This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡീസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:21, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒഡീസി

Odyssey

ഗ്രീക്ക്‌ വീരേതിഹാസ കാവ്യം. ക്രി.മു. 9-ാം ശതകത്തിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി ഹോമറാണ്‌ ഇതിന്റെ കർത്താവ്‌. ട്രാജന്‍ യുദ്ധത്തെ അധികരിച്ച്‌ ഹോമർ എഴുതിയ ഇലിയഡിന്റെ തുടർച്ചയാണ്‌ ഈ കഥ. ഒഡീസിയിലെ നായകനായ ഒഡീസിയൂസ്‌ യുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്താന്‍ സഹിക്കേണ്ടിവന്ന ക്ലേശങ്ങളാണ്‌ ഈ കൃതിയിലെ പ്രതിപാദ്യം. 24 പുസ്‌തകങ്ങളിലായിട്ടാണ്‌ ഇതു വർണിച്ചിരിക്കുന്നത്‌.

ട്രാജന്‍യുദ്ധം അവസാനിച്ചതിനുശേഷവും ഒഡീസിയൂസ്‌ നാട്ടിൽ എത്തിയില്ല. സമുദ്രദേവനെതിരായി പ്രവർത്തിച്ചതിന്റെ ഫലമായി പോസിഡോണ്‍ അയാളെ തടങ്കലിൽ പാർപ്പിച്ചു. സിയൂസിന്റെ ആജ്ഞപ്രകാരം ഒഡീസിയുസീനെ മോചിപ്പിക്കാനായി അഥീന ദേവതയെ ഇത്താക്കയിലേക്ക്‌ അയച്ചു. ഒഡീസിയൂസ്‌ ജീവിച്ചിരിപ്പുണ്ട്‌ എന്ന വിവരം പുത്രനായ ടെലിമാക്കസിനെ അറിയിച്ചു. ടെലിമാക്കസും അനുചരന്മാരും ഒഡീസിയൂസിനെ അന്വേഷിച്ച്‌ കപ്പലിൽ പൈലോസിൽ എത്തിച്ചേർന്നു. അന്വേഷണഫലമായി ഒഡീസിയൂസ്‌ മധ്യധരണ്യാഴിയിലെ ഒഗീഗിയ ദ്വീപിൽ കാലിപ്‌സോ എന്ന ദേവകന്യകയുടെ തടവുകാരനായി കഴിയുന്നു എന്നു മനസ്സിലായി. ഇതിനിടയിൽ ഒഡീസിയൂസിനെ മോചിപ്പിക്കാന്‍ സിയൂസ്‌, തന്റെ ദൂതനായ ഹെർമസിലൂടെ കാലിപ്‌സോയ്‌ക്ക്‌ നിർദേശം നല്‌കിയിരുന്നു. ഒഡീസിയൂസ്‌ മോചിതനായി ഒരു നൗകയിൽ യാത്രയായി. എന്നാൽ ഇദ്ദേഹത്തിന്റെ ശത്രുവായ പോസിഡോണ്‍ കൊടുങ്കാറ്റുമൂലം നൗകയെ ഫീഷ്യന്‍ തീരത്ത്‌ എത്തിച്ചു. അവിടത്തെ രാജാവായ ആൽസിനോസിന്റെ പുത്രിയായ നാസിക്ക ഒഡീസിയൂസിനെ കാണാനിടയായി. രാജകുമാരി ഇദ്ദേഹത്തെ കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടുപോയി സത്‌കരിച്ചു. സൗഹൃദസംഭാഷണത്തിനിടയിൽ ഒഡീസിയൂസിനെ തിരിച്ചറിഞ്ഞ രാജാവ്‌ നാട്ടിലെത്താന്‍ സഹായിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു. രാജാവിന്റെ നിർബന്ധപ്രകാരം ഒഡീസിയൂസ്‌ തന്റെ കഥ വിവരിച്ചു. അത്‌ ഇങ്ങനെയായിരുന്നു.

ട്രാജന്‍ യുദ്ധത്തിനുശേഷം ഇലിയത്തിൽ നിന്നു യാത്ര തിരിച്ച ഒഡീസിയൂസ്‌ സിക്കോണ്‍ നഗരത്തിൽ എത്തിച്ചേർന്നു. പിന്നീട്‌ ഒരു കൊടുങ്കാറ്റിൽപ്പെട്ട്‌ ഇദ്ദേഹം "സ്വപ്‌നജീവികളുടെ നാട്ടിൽ' ചെന്നെത്തി. അവിടെനിന്നും വീണ്ടും യാത്ര പുറപ്പെട്ട ഒഡീസിയൂസും സംഘവും ഒറ്റക്കണ്ണന്മാരായ രാക്ഷസന്മാരുടെ സങ്കേതത്തിലാണ്‌ ചെന്നുപെട്ടത്‌. അനുചരന്മാരിൽ പന്ത്രണ്ടുപേർ ഒരു രാക്ഷസന്‌ ആഹാരമായിത്തീർന്നുവെങ്കിലും ഇദ്ദേഹം തന്ത്രപൂർവം രക്ഷപ്പെട്ടു. തന്നെ ആക്രമിക്കാനെത്തിയ രാക്ഷസന്റെ കണ്ണ്‌ കുത്തിപ്പൊട്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഒഡീസിയൂസ്‌ തന്റെ പേരു വെളിപ്പെടുത്തിയത്‌ കൂടുതൽ അപകടത്തിനിടയാക്കി. തന്റെ ശത്രുവായ പോസിഡോണിന്റെ മകനായിരുന്നു ഈ രാക്ഷസന്‍.

കാറ്റിന്റെ അധിദേവതയായ എയിലസിന്റെ സങ്കേതമായ എയോലിയോ ദ്വീപിലാണ്‌ ഒഡീസിയൂസ്‌ പിന്നീട്‌ എത്തിച്ചേർന്നത്‌. എയ്‌ലസ്‌ ദയാപൂർവം പെരുമാറുകയും അടച്ചുപൂട്ടിയ ഒരു സഞ്ചി നല്‌കുകയും ചെയ്‌തു. വിഷവാതകം നിറച്ച ഒരു മാന്ത്രികസഞ്ചിയായിരുന്നു അത്‌. കൊടുങ്കാറ്റുണ്ടായാൽ അതിനെതിരായി ഈ വിഷവാതകം തുറന്നുവിട്ട്‌ രക്ഷനേടാന്‍ സഹായകമായിരുന്ന ഈ സഞ്ചിയിൽ വിലപ്പെട്ട നിധികള്‍ ആണെന്നു തെറ്റിദ്ധരിച്ച കപ്പൽജോലിക്കാർ സഞ്ചി തുറന്നു. ഉടന്‍തന്നെ ചീറിയടിച്ച കൊടുങ്കാറ്റിൽപ്പെട്ട്‌ ഒഡീസിയൂസിന്റെ കപ്പൽ മറ്റൊരു ദ്വീപിൽ ചെന്നെത്തി. അർധമനുഷ്യാകൃതി പൂണ്ട പിശാചുക്കളുടെ സങ്കേതമായിരുന്നു അത്‌. അനുചരന്മാരിൽ പലരെയും പിശാചുക്കള്‍ പിടിച്ചുഭക്ഷിച്ചു. ഒഡീസിയൂസും അവശേഷിച്ച സംഘാംഗങ്ങളും വീണ്ടും യാത്ര പുറപ്പെട്ടു. പിന്നെ കപ്പൽ അടുത്തത്‌ ഒരു പറ്റം മന്ത്രവാദികളുടെ ദ്വീപിലാണ്‌. അവർ കപ്പൽ ജോലിക്കാരെയെല്ലാം പന്നികളാക്കി മാറ്റി. എന്നാൽ ഒഡീസിയൂസ്‌ തനിക്കു ഹെർമസിൽ നിന്നു ലഭിച്ചിരുന്ന ഒരു ഓഷധിയുടെ സഹായത്താൽ മന്ത്രവാദശക്തിയെ അതിജീവിക്കുകയും സഹയാത്രികരെ തിരികെ മനുഷ്യരൂപത്തിലാക്കുകയും ചെയ്‌തു. ഒഡീസിയൂസിന്റെ കഴിവിൽ മതിപ്പുതോന്നിയ മന്ത്രവാദികള്‍ അയാള്‍ക്ക്‌ ഒരു ഉപദേശം നല്‌കി. അന്ധനായ തീബന്‍ പ്രവാചകന്‍ തൈരീഷ്യസുമായി ആലോചിക്കാതെ യാത്ര തുടരാന്‍ പാടില്ല എന്നതായിരുന്നു ഉപദേശം. ഒഡീസിയൂസ്‌ കടൽപ്പുറത്ത്‌ ഒരു വലിയ കുഴിയുണ്ടാക്കി. അതിൽ ആടുകളെ ബലിയർപ്പിച്ചപ്പോള്‍ തൈരീഷ്യസ്‌ പ്രത്യക്ഷപ്പെട്ടു. സൂര്യദേവന്റെ നാട്ടിലൂടെ പോകുമ്പോള്‍ അപകടമുണ്ടാവുമെന്ന്‌ തൈരീഷ്യസ്‌ മുന്നറിയിപ്പു നൽകി.

യാത്ര തുടർന്ന ഒഡീസിയൂസ്‌ സിറന്‍സ്‌ എന്ന ദ്വീപിനു സമീപത്തുകൂടി കപ്പലോടിക്കുവാന്‍ നിർബന്ധിതനായി. ശബ്‌ദമാധുര്യംകൊണ്ട്‌ യാത്രക്കാരെ ആകർഷിക്കുകയും അങ്ങനെ അവർ സഞ്ചരിക്കുന്ന കപ്പലുകള്‍ പാറകളിൽ തട്ടിത്തകർന്നു മരണത്തിനിടവരുത്തുകയും ചെയ്യുന്ന ഒരുപറ്റം അദ്‌ഭുതസ്‌ത്രീകളുടെ ആവാസകേന്ദ്രമായിരുന്നു ആ ദ്വീപ്‌. സഹയാത്രികരുടെ കാതുകള്‍ മെഴുകുകൊണ്ട്‌ അടയ്‌ക്കുകയും പായ്‌മരത്തിൽ സ്വയം ബന്ധിച്ചുനിർത്തുകയും ചെയ്‌തതുകൊണ്ട്‌ ഒഡീസിയൂസ്‌ രക്ഷപ്പെട്ടു. തുടർന്നുള്ള യാത്ര ഒരു കടലിടുക്കിലൂടെയായിരുന്നു. സില്ല എന്ന ഭീകരജീവിയുടെയും കാരിബ്‌ഡിസ്‌ എന്ന ആപത്‌കരമായ കടൽച്ചുഴിയുടെയും മധ്യേകൂടി കടന്നുപോയപ്പോള്‍ സംഘാംഗങ്ങളിൽ ആറുപേർ അപകടത്തിലായി. പക്ഷേ, യാത്ര പിന്നെയും തുടർന്ന്‌ സൂര്യദേവനായ ഹൈപ്പീറിയന്റെ നാട്ടിൽ എത്തിച്ചേർന്നു. വിശന്നു തളർന്നിരുന്ന സംഘാംഗങ്ങള്‍ ഹൈപ്പീറിയന്റെ ഏതാനും പശുക്കളെ കശാപ്പുചെയ്‌തു. ഇതിൽ കുപിതനായ ഹൈപ്പീറിയന്‍ ഒരു കൊടുങ്കാറ്റുയർത്തിവിട്ട്‌ ഒഡീസിയൂസിന്റെ കപ്പൽ തകർത്തുകളഞ്ഞു. അനുചരന്മാർ എല്ലാം മുങ്ങിമരിച്ചു. തിരച്ചാർത്തിലൂടെ ഒഴുക്കപ്പെട്ട ഒഡീസിയൂസ്‌ മാത്രം കാലിപ്‌സോയുടെ ദ്വീപായ ഒഗീഗയയുടെ തീരത്തു ചെന്നടിഞ്ഞു.

കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ രാജാവ്‌ ഒഡീസിയൂസിനു നിരവധി സമ്മാനങ്ങള്‍ നല്‌കി. രാജാവ്‌ ഏർപ്പെടുത്തിക്കൊടുത്ത ഒരു കപ്പലിൽ ഇദ്ദേഹം ജന്മദേശമായ ഇത്താക്കയിൽ തിരിച്ചെത്തി.

ഇതിനുശേഷം തന്റെ ഭാര്യയായ പെനിലോപ്പിയെ മോഹിച്ചെത്തിയവരോട്‌ അഥീനദേവതയുടെ സഹായത്താൽ ഒഡീസിയൂസ്‌ പകരം വീട്ടുന്നു. ഒഡീസിയൂസ്‌ വിവാഹാർഥികളെ നിഗ്രഹിക്കുകയും ദീർഘകാലത്തെ വിരഹത്തിനുശേഷം ഭാര്യയുമായി സന്ധിക്കുകയും ചെയ്യുന്നു.

"ധീരതയുടെ കാവ്യ'മായ ഇലിയഡും "വിവേകത്തിന്റെ വീരഗാഥ'യായ ഒഡീസിയും പില്‌ക്കാലത്തുള്ള സാഹിത്യകാന്മാരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ഒഡീസി മലയാളത്തിലേക്ക്‌ അതേപേരിൽ സി. മാധവന്‍പിള്ള വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

(ബി. രഘുനാഥനായർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A1%E0%B5%80%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍