാം. ഗൈറോസ്‌കോപ്‌ (gyroscope), വായുവേഗ സൂചകം, ആള്‍ട്ടിമീറ്റർ(altimeter)തുടങ്ങിയ ഉപകരണങ്ങളിൽ നിന്നോ മറ്റു സെന്‍സറുകളിൽ (sensors)നിന്നോ വരുന്ന എയർക്രാഫ്‌റ്റിന്റെ യഥാർഥ ചലനത്തെ സംബന്ധിക്കുന്ന സിഗ്നലുകള്‍ ഈ സ്റ്റിയറിങ്‌ ആജ്ഞാസിഗ്നലുകളുമായി ഓട്ടോ പൈലറ്റ്‌ വ്യൂഹത്തിലെ കംപ്യൂട്ടറിൽവച്ച്‌ തുലനം ചെയ്യപ്പെടുകയും അതനുസരിച്ച്‌ നിയന്ത്രണ സെർവോകള്‍ (servos) പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ടു സിഗ്നലുകളും തമ്മിലുള്ള വ്യത്യാസം തിരുത്തപ്പെടുന്നു. റഡ്ഡർ, എയ്‌ലറോണുകള്‍, എലിവേറ്ററുകള്‍ എന്നീ വിമാനഭാഗങ്ങള്‍ വേണ്ടവിധത്തിൽ പ്രവർത്തിപ്പിച്ച്‌ എയർക്രാഫ്‌റ്റിന്മേൽ അനുഭവപ്പെടുന്ന എയ്‌റോ ഡൈനാമിക ബലങ്ങള്‍ക്ക്‌ മാറ്റം വരുത്തുകയും അതുവഴി ഉരുളൽ, മറിയൽ, തിരിയൽ എന്നീ ചലനങ്ങള്‍ യഥാവസരം സൃഷ്‌ടിക്കപ്പെടുകയുമാണ്‌ ഇപ്രകാരം ചെയ്യപ്പെടുന്ന തിരുത്തൽ നടപടികള്‍.

വിമാനം ഋജുവായ സഞ്ചാരപഥത്തിൽ, പൊക്കത്തിൽ ഏറ്റക്കുറച്ചിലുകള്‍ വരാതെ, ഒരേ നിരപ്പിൽ പറക്കുന്നതിനു സഹായിക്കുക എന്നതായിരുന്നു ആദ്യകാലങ്ങളിലെ ഓട്ടോപൈലറ്റ്‌ കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിരുന്നത്‌. 1914-ൽ പാരിസിൽവച്ച്‌ ഇ.എ. സ്‌പെറി(E.A. Sperry)എന്ന ആളാണ്‌ ഇത്തരമൊരു ഓട്ടോ പൈലറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചുനോക്കിയത്‌. അതിനുശേഷമാണ്‌ യാത്രാവിമാനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓട്ടോപൈലറ്റ്‌ ഉപയോഗിക്കുന്ന രീതി പ്രചാരത്തിൽവന്നത്‌. ഗൈഡഡ്‌മിസൈലുകള്‍, ഡ്രാണുകള്‍ (drones)എന്നിങ്ങനെയുള്ള എയർക്രാഫ്‌റ്റുകള്‍ നിലത്തുനിന്ന്‌ നിയന്ത്രിക്കുക ഇന്ന്‌ അത്ര വിഷമമുള്ള കാര്യമല്ല. നിലത്തുനിന്ന്‌ റേഡിയോ സന്ദേശങ്ങള്‍ അയച്ചാണ്‌ ഇപ്രകാരം നിയന്ത്രിക്കുന്നത്‌; പൈലറ്റുകള്‍ ഉണ്ടെങ്കിൽക്കൂടിയും ആധുനിക സൂപ്പർസോണികവിമാനങ്ങള്‍ എയ്‌റോഡൈനാമികമായി വളരെ അസ്ഥിര(unstable)മാണ്‌. ഈ കുറവ്‌ പരിഹരിച്ച്‌ സുസ്ഥിരമായ പറക്കൽ ഉറപ്പുവരുത്തുന്നതിന്‌ പൈലറ്റിനെ സഹായിക്കുന്നതിനുവേണ്ടിയും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്‌.

ഗൈഡഡ്‌ മിസൈലുകളിൽ ഉപയോഗിക്കുന്ന ഓട്ടോപൈലറ്റുകള്‍ രണ്ടു പ്രധാന കാര്യങ്ങളാണ്‌ നിയന്ത്രിക്കുന്നത്‌; സഞ്ചാരപഥവും, നിലത്തുനിന്നുള്ള ഉയരവും. ലക്ഷ്യം പിഴയ്‌ക്കാതെ പ്രവർത്തിക്കുന്നതിന്‌ പറ്റിയ ടാർഗെറ്റ്‌ സീക്കിങ്‌ (target seeking) എന്ന ഗൈഡന്‍സ്‌ രീതിയാണ്‌ മിസൈലുകള്‍ക്ക്‌ അനുയോജ്യമായത്‌. ലക്ഷ്യത്തിൽനിന്ന്‌ പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇലക്‌ട്രാമാഗ്നെറ്റിക്‌ പ്രസരങ്ങള്‍ കണ്ടെത്തുകയും അതിനെ പിന്തുടരുന്നതരത്തിൽ ഓട്ടോപൈലറ്റ്‌ വ്യൂഹം പ്രവർത്തിച്ച്‌ ലക്ഷ്യത്തിലെത്തുകയുമാണ്‌ ഈ രീതി.

(ആർ. രവീന്ദ്രന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍