This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറിയോള്‍, വിന്‍സെന്റ്‌ (1884 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒറിയോള്‍, വിന്‍സെന്റ്‌ (1884 - 1966)

Auriol, Vincent

ഫ്രഞ്ച്‌ രാജ്യതന്ത്രജ്ഞന്‍. അഭിഭാഷകന്‍, ധനശാസ്‌ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, പാര്‍ലമെന്റംഗം, ധനകാര്യമന്ത്രി, ഭരണഘടനാനിര്‍മാണസഭാധ്യക്ഷന്‍, രാഷ്‌ട്രത്തലവന്‍ എന്നീ വിവിധ സ്ഥാനങ്ങള്‍ ഒറിയോള്‍ അലങ്കരിച്ചിരുന്നു. 1884 ആഗ. 27-ന്‌ ജനിച്ചു. ടുലുസ്‌ സര്‍വകലാശാലയില്‍നിന്ന്‌ ധനശാസ്‌ത്രത്തിലും നിയമത്തിലും പ്രത്യേകം പ്രത്യേകം ഗവേഷണങ്ങള്‍ നടത്തി ഡോക്‌ടര്‍ ബിരുദങ്ങള്‍ നേടി. അതിനെത്തുടര്‍ന്ന്‌ ഒരു സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിത്തീര്‍ന്ന ഇദ്ദേഹം 1914-ല്‍ ഫ്രഞ്ചു പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1919-ല്‍ പാര്‍ലമെന്റിലെ സോഷ്യലിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റാശയപ്രചാരണത്തിന്‌ മുന്‍തൂക്കം നല്‌കിക്കൊണ്ടിരുന്ന ഇദ്ദേഹം ലിയോണ്‍ബൂവിന്റെ മന്ത്രിസഭയില്‍ ഒരു വര്‍ഷക്കാലം ധനകാര്യമന്ത്രിയായി (1936 ജൂണ്‍ മുതല്‍ 1937 ജൂണ്‍ വരെ) പ്രവര്‍ത്തിച്ചു. അന്നത്തെ സാമ്പത്തികക്കുഴപ്പം തരണം ചെയ്യാനായി ഇദ്ദേഹം ഫ്രാങ്കിന്റെ വിനിമയവില കുറച്ചു. മാര്‍ഷല്‍ പെറ്റെയിന്‌ ഏകാധിപത്യാധികാരം നല്‍കാനുള്ള ശ്രമത്തെ സുധീരം എതിര്‍ത്ത 80 പാര്‍ലമെന്റംഗങ്ങളില്‍ ഒറിയോളിന്റെ പങ്ക്‌ ഗണനീയമായിരുന്നു (1939-45). ഇതിനോടനുബന്ധിച്ച്‌ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹം 8 മാസത്തോളം ജയിലില്‍ കഴിച്ചുകൂട്ടി (1940 സെപ്‌. മുതല്‍ 1941 ഏ. വരെ). 1942 ഒക്‌ടോബറില്‍ സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തിനുവേണ്ടി ഒളിവില്‍പ്പോയ ഒറിയോള്‍ 1943-ല്‍ ലണ്ടനില്‍ അഭയം തേടി. ജനറല്‍ ഡിഗോള്‍ ഭരണമേറ്റെടുത്തപ്പോള്‍ (1945) ഒറിയോള്‍, മന്ത്രിസഭയില്‍ ചേരുകയുണ്ടായി. ഭരണഘടനാ പ്രശ്‌നങ്ങളെ സംബന്ധിച്ച വിവാദങ്ങളവസാനിപ്പിക്കാന്‍ 1946-ല്‍ നിയമിക്കപ്പെട്ട രണ്ട്‌ ഭരണഘടനാ നിര്‍മാണ സഭകളുടെയും അധ്യക്ഷന്‍ ഒറിയോളായിരുന്നു. 1947 ജനുവരിയില്‍ ഇദ്ദേഹത്തെ ഫ്രഞ്ച്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു. കാലാവധി കഴിഞ്ഞപ്പോള്‍ (1954) ഒറിയോള്‍ രംഗത്തുനിന്ന്‌ നിഷ്‌ക്രമിച്ചു.

1958-ല്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. അഞ്ചാം റിപ്പബ്ലിക്ക്‌ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഒറിയോള്‍, ഭരണഘടനാസമിതിയിലെ അനൗദ്യോഗികാംഗമായിത്തീര്‍ന്നുവെങ്കിലും 1960-ലെ ഗവണ്‍മെന്റ്‌, സ്വേച്ഛാധിപത്യത്തിലേക്ക്‌ നീങ്ങുന്നുവെന്നാരോപിച്ചുകൊണ്ട്‌ അദ്ദേഹം അതില്‍നിന്നും രാജിവച്ചു. 1966 ജനു.1-ന്‌ ഒറിയോള്‍ അന്തരിച്ചു.

(ടി.പി. ശങ്കരന്‍കുട്ടി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍