This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിന്തസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:19, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒളിന്തസ്‌

Olynthus

ഒരു പ്രാചീന ഗ്രീക്ക്‌ നഗരം. തെസെലോണീക്കെക്ക്‌ 64 കി. മീ. തെക്കുമാറി, ആധുനിക മിരിയോഫിതോയ്‌ക്കു സമീപമുള്ള കുന്നിന്‍ പ്രദേശത്തായിരുന്നു ഇതിന്റെ സ്ഥാനം. ബി. സി. 480-479 കാലത്ത്‌ ഇത്‌ ബോത്തിയന്‍സ്‌ എന്ന ത്രഷ്യന്‍ ഗോത്രത്തിന്റെ കൈവശമായിരുന്നു. ഹെലിസ്‌പോണ്ടിലേക്കു മുന്നേറിയ പേർഷ്യന്‍ ചക്രവർത്തിയായ സെർക്‌സിസിനെ അനുഗമിച്ചിരുന്ന ജനറൽ ആർട്ടാബാനൂസാണ്‌ ഈ പട്ടണത്തിലെ കുറേ പേരെ കൊന്നൊടുക്കിയ ശേഷം അത്‌ ഗ്രീക്കുകാർക്കു നൽകിയത്‌ (479). 432-ൽ മാസിഡോണിയയിലെ രാജാവായ പെർഡികാസ്‌ കക ഗ്രീക്ക്‌ സ്‌റ്റേറ്റുകള്‍ ചേർന്നു രൂപവത്‌കരിച്ച ഡീലിയന്‍ ലീഗിൽ ഈ പട്ടണത്തിലെ ജനങ്ങളെയും കൂടി ഉള്‍പ്പെടുത്തി. 424-ൽ സ്‌പാർട്ടന്‍ ജനറൽ ബ്രാസിഡാസ്‌ ആഥന്‍സിലെ ഭരണകൂടത്തെ നശിപ്പിച്ചപ്പോള്‍, ഒളിന്തസ്‌ സ്വതന്ത്രമായിത്തീർന്നു. ഗ്രീക്ക്‌ ചരിത്രകാരന്മാർ ഒളിന്ത്യന്മാർ എന്നായിരുന്നു അവിടത്തെ ജനങ്ങളെ വിളിച്ചിരുന്നതെങ്കിലും അവർ സ്വയം കാൽഡിയന്മാർ എന്നറിയപ്പെടാനാണ്‌ ഇഷ്‌ടപ്പെട്ടിരുന്നത്‌. മാസിഡോണിയന്‍ രാജാവായ അമിന്‍താസ്‌ കകക മായി 390-ൽ കാൽഡിയന്‍ ലീഗ്‌ ഒരു സുപ്രധാന സഖ്യത്തിലേർപ്പെടുകയുണ്ടായി. 382 ആയപ്പോഴേക്കും കാൽഡിയന്മാർ, സ്‌ട്രിമോണ്‍ നദിയുടെ പടിഞ്ഞാറുവരെയുള്ള ഗ്രീക്ക്‌ പട്ടണങ്ങളെല്ലാംതന്നെ തങ്ങളുടെ രാജ്യത്തോട്‌ സംയോജിപ്പിച്ചു കഴിഞ്ഞിരുന്നു. മാസിഡോണിയയിലെ പ്രധാനപട്ടണമായ പെലെയും അവർ കീഴടക്കി. എന്നാൽ ഇതേ വർഷം കാൽഡിയന്‍ ലീഗിൽ ഉള്‍പ്പെടാത്ത അകാന്തസ്‌, അപ്പോളോനിയ എന്നിവയുമായി സ്‌പാർട്ട ഒത്തുചേരുകയും മൂന്നു വർഷത്തോളം ഒളിന്ത്യന്മാരുമായി കടുത്ത യുദ്ധത്തിലേർപ്പെടുകയും ചെയ്‌തു. 379-ൽ ഒളിന്ത്യന്മാർ തങ്ങളുടെ ലീഗ്‌ പിരിച്ചുവിടുകയും സ്‌പാർട്ടയുടെ നിയന്ത്രണത്തിന്‍കീഴിൽ നാല്‌ വർഷത്തോളം കഴിയുകയുമുണ്ടായി. 20 വർഷത്തിനുശേഷം ഫിലിപ്പ്‌ കക മാസിഡോണിയയിൽ രാജാവായപ്പോള്‍ ഒളിന്ത്യസ്സിന്റെ സ്വാതന്ത്യ്രം അവരുടെ നേതാവായ ഡെമോസ്‌തനീസ്‌ വീണ്ടെടുക്കുകയും 32 നഗരങ്ങളുള്‍പ്പെട്ട മറ്റൊരു ലീഗ്‌ സംഘടിപ്പിക്കുകയും ചെയ്‌തു. 357-ൽ ഫിലിപ്പും ആഥന്‍സുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യം ഫിലിപ്പുമായും പിന്നീട്‌ ആഥന്‍സുമായും അവർ സഖ്യത്തിലായിരുന്നു. ഒളിന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഡെമോസ്‌തനീസ്‌ വിശ്രുതമായ മൂന്ന്‌ "ഒളിന്ത്യയ്‌ക്ക്‌ പ്രസംഗങ്ങള്‍' നടത്തി. ഏതായാലും 348-ൽ ഫിലിപ്പ്‌ ഒളിന്തസ്സിനെ നശിപ്പിക്കുകയും അവിടത്തെ പൗരന്മാരെ അടിമകളാക്കുകയും ചെയ്‌തു.

എ. ഡി. 1928-38 കാലഘട്ടത്തിൽ ആഥന്‍സിലെ "അമേരിക്കന്‍ സ്‌കൂള്‍ ഒഫ്‌ ക്ലാസ്സിക്കൽ സ്റ്റഡീസി' ന്റെ ആഭിമുഖ്യത്തിൽ ഒളിന്തസ്സിൽ ഭൂഖനനം നടത്താന്‍ ശ്രമിക്കുകയുണ്ടായി. ഇവിടത്തെ നിരവധി ഇരുനിലക്കെട്ടിടങ്ങളിൽ ചിലതിന്‌ 261 മുറികള്‍വരെ ഉണ്ടായിരുന്നു. ഒളിന്തസ്‌ പട്ടണം ഉത്‌ഖനനം ചെയ്‌തതു വഴി, ക്ലാസ്സിക്കൽ കലയും ഹെലനിസ്റ്റിക്‌-ഗ്രീക്ക്‌ കലയുമായുള്ള ബന്ധത്തെക്കുറിച്ച്‌ കൂടുതൽ വ്യക്തമായി പഠിക്കാന്‍ കഴിഞ്ഞു. ഒളിന്തിയോസ്‌ നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്‌തിരുന്ന മിറിയോഫൈറ്റോ എന്ന നഗരമാണ്‌ ഇപ്പോള്‍ ഒളിന്തോസ്‌ എന്ന പേരിൽ അറിയപ്പെടുന്നത്‌.

(ടി.പി. ശങ്കരന്‍കുട്ടി നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍