This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒനിക്കോഫൊറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:09, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒനിക്കോഫൊറ

Onychophora

പെരിപാറ്റസ്‌

ഭൂമിയിലെ ഏറ്റവും പുരാതനജീവികളുടെ കൂട്ടത്തിൽപ്പെട്ട ഒരു വിഭാഗം. ആർത്രാപ്പോഡ ഫൈലത്തിലെ ഒരു വർഗമായും, ഒരു സ്വതന്ത്രഫൈലമായും ഇതിന്‌ സ്ഥാനം നല്‌കുന്ന ജന്തുശാസ്‌ത്രജ്ഞരുണ്ട്‌. പട്ടുപോലെ മൃദുവും നീണ്ടതുമായ ശരീരത്തോടുകൂടിയ ഈ ചെറുപുഴുക്കള്‍ക്ക്‌ കാഴ്‌ചയിൽ "കാറ്റർപില്ലറി'നോടാണ്‌ സാദൃശ്യം. ആദിമ ആർത്രാപ്പോഡുകളുടെ പൂർവികർ, "വെൽവെറ്റ്‌ പുഴുക്കള്‍' എന്നു പേരുള്ള ഒനിക്കോ ഫൊറകളെപ്പോലെ ആയിരുന്നിരിക്കണം എന്നു കരുതപ്പെടുന്നു. കരയിൽ കാണുന്ന ആർത്രാപ്പോഡുകളിൽ ഏറ്റവും പ്രാകൃതജീവികളാണിവ.

ഒനിക്കോസ്‌ (Onychos: claw), ഫെറിന്‍ (pherein: bearing)എന്നീ ഗ്രീക്‌ പദങ്ങളിൽ നിന്നാണ്‌ ഒനിക്കോഫൊറയുടെ ഉദ്‌ഭവം. ഇതിലെ അംഗങ്ങള്‍ക്ക്‌ ഉദ്ദേശം 20 സെ.മീ. നീളമുണ്ടായിരിക്കും. ശരീരത്തിൽനിന്നു വ്യതിരിക്തമായ തല ഇവയിലൊന്നിനുപോലും ഉണ്ടായിരിക്കില്ല. എന്നാൽ ഒരു ജോടി ലളിതനേത്രങ്ങള്‍; നീളം കുറഞ്ഞ്‌ പല ഖണ്ഡങ്ങള്‍ ചേർന്ന സ്‌പർശിനികള്‍ (antennae); ബോധേന്ദ്രിയമായി വർത്തിക്കുന്ന ഒരു ജോടി "ഓറൽ പാപ്പില'കള്‍ എന്നിവ ഈ പുഴുക്കളിൽ വ്യക്തമായി കാണാന്‍ കഴിയും. "സ്ലൈം'- ഗ്രന്ഥികള്‍ (slime glands) ഓറൽ പാപ്പിലകളിലേക്കു തുറക്കുന്നു. 15 മുതൽ 43 വരെ ജോടി കുറുകിയ കാലുകളും ഉണ്ടായിരിക്കും. ഈ കാലുകള്‍ ഖണ്ഡങ്ങള്‍ ചേർന്നുണ്ടായവയല്ല. രണ്ടായി തിരിഞ്ഞിട്ടുള്ള "നഖ'ങ്ങളിൽ അവസാനിക്കുന്ന ഈ കാലുകളാണ്‌ ഈ പുഴുക്കള്‍ക്ക്‌ "ഒനിക്കോഫൊറ' (claw-bearing)എന്ന പേര്‌ നേടിക്കൊടുത്തത്‌. മുറിയുന്ന വായ്‌ത്തലയുള്ള ഒരു ജോടി ഹനുക്കള്‍ (jaws), "ഹീമോസീൽ' എന്നറിയപ്പെടുന്ന ശരീരകുഹരം, ട്രക്കിയൽ ട്യൂബുകള്‍ ഉപയോഗിക്കുന്ന ശ്വസനവ്യൂഹം, നെഫ്രിഡിയകള്‍ പ്രവർത്തിക്കുന്ന വിസർജനവ്യൂഹം എന്നിവ ഈ പുഴുക്കളുടെ മറ്റു സവിശേഷതകളാകുന്നു. ലിംഗഭേദം ദൃശ്യമായ ഇവയിൽ ഉത്‌പാദനാവയവങ്ങള്‍ ജോടിയായാണ്‌ കാണപ്പെടുന്നത്‌.

അനലിഡുകളുടെയും ആർത്രാപ്പോഡുകളുടെയും പല സ്വഭാവവിശേഷങ്ങളും പ്രദർശിപ്പിക്കുന്ന വെൽവെറ്റ്‌ പുഴുക്കള്‍ക്ക്‌ താഴെപ്പറയുന്ന പ്രത്യേകതകളാൽ ഒരു സ്വതന്ത്രഫൈലത്തിന്റെ സ്ഥാനം നല്‌കാന്‍ ചില ശാസ്‌ത്രജ്ഞർ തയ്യാറായി. ഒരേയൊരു ജോടി ഹനുക്കള്‍; ഖണ്ഡങ്ങളായി വേർതിരിഞ്ഞിട്ടില്ലാത്ത ശരീരം; ഗാങ്‌ഗ്ലിയകളില്ലാത്തതും വേർതിരിച്ചുള്ളതുമായ നാഡീതന്ത്രികള്‍ എന്നിവ ഒനിക്കോഫൊറുകളുടെ തനതായ സവിശേഷതകളാകുന്നു. ഉപാംഗങ്ങളിൽ നിന്നു രൂപംകൊണ്ട ഹനുക്കള്‍; ഹീമോസീൽ; ചുരുങ്ങിയ സീലോം എന്നിവയാണ്‌ ഈ പുഴുക്കളിൽ ദൃശ്യമാകുന്ന ആർത്രാപ്പോഡ്‌ സ്വഭാവങ്ങള്‍. കണ്ണുകളുടെ ഘടന, നെഫ്രിഡിയകളുടെ സാന്നിധ്യം, സങ്കീർണമല്ലാത്ത കുടൽ എന്നിവ അനലിഡന്‍-സ്വഭാവങ്ങളാകുന്നു. മേല്‌പറഞ്ഞ പ്രത്യേകതകളാൽ, അനലിഡുകളെയും ആർത്രാപ്പോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കണ്ണിയായാണ്‌ കൂടുതൽ ജന്തുശാസ്‌ത്രജ്ഞരും ഈ വിഭാഗത്തെ കരുതുന്നത്‌.

ഒനിക്കോഫൊറാന്‍ പുഴുക്കളുടെ വിതരണത്തിലെ പ്രത്യേകത ഇന്നും ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്‌നമായവശേഷിക്കുന്നു. മധ്യ-അമേരിക്ക, ആസ്റ്റ്രലിയ, കോംഗോ തുടങ്ങി ഭൂമിശാസ്‌ത്രപരമായി വളരെയധികം വേർപെട്ടുകിടക്കുന്ന രാജ്യങ്ങളിലും തിബത്തിലും ഇവയെ കണ്ടെത്തിയിട്ടുള്ളത്‌. ഇരുണ്ടതും ഈർപ്പം നിറഞ്ഞതുമായ സ്ഥലങ്ങളിലെ മണ്ണിൽ ഇവ ജീവിക്കുന്നു. ഈ പ്രദേശങ്ങളിൽത്തന്നെ ഇവ എണ്ണത്തിൽ വളരെ കുറവാണുതാനും. ഇക്കൂട്ടത്തിൽ ഏറ്റവും അറിയപ്പെടുന്ന ജീനസ്സിന്റെ പേരാണ്‌ പെരിപാറ്റസ്‌. ഇതിൽ 70 സ്‌പീഷീസുകള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍