This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓം, ജോർജ്‌ സൈമണ്‍ (1787 - 1854)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:55, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓം, ജോർജ്‌ സൈമണ്‍ (1787 - 1854)

Ohm, Georg Simon

ജർമന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1787 മാ. 16-നു ബവേറിയയിലെ എർലാഞ്ചൽ നഗരത്തിലെ ദരിദ്രകുടുംബത്തിൽ ഒരു മെക്കാനിക്കിന്റെ മകനായി ജനിച്ചു. ഇദ്ദേഹം 1817-ൽ കോളോണിലെ ഒരു ഹൈസ്‌കൂളിൽ ഗണിത-ഭൗതികാധ്യാപകനായി. ഏകദേശം പത്തുവർഷത്തോളം നീണ്ടുനിന്ന ഈ കാലഘട്ടത്തിലാണ്‌ പല കണ്ടുപിടിത്തങ്ങളിലൂടെ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നത്‌.

"ഉടനീളം ഒരേ താപനിലയിലുള്ള ഒരു കമ്പിയിലൂടെ വൈദ്യുതിധാര കടന്നുപോകുമ്പോള്‍ അതിന്റെ അളവ്‌ കമ്പിയുടെ അഗ്രങ്ങളിലെ പൊട്ടന്‍ഷ്യലുകള്‍ തമ്മിലുള്ള വ്യത്യാസത്തിന്‌ ആനുപാതികമായിരിക്കും' എന്നതാണ്‌ ഓമിന്റെ ഏറ്റവും പ്രശസ്‌തമായ കണ്ടുപിടിത്തം. ഈ തത്ത്വം ദ്‌ ഗാൽവനിക്‌ സർക്യൂട്ട്‌ ഇന്‍വെസ്റ്റിഗേറ്റഡ്‌ മാത്തമാറ്റിക്കലി (1827) എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. "ഓം നിയമം' (Ohm's law) എന്നാണ്‌ ഈ തത്ത്വം അറിയപ്പെടുന്നത്‌. രോധം (resistance) കമ്പി ഏത്‌ പദാർഥമാണെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും, നീളത്തിനു ക്രമാനുപാതികവും പരിച്ഛേദവിസ്‌തീർണത്തിനു വ്യുത്‌ക്രമാനുപാതികവും ആയിരിക്കുമെന്നും ഇദ്ദേഹം കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തങ്ങള്‍ക്ക്‌ അംഗീകാരം ലഭിക്കാന്‍ ആറുവർഷത്തോളം കാത്തിരിക്കേണ്ടിവന്നു. വിമർശനവിധേയനായ ഇദ്ദേഹം അതിനിടയിൽ കൊളോണിലെ ജോലി രാജിവച്ച്‌ ബർലിനിൽ താമസമാക്കി. 1833-ൽ ഓമിന്‌ ആദ്യമായി അംഗീകാരം ലഭിച്ചു. തുടർന്ന്‌ നൂറന്‍ബർഗ്‌ പോളിടെക്‌നിക്‌ സ്‌കൂളിൽ അധ്യാപകനായി. 1841-ൽ ഇംഗ്ലീഷ്‌ റോയൽസൊസൈറ്റിയുടെ "കോപ്‌ലി മെഡൽ' ഇദ്ദേഹത്തിനു നല്‌കപ്പെട്ടു; 1842-ൽ സൊസൈറ്റി അംഗത്വവും.

അതിനുശേഷമാണ്‌ സ്വന്തംനാട്ടിൽ അംഗീകാരം ലഭിച്ചത്‌. 1849-ൽ മ്യൂണിക്‌ സർവകലാശാലയിൽ ഇദ്ദേഹം ഭൗതികശാസ്‌ത്ര പ്രാഫസറായി നിയമിക്കപ്പെട്ടു. 1881-ൽ ഇന്റർനാഷണൽ ഇലക്‌ട്രിക്കൽ കോണ്‍ഗ്രസ്‌, പാരിസിൽ വച്ച്‌, വൈദ്യുതിനിരോധത്തിന്റെ പ്രായോഗിക ഏകകത്തിന്‌ ഓം (ohm) എന്നു നാമകരണം ചെയ്‌ത്‌ ഇദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി. രോധത്തിന്റെ വ്യുത്‌ക്രമമായ ചാലകത(conductance)യുടെ ഏകകത്തിന്‌ രസകരമായ രീതിയിൽ ഓം (ohm)എന്നതിന്റെ വ്യുത്‌ക്രമമായ "മോ' (mho)എന്ന്‌ കെൽവിന്‍ പേരിട്ടതും ഓമിന്നു ബഹുമതിയായി കണക്കാക്കാവുന്നതാണ്‌. ഇദ്ദേഹത്തിന്റെ പില്‌ക്കാല ഗവേഷണം മിക്കവാറും ധ്വാനിക (Acoustics)ത്തിലായിരുന്നു.

1854 ജൂല. 7-ന്‌ മ്യൂണിക്കിൽ ഓം നിര്യാതനായി. മ്യൂണിക്കിൽ ഇദ്ദേഹത്തിന്റെ സ്‌മാരകമായി ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു. ഒരു റോഡിന്‌ ഇദ്ദേഹത്തിന്റെ പേരും നല്‌കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍