This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡിഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:38, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഒഡിഷ

ഇന്ത്യാറിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ വിസ്‌തീര്‍ണത്തില്‍ ഒന്‍പതാമത്തെയും ജനസംഖ്യാടിസ്ഥാനത്തില്‍ 11-ാമത്തെയും സ്ഥാനമാണ്‌ ഒഡിഷയ്‌ക്കുള്ളത്‌. ഇന്ത്യയുടെ പൂര്‍വതീരത്ത്‌ ബംഗാള്‍ ഉള്‍ക്കടലിനോട്‌ തൊട്ടുകിടക്കുന്ന ഒഡിഷയുടെ അയല്‍സംസ്ഥാനങ്ങള്‍ വടക്ക്‌ ജാര്‍ഖണ്ഡ്‌, വടക്ക്‌-കിഴക്ക്‌ പശ്ചിമബംഗാള്‍, കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്‌ ആന്ധ്രപ്രദേശ്‌, പടിഞ്ഞാറ്‌ ചത്തീസ്‌ഗഢ്‌ എന്നിങ്ങനെയാണ്‌. 1936-ലാണ്‌ ഒറീസ്സ എന്ന പേരില്‍ ഒരു ബ്രിട്ടീഷ്‌ ഭരണപ്രവിശ്യ നിലവില്‍വന്നത്‌. 2011 നവംബറില്‍ സംസ്ഥാനത്തിന്റെ പേര്‌ ഒഡീഷ എന്നു പുനര്‍നാമകരണം ചെയ്‌തു. 1948-49 കാലത്ത്‌ ധെന്‍കനാല്‍, നീല്‍ഗിരി, തല്‍ഝഡ്‌, നയാഗഡ്‌, റായ്‌രാഖോല്‍, ആഥ്‌ഗഡ്‌, പല്ലഹാര, ഗംഗ്‌പൂര്‍, ബാന്‍പൂര്‍, ഹിന്ദോള്‍, ബാമ്‌ര, ദസ്‌പല, സോണിപൂര്‍, ഖണ്ഡപര, ആഥാമല്ലിക്‌, ബാഡ്‌, ബോണായ്‌, ബംരംബ, നരസിംഗ്‌പൂര്‍, കാളഹണ്ടി, ടിഗീരിയ, കിയോന്‍ഝഡ്‌, ബോലോന്‍ഗിര്‍, മയൂര്‍ഭഞ്‌ജ്‌ എന്നീ 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത്‌ ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 1,55,707 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഒഡിഷ സംസ്ഥാനത്തെ സൗകര്യാര്‍ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. ജില്ലകളില്‍ ആറെണ്ണം ബംഗാള്‍ ഉള്‍ക്കടലുമായി ചേര്‍ന്നു സ്ഥിതിചെയ്യുന്നു. തലസ്ഥാനം ഭുവനേശ്വര്‍. ഒഡിയ, ഹിന്ദി, തെലുഗു എന്നീ ഭാഷകള്‍ നിലവിലുള്ള ഈ സംസ്ഥാനത്തിലെ ആകെ ജനസംഖ്യ: 41,947,358 (2011).

ധാതുദ്രവ്യങ്ങള്‍, വനവിഭവങ്ങള്‍ എന്നിവകൊണ്ട്‌ അത്യന്തം സമ്പന്നമായ ഒരു മേഖലയാണ്‌ ഒഡിഷ; എന്നാല്‍ ഇവയുടെ സമര്‍ഥമായ ചൂഷണം നാളിതുവരെ സാധിതപ്രായമാകായ്‌കയാല്‍ വികസ്വരാവസ്ഥയില്‍ തുടരുകയുമാണ്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം സാമ്പത്തികരംഗത്ത്‌ ഈ സംസ്ഥാനം ആശാവഹമായ പുരോഗതി നേടിയിട്ടുണ്ട്‌.

ഭൂമിശാസ്‌ത്രപരമായി ഇന്ത്യയിലെ പൂര്‍വതീര സംസ്ഥാനമെന്നു വിശേഷിപ്പിക്കാമെങ്കിലും ചരിത്രപരമായി നോക്കുമ്പോള്‍ ഒഡിഷ ഉത്തരേന്ത്യയോടും ദക്ഷിണേന്ത്യയോടും ഭാഗികമായി സാജാത്യം പുലര്‍ത്തുന്നതു കാണാം. ഭാഷ, സംസ്‌കാരം, കല, വാസ്‌തുവിദ്യ തുടങ്ങിയ രംഗങ്ങളില്‍ ഔത്തരാഹ-ദാക്ഷിണാത്യ സംസ്‌കാരങ്ങളുടെ സമഞ്‌ജസമായ സമന്വയമാണ്‌ ഒഡിഷ കാഴ്‌ചവയ്‌ക്കുന്നത്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂവിവരണം

തീരദേശ സംസ്ഥാനമായ ഒഡിഷ വടക്ക്‌ അക്ഷാംശം 18o മുതൽ 23o വരെയും കിഴക്ക്‌ രേഖാംശം 81o മുതൽ 88o വരെയും വ്യാപിച്ചുകിടക്കുന്നു. ഈ സംസ്ഥാനത്തെ 30 ജില്ലകളിൽ ആറെണ്ണം ബംഗാള്‍ ഉള്‍ക്കടലിനെ സ്‌പർശിക്കുന്നു. മഹാനദീവ്യൂഹം ഉള്‍പ്പെടെ വലുതും ചെറുതുമായ നിരവധി നദികള്‍ ഒഡിഷയെ ജലസിക്തമാക്കുന്നുണ്ട്‌.

ഈ സംസ്ഥാനത്തെ പൊതുവേ നാല്‌ പ്രകൃതി വിഭാഗങ്ങളായി തിരിക്കാം: വടക്കും വടക്ക്‌ പടിഞ്ഞാറുള്ള മലമ്പ്രദേശം, പൂർവഘട്ടം, മധ്യ-പശ്ചിമപീഠപ്രദേശം, തീരസമതലം, ഇവയിൽ ആദ്യത്തെ മേഖലയാണ്‌ ഒഡിഷയിലെ ധാതുസമ്പന്നമായ പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌വാനാ ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല മയൂർഭഞ്‌ജ്‌, കിയേഝഢ്‌, സുന്ദർഗഢ്‌, സംഭൽപൂർ, കാളഹണ്ടി, ബാലാന്‍ഗിർ, ബൗധ്‌, സോണാപൂർ, ജർസുഗുഡ എന്നീ മേഖലകളെ ഉള്‍ക്കൊള്ളുന്നു. ഗഞ്‌ജാം, പുരി, കട്ടക്ക്‌, ബാലേശ്വർ എന്നീ സമുദ്രതീര ജില്ലകളുടെ പടിഞ്ഞാറരികിലൂടെ നീളുന്ന പൂർവഘട്ടത്തിന്റെ ഒരു ശാഖ കോരാപുട്ട്‌, മയൂർഭഞ്‌ജ്‌, റായ്‌ഗഡ എന്നീ ജില്ലകളിലേക്ക്‌ അതിക്രമിച്ചുകാണുന്നു. ഫൂൽബനി (കന്ദമാൽ) ജില്ലയിലാണ്‌ പൂർവഘട്ടം വിന്ധ്യാനിരകളും തമ്മിൽ ഒത്തുചേരുന്നത്‌. പൂർവഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ്‌ തീരദേശജില്ലകളിലുള്ളത്‌. പ്രവാഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട്‌ സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങള്‍മാത്രം അവശേഷിച്ചിട്ടുള്ളവയാണ്‌ മിക്ക മലകളും. ഇവയ്‌ക്കിടയിൽ അഗാധമായ ചുരങ്ങള്‍ സാധാരണമാണ്‌; സാമാന്യം വിസ്‌തൃതമായ ജലോഢമൈതാനങ്ങളും വിരളമല്ലാ ഈ മലകള്‍ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട്‌ 100 കിലോ മീറ്ററോളം ഉള്ളിലായാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്‌. ഇടയ്‌ക്കിടെ ഈ മലകളുമായി ബന്ധപ്പെട്ട്‌ ചെമ്മണ്ണുമൂടിയ കുന്നുകളും ഉണ്ട്‌; ഇവയിൽനിന്നും വഹിച്ചു നീക്കപ്പെട്ട അവസാദങ്ങള്‍ നിരന്നുണ്ടായിട്ടുള്ള ലാറ്ററൈറ്റ്‌ മൈതാനങ്ങളും ദൃശ്യമാണ്‌. കട്ടക്ക്‌, ധെന്‍കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലായുള്ള കണൽക്കല്ലു നിർമിതമായ കുന്നിന്‍നിരകള്‍ കൽക്കരി നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌; തൽഝഡ്‌ പ്രദേശത്തു കൽക്കരിഖനനം നടന്നുവരുന്നു. കിയോന്‍ഝഡ്‌, സംഭൽപൂർ ജില്ലകളിലെ പൂർവഗോണ്ട്‌വനാ ക്രമത്തിൽപ്പെട്ട ബാരാക്കഡ്‌ നിരകളിലും അവയ്‌ക്കുമീതെയുള്ള ശിലാസ്‌തരങ്ങളിലും കൽക്കരി നിക്ഷേപങ്ങളുണ്ട്‌. ഹിമഗിരി, രാംപൂർ എന്നീ കൽക്കരി കേന്ദ്രങ്ങള്‍ ഈ ഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്ന നദീവ്യൂഹങ്ങള്‍ നിർമിച്ച ജലോഢമൈതാനങ്ങളാണ്‌ ഒഡിഷയിലെ സമതലങ്ങള്‍; ഋഷികുല്യ, മഹാനദി, ബ്രാഹ്മണി, വൈതരണി, സുവർണരേഖ എന്നീ നദികളും ഇവയുടെ പോഷക-ശാഖാനദികളും ചേർന്ന്‌ സൃഷ്‌ടിച്ചതാണ്‌ തീരദേശത്തെ എക്കൽസമതലങ്ങള്‍, മഹാനദി, തേൽ എന്നീ നദികളുടെ അപരദന പ്രവർത്തനംമൂലം സംസ്ഥാനത്തിന്റെ പടിഞ്ഞാറരികിലുള്ള താഴ്‌വാരങ്ങളിൽ സാമാന്യം വിസ്‌തൃതമായ സമതലങ്ങള്‍ നിർമിക്കപ്പെട്ടിരിക്കുന്നു. പൂർവഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽനിന്നു കിഴക്കോട്ട്‌ ക്രമേണ ചാഞ്ഞിറങ്ങുന്നതാണ്‌ തീരദേശസമതലം; മധ്യ-പശ്ചിമഭാഗങ്ങളിലെ ജലോഢമൈതാനങ്ങള്‍ ദ്രാണീരൂപത്തിലുള്ളവയുമാണ്‌. വാർഷിക വർഷപാതവും കാലാവസ്ഥയിലെ ഇതര ഘടകങ്ങളുമാണ്‌ സമതലങ്ങളുടെ ആകാരവും പ്രകൃതിയും നിർണയിക്കുന്നതെന്നു പറയാം. മയൂർഭഞ്‌ജ്‌ ജില്ലയിലെ മേഘാസന്‍; കിയോന്‍ഝഡിലെ ഗന്ധമാദന്‍; കാളഹണ്ടി, കോരാപട്ട്‌ ജില്ലകളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ദേവ്‌മാലി, സിങ്‌രാം; ധെന്‍കനാലിലെ മലയഗിരി; സുന്ദർഗഡിലെ മങ്കട്‌നാച; സംഭൽപൂരിലെ പഞ്ചധര; ഗഞ്‌ജാമിലെ ശൃംഗരാജ്‌, മഹേന്ദ്രഗിരി; കോരാപട്ടിലെ നിമ്‌നഗിരി; കാളഹണ്ടിയിലെ ബങ്കാഷാം എന്നിവയാണ്‌ ഒഡിഷയിലെ പ്രധാന മലകള്‍. ഇവയിൽ മിക്കവയും പ്രകൃതിരമണീയമായ സുഖവാസകേന്ദ്രമോ, പ്രസിദ്ധവും പൗരാണികവുമായ ദേവാലയങ്ങളുടെ ആസ്ഥാനമെന്ന നിലയ്‌ക്ക്‌ തീർഥാടനകേന്ദ്രമോ ആയി പ്രശസ്‌തി ആർജിച്ചിട്ടുള്ളവയാണ്‌.

അപവാഹം

ഒഡിഷയുടെ ജീവധാരകളായി വർത്തിക്കുന്ന നിരവധി നദികളിൽ പ്രധാനപ്പെട്ടവ മഹാനദി, ബ്രാഹ്മണി, വൈതരണി, ബുദ്ധബാലംഗ, സുവർണരേഖ, സാലന്ദി, ഋഷികുല്യ, ബൽഷധാര, ബഡാ, ബഹുഡ, ഇന്ദ്രവതി എന്നിവയാണ്‌. ഈ നദികള്‍ വർഷകാലത്ത്‌ ഗതിമാറുന്നവയും അപ്രതീക്ഷിതമായ ജലപ്രളയത്തിന്‌ ഹേതുകങ്ങളുമാണ്‌. മിക്കപ്പോഴും തീക്ഷ്‌ണമായ വിനാശങ്ങള്‍ക്ക്‌ ഇവ വഴിയൊരുക്കുന്നു. തീരദേശജില്ലകള്‍ക്കാണ്‌ വലുതായ കെടുതികള്‍ ഉണ്ടാകാറുള്ളത്‌. ഈ നദികളുടെ ഗതിമാറ്റം സംസ്ഥാനത്തെ റോഡ്‌-റെയിൽ ഗതാഗതത്തെ സാരമായി ബാധിക്കാറുണ്ട്‌.

മഹാനദിയിലെ ഹിരാക്കുഡ്‌ അണക്കെട്ട്‌

ഒഡിഷയിലെ ഏറ്റവും വലിയ നദി മഹാനദിയാണ്‌. ചത്തീസ്‌ഗഢിലെ റായ്‌പൂർ ജില്ലയിലെ ഭണ്ഡകാരണ്യ പ്രവിശ്യയിൽനിന്നും ഉദ്‌ഭവിച്ച്‌ ബസ്‌താർ, റായ്‌പൂർ ജില്ലകളിലൂടെ ഒഴുകിയെത്തുന്ന മഹാനദി സംഭൽപൂർ ജില്ലയിലൂടെ ഒഡിഷയിൽ കടക്കുന്നു. ഇവിടെയാണ്‌ ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ്‌. ബാലാന്‍ഗിർ, സോണാപൂർ, ബൗധ്‌ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന മഹാനദി തുടർന്ന്‌ തിക്കർ പാറ മലനിരയിലെ 23 കി.മീ. നീളമുള്ള അഗാധമായ ചുരം സൃഷ്‌ടിക്കുന്നു. അതിനുശേഷം പുരിയിലൂടെ വൈദേ്യശ്വർ എന്ന സ്ഥലത്തുവച്ച്‌ കട്ടക്ക്‌ ജില്ലയിൽ കടക്കുന്നു. കട്ടക്ക്‌ നഗരത്തിന്‌ 11 കി.മീ. ദൂരത്തുള്ള നാരജിൽവച്ച്‌ കാഥ്‌ജൂരി എന്ന ഒരു ശാഖ പിരിയുന്നതുമൂലം കട്ടക്ക്‌ നഗരത്തിന്റെ വടക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളെ തഴുകി ഒഴുകുവാന്‍ മഹാനദിക്കു കഴിയുന്നു. ഫാള്‍സ്‌ പോയിന്റി(20o 18' വടക്ക്‌ 86o 43' കിഴക്ക്‌)നടുത്ത്‌ മഹാനദി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു. 1,20,500 ച.കി.മീ. ആവാഹക്ഷേത്രമുള്ള മഹാനദിയുടെ പ്രധാനപോഷകനദികള്‍ വംഗ, തേൽ, സാപുവ, സാലൂകി എന്നിവയാണ്‌. കാഥ്‌ജൂരി, ചിത്രാത്‌പല, കുവാഖായി, വിരൂപ, പൈക എന്നീ ശാഖാനദികളും പ്രസ്‌താവയോഗ്യങ്ങളാണ്‌. ഹിരാക്കുഡ്‌ അണക്കെട്ടിന്റെ നിർമാണത്തോടെ മഹാനദിയിലെ പ്രളയഭീഷണി നിയന്ത്രണാധീനമായിട്ടുണ്ടെന്നു പറയാം.

ജാർഖണ്ഡിലെ റാഞ്ചി സമതലത്തിനുസമീപം ഉദ്‌ഭവിക്കുന്ന ദക്ഷിണകോയൽ, ശംഖ എന്നീ ചെറുനദികള്‍ ചേർന്നാണ്‌ ബ്രാഹ്മണി നദി ഉണ്ടാകുന്നത്‌. ബോണായ്‌, തൽഝഡ്‌, ധെന്‍കനാൽ എന്നിവിടങ്ങളിലൂടെ കട്ടക്ക്‌ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ധാമ്‌റ എന്ന സ്ഥലത്തുവച്ച്‌ വൈതരണിയുമായി സംഗമിച്ചശേഷം ധാമ്‌റ എന്ന പേരോടെ ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു. ധാമ്‌റ തീരത്താണ്‌ ചന്ദ്രബാലി തുറമുഖം. 416 കി.മീ. നീളമുള്ള ബ്രാഹ്മണിയുടെ പ്രധാന പോഷകനദികള്‍ ഘാരാസാന്‍, കിമിരിയ, ലിംഗാരി, പാടിയ എന്നിവയാണ്‌. ഈ നദിയുടെ ആവാഹക്ഷേത്രത്തിന്റെ വിസ്‌തീർണം 3,562 ച.കി.മീ. ആണ്‌. കട്ടക്ക്‌ ജില്ലയിലെ ജയ്‌പൂർമേഖല ബ്രാഹ്മണിമൂലം മിക്കവാറും എല്ലാ ആണ്ടും പ്രളയബാധിതമാവാറുണ്ട്‌.

രാമായണത്തിൽ പരാമൃഷ്‌ടമായ പുണ്യനദിയാണ്‌ വൈതരണി. കിേയാന്‍ഝഡ്‌, മയൂർഭഞ്‌ജ്‌ ജില്ലകളുടെ അതിർത്തിയിലുള്ള ഗോണശിഖയിൽ ഉദ്‌ഭവിച്ചൊഴുകുന്ന വൈതരണി ആദ്യം ഈ ജില്ലകളെയും തുടർന്ന്‌ കിയോന്‍ഝഡ്‌, കട്ടക്ക്‌ ജില്ലകളെയും വേർതിരിക്കുന്ന അതിർത്തിയായി വർത്തിക്കുന്നു. ബാലിപൂരിനുസമീപം കട്ടക്ക്‌ ജില്ലയിലേക്കു പ്രവേശിക്കുന്ന വൈതരണി പിന്നീട്‌ കട്ടക്ക്‌, ബാലസോർ ജില്ലകളുടെ അതിർത്തിയിലൂടെ ഒഴുകുന്നു. ധാമ്‌റയിൽവച്ച്‌ ബ്രാഹ്മണിയുമായി സംഗമിക്കുന്നു. കട്ടക്ക്‌, ബാലസോർ, കിയോന്‍ഝഡ്‌ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കംമൂലമുള്ള കെടുതികള്‍ സൃഷ്‌ടിക്കുന്നതിൽ വൈതരണിയും ഗണ്യമായ പങ്കുവഹിക്കുന്നു. 312 കി.മീ. നീളമുള്ള സുവർണരേഖ തന്റെ ഗതിക്കിടയിൽ 48 കി.മീ. ദൂരത്തോളം മാത്രമാണ്‌ ഒഡിഷയിലൂടെ ഒഴുകുന്നത്‌. പ്രളയബാധ ഉണ്ടാക്കുന്നതിൽ ഈ നദിയും ഒട്ടും പിന്നിലല്ല. ജാർഖണ്ഡിലെ റാഞ്ചിക്കടുത്ത്‌ ഉദ്‌ഭവിക്കുന്ന സുവർണരേഖയും ബാംഗാള്‍ ഉള്‍ക്കടലിലാണ്‌ പതിക്കുന്നത്‌. മയൂർഭഞ്‌ജിലെ സിമുലിപൂർ മലകളിൽ ഉദ്‌ഭവിച്ച്‌ ആ ജില്ലയിലും തുടർന്ന്‌ ബാലസോർ ജില്ലയിലുംകൂടി 56 കി.മീ. ഗമിച്ച്‌ ചാന്ദിപൂരിനടുത്ത്‌ ബംഗാള്‍ ഉള്‍ക്കടലിൽ ലയിക്കുന്ന ചെറുനദിയാണ്‌ ബുദ്ധബാലംഗ. സർപ്പില ഗതിയിലൂടെ ഗഞ്‌ജാംജില്ല പൂർണമായും ജലസിക്തമാക്കുന്ന നദിയാണ്‌ ഋഷികുല്യ. ബഡാ, ഘോഡാഹഡ്‌, ജഡായു എന്നിവയാണ്‌ ഈ നദിയുടെ പ്രധാന പോഷകനദികള്‍. ഗഞ്‌ജാം ജില്ലയിലെ ജലസേചനസംവിധാനം പൂർണമായും ഋഷികുല്യാവ്യൂഹത്തെ ആശ്രയിച്ചാണ്‌. കാളഹണ്ടി ജില്ലയിലെ ജയ്‌പൂർ കുന്നുകളിൽ ഉദ്‌ഭവിക്കുന്ന മറ്റൊരു ചെറുനദിയാണ്‌ ബന്‍ഷധാര. ഗഞ്‌ജാംജില്ലയിലെ മഹേന്ദ്രഗിരിയിൽ ഉദ്‌ഭവിച്ചെത്തുന്ന മഹേന്ദ്രതനയയുമായി സംഗമിച്ച്‌ ഈ നദി ആന്ധ്രപ്രദേശിലേക്കു കടക്കുകയും കലിംഗപട്ടണത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുകയും ചെയ്യുന്നു. ഇന്ദ്രവതി, കോലാബ്‌ എന്നിവ കോരാപട്ട്‌ ജില്ലയിൽ ഉദ്‌ഭവിച്ച്‌ തെക്കോട്ടൊഴുകുന്നു; ഇവ ഗോദാവരിയുടെ പോഷകനദികളാണ്‌. ഒഡിഷ-ആന്ധ്രപ്രദേശ്‌ അതിർത്തിയെ തഴുകി ഒഴുകുന്ന മച്ച്‌കുണ്ഡ്‌ എന്ന ചെറുനദി ഇതേപേരിലുള്ള ജലവൈദ്യുതപദ്ധതിയിലൂടെ പ്രാധാന്യമർജിച്ചിരിക്കുന്നു. പൊതുവേ നോക്കുമ്പോള്‍ ഒഡിഷ നദീസമ്പന്നമായ ഒരു സംസ്ഥാനമാണെന്നു പറയാം.

ഈ സംസ്ഥാനത്ത്‌ അനേകം തടാകങ്ങളും ഉണ്ട്‌. പുരി, ഖുർദ, ഗഞ്‌ജാം എന്നീ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചിൽക ആണ്‌ ഇവയിൽ ഏറ്റവും വലുത്‌. പ്രാക്കാലത്ത്‌ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗമായിരുന്ന ഒരു ജലൗഘം പൊഴിവീണ്‌ തടാകരൂപം കൈക്കൊണ്ടതാണ്‌ ഇന്നത്തെ ചിൽക എന്ന്‌ ഭൂവിജ്ഞാനികള്‍ അഭിപ്രായപ്പെടുന്നു. 64 കി.മീ. നീളത്തിലും 16-32 കി.മീ. വീതിയിലും വ്യാപിച്ചു കിടക്കുന്ന ചിൽകയുടെ മധ്യത്ത്‌ പാരികുഡ്‌, മലാഡ്‌ എന്നീ ദ്വീപിലും അനേകം കുന്നുകളും ഉണ്ട്‌. പ്രകൃതിരമണീയങ്ങളായ ദ്വീപുകള്‍ ഒന്നാന്തരം വിനോദകേന്ദ്രങ്ങളാണ്‌. സമൃദ്ധമായ ഒരു മത്സ്യശേഖരം ഉള്‍ക്കൊള്ളുന്ന ഈ തടാകം ഒരു മീന്‍പിടിത്ത കേന്ദ്രമാണെന്നതിനു പുറമേ, ഇപ്പോള്‍ മത്സ്യങ്ങളെ സംബന്ധിച്ച ഒരു ഗവേഷണത്താവളവുമാണ്‌. തടാകതീരത്ത്‌ നിരവധിയിനം പക്ഷികള്‍ ധാരാളമായി കാണപ്പെടുന്നു. കട്ടക്ക്‌ ജില്ലയിലെ ആൽസുപയാണ്‌ മറ്റൊരു നൈസർഗിക തടാകം. അഞ്ച്‌ കി.മീ. നീളവും 1.6 കി.മീ. വീതിയുമുള്ള ഈ തടാകവും ഒരു ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌. തടാകതീരത്തുള്ള സാരന്ദമല ചരിത്രപ്രാധാന്യമാർജിച്ച ഭഗ്നാവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

പുരി നഗരത്തിനടുത്ത്‌ അഞ്ച്‌ കി.മീ. നീളവും മൂന്ന്‌ കി.മീ. വീതിയുമുള്ള ഒരു കൃത്രിമതടാകമുണ്ട്‌. സാര എന്നുവിളിക്കപ്പെടുന്ന ഈ തടാകവും മത്സ്യബന്ധനകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. ഹിരാക്കുഡ്‌ അണക്കെട്ടിനോട്‌ അനുബന്ധിച്ചും വിശാലമായ ഒരു റിസർവോയറുണ്ട്‌. ഇവിടെയുള്ള ഉദ്യാനവും ജവാഹർ മിനാറും സഞ്ചാരികളെ ആകർഷിക്കുന്നു. ഭഞ്‌ജൽ നഗറിലുള്ള ഋഷികുല്യാ നദിയിലെ കൃത്രിമത്തടാകവും ഒരു ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌.

കാലാവസ്ഥ

അത്യുഷ്‌ണമോ അതിശൈത്യമോ അനുഭവപ്പെടാത്ത സമീകൃതകാലാവസ്ഥയാണ്‌ ഒഡിഷയിലുള്ളത്‌. സമുദ്രസാമീപ്യമാണ്‌ കാലാവസ്ഥയെ മയപ്പെടുത്തുന്നത്‌. ഉന്നതതടങ്ങളിലും ഗിരിനിരകളിലും ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടും ശൈത്യകാലത്ത്‌ ദുസ്സഹമായ തണുപ്പും ഉണ്ടായിക്കാണുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറരികിലുള്ള ബാലാന്‍ഗിർ, സംഭൽപൂർ, സുന്ദർഗഡ്‌ എന്നീ ജില്ലകളിലാണ്‌ കാലാവസ്ഥയിലെ കാഠിന്യം അനുഭവപ്പെടുന്നത്‌. കടൽത്തീരത്തുനിന്ന്‌ പടിഞ്ഞാറോട്ടു പോകുന്തോറും താപനിലയിൽ ക്രമമായ വർധനവ്‌ ഉണ്ടാകുന്നു. കോരാപട്ട്‌, ഫൂൽബനി എന്നീ ജില്ലകളിൽ ഹിമാലയസാനുക്കളിലെപോലെ അതിശൈത്യമുള്ള ശീതകാലവും നന്നേ ചൂടു കുറഞ്ഞ ഉഷ്‌ണകാലവുമാണുള്ളത്‌; ഈ ജില്ലകളിലെ കുന്നിന്‍പുറങ്ങള്‍ ഇക്കാരണത്താൽ സുഖവാസകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ചിൽക്ക തടാകത്തിലെ മത്സ്യബന്ധനം.പശ്ചാത്തലത്തിൽ തടാകത്തിനുള്ളിലെ കുന്നുകള്‍

സാമാന്യം നല്ല മഴ ലഭിക്കുന്ന മേഖലയാണിത്‌. മരുപ്രദേശങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ശരാശരി വർഷപാതം 150 സെ.മീ. ആണ്‌. മഴ ഏറ്റവും കുറവ്‌ സംഭൽപൂർ ജില്ലയിലും കൂടുതൽ കോരാപട്ട്‌ ജില്ലയിലെ ജയ്‌പൂരിലുമാണ്‌.

ഉഷ്‌ണകാലം, മഴക്കാലം, വസന്തകാലം എന്നിങ്ങനെ വ്യതിരിക്തങ്ങളായ മൂന്ന്‌ ഋതുക്കള്‍ ഒഡിഷയിലെ കാലാവസ്ഥയുടെ സവിശേഷതയായി പറയാം. മാർച്ച്‌ മുതൽ ജൂണ്‍ വരെയുള്ള ഉഷ്‌ണകാലത്ത്‌ താപനില ക്രമേണ ഏറി മൂർധന്യത്തിലെത്തുന്നു. എന്നിരിക്കലും ഉത്തരേന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ചൂടാണ്‌ ഒഡിഷയിൽ അനുഭവപ്പെടുന്നത്‌. ഉഷ്‌ണകാലത്ത്‌ അപൂർവമായും ഇടവിട്ടും മഴ പെയ്യുക പതിവാണ്‌. ജൂലായ്‌ മുതൽ ഒക്‌ടോബർ വരെയാണ്‌ മഴക്കാലം. ആഗസ്റ്റിൽ ആണ്‌ ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്‌. നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനില്‌ക്കുന്ന ശീതകാലം പൊതുവേ സുഖകരമാണ്‌. സംസ്ഥാനത്തിന്റെ തെക്കും പടിഞ്ഞാറും അരികുകളിൽ ശീതകാലത്ത്‌ ഇടിമഴ ഉണ്ടാകുന്നത്‌ അസാധാരണമല്ല.

പുരി, ഭുവനേശ്വർ, ചാന്ദിപൂർ എന്നിവിടങ്ങളിലും കടൽത്തീരത്തുള്ള ഗോപാൽപൂരും സുഖവാസകേന്ദ്രങ്ങളെന്ന നിലയിൽ പ്രസിദ്ധി ആർജിച്ചവയാണ്‌. ശീതകാലത്ത്‌ സമീകൃതമായ കാലാവസ്ഥമൂലം സഞ്ചാരിസഹസ്രങ്ങളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രമാണ്‌ ബെറാംപൂർ.

സസ്യജാലം

ഒഡിഷയിലെ മൊത്തം വിസ്‌തൃതിയിൽ 40 ശതമാനത്തിലേറെ (66,820 ച.കി.മീ.) വിവിധ മാതൃകകളിൽപ്പെട്ട വനങ്ങളാണ്‌. മയൂർഭഞ്‌ജ്‌, ഫൂൽബനി, കോരാപട്ട്‌ എന്നീ ജില്ലകളിലെ കുന്നിന്‍പുറങ്ങളിലും മലഞ്ചരിവുകളിലും മാത്രമാണ്‌ നിബിഡ വനങ്ങളുള്ളത്‌. വിവിധയിനം തടികള്‍, വിറക്‌, മുള, ബീഡിയില, അരക്ക്‌ എന്നിവയാണ്‌ പ്രധാന വനോത്‌പന്നങ്ങള്‍. സാൽ, ഈട്ടി, പ്യാസൽ, സന്‍ഘന്‍, ഗംഭാരി, ബന്ധന്‍, ഹൽദി എന്നിവയാണ്‌ ഒഡിഷയിലെ വനങ്ങളിൽ സമൃദ്ധമായുള്ള സമ്പദ്‌പ്രധാനമായ വൃക്ഷങ്ങള്‍. രക്തസമ്മർദരോഗ ഔഷധിയായ അമൽപ്പൊരി (Rauwolfa serpentina) ആണ്‌ പ്രധാനപ്പെട്ട മറ്റൊരു വനോത്‌പന്നം. വനങ്ങള്‍ സംരക്ഷിക്കുന്നതിനും വനോത്‌പന്നങ്ങള്‍ ശാസ്‌ത്രീയോപഭോഗത്തിനു വിധേയമാക്കുന്നതിനുംവേണ്ട സംവിധാനങ്ങള്‍ ഗവണ്‍മെന്റുതലത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഈ കാര്യത്തിനായി ഒഡിഷ ഫോറസ്റ്റ്‌ കോർപ്പറേഷന്‍, വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയും കട്ടക്ക്‌ ജില്ലയിൽ ചൗന്ദ്‌കാ സസ്യസംരക്ഷണ ഉപവനവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌.

ജന്തുവർഗങ്ങള്‍

സംസ്ഥാനത്തെ വനങ്ങള്‍ ഹിംസ്രജന്തുക്കളുടെ വിഹാരരംഗമാണ്‌. നിബിഡ വനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു മൃഗമാണ്‌ കടുവ. ചെന്നായ്‌, പുലി എന്നിവയും ധാരാളമായുണ്ട്‌. കരടി, മാന്‍, പുള്ളിമാന്‍, സാംബർ, കാട്ടുപന്നി തുടങ്ങിയവ തുറസ്സായ കാടുകളിലുള്‍പ്പെടെ സാധാരണമാണ്‌. ഒഡിഷയിലെ മറ്റൊരു വന്യമൃഗം ആനയാണ്‌. സമൃദ്ധമായ പക്ഷിസമ്പത്തും ഒഡിഷയിലുണ്ട്‌. സംസ്ഥാനത്തെ മിക്ക നദികളിലും മുതല, ചീങ്കണ്ണി മുതലായവ ഇന്നും കാണപ്പെടുന്നു. ഉള്‍നാടന്‍ ജലായശങ്ങള്‍ മത്സ്യസമൃദ്ധമാണ്‌. ലയണ്‍സഫാരിയുള്ള നന്ദന്‍കാനന്‍ വന്യമൃഗസംരക്ഷണകേന്ദ്രവും കടുവാസംരക്ഷണത്തിനുവേണ്ടിയുള്ള ഒഡിഷയിലെ സിംലിപാൽ നാഷണൽപാർക്കും പ്രധാന വന്യമൃഗസംരക്ഷണകേന്ദ്രങ്ങളാണ്‌.

ധാതുക്കള്‍

ഒന്നാന്തരം ഇരുമ്പയിരും, മാങ്‌ഗനീസും വന്‍തോതിൽ ഉത്‌പാദിപ്പിച്ചുവരുന്ന ഒരു സംസ്ഥാനമാണ്‌ ഒഡിഷ. സുന്ദർഗഡ്‌, കിയോന്‍ഝഡ്‌, മയൂർഭഞ്‌ജ്‌ എന്നീ ജില്ലകളിലാണ്‌ ഇരുമ്പുഖനനം നടന്നുവരുന്നത്‌. ജയ്‌പൂർ ജില്ലയിലെ ദൈതാരിയിൽ കനത്ത ഇരുമ്പുനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്‌. റൂർക്കേലയിലും ജാംഷഡ്‌പൂരിലും (ജാർഖണ്ഡ്‌) ഉള്ള ഇരുമ്പുരുക്കുകേന്ദ്രങ്ങള്‍ ലോഹ അയിരിന്‌ ഒഡിഷയിലെ ഖനികളെയാണ്‌ ആശ്രയിക്കുന്നത്‌; 60 ശതമാനത്തിലേറെ ലോഹാംശമുള്ള ഒന്നാന്തരം അയിരാണ്‌ ഇവിടെനിന്നു ലഭിക്കുന്നത്‌. കിയോന്‍ഝഡ്‌, സുന്ദർഗഡ്‌, ബാലാന്‍ഗിർ, കാളഹണ്ടി എന്നീ ജില്ലകളിൽ വന്‍തോതിൽ മാങ്‌ഗനീസ്‌ ഖനനം നടന്നുവരുന്നു; ഇന്ത്യയിലെ മൊത്തം ഉത്‌പാദനത്തിൽ 20 ശതമാനവും ഈ സംസ്ഥാനത്തുനിന്നാണ്‌ ലഭിക്കുന്നത്‌. ക്രാമൈറ്റ്‌ ആണ്‌ മറ്റൊരു ധാതു; കിയോന്‍ഝഡ്‌, ധെന്‍കനാൽ, കട്ടക്ക്‌, സുന്ദർഗഡ്‌ എന്നീ ജില്ലകളിൽ ഈ ഖനിജത്തിന്റെ കനത്ത നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌. ക്രാമൈറ്റ്‌, ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌, ഗ്രാഫൈറ്റ്‌, ചീനക്കളിമണ്ണ്‌, കളിമണ്ണ്‌, സോപ്‌സ്റ്റോണ്‍ തുടങ്ങിയവയും വന്‍തോതിൽ ഖനനം ചെയ്‌തുവരുന്നു. തൽഝഡിലും സംഭൽപൂരിലുമാണ്‌ കൽക്കരി ഖനനം ചെയ്‌തുവരുന്നത്‌. സംസ്ഥാനത്തെ അറിയപ്പെട്ടിട്ടില്ലാത്ത ധാതുനിക്ഷേപങ്ങളെ സംബന്ധിച്ച്‌ പഠനപര്യവേക്ഷണങ്ങള്‍ നടത്തുന്നതിനായി ഒഡിഷാ മൈനിങ്‌ കോർപ്പറേഷന്‍ എന്ന സമിതി സ്ഥാപിച്ചിട്ടുണ്ട്‌. ഈ സംസ്ഥാനത്തെ പരദ്വീപ്‌ തുറമുഖം ലോകത്തിലെ മുന്തിയ ഇരുമ്പയിര്‌ കയറ്റുമതി കേന്ദ്രങ്ങള്‍ക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഒഡിഷ വന്‍തോതിൽ കയറ്റുമതി ചെയ്യുന്ന ഒരു വസ്‌തുവാണ്‌ കറിയുപ്പ്‌. സമുദ്രതീരത്തുള്ള നൂറുകണക്കിന്‌ ഉപ്പളങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന ഉപ്പാണ്‌ വിപണിയിലെത്തുന്നത്‌.

ജനങ്ങള്‍

ഒഡിഷ സംസ്ഥാനത്തെ നാല്‌ കോടിയിലേറെ വരുന്ന ജനങ്ങളിൽ 22.13 ശതമാനം ആദിവാസികളാണ്‌. പട്ടികജാതിക്കാർ 16.53 ശതമാനം വരും. തീരദേശ ജില്ലകളിൽ ആദിവാസികള്‍ ഇല്ലെന്നുതന്നെ പറയാം. പട്ടികജാതിക്കാരുടെ സംഖ്യയും നന്നേ കുറവാണ്‌. പൂർവഘട്ടത്തിനു പടിഞ്ഞാറാണ്‌ ഇക്കൂട്ടർ കേന്ദ്രീകരിച്ചുകാണുന്നത്‌. സാവരജുവാങ്‌, പാന, കൊഹ്‌ല, കാന്ത്‌, പരാജ, സന്താള്‍, കോയ, ഗഡബ, ഭൂമിയാ എന്നീ ആദിവാസിവർഗങ്ങളാണ്‌ പ്രധാനപ്പെട്ടവ. മലമ്പ്രദേശങ്ങളിലാണ്‌ ഇക്കൂട്ടർ പാർത്തുവരുന്നത്‌. മരച്ചില്ലകളും ഇലകളുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന ചെറുകുടിലുകളാണ്‌ ആദിവാസികളുടെ വാസസ്ഥലം. ഫലമൂലാദികളും മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിക്കിട്ടുന്ന മാംസവുമായിരുന്നു ഇക്കൂട്ടരുടെ ഭക്ഷ്യവിഭവങ്ങള്‍. ഗ്രാമവാസികളെ അനുകരിച്ച്‌ അല്‌പമാത്രമായ കൃഷികാര്യങ്ങളിൽ ആദിവാസികള്‍ ഏർപ്പെട്ടുപോന്നുവെങ്കിലും ദല്ലാളുകളുടെ ചൂഷണംമൂലം ഈ വിഷയത്തിൽ ഇവർക്കു താത്‌പര്യം കുറഞ്ഞു. സാഹുകാർ എന്ന്‌ അറിയപ്പെടുന്ന ചൂഷകവിഭാഗം തുടക്കത്തിൽ കൃഷിക്കുള്ള ധനസഹായം നല്‌കി ആദിവാസികളെ ആകർഷിക്കുകയും പിന്നീട്‌ അവർ വെട്ടിത്തെളിച്ചെടുക്കുന്ന കൃഷിഭൂമികള്‍ അപഹരിച്ചു സ്വന്തമാക്കുകയും ചെയ്‌തുപോന്നു. ആദിവാസികളെ ഭീഷണിപ്പെടുത്തി അടിമപ്പണിക്കു വിധേയരാക്കുന്ന സമ്പ്രദായവും നിലവിലിരുന്നു. ഈ വിഭാഗങ്ങള്‍ പരിഷ്‌കൃത സമൂഹവുമായി ഇടപഴകുന്നതിനുപോലും വിമുഖരാകത്തക്കതോതിൽ സാഹുകാർമാരുടെ ചൂഷണം വ്യാപിച്ചിരുന്നു. കഴിഞ്ഞ ചില ദശകങ്ങളായി ആദിവാസികള്‍ക്കു തക്കതായ സംരക്ഷണവും പ്രാത്സാഹനവും നല്‌കി അവരെ ഉദ്ധരിക്കുന്നതിനുള്ള നാനാമുഖപദ്ധതികള്‍ പ്രാവർത്തികമായിവരുന്നു. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌.

ആദിവാസികളായ ഗഡബ വംശജർ

ആദിവാസികള്‍ പൊതുവേ അന്ധവിശ്വാസ ജടിലമായ പ്രാകൃതമതങ്ങളുടെ അനുയായികളാണ്‌. പരിഷ്‌കൃതജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്‌. ക്രസ്‌തവരുടെയും മുസ്‌ലിങ്ങളുടെയും സംഖ്യ അഗണ്യമല്ല. ഹിന്ദുക്കള്‍ 94 ശതമാനവും ക്രിസ്‌ത്യാനികളും ഇസ്‌ലാമുകളും രണ്ടു ശതമാനവും മറ്റുള്ളവർ ഒരു ശതമാനവുമാണ്‌.

ഒഡിഷയിലെ സാക്ഷരതാശതമാനം 73.5 (2011) ആണ്‌; ഇന്ത്യയിലെ ശരാശരി സാക്ഷരത(74.04)യിൽ താഴെയാണ്‌. പട്ടികവർഗക്കാരിൽ 7.3 ശതമാനത്തിനും പട്ടികജാതിക്കാരിൽ 1.6 ശതമാനത്തിനും മാത്രമാണ്‌ അക്ഷരാഭ്യാസം സിദ്ധിച്ചിട്ടുള്ളത്‌. ഇക്കാരണത്താൽ സാക്ഷരതാനിരക്ക്‌ കുറഞ്ഞിരിക്കുന്നു.

ഒഡിഷയിലെ ജനസംഖ്യയിൽ 90 ശതമാനത്തിലേറെ ഒഡിയ മാതൃഭാഷയായിട്ടുള്ളവരാണ്‌. സംസ്ഥാനത്തിന്റെ വടക്കരികിൽ മയൂർഭഞ്‌ജ്‌, ബാലസോർ ജില്ലകളിൽ ബംഗാളി സംസാരിക്കുന്ന ഗണ്യമായ ഒരു വിഭാഗമുണ്ട്‌. അതുപോലെതന്നെ തെക്കരികിലെ ഗഞ്‌ജാം, കോരാപട്ട്‌ ജില്ലകളിൽ നല്ലൊരു സംഖ്യ തെലുഗു സംസാരിക്കുന്നവരുമാണ്‌. പടിഞ്ഞാറന്‍ ജില്ലകളിൽ ഹിന്ദിക്കും അല്‌പമാത്രമായ സ്വാധീനതയുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളിൽ മലയാളികളും കന്നടക്കാരും ഉള്‍പ്പെടുന്നു.

ചരിത്രം

കലിംഗം, ഉത്‌കലം, ഓഡ്രദേശം എന്നീ പല പേരുകളിൽ പ്രാചീനകാലത്ത്‌ ഒഡിഷ അറിയപ്പെട്ടിരുന്നു. ഒഡിഷ എന്ന ആധുനികനാമം ഓഡ്രദേശത്തിൽനിന്നു രൂപപ്പെട്ടതാണ്‌.

പ്രാചീനകാലം

ബി.സി. ആറാം ശതകത്തിൽത്തന്നെ കലിംഗരാജ്യം സുപ്രസിദ്ധമായിരുന്നു. മത-രാഷ്‌ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിലയിൽ ഇവിടത്തെ രാജാക്കന്മാരെയും ജനങ്ങളെയുംപറ്റി ജൈന-ബൗദ്ധ സാഹിത്യത്തിൽ അനേകം പരാമർശങ്ങള്‍ കാണാം. ബുദ്ധന്റെ പരിനിർവാണാനന്തരം അദ്ദേഹത്തിന്റെ ഒരു ദന്തം ക്ഷമേതരന്‍ എന്ന സന്ന്യാസി കലിംഗയിൽ കൊണ്ടുവന്ന്‌ സൂക്ഷിക്കുവാന്‍ രാജാവായിരുന്ന ബ്രഹ്മദത്തനെ ഏല്‌പിച്ചതായി പറയപ്പെടുന്നു. പാർശ്വനാഥന്‍, മഹാവീരന്‍ മുതലായ ജൈനതീർഥങ്കരന്മാർ കലിംഗരാജാക്കന്മാരിൽ ചെലുത്തിയിരുന്ന സ്വാധീനതയെ ജൈനരേഖകള്‍ വിവരിക്കുന്നുണ്ട്‌. ബി.സി. ആറും അഞ്ചും ശതകങ്ങളിൽ ഇന്ത്യയിലെ മത-സാംസ്‌കാരികരംഗത്ത്‌ സുസ്ഥിരവും ആദരണീയവുമായ ഒരു സ്ഥാനം ഒഡിഷ നേടിയിരുന്നതായി ജൈന-ബൗദ്ധ കൃതികളിൽനിന്നു വ്യക്തമാകുന്നു.

മഗധയിലെ നന്ദരാജാക്കന്മാരുടെ കാലം മുതൽ (ബി.സി. നാലാം ശതകം) കലിംഗത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മഹാപാദ്‌മനന്ദന്‍ (ഭ.കാ. സു. ബി.സി. 375-350) എന്ന നന്ദരാജാവായിരുന്നിരിക്കണം കലിംഗത്തെ മഗധയോട്‌ ചേർത്തത്‌. കലിംഗരാജാവായിരുന്ന ഖാരവേലന്റെ ഹാഥിഗുംഫ ലിഖിതത്തിൽ കലിംഗയുടെ മേൽ നന്ദരാജാവിനുണ്ടായിരുന്ന ആധിപത്യത്തെക്കുറിച്ച്‌ സൂചനയുണ്ട്‌. അവസാനത്തെ നന്ദരാജാവായിരുന്ന ധനനന്ദനെ ചന്ദ്രഗുപ്‌തമൗര്യന്‍ സ്ഥാനഭ്രഷ്‌ടനാക്കുകയും മൗര്യവംശം സ്ഥാപിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ കലിംഗം ഒരു സ്വതന്ത്രരാജ്യമായിരുന്നു.

ചന്ദ്രഗുപ്‌തന്റെ കാലത്ത്‌ ഗ്രീക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ മൗര്യസാമ്രാജ്യത്തിന്റെ അതിർത്തിക്കു തൊട്ടടുത്ത്‌ സ്വതന്ത്രമായി നിലനിന്നിരുന്ന "ഗംഗാറിഡം കലിംഗാരം റെഗിയ'(Gangaridum Calingarum Regia)യെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. ഇത്‌ കലിംഗത്തെ ഉദ്ദേശിച്ചായിരുന്നു. കലിംഗത്തിന്റെ വമ്പിച്ച സേനാവ്യൂഹത്തെയും മറ്റു രാജ്യങ്ങള്‍ക്കു ഭീതി ജനിപ്പിക്കത്തക്കവിധമുള്ള ആനപ്പടയെയും കുറിച്ച്‌ ഗ്രീക്‌ രേഖകള്‍ സൂചന നല്‌കുന്നു. ചന്ദ്രഗുപ്‌തനും അദ്ദേഹത്തെ തുടർന്ന്‌ ഭരണഭാരമേറ്റ ബിന്ദുസാരനും മഗധയുടെമേൽ ആധിപത്യത്തിനു മുതിർന്നില്ല. മൂന്നാമത്തെ മൗര്യചക്രവർത്തിയായിരുന്ന അശോകനാണ്‌ ഇതിനായി ഉദ്യമിച്ചത്‌.

ബി.സി. 261-ൽ ആയിരുന്നു അശോകന്‍ കലിംഗം ആക്രമിച്ചത്‌. കലിംഗത്തെ കീഴടക്കി തന്റെ സാമ്രാജ്യത്തോടു ചേർക്കുകയായിരുന്നു ലക്ഷ്യം. യുദ്ധത്തിൽ വിജയം വരിച്ചെങ്കിലും ഇതിനായി നടത്തിയ കൂട്ടക്കുരുതിയും തന്മൂലമുണ്ടായ ദുരിതങ്ങളും അശോകനെ ഒരു പുതിയ മനുഷ്യനാക്കി. ബുദ്ധന്റെ അഹിംസാസിദ്ധാന്തത്തിലേക്കും ബൗദ്ധധർമത്തിലേക്കും അശോകന്‍ ആകർഷിക്കപ്പെട്ടു. കലിംഗയുദ്ധത്തെത്തുടർന്നാണ്‌ ഇദ്ദേഹം ബുദ്ധമതത്തിന്റെ പ്രചാരണത്തിനായി നടപടികള്‍ സ്വീകരിച്ചത്‌. അശോകനുശേഷം മഗധസാമ്രാജ്യം അധഃപതിക്കുകയും കലിംഗം സ്വതന്ത്രമാവുകയും ചെയ്‌തു. ചേദി അഥവാ ചേടി രാജവംശമാണ്‌ തുടർന്ന്‌ കലിംഗയിൽ ആധിപത്യം സ്ഥാപിച്ചത്‌. ഈ വംശത്തിലെ ഏറ്റവും കീർത്തിമാനായ രാജാവായിരുന്നു ഖാരവേലന്‍. ഭുവനേശ്വറിന്‌ അടുത്തുള്ള ഖണ്ഡഗിരി-ഉദയഗിരിയിലെ പ്രസിദ്ധമായ ഹാഥിഗുംഫ ലിഖിതത്തിന്റെ കർത്താവ്‌ ഇദ്ദേഹമാണ്‌. ഖാരവേലന്റെ പിന്‍ഗാമികളെപ്പറ്റി പൂർണവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ക്രിസ്‌തുവർഷത്തിന്റെ പ്രാരംഭശതകങ്ങളിൽ കലിംഗയിലെ രാഷ്‌ട്രീയ സ്ഥിതി സ്‌പഷ്‌ടമായി അറിവില്ല. തെക്കുനിന്ന്‌ ശതവാഹകന്മാരും വടക്കുനിന്ന്‌ മുരുന്ദന്മാരും (Murundas)എ.ഡി. രണ്ടാം ശതകത്തോടെ കലിംഗത്തിന്റെ മേൽ സ്വാധീനത ചെലുത്തിപ്പോന്നു.

ഗുപ്‌തകാല(300-600)ത്തിനു തൊട്ടുമുമ്പ്‌ കലിംഗം മതപരമായ പ്രശസ്‌തിയും രാഷ്‌ട്രീയമായ അംഗീകാരവും സിദ്ധിച്ച ഒരു പ്രദേശമായിരുന്നു. എ.ഡി. മൂന്നാം ശതകത്തിൽ കലിംഗം ഭരിച്ചിരുന്ന ഗുഹശിവന്‍ എന്ന രാജാവിനെപ്പറ്റി ബൗദ്ധരേഖകള്‍ സൂചിപ്പിക്കുന്നു. ഗുഹശിവന്റെ കാലത്തെ വിദേശാക്രമണം കലിംഗത്തെ രാഷ്‌ട്രീയമായി ശിഥിലമാക്കി. സമുദ്രഗുപ്‌തന്റെ ആക്രമണകാലത്ത്‌ കലിംഗം ചെറുരാജ്യങ്ങളായിത്തീർന്നിരുന്നു. എ.ഡി. നാലാം ശതകത്തോടെ മതാരരാജവംശം അധികാരത്തിലേക്കുയർന്നു. മഹാനദി, ഗോദാവരി നദികള്‍ക്കിടയ്‌ക്കുള്ള ഗണ്യമായ ഭൂഭാഗം ഏകീകൃതഭരണത്തിന്‍ കീഴിൽ കൊണ്ടുവരാന്‍ ഇവർക്കു കഴിഞ്ഞു. ഗുപ്‌തരാജാക്കന്മാരുടെ ശക്തി അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നപ്പോള്‍ മതാരന്മാർ ഒഡിഷയുടെ ഭൂരിഭാഗം പ്രദേശത്ത്‌ അധികാരമുറപ്പിച്ചുകൊണ്ട്‌ സ്വതന്ത്രരായി നിലകൊണ്ടിരുന്നു. ഈ വംശത്തിലെ പ്രധാന രാജാക്കന്മാർ ഉമവർമന്‍, ശങ്കരവർമന്‍, ശക്തിവർമന്‍, അനന്തശക്തിവർമന്‍, ചന്ദ്രവർമന്‍, പ്രഭാഞ്‌ജനവർമന്‍ എന്നിവരായിരുന്നു. ഒന്നര ശതാബ്‌ദക്കാലം ഇവരുടെഭരണം നിലനിന്നു. എ.ഡി. അഞ്ചും ആറും ശതകങ്ങളിൽ കലിംഗത്തിനു തെക്കുള്ള കങ്‌ഗോദ (kangode) അഥവാ കന്യോഥയിൽ ശൈലോദ്‌ഭവന്മാർ ഭരണം നടത്തിപ്പോന്നു. ഏഴാം ശതകത്തോടെ ശൈലോദ്‌ഭവ വംശം കങ്‌ഗോദയിൽനിന്ന്‌ അപ്രത്യക്ഷമായെങ്കിലും സുവർണദ്വീപിലെ ശൈലേന്ദ്രസാമ്രാജ്യം എട്ടാം ശതകത്തിൽ സമുന്നത നിലയിലെത്തുകയുണ്ടായി. ഇക്കാലത്ത്‌ വിദേശികളായ വ്യാപാരികള്‍ ഈ പ്രദേശത്തെ "കലിംഗ' എന്നാണ്‌ പറഞ്ഞുവന്നിരുന്നത്‌.

പ്രാചീന ഒഡിഷയിലെ രാജവംശങ്ങളുടെ ഏറ്റവും പഴക്കമുള്ള പ്രതിനിധികളാണ്‌ ഒഡിഷയിലെ ഭഞ്‌ജന്മാർ. ഒന്‍പതാം ശതകത്തോടെയാണ്‌ ഇവർ ശ്രദ്ധേയരായിത്തീർന്നത്‌. എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന നെട്ടഭഞ്‌ജന്‍ ക ആണ്‌ അറിയപ്പെട്ടിട്ടുള്ളവരിൽ ആദ്യത്തെ ഭഞ്‌ജമുഖ്യന്‍. ഇദ്ദേഹത്തിന്റെ പുത്രന്‍ രണഭഞ്‌ജന്‍ ക ക്രമേണ "മഹാരാജ' പദവിയിലേക്ക്‌ ഉയരുകയുണ്ടായി. ഇദ്ദേഹത്തിന്റെ അനേകം ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. രണഭഞ്‌ജന്റെ പിന്‍ഗാമിയെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ഇദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരിൽ ഒരാളായ നേത്രിഭഞ്‌ജന്‍ കക-ന്റെ ഭൂദാനരേഖകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ശീലഭഞ്‌ജന്‍ കക-ന്റെ പുത്രനായിരുന്നു വിദ്യാധരഭഞ്‌ജന്‍. വിദ്യാധരഭഞ്‌ജനുശേഷം നേത്രിഭഞ്‌ജന്‍ കകക അധികാരത്തിൽവന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ഈ വംശം നാമാവശേഷമായി.

മറ്റൊരു വിഭാഗം ഭഞ്‌ജന്മാർ മയൂർഭഞ്‌ജ്‌, കിയോന്‍ഝഡ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ഭരണം നടത്തിയിരുന്നു. കോട്ടഭഞ്‌ജന്‍ ആയിരുന്നു ഈ വിഭാഗത്തിലെ പ്രഥമരാജാവ്‌. മൂന്നാമതൊരുവിഭാഗം ഭഞ്‌ജരാജാക്കന്മാരെപ്പറ്റിയും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. യശോഭഞ്‌ജന്‍, ജയഭഞ്‌ജന്‍ എന്നിവരായിരുന്നു ഇതിലെ പ്രമുഖർ.

പ്രഥമവിഭാഗം ഭഞ്‌ജരാജാക്കന്മാരുടെ കാലത്തുതന്നെ ഇവരുടെ ശാഖകള്‍ ഉത്തര ഒഡിഷ, മധ്യ ഒഡിഷ, മയൂർഭഞ്‌ജ്‌, കിയോന്‍ഝഡ്‌, ബൗധ്‌, ഗുംസൂർ, ജയ്‌പൂർ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. ഒഡിഷയുടെ ഗണ്യമായ പ്രദേശത്ത്‌ ഭഞ്‌ജന്മാർ ഭരണം നടത്തിയിരുന്നു.

കലിംഗയുദ്ധം നടന്നുവെന്ന്‌ കരുതപ്പെടുന്ന ദയാനദീതീരം ധൗളി മലമുകളിൽനിന്നുള്ള ദൃശ്യം

ശൈലോദ്‌ഭവന്മാർക്കുശേഷം ഒഡിഷയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ പ്രാമുഖ്യത്തിലേക്കുയർന്നവരായിരുന്നു ഭൗമകരന്മാരും സോമവംശികളും. പില്‌ക്കാല ഭൗമകരന്മാരും ആദ്യകാലസോമവംശികളും സമകാലികരായിരുന്നു. ഭൗമകരന്മാർ ഒഡിഷയിലെഉത്‌കല പ്രദേശവും സോമവംശികള്‍ കോസലവും ഭരിച്ചിരുന്നു. ക്രമേണ ഭൗമകരന്മാർ സോമവംശികള്‍ക്ക്‌ വഴിമാറിക്കൊടുത്തു. അങ്ങനെ ഒഡിഷ മുഴുവന്‍ സോമവംശികള്‍ക്ക്‌ അധീനമായി. എട്ട്‌ മുതൽ 11 വരെ ശതകങ്ങളിലെ ഈ വംശങ്ങളുടെ വാഴ്‌ചക്കാലത്ത്‌ ഒഡിഷയിലെ ജനജീവിതവും സംസ്‌കാരവും നല്ലൊരു ചിട്ടയിലെത്തി. 1910-ലാണ്‌ ഭൗമകരരാജവംശത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യമായി ലഭിച്ചത്‌. 1916-ൽ കണ്ടെടുക്കപ്പെട്ട ശുഭാകരദേവന്റെ നൂൽപൂൽ പട്ടയ (Neulpur plate)ത്തിൽ ക്ഷേമാങ്കരദേവന്‍, ശിവാകരദേവന്‍, ശുഭാകരദേവന്‍ എന്നിവരുടെ മൂന്ന്‌ തലമുറയിൽപ്പെട്ട രാജാക്കന്മാരെപ്പറ്റി പരാമർശമുണ്ട്‌. പിന്നീട്‌ ലഭിച്ച ദണ്ഡിമഹാദേവിയുടെ കുമുരങ്ക പട്ടയവും ശിവാകരദേവന്റെ ചൗരാസി പട്ടയവും ഈ രാജവംശചരിത്രത്തിലേക്ക്‌ കൂടുതൽ വെളിച്ചം വീശുന്നു. വ്യത്യസ്‌തകാലത്തായി ഭൗമകരവംശത്തിലെ രണ്ടുവിഭാഗം രാജാക്കന്മാർ ഒഡിഷ ഭരിച്ചിരുന്നതായി ഈ പട്ടയങ്ങള്‍ വ്യക്തമാക്കുന്നു.

ഒന്നാമത്തെ വിഭാഗത്തിലെ രാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നു; ക്ഷേമാങ്കരനായിരുന്നു ആദ്യരാജാവ്‌. രണ്ടാം വിഭാഗത്തിലെ രാജാവായ ശിവാകരന്‍ I-നുശേഷം "കര' എന്ന പദം ചേർത്താണ്‌ ഭൗമകരവംശത്തിന്റെ ഈ വിഭാഗത്തിൽപ്പെട്ടവരുടെ ലിഖിതങ്ങള്‍ മുഴുവന്‍ കാണുന്നത്‌. ശിവാകരന്‍ ക-ന്‌ ജയാവതി ദേവിയിൽ ജനിച്ച പുത്രനാണ്‌ ചൈനീസ്‌ ചക്രവർത്തിയുടെ സമകാലികനായ ശുഭാകരന്‍. ശുഭാകരന്റെയും മാധവീദേവിയുടെയും പുത്രനായിരുന്നു ശിവാകരന്‍ II. ഇദ്ദേഹത്തിനും പിതാവായ ശുഭാകരനും പരമേശ്വരമഹാരാജാധിരാജ, പരമഭട്ടാരക എന്നീ സ്ഥാനനാമങ്ങള്‍ ഉണ്ടായിരുന്നു. ആദ്യവിഭാഗത്തിൽപ്പെട്ട രാജാക്കന്മാർ "കേസരി' ബിരുദം സ്വീകരിച്ചിരുന്നതായി ലേവി അനുമാനിക്കുന്നു. കേസരിബിരുദധാരിയായ ഒരു രാജാവ്‌ 11-ാം ശതകത്തിന്റെ മധ്യം വരെ ഒഡിഷയുടെ ചില ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്നു. സുസംഘടിതമായ ഒരു ഭരണക്രമം ഒഡിഷയ്‌ക്കു നല്‌കാന്‍ ഭൗമകരന്മാർക്ക്‌ കഴിഞ്ഞിരുന്നു. പുഷ്‌പഗിരി എന്ന സർവകലാശാല ഇവരുടെ രാജ്യത്താണ്‌ സ്ഥിതി ചെയ്‌തിരുന്നത്‌.

പുരിയിലെ ജഗന്നാഥക്ഷേത്രം

ഒമ്പതാം ശതകത്തിന്റെ അന്ത്യംമുതൽ 11-ാം ശതകം വരെ ഒഡിഷ സോമവംശികളുടെ ഭരണത്തിലായിരുന്നു. ജനമേജയ മഹാഭാവഗുപ്‌ത I, യയാതി മഹാശിവഗുപ്‌ത I, ഭീമരഥ മഹാഭൂഗുപ്‌ത II, ധർമരഥ മഹാശിവഗുപ്‌ത, നഹുഷമഹാഭവഗുപ്‌ത കകക, യയാതി II, ഉദ്യോതകേസരി, മഹാഭാവഗുപ്‌ത IV, ജനമേജയ II എന്നിവരായിരുന്നു സോമവംശത്തിലെ പ്രധാന രാജാക്കന്മാർ. ഈ വംശത്തിലെ ചില രാജാക്കന്മാർ "കേസരി' എന്ന ബിരുദം സ്വീകരിച്ചിരുന്നു. യയാതി I (യയാതികേസരി) ജാജ്‌പൂരിൽ ഒരു അശ്വമേധയാഗം നടത്തിയതായും ഈ പുണ്യസ്ഥലത്ത്‌ നിവസിക്കുവാനായി കന്യാകുബ്‌ജത്തിൽനിന്നു 10,000 ബ്രാഹ്മണരെ കൊണ്ടുവന്നതായും പറയപ്പെടുന്നു. അടുത്തുകിടന്നിരുന്ന ഉത്‌കലത്തെയും കോസലത്തെയും യോജിപ്പിച്ച്‌ ശക്തമായ ഒരു രാജ്യമാക്കിത്തീർത്തത്‌ ഇദ്ദേഹമായിരുന്നു. ധാരാളം ക്ഷേത്രങ്ങളും കീർത്തിസ്‌തംഭങ്ങളും ഇദ്ദേഹം പണികഴിപ്പിച്ചിരുന്നു. ഭുവനേശ്വരത്തെ "ക്ഷേത്രങ്ങളുടെ നഗര'മാക്കിയത്‌ യയാതി ആയിരുന്നു.

യയാതി II-ന്റെ കാലത്ത്‌ ഒഡിഷ കൂടുതൽ ശക്തിയാർജിച്ചു. രാജ്യവിസ്‌തൃതി വർധിപ്പിക്കുവാനായി ഇദ്ദേഹം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ഉദ്യോത കേസരിയുടെ കാലത്ത്‌ ഒഡിഷ അത്യുന്നതസ്ഥാനത്ത്‌ എത്തിയിരുന്നെങ്കിലും അടുത്ത തലമുറയോടെ സോമവംശികളുടെ അധഃപതനം ആരംഭിച്ചു.

ഒഡിഷയിൽ ക്ഷേത്രനിർമാണത്തിന്റെ സുവർണദശയായിരുന്നു സോമവംശികളുടെ ഭരണകാലം. ഭുവനേശ്വരമായിരുന്നു ഇതിന്റെ പ്രധാന കേന്ദ്രം. പ്രസിദ്ധമായ ലിംഗരാജക്ഷേത്രവും അതുപോലുള്ള മറ്റ്‌ അനേകം ക്ഷേത്രങ്ങളും ശൈവവിശ്വാസം പ്രാമുഖ്യത്തിലേക്കുയർത്തുന്നതിനെത്തുടർന്നാണ്‌ നിർമിക്കപ്പെട്ടത്‌. കെട്ടിടങ്ങളുടെ ഭീമാകാരമായ വലുപ്പവും അവയുടെ പാർശ്വഭാഗത്തുള്ള പകിട്ടേറിയ അലങ്കാരങ്ങളും മറ്റും ഒഡിഷയിലെ ശില്‌പകാരന്മാരും കലാകാരന്മാരും അക്കാലത്ത്‌ വാസ്‌തുശില്‌പവിദ്യകളിൽ ആർജിച്ചിരുന്ന ഉന്നതമായ കരവിരുതിന്റെ നിദർശനങ്ങളാണ്‌.

ഭൗമകരവംശത്തിന്റെ അധഃപതനത്തിനും പൂർവഗംഗന്മാർ ഉത്തര ഒഡിഷ ആക്രമിക്കുന്നതിനുമിടയ്‌ക്കുള്ള കാലത്ത്‌ അനേകം ചെറുരാജവംശങ്ങള്‍ ഒഡിഷയുടെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിരുന്നു. ഇതിൽ ശുൽക്കികള്‍, തുംഗന്മാർ, നന്ദന്മാർ എന്നിവരാണ്‌ പ്രധാനികള്‍. സോമവംശികളുടെ അധഃപതനത്തോടെ ദക്ഷിണ ഒഡിഷയിൽ അനന്തവർമന്‍ ചോഡഗംഗദേവന്‍ എന്ന ഒരാക്രമണകാരി മുന്നോട്ടുവരികയും ഗംഗവംശം സ്ഥാപിക്കുകയും ചെയ്‌തു.

വളരെ പ്രാചീനരായ ജനങ്ങളുടെ ഒരു വിഭാഗമായിരുന്നു ഗംഗന്മാർ. മെഗസ്‌തനീസും പ്ലിനി(എ.ഡി. 72)യും ഇവരെ പരാമർശിച്ചിട്ടുണ്ട്‌. അഞ്ചാം ശതകത്തോടെ ഇവരുടെ ഒരു ശാഖ ദക്ഷിണമൈസൂറിൽ പ്രാമണ്യത്തിലേക്ക്‌ ഉയരുകയും പശ്ചിമ ഗംഗന്മാർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്‌തു. ഒഡിഷയിൽ സ്ഥിരമായി വസിച്ചിരുന്നവരെ പൂർവ ഗംഗന്മാർ എന്നും പറഞ്ഞിരുന്നു. അഞ്ചാം ശതകത്തിന്റെ അന്ത്യത്തോടെ ഇവർ കലിംഗയിലെ ത്രികലിംഗപ്രദേശം ഭരിച്ചിരുന്നതായി കാണുന്നു.

അനന്തവർമന്‍ ഗംഗവംശജനായ ദേവേന്ദ്രവർമന്‍ രാജരാജദേവന്റെയും ഒരു ചോളരാജകുമാരി ആയിരുന്ന രാജസുന്ദരിയുടെയും പുത്രനായിരുന്നു. ഇദ്ദേഹം നടത്തിയ ആക്രമണ പരമ്പരയുടെ ഫലമായി ഒഡിഷ മുഴുവന്‍ ഇദ്ദേഹത്തിന്‌ അധീനമായി. ഒഡിഷയുടെ ചില സമീപപ്രദേശങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ച ഇദ്ദേഹം തലസ്ഥാനം കട്ടക്കിലേക്ക്‌ മാറ്റി (1135). 72 വർഷക്കാലം ഇദ്ദേഹം രാജ്യം ഭരിച്ചിരുന്നു. സുദീർഘമായ തന്റെ വാഴ്‌ചക്കാലത്ത്‌ കാര്യക്ഷമമായ ഒരു ഭരണം പ്രദാനം ചെയ്യുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പുരിയിലെ വിശ്രുതമായ ജഗന്നാഥക്ഷേത്രം ഇദ്ദേഹമാണ്‌ നിർമിച്ചത്‌. ജഗന്നാഥക്ഷേത്രത്തിന്റെ നിർമാണത്തോടെ ചോഡഗംഗന്റെ വൈഷ്‌ണവഭക്തി സുവ്യക്തമായി.

ഗംഗാവംശത്തിലെ 15 രാജാക്കന്മാർ ഒഡിഷ ഭരിച്ചു. ഹിന്ദുരാജ്യമായിരുന്ന ഒഡിഷയ്‌ക്ക്‌ ഇക്കാലത്തു തൊട്ടടുത്തുള്ള മുസ്‌ലിം ശക്തികളുമായി നിരന്തരമായ സംഘട്ടനത്തിൽ കഴിയേണ്ടിവന്നു. എന്നാൽ ഗംഗാ രാജാക്കന്മാർ തങ്ങളുടെ രാജ്യാതിർത്തി സംരക്ഷിക്കുന്നതിൽ വിജയിച്ചു. നരസിംഹദേവന്‍ I (ഭ.കാ. 1238-64) ബംഗാള്‍ സുൽത്താന്മാരെ തോൽപ്പിക്കുകയും (1243) ലഖ്‌നോർ, ലഖ്‌, നൗതി എന്നീ പ്രദേശങ്ങള്‍ ആക്രമിക്കുകയും ചെയ്‌തു. 1244-ൽ ഇദ്ദേഹം വീണ്ടും ബംഗാള്‍ ആക്രമിക്കുകയും സുൽത്താന്മാരുടെ അനേകം പ്രദേശങ്ങള്‍ ഒഡിഷയോടു ചേർക്കുകയും ചെയ്‌തു.

കൊണാറക്കിലെ സൂര്യക്ഷേത്രം

ഗംഗാവംശത്തിന്റെ ഭരണകാലത്ത്‌ ഒഡിഷയിൽ വാസ്‌തുവിദ്യ അതിന്റെ പരമകാഷ്‌ഠയെ പ്രാപിച്ചു. ആക്രമണകാരി എന്നതുപോലെ പ്രശസ്‌തനായ ഒരു നിർമാതാവു കൂടിയായിരുന്നു നരസിംഹദേവന്‍. കൊണാറക്കിലെ സൂര്യക്ഷേത്രം ഇതിന്‌ നിദർശനമാണ്‌. ചന്ദ്രഭാഗനദി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്ന സ്ഥാനത്തിനടുത്താണ്‌ ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്‌. മധ്യകാല ഒഡിഷയുടെ സാമ്പത്തികശേഷി, രാജാക്കന്മാരുടെ ശക്തി, കല, വാസ്‌തുവിദ്യ, ശില്‌പകല മുതലായവയിൽ ജനങ്ങള്‍ക്കുണ്ടായിരുന്ന വൈദഗ്‌ധ്യം എന്നിവ കൊണാറക്ക്‌ ക്ഷേത്രം വ്യക്തമാക്കുന്നു. 40 കോടി രൂപ ചെലവ്‌ ചെയ്‌ത്‌ 12 വർഷംകൊണ്ടാണ്‌ ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്‌. പ്രധാന ക്ഷേത്രത്തിന്‌ 70 മീ. ഉയരമുണ്ട്‌. ശില്‌പ പ്രകാശനത്തിലും കലാപരമായ പൗഷ്‌കല്യത്തിലും ഈ ക്ഷേത്രം പ്രത്യേകം ശ്രദ്ധാർഹമാണ്‌.

ഒഡിയാ സാഹിത്യം ഇക്കാലത്ത്‌ വ്യക്തമായ രൂപംകൊള്ളുകയും സമ്പന്നമാവുകയും ചെയ്‌തു. കൈയെഴുത്ത്‌, വ്യാകരണം, ശൈലികള്‍, വാചകരീതി, കാവ്യവാങ്‌മയം, ഗദ്യരീതി എന്നിവയെല്ലാം പ്രയോഗത്തിൽ വന്നിരുന്നു എന്ന്‌ ആനുകാലിക കൈയെഴുത്തുശേഖരങ്ങളും ലിഖിതങ്ങളും വ്യക്തമാക്കുന്നുണ്ട്‌. ഗംഗന്മാരുടെ വാഴ്‌ചക്കാലത്താണ്‌ ആധുനിക ഒഡിഷ രൂപപ്പെടുവാന്‍ തുടങ്ങിയത്‌. സുവ്യക്തമായ രാഷ്‌ട്രീയാതിർത്തിക്കുള്ളിൽ നിയതമായ ഒരു ഭാഷയും സാഹിത്യവും വളർന്നുവന്നു. സാമ്പത്തിക രാഷ്‌ട്രീയ രംഗത്ത്‌ ദൃഢത കൈവരുത്തുവാനും ഇവർക്കു കഴിഞ്ഞിരുന്നു. കൂടാതെ മത-സാംസ്‌കാരിക-കലാ മേഖലകളിൽ ഒഡിഷയ്‌ക്ക്‌ തനതായ വ്യക്തിത്വം പ്രദാനം ചെയ്യുവാനും ഗംഗന്മാർക്ക്‌ സാധിച്ചിരുന്നു.

ഗംഗന്മാർക്കുശേഷം സൂര്യവംശികള്‍ അധികാരത്തിൽവന്നു. കപിലേന്ദ്രദേവന്‍, പുരുഷോത്തമദേവന്‍, പ്രതാപരുദ്രദേവന്‍ എന്നിവരായിരുന്നു സൂര്യവംശരാജാക്കന്മാരിൽ പ്രമുഖർ. കപിലേന്ദ്രന്‍ ഒരു സാംസ്‌കാരിക പുരസ്‌കർത്താവായിരുന്നു. സംസ്‌കൃതപണ്ഡിതനായിരുന്ന ഇദ്ദേഹം പരശുരാമവിജയം എന്ന സംസ്‌കൃത നാടകത്തിന്റെ കർത്താവാണ്‌. ശൂദ്രമുനിയായ സരളദാസിന്റെ ഒറിയാമഹാഭാരതം ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. വൈഷ്‌ണവമതത്തെയും ഭക്തിപ്രസ്ഥാനത്തിന്റെ വ്യാപനത്തെയും കപിലേന്ദ്രന്‍ പ്രാത്സാഹിപ്പിച്ചിരുന്നു. ജഗന്നാഥന്റെ ആരാധനാരീതിയിൽ ഭക്തിപരമായ പല ചടങ്ങുകളും ഇദ്ദേഹം കൂട്ടിച്ചേർത്തു. 1466-ൽ കപിലേന്ദ്രന്‍ അന്തരിച്ചു. തുടർന്ന്‌ പുത്രന്‍ പുരുഷോത്തമദേവന്‍ രാജാവായി. പിതാവിനെപ്പോലെ പുരുഷോത്തമദേവനും സാംസ്‌കാരികരംഗത്ത്‌ ഗണ്യമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. നവമാലിക എന്ന തന്റെ ഗദ്യകൃതിയിൽ 67 പുരാണങ്ങളുടെയും മറ്റുചില കൃതികളുടെയും സംഗ്രഹം ഇദ്ദേഹം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അഭിനവഗീതഗോവിന്ദം, മുക്തിചിന്താമണി, ദൂർഗോത്സവം, വിഷ്‌ണുഭക്തി കല്‌പദ്രുമം എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍. ത്രികാണ്ഡകോശം എന്ന പേരിൽ ഒരു സംസ്‌കൃത നിഘണ്ടുവും ഇദ്ദേഹത്തിന്റേതായുണ്ട്‌.

പഴയ ശത്രുക്കളായ വിജയനഗര-ബാഹ്മനി ഭരണാധിപന്മാർ ഒഡിഷയെ ആക്രമിച്ചെങ്കിലും ഇവരെ തടഞ്ഞു നിർത്തുന്നതിൽ പുരോഷത്തമദേവന്‍ വിജയിച്ചു. എങ്കിലും സൈന്യത്തിന്റെ ശക്തിക്ഷയം ഇക്കാലത്തുതന്നെ പ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. 1497-ൽ പുരോഷാത്തമദേവന്‍ അന്തരിച്ചു.

പുരുഷോത്തമദേവനുശേഷം അദ്ദേഹത്തിന്റെ പുത്രനായ പ്രതാപരുദ്രദേവന്‍ രാജാവായി (ഭ.കാ. 1497-1540). സംസ്‌കൃതചിത്തനും വിദ്യാസമ്പന്നനുമായിരുന്നെങ്കിലും രാജ്യത്തെ നേരിട്ടിരുന്ന വിപത്തുകളെ മനസ്സിലാക്കുന്നതിൽ ഇദ്ദേഹം പരാജയപ്പെട്ടു. അനേകം രാജവംശങ്ങളുടെയും രാജാക്കന്മാരുടെയും ശ്രമഫലമായി രൂപംകൊണ്ട മഹത്തായ കലിംഗ സാമ്രാജ്യം പ്രതാപരുദ്രന്റെ കാലത്ത്‌ നാമമാത്രമായിത്തീർന്നു. പ്രതാപരുദ്രന്റെ രാഷ്‌ട്രീയ-സൈനിക നിഷ്‌ക്രിയത്വത്തിന്‌ പ്രധാനഹേതു വൈഷ്‌ണവ സന്ന്യാസിയായിരുന്ന ശ്രീ ചൈതന്യന്‍ അദ്ദേഹത്തിൽ ചെലുത്തിയിരുന്ന സ്വാധീനതയാണെന്ന്‌ പറയപ്പെടുന്നു. 18 വർഷക്കാലം ഇദ്ദേഹം പുരിയിൽ താമസിച്ചിരുന്നു. പ്രതാപരുദ്രന്‍ നവ-വൈഷ്‌ണവമതത്തിന്റെ സാമാധാനചിന്തയും അഹിംസയും സ്വീകരിക്കാനിടയായി. പ്രതാപരുദ്രനിൽ വന്ന ഈ വ്യതിയാനമാണ്‌ ഒഡിഷയുടെ രാഷ്‌ട്രീയ ശൈഥില്യത്തിന്‌ വഴിയൊരുക്കിയത്‌.

1540-ൽ പ്രതാപരുദ്രന്‍ അന്തരിച്ചു. തുടർന്ന്‌ ഒഡിഷ രക്തച്ചൊരിച്ചിലിന്റെയും ഗൂഢാലോചനയുടെയും ആഭ്യന്തരസമരത്തിന്റെയും രംഗമായി മാറി. പ്രതാപരുദ്രന്റെ പുത്രന്മാരെ മന്ത്രിയായ ഗോവിന്ദവിദ്യാധരന്‍ വധിച്ചു. തുടർന്ന്‌ ഇദ്ദേഹം സിംഹാസനം കരസ്ഥമാക്കി. ഗോവിന്ദവിദ്യാധരന്റെ ഹ്രസ്വകാലത്തെ ഭരണകാലത്തിനിടയ്‌ക്ക്‌ ഒഡിഷയിലെ കുന്നിന്‍പ്രദേശങ്ങളിൽ അനേകം ചെറിയ സ്വതന്ത്രരാജ്യങ്ങള്‍ ഉദയം ചെയ്‌തു. ഇദ്ദേഹത്തിന്റെ അപ്രാപ്‌തരായ പിന്‍ഗാമികളെ തുടച്ചുനീക്കിക്കൊണ്ട്‌ ഒരു ജനറലായിരുന്ന മുകുന്ദഹരിചന്ദന്‍ (മുകുന്ദദേവന്‍) അധികാരത്തിൽവന്നു. ഒമ്പത്‌ വർഷത്തെ ഭരണത്തിനിടയ്‌ക്ക്‌ ഇദ്ദേഹത്തിന്‌ ആഭ്യന്തരസമരങ്ങള്‍ക്കുപുറമേ വിദേശീയാക്രമണങ്ങളെയും എതിരിടേണ്ടിവന്നു. 1568-ൽ ഇദ്ദേഹം കൊല്ലപ്പെട്ടതോടെ ഒഡിഷ മുസ്‌ലിം ആക്രമണത്തിനു വിധേയമായി.

മധ്യകാലം

സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ രഥചക്രം

മുകുന്ദദേവന്റെ മരണത്തിനുശേഷം ഒഡിഷ ബംഗാളിലെ അഫ്‌ഗാന്‍ സുൽത്താനായ സുലൈമാന്‍ കറാനിയുടെ അധികാരത്തിൽവന്നു. മുഗള്‍ മേൽക്കോയ്‌മ നാമമാത്രമായി അംഗീകരിച്ചിരുന്ന ഇദ്ദേഹം അതിൽനിന്നു സ്വതന്ത്രമാകാന്‍ സദാ ശ്രമിച്ചിരുന്നു. സുലൈമാനുശേഷം ബയാസിദ്‌, ദാവൂദ്‌ എന്നിവർ ബംഗാള്‍ സുൽത്താന്മാരായി. ദാവൂദ്‌ മുഗള്‍സേനയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു (1576). 1578-ൽ ഒഡിഷ നാമമാത്രമായി മുഗള്‍സാമ്രാജ്യത്തോട്‌ ചേർക്കപ്പെട്ടു. എങ്കിലും ബംഗാളിലെ അഫ്‌ഗാന്മാർ മുഗളരോടുള്ള എതിർപ്പ്‌ തുടർന്നിരുന്നു. 1580-ൽ ഒഡിഷയിലെ മുഗള്‍ ഗവർണറായിരുന്ന ഖയാഖാനെ ഇവർ വധിച്ചു. തുടർന്ന്‌ മുഗള്‍ ചക്രവർത്തിയായ അക്‌ബർ, മാനസിംഹന്‍ എന്ന യുദ്ധവീരന്റെ നേതൃത്വത്തിൽ ഒഡിഷയെ അഫ്‌ഗാന്മാരിൽനിന്നു മോചിപ്പിക്കുവാനായി അയയ്‌ക്കുകയും അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്‌തു. കലാപകാരികളെ സഹായിച്ച ഖുർദയിലെ രാമചന്ദ്രദേവനുമായി മാനസിംഹന്‍ ഇടഞ്ഞു. പിന്നീട്‌ മാനസിംഹനുമായി രമ്യതയിലെത്തിയ രാമചന്ദ്രദേവന്‍ അദ്ദേഹത്തിന്റെ സഹായത്തോടെ ഒഡിഷയിലെ ഗജപതി രാജാവായി സ്വയം പ്രഖ്യാപിച്ചു. എന്നാൽ 1592-ൽ മാനസിംഹന്‍ ഒഡിഷ കൈവശപ്പെടുത്തി. 1604 വരെ ഇദ്ദേഹം ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളിലെ ഗവർണറായി തുടർന്നു. പിന്നീട്‌ കുത്‌ബുദീന്‍ഖാന്‍, ഹാഷിംഖാന്‍ എന്നിവർ ഗവർണർമാരായി. ഹാഷിംഖാന്റെ ഭരണകാലത്ത്‌ ഒഡിഷയിലെ ജനങ്ങള്‍ക്കു കടുത്ത യാതനകള്‍ സഹിക്കേണ്ടിവന്നു. ജഹാംഗീർ, ഷാജഹാന്‍ എന്നിവരുടെ ഭരണകാലത്തും മുഗള്‍ ഗവർണർമാർ വളരെ ക്രൂരമായ നയമാണ്‌ ഒഡിഷയിലെ ജനങ്ങളോട്‌ സ്വീകരിച്ചിരുന്നത്‌. അറംഗസീബ്‌ ഇസ്‌ലാംമതം പ്രചരിപ്പിക്കുവാനായി ഒരു മുഹ്‌തസീബിനെ നിയോഗിക്കുകയുണ്ടായി. 1701-ൽ അറംഗസീബ്‌ അന്തരിച്ചതോടെ മുർഷിദ്‌ കുലിഖാന്‍ എന്നയാള്‍ ബംഗാളിലെ നവാബും ഒഡിഷയിലെ സുബേദാറുമായി സ്വയം പ്രഖ്യാപിച്ചു. ഇതുമുതൽ ഒഡിഷയിലും ബംഗാളിലും നവാബുമാരുടെ ഭരണം തുടങ്ങി.

ഉദയഗിരിയിലെ ഗുഹാക്ഷേത്രം

1713-ൽ മുഗള്‍ചക്രവർത്തി ഫറൂക്‌സിയാർ മുർഷിദ്‌ കുലിഖാനെ ബംഗാള്‍ നവാബായി അംഗീകരിച്ചു. ഇക്കാലത്ത്‌ ഒഡിഷയുടെ ഭരണച്ചുമതല ഖാന്റെ മരുമകനായ സുജാവുദ്ദീനായിരുന്നു. 1724-ൽ ഖാന്‍ മരിച്ചതോടെ സുജാവുദ്ദീന്‍ നവാബാവുകയും ഒഡിഷയിലേക്ക്‌ മുഹമ്മദ്‌ തഖ്വിയെ നിയോഗിക്കുകയും ചെയ്‌തു. സുജാവുദ്ദീന്‍ മുഗള്‍ചക്രവർത്തിേയാട്‌ വിധേയത്വവും കൂറും പുലർത്തിയിരുന്നു. 1734-ൽ തഖ്വി വധിക്കപ്പെട്ടു. തുടർന്ന്‌ സുജാവുദ്ദീന്‍ തന്റെ മരുമകനായ മുർഷിദ്‌ കുലിഖാന്‍ കക-നെ ഒഡിഷയിലേക്ക്‌ അയച്ചു. ഇദ്ദേഹത്തിന്റെ തുണയ്‌ക്കായി ഉറ്റമിത്രമായിരുന്ന മീർഹബീബും ഉണ്ടായിരുന്നു. സുജാവുദ്ദീനുശേഷം പുത്രന്‍ സർഫ്‌രാജ്‌ നവാബായെങ്കിലും അലി വർദി ഖാന്‍ എന്നയാള്‍ മറ്റു ചിലരുമായി ചേർന്ന്‌ ഇദ്ദേഹത്തെ വധിച്ച്‌ ബംഗാള്‍, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലെ നവാബായി ഉയർന്നു. ഇദ്ദേഹം മുർഷിദ്‌ കുലിഖാന്റെ കക-നെ ഒഡിഷയുടെ ഭരണാധികാരത്തിൽ നിന്നുമാറ്റി പകരം സെയ്യിദ്‌ അഹമ്മദ്‌ എന്നയാളെ നിയോഗിച്ചു. സെയ്യിദ്‌ അഹമ്മദിനെതിരായി ജനങ്ങള്‍ കലാപത്തിലേക്ക്‌ നീങ്ങിയതോടെ അലി വർദി ഖാന്‍ ഒഡിഷയിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ കലാപത്തെ അമർച്ച ചെയ്‌തു. എന്നാൽ പിന്നീട്‌ ഇദ്ദേഹത്തിന്‌ മറാത്ത ശക്തിയുമായി ഏറ്റുമുട്ടേണ്ടിവന്നു.

1740-ൽ അലി വർദി ഖാന്‍ ബാലസോറിൽവച്ച്‌ മുർഷിദ്‌ കുലിഖാനെ തോല്‌പിച്ചു. തുടർന്ന്‌ മുർഷിദിന്റെ സഹചാരിയായ മീർഹബീബ്‌ നാഗ്‌പൂരിലെ ഭരണാധിപനായിരുന്ന രഘൂജി ബോണ്‍സ്ലോയുടെ സഹായംതേടി. രഘൂജിഭാസ്‌കർ പണ്ഡിറ്റിന്റെ നേതൃത്വത്തിലയച്ച മറാത്ത സൈന്യം അനേകം യുദ്ധങ്ങള്‍ക്കുശേഷം അലി വർദി ഖാനെ പരാജയപ്പെടുത്തി (1742). എന്നാൽ ഈ സമയത്ത്‌ പേഷ്വാബാലാജി ബാജിറാവു രംഗപ്രവേശം ചെയ്യുകയും അലി വർദി ഖാന്‍ അദ്ദേഹത്തെ ആദരവോടെ സ്വീകരിക്കുകയും ചെയ്‌തു. ഇതോടെ ബോണ്‍സ്ലേയുടെ സൈന്യം പിന്‍വാങ്ങി. പേഷ്വയും രഘൂജിയും തമ്മിലുണ്ടായ ധാരണയ്‌ക്കുശേഷം ഒഡിഷയുടെയും ബംഗാളിന്റെയുംമേൽ വീണ്ടും യഥേഷ്‌ടം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്യ്രം രഘൂജിക്കു ലഭിച്ചു. 1744-ൽ മറാത്ത സൈന്യം വീണ്ടും ഒഡിഷയുടെ അതിർത്തിയിൽ പ്രത്യക്ഷപ്പെട്ടു. നിരന്തരമായ യുദ്ധങ്ങള്‍മൂലം പരിക്ഷീണനായിരുന്ന അലി വർദി ഖാന്‍ വിജയസാധ്യതയിൽ സംശയം തോന്നുകയാൽ ചതിപ്രയോഗത്തിലൂടെ മറാത്ത ഓഫീസർമാരെ മുഴുവന്‍ വധിച്ചു.

അലി വർദി ഖാന്റെ ചതിയിൽ പ്രകോപിതനായ രഘൂജി 1745-ൽ ഒരു വലിയ സൈന്യത്തോടെ ബംഗാളും ബിഹാറും ആക്രമിച്ചു. ഒഡിഷ, മിഡ്‌നാപൂർ, ഹിജി എന്നിവ ആക്രമിച്ച്‌ മറാത്ത സൈന്യം മുന്നേറി. ഗത്യന്തരമില്ലാതെ അലി വർദി ഖാന്‍ സന്ധിക്ക്‌ അപേക്ഷിച്ചു. സന്ധിപ്രകാരം ബംഗാള്‍, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുമുള്ള "ചൗക്‌' ബോണ്‍സ്ലേക്കു നല്‌കുവാന്‍ നവാബ്‌ സമ്മതിച്ചു. മീർഹാബീബിനെ നവാബ്‌ ഒഡിഷയിലെ ഗവർണറായി നാമനിർദേശം ചെയ്യുവാന്‍ വ്യവസ്ഥചെയ്‌തു; എന്നാൽ അവിടത്തെ റവന്യൂ പിരിച്ച്‌ ബോണ്‍സ്ലേക്ക്‌ കൊടുക്കേണ്ടിവന്നു. ഇക്കാലത്തിനിടയ്‌ക്ക്‌ പല യൂറോപ്യന്‍ ശക്തികളും ഒഡിഷയുടെ വിവിധ ഭാഗങ്ങളിലായി വാണിജ്യസംരംഭങ്ങളിൽ ഏർപ്പെട്ടുകഴിഞ്ഞിരുന്നു.

ആധുനികകാലം

16-ാം ശതകത്തിന്റെ ആരംഭത്തോടെയാണ്‌ ഒഡിഷയിൽ യൂറോപ്യന്‍ കമ്പനികള്‍ വാണിജ്യാർഥം ഫാക്‌ടറികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്‌. 1514-ൽ പോർച്ചുഗീസുകാർ പിപ്‌ലിയിൽ അവരുടെ കേന്ദ്രം സ്ഥാപിച്ചു. 1625-ൽ ഡച്ചുകാരും ഇവിടെ ഒരു കേന്ദ്രം സ്ഥാപിച്ചുവെങ്കിലും 1633-ൽ അവർ അത്‌ ബാലസോറിലേക്കു മാറ്റി. ഇതേ വർഷംതന്നെ ഈസ്റ്റിന്ത്യാകമ്പനി രണ്ടു ഫാക്‌ടറികള്‍ ഒഡിഷയിൽ സ്ഥാപിച്ചു; ഹരിഹർപൂരിലും ബാലസോറിലും. 1676-ൽ ഡെന്മാർക്കുകാരും ബാലസോറിൽ ഒരു വാണിജ്യകേന്ദ്രം തുറന്നിരുന്നു. എന്നാൽ മറ്റെല്ലാ ശക്തികളെയും രംഗത്തുനിന്ന്‌ തുടച്ചുനീക്കിക്കൊണ്ട്‌ ബ്രിട്ടീഷുകാർ ഒഡിഷയിലെ രാഷ്‌ട്രീയ വാണിജ്യമേഖലകള്‍ കൈയടക്കി അധിനായകന്മാരായിത്തീർന്നു. വാണിജ്യകേന്ദ്രമെന്ന നിലയിൽ ബാലസോറിന്‌ വമ്പിച്ച പ്രാധാന്യമുണ്ടായിരുന്നു. 18-ാം ശതകത്തിൽ ബ്രിട്ടീഷുകാർ കൊൽക്കത്ത തങ്ങളുടെ പ്രധാന കേന്ദ്രമാക്കുന്നതുവരെ ബാലസോറിന്റെ പ്രാമുഖ്യം നിലനിന്നു.

1764-ലെ ബക്‌സാർ യുദ്ധവിജയത്തിനുശേഷം ബ്രിട്ടീഷുകാർ ഒഡിഷയിൽ രാഷ്‌ട്രീയതാത്‌പര്യം പ്രകടിപ്പിച്ചുതുടങ്ങി. 1765-ൽ ബംഗാള്‍ ഗവർണറായിരുന്ന റോബർട്ട്‌ ക്ലൈവിന്‌ ബംഗാള്‍, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിലെ "ദിവാനി' ലഭിച്ചു. അക്കാലത്ത്‌ ഒഡിഷയിൽ മിഡ്‌നാപൂർ ജില്ല മാത്രമേ ദിവാനിയുടെ പരിധിയിൽ പെട്ടിരുന്നുള്ളൂ. ദിവാനി ലബ്‌ധിയോടെ ഒഡിഷ മുഴുവന്‍ കൈയടക്കുവാന്‍വേണ്ടി മറാത്തശക്തിയുമായി ക്ലൈവ്‌ കൂടിയാലോചന നടത്തി. എന്നാൽ ഈ ശ്രമം വിജയിച്ചില്ല. വാറന്‍ ഹേസ്റ്റിങ്‌സ്‌ (ഭ.കാ. 1772-85), കോണ്‍വാലിസ്‌ (ഭ.കാ. 1786-93) എന്നിവരും സമാധാനപരമായ മാർഗങ്ങളിലൂടെ ഒഡിഷ കൈവശപ്പെടുത്തുവാന്‍ ശ്രമം നടത്തി; അവ പരാജയപ്പെട്ടു. എന്നാൽ രണ്ടാം മഹാരാഷ്‌ട്ര യുദ്ധത്തിൽ (1803) വെല്ലസ്ലി മഹാരാഷ്‌ട്രന്മാരെ തോല്‌പിച്ചത്‌ ഒഡിഷയിൽ ബ്രിട്ടീഷ്‌ ആധിപത്യം ഉറപ്പിക്കുവാന്‍ സഹായകമായി. 1803 ഡി. 17-ന്‌ ഈസ്റ്റിന്ത്യാ കമ്പനിയും രഘൂജിബോണ്‍സ്ലേയും തമ്മിലുണ്ടായ ദിയാഗവോണ്‍ (Deogaon) സന്ധിപ്രകാരം കട്ടക്ക്‌ പ്രവിശ്യയും ബാലസോർ ജില്ലയും കമ്പനിക്കു ലഭിച്ചു. രഘുജിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നതും ഗർജത്തുകള്‍ എന്നറിയപ്പെട്ടിരുന്നതുമായ 16 സാമന്തരാജ്യങ്ങള്‍കൂടി കമ്പനിയുടെ അധീനതയിലായി. ഇവയെ പൊതുവേ "മഹലുകള്‍' എന്നാണ്‌ പറഞ്ഞുവന്നിരുന്നത്‌. 1837-ൽ രണ്ട്‌ മഹലുകള്‍കൂടി കമ്പനിക്കുലഭിച്ചു. 19-ാം ശതകത്തിൽ ബാലസോർ, കട്ടക്ക്‌, പുരി എന്നിവയ്‌ക്കുപുറമേ 18 മഹലുകളും ചേർന്ന പ്രദേശം ബ്രിട്ടീഷ്‌ ഒറീസയായി അറിയപ്പെട്ടു. 55 വർഷക്കാലം കമ്പനി ഈ പ്രദേശത്ത്‌ ഭരണം നടത്തി. ഇതിനിടയിലാണ്‌ (1817) ഖുർദാ പ്രദേശത്തെ ബ്രിട്ടീഷുകാർക്കെതിരായ പൈക്‌കലാപം പൊട്ടിപ്പുറപ്പെട്ടത്‌.

ഖുർദയിലെ ഭരണം നടത്തിയിരുന്ന മേജർ ഫ്‌ളെച്ചറിന്റെ ദീർഘവീക്ഷണരാഹിത്യമായിരുന്നു കലാപകാരണം. പൈക്‌ കലാപത്തിനുശേഷം നടത്തിയ അനേ്വഷണങ്ങളിൽനിന്ന്‌ ഭരണരംഗത്തുണ്ടായിരുന്ന ദൂഷ്യങ്ങള്‍ അധികൃതർ മനസ്സിലാക്കി. ഭരണകാര്യങ്ങളിൽ ഉചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുവാനായി റോബർ കെർ എന്നൊരാളെ കമ്പനി നിയമിച്ചു. തുടർന്നുള്ള കമ്പനിയുടെ ഭരണകാലം കലാപരഹിതമായിരുന്നെങ്കിലും ജനക്ഷേമകരങ്ങളായ നടപടികള്‍ യാതൊന്നും തന്നെ അവർ സ്വീകരിച്ചിരുന്നില്ല. 1858-ൽ കമ്പനിയിൽനിന്ന്‌ ഭരണാധികാരം ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തു. 1866-ലെ ക്ഷാമം. 1823-ലും 1831-ലും ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റും കരയിലേക്കുള്ള കടൽ പ്രവാഹവുംമൂലം ആയിരക്കണക്കിനാളുകള്‍ ഒഡിഷയിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ ക്ഷാമവും പകർച്ചവ്യാധിയും വീണ്ടും അനേകം ജീവന്‍ അപഹരിച്ചു. 1831-ലെ കടൽപ്രവാഹത്തിൽ തെക്കേ ബാലസോറിൽ വൃക്ഷാഗ്രത്ത്‌ കയറിപ്പറ്റിയ ഒരാളൊഴികെ മുഴുവന്‍പേരും അരമണിക്കൂർ നീണ്ടുനിന്ന ജലപ്രളയത്തിൽ ഒലിച്ചുപോയി. 1832-ലും 1834-35 കാലത്തും ചുഴലിക്കാറ്റ്‌ ഒഡിഷയുടെ തീരത്ത്‌ ആഞ്ഞടിച്ച്‌ നാശനഷ്‌ടങ്ങള്‍ വരുത്തി. എന്നാൽ 1866-67-ലെ ക്ഷാമം ഒഡിഷയുടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്‌ (ഏകദേശം 10 ലക്ഷം) അപഹരിക്കുകയുണ്ടായി. ഒഡിഷയുടെ ഭരണകാര്യത്തിൽ ബ്രിട്ടീഷ്‌ അധികൃതർ കൈക്കൊണ്ടിരുന്ന അലംഭാവത്തിൽ ഇന്ത്യന്‍ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഒഫ്‌ സ്റ്റേറ്റ്‌ സ്റ്റാഫോർഡ്‌ നോർത്ത്‌കോട്ട്‌ പാർലമെന്റിൽ അതൃപ്‌തി രേഖപ്പെടുത്തുകയും ഈ ദുരന്തം തങ്ങളുടെ ഭരണപരാജയത്തിന്റെ ശാശ്വതസ്‌മാരകമായിരുക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ ഒഡിഷയിലും 19-ാം ശതകത്തോടെ സാമൂഹിക-ദേശീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയുണ്ടായി.

പത്രപ്രവർത്തനം. ഒഡിഷയിൽ പത്രപ്രവർത്തനത്തിന്‌ ബീജാവാപം ചെയ്‌തത്‌ ക്രിസ്‌ത്യന്‍ മിഷനറിമാരായിരുന്നു. 1838-ൽ ഒഡിഷ മിഷന്‍ പ്രസ്സ്‌ സ്ഥാപിക്കപ്പെട്ടു. 1849-ൽ മതപരമായ ആശയങ്ങളുടെ പ്രചാരണാർഥം ഇവർ ജ്ഞാനാരൂണ എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രബോധചന്ദ്രിക, അരുണോദയാ എന്നിവ ഹ്രസ്വകാലത്തേക്കുമാത്രം നിലനിന്നിരുന്ന ആദികാല പ്രസിദ്ധീകരണങ്ങളിൽപ്പെടുന്നു. 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ആരംഭിച്ച ഉത്‌കൽ ദീപിക പൊതുജനാഭിപ്രായ രൂപവത്‌കരണത്തിലും അവരുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. സാമൂഹിക-രാഷ്‌ട്രീയ പരിഷ്‌കർത്താവായിരുന്ന ഗൗരീശങ്കർ റായിയുടെ പത്രാധിപത്യത്തിൽ ഒഡിഷ ഡിവിഷന്റെ തലസ്ഥാനമായ കട്ടക്കിൽനിന്നാണ്‌ ഇത്‌ പ്രസിദ്ധീകരണമാരംഭിച്ചത്‌ (1866). 1868-ൽ ബോധദായിനി, ബാലസോർസംവാദ്‌ വാഹിക എന്നിവയും പ്രവർത്തനമാരംഭിച്ചു. പശ്ചിമ ഒഡിഷയിലെ ബമന്ദയിൽനിന്നു പുറപ്പെട്ടിരുന്ന സംഭൽപൂർ ഗിതാഷിനി അവിടത്തെ ജനങ്ങളെ ഗണ്യമായി സ്വാധീനിച്ചു. അങ്ങനെ 19-ാം ശതകത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയിലേക്ക്‌ ഒഡിഷയും മെല്ലെ നീങ്ങിത്തുടങ്ങി. 19-ാം ശതകത്തിന്റെ അന്ത്യദശകത്തിൽ കോണ്‍ഗ്രസ്സിന്റെ സന്ദേശങ്ങള്‍ ഒഡിഷയിലെ ജനസാമാന്യങ്ങള്‍ക്കിടയിൽ എത്തിക്കുവാന്‍ മധുസൂദന്‍ദാസും ഗൗരീശങ്കർ റായിയും മുന്നിട്ടുനിന്നു പ്രവർത്തിച്ചിരുന്നു. ഒറിയാപ്രസ്ഥാനം. ഒഡിയഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ഒരൊറ്റ ഭരണ യൂണിറ്റാക്കുവാനും അതിന്‌ പ്രവിശ്യാപദവി നല്‌കുവാനുമുള്ള ഒരു സമരത്തിന്‌ ഒഡിഷയിലെ വിദ്യാസമ്പന്നർ നേതൃത്വം നല്‌കി. മദ്രാസ്‌, സെന്‍ട്രൽ പ്രാവിന്‍സ്‌, ബംഗാള്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന ഒഡിയാക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ചിതറിക്കിടന്നിരുന്ന ഒഡിയന്‍ പ്രദേശങ്ങളെ ഏകഗവണ്‍മെന്റിന്റെയും സർവകലാശാലയുടെയും കീഴിൽ കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം 1902-ൽ ഗഞ്‌ജാമിലെ ഒഡിയക്കാർ, ഗവർണർ ജനറലായിരുന്ന കഴ്‌സണ്‍ പ്രഭുവിനു നല്‌കി. ഒഡിയക്കാരുടെ ഏകീകരണത്തിനായി ബാലസോറിലെ രാജാ വൈകുണ്‌ഠനാഥഡേയും കഴ്‌സനെ സന്ദർശിച്ചു നിവേദനം നടത്തി. ഇപ്രകാരം ഒഡിയന്‍ പ്രദേശങ്ങളെ ഒന്നിപ്പിക്കുവാനുള്ള ഭരണഘടനാനുസൃതമായ നടപടികള്‍ പല കേന്ദ്രങ്ങളിൽനിന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

1903 ഡി. 30-31-നു ഗഞ്‌ജാം, സംഭൽപൂർ, മിഡ്‌നാപൂർ എന്നിവിടങ്ങളിലെ ഒഡിയന്‍ പ്രക്ഷോഭകരുടെ പ്രതിനിധികള്‍ കട്ടക്കിൽ സമ്മേളിച്ചു. "ഉത്‌കൽ സമ്മീളനി' (Utkal Sammilani) അഥവാ ഉത്‌കൽ യൂണിയന്‍ കോണ്‍ഫറന്‍സ്‌ എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന ഈ സമ്മേളനമാണ്‌ തുടർന്നുള്ള "ഒറിയാപ്രസ്ഥാന'ത്തിന്‌ നേതൃത്വം നല്‌കിയത്‌. മയൂർഭഞ്‌ജിലെ മഹാരാജാവായിരുന്ന ശ്രീറാം ചന്ദ്രഭഞ്‌ജ്‌ ദിയൊ ആധ്യക്ഷ്യം വഹിച്ച ഈ സമ്മേളനത്തിൽ മറ്റു ചില പ്രാദേശിക ഭരണകർത്താക്കളും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെയെല്ലാം പിന്നിലെ ചലനാത്മകശക്തിയായി വർത്തിച്ചിരുന്നത്‌ മധുസൂദന്‍ദാസായിരുന്നു. അതിർത്തിസംബന്ധമായ നീക്കുപോക്കുകള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ്‌ 1903 ഡി. 3-ന്‌ ബംഗാള്‍ ഗവണ്‍മെന്റിന്‌ അയച്ചുകൊടുത്തിരുന്ന റിസ്‌നി സർക്കുലറിനെ ഒരു പ്രമേയത്തിലൂടെ സമ്മേളനം സ്വാഗതം ചെയ്‌തു. "കുന്നിന്‍ പ്രദേശങ്ങളിലും സമതലങ്ങളിലുമുള്‍പ്പെടെ ഉള്ള ഒഡിയ സംസാരിക്കുന്ന മുഴുവന്‍ ജനങ്ങളെയും ഒരൊറ്റ ഭരണത്തിന്‍കീഴിൽ കൊണ്ടുവരാന്‍ സർക്കുലറിൽ നിർദേശിച്ചിരുന്നു. ഒഡിയക്കാരിൽ വമ്പിച്ച പ്രതീക്ഷയുളവാക്കിയ ഈ നിർദേശത്തെ മദ്രാസ്‌ ഗവണ്‍മെന്റ്‌ എതിർത്തു. ഗഞ്‌ജാം, വിശാഖപട്ടണം തുടങ്ങിയ പ്രദേശങ്ങള്‍ ഈ സർക്കുലറിന്‍പ്രകാരം ഒഡിഷയ്‌ക്കു വിട്ടുകൊടുക്കുവാന്‍ അവർ വിസമ്മതിച്ചു. എന്നാൽ സംഭൽപൂർ ഒഡിഷയോടു ചേർക്കുന്ന കാര്യത്തിൽ യോജിപ്പുണ്ടായി.

1905-ൽ റിസ്‌നി സർക്കുലറിലെ താത്‌പര്യപ്രകാരമുള്ള തീരുമാനങ്ങള്‍ നടപ്പിലായി. സെന്‍ട്രൽ പ്രാവിന്‍സിൽനിന്നും കാളഹണ്ടി, സോണാപൂർ, ബംറ, റൈരാവോള്‍ എന്നീ നാട്ടുരാജ്യങ്ങള്‍ക്കു പുറമേ ഛോട്ടാനാഗ്‌പൂർ ഡിവിഷനിൽനിന്ന്‌ ഗാങ്‌പൂരും ബോണെയും ഒഡിഷ ഡിവിഷനോട്‌ ചേർക്കപ്പെട്ടു. ആകെ 24 സ്റ്റേറ്റുകള്‍ ഇപ്രകാരം ഒഡിഷ ഡിവിഷനിൽ വരികയുണ്ടായി. ഇവ "ഒഡിഷയിലെ സാമന്തസ്റ്റേറ്റുകള്‍' (Feudatory States of Odissa) എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട്‌ സെറകെല്ല, ഖർസ്വാന്‍ എന്നീ സ്റ്റേറ്റുകള്‍കൂടി ഇതിനോടുചേർത്തു. 1912 ഏ. 1-ന്‌ പുതിയ ബിഹാർ-ഒഡിഷ പ്രവിശ്യ നിലവിൽവന്നു. 1919-ലെ ഇന്ത്യാഗവണ്‍മെന്റ്‌ ആക്‌റ്റ്‌ പ്രകാരം ഇത്‌ ഒരു ഗവർണറുടെ പ്രവിശ്യ(Governor's Province)യാക്കി ഉയർത്തപ്പെട്ടു.

നാഗ്‌പൂർ കോണ്‍ഗ്രസ്സും ഉത്‌കൽ യൂണിയന്‍ കോണ്‍ഫറന്‍സും. 1920-ൽ നാഗ്‌പൂരിൽ ചേർന്ന കോണ്‍ഗ്രസ്‌ സമ്മേളനം നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അന്തിമതീരുമാനമെടുത്തു. ഒഡിഷയിൽനിന്ന്‌ 35 പ്രതിനിധികള്‍ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഒഡിഷയ്‌ക്ക്‌ പ്രത്യേകമായി "ഉത്‌കൽപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി' രൂപവത്‌കരിക്കുവാന്‍ സമ്മേളനം അംഗീകാരം നല്‌കി. ഈ സമയത്തുതന്നെ ചക്രധാർപൂരിൽ ചേർന്നുകൊണ്ടിരുന്ന ഉത്‌കൽയൂണിയന്‍ കോണ്‍ഫറന്‍സ്‌ ആദ്യമായി കോണ്‍ഗ്രസ്സിന്റെ ആദർശങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നായി സ്വീകരിച്ചു. ഈ സമ്മേളനം ഒഡിഷയിലെ രാഷ്‌ട്രീയ നേതാക്കളെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവാഹത്തിലേക്ക്‌ വീണ്ടും നയിച്ചു.

നിസ്സഹകരണ പ്രസ്ഥാനം. പുതുതായി രൂപവത്‌കൃതമായ ഉത്‌കൽ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക്‌ യഥാക്രമം പണ്ഡിറ്റ്‌ ഗോപബന്ധു ദാസിനെയും ബ്രജബന്ധുദാസിനെയും തെരഞ്ഞെടുത്തു. 1921 മാർച്ചിൽ ഗാന്ധിജി ഒഡിഷ സന്ദർശിച്ചതോടെ കോണ്‍ഗ്രസ്‌ പ്രവർത്തനങ്ങള്‍ ഉഷാറായി മുന്നേറി. അനേകം യോഗങ്ങള്‍ അദ്ദേഹം അഭിസംബോധന ചെയ്‌തു. ഒഡിഷയുടെ എല്ലാഭാഗത്തും കോണ്‍ഗ്രസ്സിന്റെ സന്ദേശം എത്തി. വിദ്യാർഥികള്‍ സ്‌കൂളും കോളജും ബഹിഷ്‌കരിച്ചു. പില്‌ക്കാലത്ത്‌ ഒഡിഷയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളായിത്തീർന്ന ഹരേകൃഷ്‌ണമേത്താബ്‌, നിത്യാനന്ദകനുംഗോ, നവകൃഷ്‌ണചൗധരി, നന്ദകിഷോർദാസ്‌, രാജകൃഷ്‌ണബോസ്‌ തുടങ്ങിയവർ ഇങ്ങനെ വിദ്യാലയം ബഹിഷ്‌കരിച്ചവരായിരുന്നു. പണ്ഡിറ്റ്‌ ഗോപബന്ധുദാസ്‌, പണ്ഡിറ്റ്‌ ലിംഗരാജ്‌ മിശ്ര, സുരേന്ദ്രനാഥ്‌ദാസ്‌, മുഹമ്മദ്‌ ഹനീഫ തുടങ്ങി അനേകം പ്രമുഖർ തങ്ങള്‍ വഹിച്ചിരുന്ന ഉന്നതമായ ഉദേ്യാഗങ്ങളും അഭിഭാഷകവൃത്തിയും ഉപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ പ്രവർത്തനത്തിൽ മുഴുകി. കോണ്‍ഗ്രസ്‌ പ്രവർത്തകർക്കായി അനേകം പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. മദ്യവും വിദേശവസ്‌ത്രങ്ങളും വില്‌പന നടത്തിയിരുന്ന കടകള്‍ കോണ്‍ഗ്രസ്സുകാർ പിക്കറ്റു ചെയ്‌തു. അങ്ങനെ 1921-ലെ നിസ്സഹകരണ പ്രസ്ഥാനം ഒഡിഷയിൽ വിജയകരമായി മുന്നേറിയിരുന്നു. 1922-ലെ ചൗറി-ചൗറ സംഭവത്തിനുശേഷം ഗോപബന്ധുദാസ്‌ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

1919-ലെ ഇന്ത്യഗവണ്‍മെന്റ്‌ ആക്‌റ്റ്‌പ്രകാരം രൂപവത്‌കൃതമായ ഒഡിഷ മന്ത്രിസഭയിൽ ഒരംഗമായി 1921-ൽ ജനുവരിയിൽ മധുസൂദന്‍ദാസ്‌ ചേരുകയുണ്ടായി. പ്രാദേശിക സ്വയംഭരണകാര്യത്തിൽ ഇദ്ദേഹം ചെയ്‌തിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്‌. ബിഹാർ-ഒഡിഷ മുനിസിപ്പൽ ബിൽ (1922), ബിഹാർ-ഒഡിഷ പ്രാദേശിക സ്വയംഭരണ (ഭേദഗതി) ബിൽ (1922), ബിഹാർ-ഒഡിഷ ഗ്രാമഭരണബിൽ (1922) എന്നീ സുപ്രധാന നിയമനിർമാണങ്ങളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. എന്നാൽ ഗവർണറുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന്‌ 1923 ഫെബ്രുവരിയിൽ ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. ഒഡിഷയിലെ സിവിലാജ്ഞാലംഘനം. പൂർണസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കോണ്‍ഗ്രസ്സിന്റെ ലാഹോർ പ്രമേയം (1929) ഒഡിഷയിൽ ചലനം സൃഷ്‌ടിച്ചു. 1930 ജനു. 26-ന്‌ ഒഡിഷയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. ഉപ്പുനിയമം ലംഘിക്കുവാനുള്ള ഗാന്ധിജിയുടെ തീരുമാനത്തെ ഒഡിഷ സ്വാഗതം ചെയ്‌തു. നിയമലംഘനത്തിനായി ഇഞ്ചുടി എന്ന കടലോരപ്രദേശം തിരഞ്ഞെടുക്കപ്പെട്ടു. സമരത്തിൽ ജനങ്ങള്‍ കൂട്ടംകൂട്ടമായി പങ്കെടുത്തു. ഇഞ്ചുടി കൂടാതെ സർത, കുജാംങ്‌, കുഹൂടി, സിംഗേശ്വരി, ലത്ര എന്നിവിടങ്ങളിലും നിയമലംഘനങ്ങളുണ്ടായി. പ്രധാന കോണ്‍ഗ്രസ്‌ നേതാക്കന്മാരും ശതകണക്കിന്‌ സന്നദ്ധഭടന്മാരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഒറീസ പ്രവിശ്യാ രൂപവത്‌കരണം. സിവിലാജ്ഞാ ലംഘനകാലത്ത്‌ തന്നെ ഒഡിയഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ മുഴുവന്‍ കൂട്ടിച്ചേർത്ത്‌ ഒഡിഷയെ ഒരു പൂർണ പ്രവിശ്യയാക്കി മാറ്റുവാനുള്ള ശ്രമം ബ്രിട്ടീഷ്‌ അധികൃതർ നടത്തിയിരുന്നു. സൈമണ്‍ കമ്മിഷന്‍ മേജർ ആറ്റ്‌ലിയുടെ അധ്യക്ഷതയിൽ ഒരു സബ്‌ കമ്മിറ്റി ഈ പ്രശ്‌നത്തെ സംബന്ധിച്ച്‌ പഠിച്ച്‌ ശുപാർശ ചെയ്യുവാനായി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി സെന്‍ട്രൽ പ്രാവിന്‍സിലും മദ്രാസ്‌ സംസ്ഥാനത്തുമായി വേറിട്ടുകിടന്നിരുന്ന ഒഡിയന്‍ പ്രദേശങ്ങളെ ചേർത്ത്‌ ഒരു പ്രതേ്യക ഒഡിഷാ പ്രവിശ്യ രൂപവത്‌കരിക്കുവാനായി ശിപാർശ ചെയ്‌തു. 1931 സെപ്‌തംബറിൽ ഇന്ത്യാ ഗവണ്‍മെന്റ്‌ സാമൂവൽ ഒഡോനലിന്റെ നേതൃത്വത്തിൽ ഒരു "ഒഡിഷ അതിർത്തി കമ്മിറ്റി' രൂപവത്‌കരിച്ചു. ഈ കമ്മിറ്റി ഒഡിഷയ്‌ക്കു പ്രവിശ്യാപദവി നല്‌കുവാന്‍ ശിപാർശ ചെയ്‌തു. 1936 ഏ. 1-ന്‌ പുതിയ പ്രവിശ്യ നിലവിൽവന്നു. 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്‌റ്റ്‌പ്രകാരം പ്രവിശ്യാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുവാന്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. കോണ്‍ഗ്രസ്സിനെ കൂടാതെ, രാജാക്കന്മാർ, സെമീന്ദാർമാർ എന്നിവർ നേതൃത്വം നല്‌കിയിരുന്ന ഒഡിഷ നാഷണലിസ്റ്റ്‌ പാർട്ടിയും യുണൈറ്റഡ്‌ പാർട്ടിയും മത്സരരംഗത്തുണ്ടായിരുന്നു. ഇവർ കോണ്‍ഗ്രസ്സിനെ ശക്തിയായി എതിർത്തു. തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 60 സ്ഥാനങ്ങളിൽ 36 എണ്ണം കോണ്‍ഗ്രസ്‌ നേടി. കോണ്‍ഗ്രസ്‌ വിരുദ്ധർക്കും സ്വതന്ത്രന്മാർക്കും 10 വീതം സീറ്റുകള്‍ ലഭിച്ചു. നാലുപേരെ ഗവർണർ നാമനിർദേശം ചെയ്‌തു. ബ്രിട്ടീഷ്‌ അധികൃതരുടെ ഇടപെടൽ ഉണ്ടാവുകയില്ലെന്ന ഉറപ്പു നല്‌കിയാൽ മാത്രമേ തങ്ങള്‍ മന്ത്രിസഭ രൂപവത്‌കരിക്കൂ എന്ന നിലപാട്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചതുമൂലം ഒരു സന്ദിഗ്‌ധാവസ്ഥ സംജാതമായി. തുടർന്ന്‌ ഗവർണർ പാർലഖമേദിയിലെ രാജാവായിരുന്ന കെ.സി. ഗജപതി നാരായണ ദിയോയെ മന്ത്രിസഭ രൂപവത്‌കരിക്കുവാന്‍ അനുവദിച്ചു. 1937 ഏ. 1-ന്‌ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റു. അധികൃതരിൽനിന്നും ആവശ്യമായ ഉറപ്പ്‌ ലഭിച്ചതിനെത്തുടർന്ന്‌ 1937 ജൂല. 19-ന്‌ ബിശ്വനാഥദിയോയുടെ നേതൃത്വത്തിലുള്ള ഒഡിഷയിലെ പ്രഥമ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തിൽവന്നു. 28 മാസക്കാലം ഈ മന്ത്രിസഭ നിലനിന്നു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ നിർദേശാനുസരണം ഇതര സ്റ്റേറ്റുകളോടൊപ്പം ഒഡിഷയിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭയും 1939-ൽ രാജി സമർപ്പിച്ചു. 1940 ഡിസംബറിൽ ഒഡീഷയിലാരംഭിച്ച "വ്യക്തി സത്യഗ്രഹ' പ്രചാരണത്തോടും ബാലസോറിൽവച്ചു നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തോടും ബന്ധപ്പെടുത്തി ഹരേകൃഷ്‌മേത്താബിനെ അധികൃതർ അറസ്റ്റ്‌ ചെയ്‌തു. മുന്‍കോണ്‍ഗ്രസ്‌ മന്ത്രിമാരും നിയമസഭാഗംങ്ങളും പ്രക്ഷോഭണത്തിൽ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു.

ഐക്യമുന്നണി മന്ത്രിസഭ. കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ രാജിയിൽ അസംതൃപ്‌തരായ ചില കോണ്‍ഗ്രസ്‌ നിയമസഭാസാമാജികന്മാർ ഗവണ്‍മെന്റിന്‌ പിന്തുണ നല്‌കുവാനും ഒരു പുതിയ ഐക്യമുന്നണി മന്ത്രിസഭ രൂപവത്‌കരിക്കുന്നതിൽ ഗവർണറുമായി സഹകരിക്കുവാനും സന്നദ്ധരായി. പാർലഖമേദിയിലെ മഹാരാജാവിന്റെ നേതൃത്വത്തിൽ 1941 ന. 24-ന്‌ പുതിയ മന്ത്രിസഭ അധികാരത്തിൽവന്നു. നാഷണലിസ്റ്റ്‌ കോയലിഷന്‍ (National Coalition) എന്നറിയപ്പെട്ട ഇവരുടെ ഗ്രൂപ്പിന്‌ 21 അംഗങ്ങളുടെ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്‌ അംഗങ്ങളിൽ പലരും തടവിലായിരുന്നതിനാൽ ഈ മന്ത്രിസഭയെ അവിശ്വാസവോട്ടിലൂടെ പുറത്താക്കാന്‍ കഴിയുമായിരുന്നില്ല. ഏകദേശം രണ്ടര വർഷക്കാലം ഇവർ അധികാരത്തിലിരുന്നു.

ക്വിറ്റിന്ത്യാപ്രസ്ഥാനം. 1942 ആഗസ്റ്റിലെ "ക്വിറ്റിന്ത്യാ' സമരത്തോടനുബന്ധിച്ച്‌ ഒഡിഷയിലെ കോണ്‍ഗ്രസ്‌ സംഘടനയുടെ ഘടകങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും അവയുടെ ഓഫീസുകള്‍ അധികൃതർ കൈയേറുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഒഡിഷയിലെ ഗ്രാമപ്രദേശങ്ങളിൽപോലും രൂക്ഷമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. ചില സ്ഥലങ്ങളിൽ ജനങ്ങള്‍ അക്രമത്തിലേക്കു കടക്കുകയും ചെയ്‌തു. രണ്ടാം ലോകയുദ്ധത്തോടുകൂടി സംജാതമായ ഭക്ഷ്യദൗർലഭ്യവും കഷ്‌ടതകളും ബ്രിട്ടീഷ്‌ വിരോധം ആളിക്കത്തിക്കുവാന്‍ പര്യാപ്‌തമായിരുന്നു. കുപിതരായ ജനങ്ങള്‍ പോസ്റ്റാഫീസുകള്‍, റവന്യൂ ഓഫീസുകള്‍, പി. ഡബ്ല്യു. ഡി. റെസ്റ്റ്‌ഹൗസുകള്‍ എന്നിവ ആക്രമിക്കുകയും ചിലത്‌ തീവച്ച്‌ നശിപ്പിക്കുകയും ചെയ്‌തു. ബാലസോർ ജില്ല ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ജനങ്ങള്‍ പൊലീസ്‌ സ്റ്റേഷനുകള്‍ ആക്രമിച്ചുതീയിട്ടു. പൊലീസ്‌ വെടിവയ്‌പിന്റെ ഫലമായി ഖരിയ, ഇരിഗഡിയ, ധാംനഗർ, എരാം എന്നിവിടങ്ങളിൽ അനേകം പേർ മൃതിയടഞ്ഞു. ഇതിൽ എരാമിലെ കൂട്ടക്കൊല അതിഭീകരമായിരുന്നു; നിരായുധരായ ഗ്രാമീണർക്കെതിരെ വെടിവച്ചതിന്റെ ഫലമായി 29 പേർ കൊല്ലപ്പെട്ടു. ക്രൂരമായ ഈ നടപടിയെപ്പറ്റി പിന്നീട്‌ ഒരന്വേഷണം നടത്തുവാന്‍ ഗവണ്‍മെന്റ്‌ നിർബന്ധിതമായി. കോരാപട്ടിലെ ജനങ്ങള്‍ നികുതി നിഷേധത്തിലേക്കു കടന്നു. കൂടാതെ ഇവിടെയുള്ള "മതിലി'യിലെ ഒരു ഗോത്രത്തലവനായിരുന്ന ലക്ഷമണ്‍ നായിക്കിന്റെ നേതൃത്വത്തിൽ അനുയായികള്‍ സ്ഥലത്തെ പൊലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചു. (1942 ആഗ. 21). പൊലീസ്‌ വെടിവെപിൽ അഞ്ചുപേർ മരിക്കുകയും ലക്ഷ്‌മണ്‍നായിക്‌ ഉള്‍പ്പെടെ 17 പേർക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു. ആഗ. 24-ന്‌ വീണ്ടും തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്‌പിൽ പ്രസ്സ്‌ കമ്യൂണിക്കെ പ്രകാരം 11 പേർ മരണമടയുകയും 17 പേർക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു.

ഒഡിഷയിൽ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരായി ഒരു രഹസ്യസംഘടന പ്രവർത്തിച്ചുകൊണ്ടിരുന്നു. എ.ഐ.സി.സി. അംഗമായിരുന്ന സുരേന്ദ്രനാഥ ദ്വിവേദിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. 1942 ഒക്‌ടോബറിൽ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. "ഒഡിഷ ഗൂഢാലോചനക്കേസ്‌' പ്രതികളെന്ന നിലയിൽ ഇദ്ദേഹത്തെയും 15 അനുയായികളെയും വിവിധ കാലത്തെ തടവിന്‌ വിധിച്ചു. "ഇന്ത്യന്‍ രാജ്യരക്ഷാ ചട്ടങ്ങള്‍' അനുസരിച്ചുള്ള അടിച്ചമർത്തൽ നയത്തിലൂടെ പ്രസ്ഥാനത്തിന്റെ നട്ടെല്ല്‌ തകർക്കാന്‍ ഗവണ്‍മെന്റിനു കഴിഞ്ഞു.

ഐക്യമുന്നണി മന്ത്രിസഭ 1944 ജൂണ്‍ വരെ അധികാരത്തിലിരുന്നു. ഈ മന്ത്രിസഭയുടെ കാലത്താണ്‌ ഉത്‌കൽ സർവകലാശാല സ്ഥാപിതമായത്‌ (1943 നവംബർ). രണ്ടാം ലോകയുദ്ധാനന്തരം ബ്രിട്ടന്‍ ഇന്ത്യ വിട്ടൊഴിയുവാനും അധികാരം ഇന്ത്യാക്കാർക്ക്‌ കൈമാറാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തി. 1946-ൽ നിയമനിർമാണസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടത്തുവാന്‍ തീരുമാനിച്ചു. ഒഡിഷയിലെ തെരഞ്ഞെടുപ്പിൽ 47 സ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനും നാലെണ്ണം മുസ്‌ലിംലീഗിനും ലഭിച്ചു. ഒരു കമ്യൂണിസ്റ്റും നാല്‌ സ്വതന്ത്രന്മാരുംകൂടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലുപേരെ ഗവർണർ നാമനിർദേശം ചെയ്‌തു. കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഹരേകൃഷ്‌ണമേത്താബ്‌ മുഖ്യമന്ത്രിയായുള്ള പുതിയ മന്ത്രിസഭ 1946 ഏ. 23-ന്‌ അധികാരമേറ്റു.

ഒഡിഷയിലെ സാമന്ത സംസ്ഥാനങ്ങളിൽ "പ്രജാമണ്ഡൽ' എന്നപേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. ഏകാധിപതികളായ ഭരണകർത്താക്കളിൽനിന്നു തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുംവേണ്ടിയുള്ള ഒരു പ്രസ്ഥാനമായിരുന്നു ഇത്‌. എന്നാൽ ഭരണാധിപന്മാർ എല്ലാത്തരം മർദനനടപടികളും സ്വീകരിച്ച്‌ പ്രസ്ഥാനത്തെ അടിച്ചമർത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1939-ൽ ഹരേകൃഷ്‌ണമേത്താബിന്റെ നേതൃത്വത്തിൽ രൂപവത്‌കൃതമായ "ഒഡിഷ സ്റ്റേറ്റ്‌സ്‌ എന്‍ക്വയറി കമ്മിറ്റി' ഈ ഭരണാധിപന്മാർക്ക്‌ നല്‌കിയിട്ടുള്ള സന്നദുകള്‍ റദ്ദാക്കാനും അവരെ ജമിന്‍ദാർമാരായിമാത്രം പരിഗണിക്കുവാനും ഗവണ്‍മെന്റിനോട്‌ ശിപാർശ ചെയ്‌തിരുന്നെങ്കിലും അത്‌ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. മുഖ്യമന്ത്രിയായതിനുശേഷം മേത്താബ്‌ ഇക്കാര്യത്തിൽ വീണ്ടും ശ്രമം തുടങ്ങി. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമാണ്‌ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞത്‌. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേലിന്റെ പ്രരണയാൽ തങ്ങളുടെ പ്രദേശങ്ങള്‍ ഒഡിഷയിൽ ലയിപ്പിക്കുവാന്‍ അവർ സമ്മതിച്ചു. മയൂർഭഞ്‌ജ്‌ ഒഴികെയുള്ള പ്രദേശങ്ങളിലെ ഭരണാധിപന്മാർ 1947 ഡി. 15-ന്‌ ലയനരേഖയിൽ ഒപ്പുവച്ചു; മയൂർ ഭഞ്‌ജ്‌ 1948 ഒ. 17-നും. 1950-ൽ ഒഡിഷ ഇന്ത്യാറിപ്പബ്ലിക്കിലെ ഒരു സ്റ്റേറ്റായി. 1956-ലെ സംസ്ഥാന പുനഃസംഘടനയിൽ ഈ സ്റ്റേറ്റിന്‌ യാതൊരു മാറ്റവും വന്നില്ല. 1947-നു മുമ്പുവരെ സ്റ്റേറ്റിന്റെ തലസ്ഥാനം കട്ടക്ക്‌ ആയിരുന്നു. 1957-ൽ അത്‌ ഭുവനേശ്വറിലേക്ക്‌ മാറ്റി.

സ്വാതന്ത്ര്യാനന്തരകാലം

1950-56 കാലയളവിൽ നവകൃഷ്‌ണചൗധരിയുടെയും 1956-59 കാലയളവിൽ ഡോ. എച്ച്‌.കെ. മഹനാബിന്റെയും നേതൃത്വത്തിലാണ്‌ ഭരണം നടന്നത്‌. 1957-ൽ ഒഡിഷ സാഹിത്യ അക്കാദമി രൂപീകരിക്കപ്പെട്ടു. ഇതേ വർഷമാണ്‌ ഹിരാകുഡ്‌ ഡാം പൂർത്തിയായത്‌. 1958-ൽ റൂർക്കേല സ്റ്റീൽപ്ലാന്റ്‌ സ്ഥാപിക്കപ്പെട്ടു. 1959-61 കാലയളവിൽ ഡോ. എച്ച്‌.കെ. മഹനാബിന്റെ മന്ത്രിസഭ വീണ്ടും ഭരണത്തിലേറി.

റൂർക്കേല സ്റ്റീൽപ്ലാന്റ്‌

1960-ലാണ്‌ ഒഡിഷ ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയത്‌. 1961-ൽ ഒഡിഷ ഇലക്‌ട്രിസിറ്റി ബോർഡ്‌ പ്രവർത്തനമാരംഭിച്ചു. 1961-63-ൽ ബിജു പട്‌നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഭരണം. 1965-67 കാലത്തും കോണ്‍ഗ്രസ്‌ മന്ത്രിസഭയായിരുന്നു ഭരണം നടത്തിയത്‌. 1972-73-ലും 1974-76-ലും നന്ദിനി സത്‌പതിയുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1981-ൽ ജഗന്നാഥ സംസ്‌കൃത സർവകലാശാല പ്രവർത്തനമാരംഭിച്ചു. 1981-85 കാലത്ത്‌ ജെ.ബി. പട്‌നായിക്‌ മുഖ്യമന്ത്രിയായി. 1984-ൽ ദൂരദർശന്റെ സംപ്രഷണകേന്ദ്രം കട്ടക്കിൽ പ്രവർത്തനം തുടങ്ങി. 1985-89 കാലയളവിൽ ജെ.ബി. പട്‌നായിക്കും തുടർന്ന്‌ ഹേമനന്ദബിശ്വാലും മുഖ്യമന്ത്രിമാരായി. 1990-95 കാലയളവിൽ ജെ.ബി. പട്‌നായിക്കിന്റെ തിരിച്ചുവരവിന്‌ സാക്ഷ്യംവഹിച്ചു. 1995-2000 കാലത്ത്‌ ഭരണം കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലായി. 2000-04-ലും 2004-07-ലും 2009-ലും നവീന്‍പട്‌നായിക്ക്‌ ഭരണത്തലവനായി. ഇപ്പോഴും (2013) അദ്ദേഹമാണ്‌ മുഖ്യമന്ത്രി

സമ്പദ്‌വ്യവസ്ഥ

കൃഷി

സംസ്ഥാനത്തെ ജനങ്ങളിൽ 65 ശതമാനത്തോളം കൃഷിയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നു. ഭൂവിസ്‌തൃതിയുടെ 40 ശതമാനം കൃഷിയ്‌ക്കായി ഉപയോഗിക്കുന്നു. 2001 സെന്‍സസ്‌ പ്രകാരം മൊത്തം ജനസംഖ്യയുടെ 29.7 ശതമാനം കർഷകരും 35 ശതമാനം കർഷകത്തൊഴിലാളികളുമാണ്‌. ഒഡിഷയിൽ ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, ചണം, കരിമ്പ്‌, പുകയില, കനിവർഗങ്ങള്‍ എന്നിവ കൃഷിചെയ്യപ്പെടുന്നു. വിളനിലങ്ങളുടെ മൊത്തം വിസ്‌തൃതി 51,44,000 ഹെക്‌ടർ ആയി കണക്കാക്കപ്പെടുന്നു. നെല്ല്‌, ജോവാർ, ബാജ്‌റ, ചോളം, റാഗി, ഗോതമ്പ്‌, ബാർലി തുടങ്ങിയ ധാന്യങ്ങളൊക്കെ വിളയിക്കുന്നുണ്ടെങ്കിലും ഒഡിഷാനിവാസികളുടെ മുഖ്യഭക്ഷണം അരിയാണ്‌. ഒരുപ്പൂവും ഇരുപ്പൂവുമായി നെൽകൃഷി ചെയ്യപ്പെടുന്നു. നെല്ലുകഴിഞ്ഞാൽ മുഖ്യധാന്യം റാഗി ആണ്‌. വിളനിലങ്ങളുടെ വിസ്‌തൃതി അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മറ്റു ധാന്യങ്ങള്‍ക്ക്‌ നന്നേ അപ്രധാനമായ സ്ഥാനമേ ഉള്ളൂ. കട്ടക്ക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര നെല്ലുഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നെൽകൃഷി അഭിവൃദ്ധിപ്പെട്ടുവരുന്നു. ആഹാരസാധനങ്ങളുടെ കൂട്ടത്തിൽ അരിയോടൊപ്പം സ്ഥാനം പിടിച്ചെടുത്തിട്ടുള്ള പയറുവർഗങ്ങളും ഈ സംസ്ഥാനത്ത്‌ വന്‍തോതിൽ വിളയിക്കുന്നുണ്ട്‌; മധ്യപ്രദേശ്‌, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽനിന്ന്‌ പയറുവർഗങ്ങള്‍ ഇറക്കുമതി ചെയ്‌തുവരുന്നു.

ആവണക്ക്‌, നിലക്കടല, കടുക്‌, എള്ള്‌ തുടങ്ങിയ എണ്ണക്കുരുക്കളും ഈ സംസ്ഥാനത്തെ വിളകളിൽ ഗണ്യമായ പങ്കുവഹിക്കുന്നു. ഇടവിള എന്ന നിലയിലാണ്‌ എണ്ണക്കുരുക്കള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. കടുകെണ്ണ സാർവത്രികമായ ഉപഭോഗത്തിനു മതിയാകാതെ വരുന്നതുമൂലം ഉത്തർപ്രദേശിൽനിന്നു വാങ്ങേണ്ടിവരുന്നു. നിലക്കടലക്കൃഷി അഭിവൃദ്ധിപ്പെട്ടു വരുന്നതേ ഉള്ളൂ. ഒഡിഷയിലെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരമായ മറ്റൊരു വസ്‌തുവാണ്‌ വെളിച്ചെണ്ണ. തെങ്ങുകൃഷി പുരോഗമിപ്പിക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. കടലോരത്താണ്‌ തെങ്ങിന്‍തോപ്പുകള്‍ സ്ഥാനം പിടിച്ചിട്ടുള്ളത്‌.

ചണം, പരുത്തി, മെസ്‌ത എന്നീ ചെടികളും സാമാന്യമായ തോതിൽ കൃഷി ചെയ്യപ്പെടുന്നു. നാണ്യവിളയെന്ന നിലയിൽ ഇവ കൃഷിചെയ്യുന്നതിന്‌ ഗവണ്‍മെന്റ്‌ തലത്തിൽ പ്രാത്സാഹനം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഗഞ്‌ജാം, പുരി, കട്ടക്ക്‌ എന്നീ ജില്ലകളിൽ വന്‍തോതിൽ കരിമ്പ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നു; സംസ്ഥാനത്തെ പഞ്ചസാര ഫാക്‌ടറികള്‍ ഇതിനെയാണ്‌ മുഖ്യമായും ആശ്രയിക്കുന്നത്‌. പുകയിലയാണ്‌ മറ്റൊരു നാണ്യവിള. വനോത്‌പന്നമെന്ന നിലയിൽ ബീഡിയിലയുടെ സാർവത്രിക ലഭ്യത ബീഡിവ്യവസായത്തിന്റെ പുരോഗതിക്ക്‌ കളമൊരുക്കിയിരിക്കുന്നു. തന്മൂലം പുകയിലക്കൃഷി വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. മുളക്‌, ഇഞ്ചി, ഉരുളക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, വാഴ, വെറ്റിലക്കൊടി എന്നിവയാണ്‌ മറ്റു പ്രധാന വിളകള്‍; ഇവയിൽ ചിലത്‌ സമീപ സംസ്ഥാനങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കുന്നുണ്ട്‌. വീട്ടുമൃഗങ്ങളെന്ന നിലയിൽ ഗണ്യമായ ഒരു സംഖ്യ കാലികളും മഹിഷങ്ങളും പരിപാലിക്കപ്പെടുന്നു.

ജലസേചനം

ആണ്ടിൽ നാലുമാസം മാത്രമുള്ള മഴക്കാലം സുഗമമായ വിളവെടുപ്പിന്‌ സഹായമകല്ലാത്തതിനാൽ പര്യാപ്‌തമായ ജലസേചനവ്യവസ്ഥ സംസ്ഥാനത്തെ നിലങ്ങള്‍ക്ക്‌ അത്യാവശ്യമാണ്‌. പ്രളയക്കെടുതി ആവർത്തിക്കുന്നതിൽ ജലസേചനമെന്നപോലെ ജലനിർഗമനത്തിനും മതിയായ സംവിധാനവും വേണം. ഈ ആവശ്യങ്ങള്‍ക്കായി നിർമിക്കപ്പെട്ടിട്ടുള്ള കനാൽവ്യൂഹങ്ങള്‍ സംസ്ഥാനമെമ്പാടും കാണാം. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ഈ വിഷയത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്‌.

വിരൂപാനദിയിൽനിന്നുള്ള കേന്ദ്രപര, മഹാനദിയിൽനിന്നുള്ള തൽദണ്ഡ, ഇതിന്റെ ശാഖയായ മച്ച്‌ ഗാവോന്‍, കേന്ദ്രപരയുടെ ശാഖകളായ ഗോദാവരി, പട്ടമുണ്ടൈ എന്നിവയും വിരൂപ, ബ്രാഹ്മിണി, വൈതരണി എന്നീ നദികളെ പരസ്‌പരം ഘടിപ്പിക്കുന്നവയും ആണ്‌ നിലവിലുണ്ടായിരുന്ന കനാൽവ്യൂഹങ്ങള്‍. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ഹിരാക്കുഡ്‌, ഋഷികുല്യ, സാലന്ദി, ഘോടാബാ എന്നീ ജലസേചന പദ്ധതികള്‍ പ്രവർത്തനത്തിൽവന്നു. മഹാനദി ഡെൽറ്റാ പദ്ധതിയാണ്‌ മറ്റൊരു ജലസേചനവ്യൂഹം. ഇപ്പോള്‍ മൊത്തം കൃഷിഭൂമിയുടെ ഭൂരിഭാഗവും എല്ലാ മാസങ്ങളിലും ജലസിക്തമാണ്‌. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജലസേചനസംവിധാനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഊർജോത്‌പാദനം

ഹിരാക്കുഡ്‌ ആണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതകേന്ദ്രം. ജലസേചനം, വൈദ്യുതോത്‌പാദനം, പ്രളയനിയന്ത്രണം, ജലഗതാഗതം തുടങ്ങി വിവിധോദ്ദേശ്യങ്ങള്‍ക്കായുള്ള ബൃഹത്‌പദ്ധതിയാണ്‌ ഹിരാക്കുഡ്‌, മഹാനദിക്കു കുറുകേ 4,801.2 മീ. നീളത്തിൽ നിർമിച്ചിട്ടുള്ള ഒരു കോണ്‍ക്രീറ്റ്‌ അണക്കെട്ടാണിത്‌. ഈ കേന്ദ്രത്തിലെ വൈദ്യുതോത്‌പാദനം പ്രതിവർഷം 307.5 മെഗാവാട്ട്‌ ആണ്‌. കട്ടക്ക്‌, പുരി എന്നീ ജില്ലകളിലെ ഉപഭോഗാർഥം വൈദ്യുതി ഉത്‌പാദിപ്പിച്ചു വരുന്ന താപവൈദ്യുതനിലയമാണ്‌ തൽഝഡിലേത്‌; ഇവിടത്തെ വാർഷികോത്‌പാദനം 125 മെഗാവാട്ട്‌ ആണ്‌. ആന്ധ്രപ്രദേശുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വൈദ്യുതകേന്ദ്രങ്ങളാണ്‌ ബാലിമേല, മച്ച്‌കുണ്ഡ്‌ എന്നിവിടങ്ങളിലേത്‌. ശീലേരു നദിയിലാണ്‌ മച്ച്‌കുണ്ഡ്‌ വൈദ്യുതകേന്ദ്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. ഒഡിഷയിലെ മൊത്തം വൈദ്യുതോത്‌പാദനം 3,000 മെഗാവാട്ടിലേറെയാണ്‌. ഈ വിഷയത്തിൽ സംസ്ഥാനം സ്വയം പര്യാപ്‌തമാണെന്നതിനു പുറമേ സമീപ സംസ്ഥാനങ്ങളെ സഹായിക്കാവുന്ന നിലയിലുമാണ്‌. ലഭ്യമായ വിവരങ്ങളനുസരിച്ച്‌ 2002-03 ആയപ്പോഴേക്കും ഒഡിഷയിലെ ജനവാസമുള്ള 46,989 ഗ്രാമങ്ങളിൽ 37,790 ഗ്രാമങ്ങളിലും (84 ശതമാനം) വൈദ്യുതീകരിച്ചിട്ടുണ്ട്‌. കാർഷികരംഗത്ത്‌ വൈദ്യുത സഹായത്തോടെ പമ്പുസെറ്റുകള്‍ പ്രവർത്തിക്കുന്നതിലാണ്‌ ഊന്നൽ നല്‌കപ്പെട്ടിട്ടുള്ളത്‌.

ഊർജമേഖലയിൽ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ള ആദ്യ സംസ്ഥാനങ്ങളിലൊന്നാണ്‌ ഒഡിഷ. പരിഷ്‌കാരനടപടികളുടെ ഭാഗമായി ഒഡിഷ സംസ്ഥാന വൈദ്യുത ബോർഡിനെ ഒഡിഷാ ഹൈഡ്രാ പവർ കോർപ്പറേഷന്‍, ഗ്രിഡ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ, ഒഡിഷാ പവർ ജനറേഷന്‍ കോർപ്പറേഷന്‍ എന്നീ മൂന്ന്‌ കോർപ്പറേഷനോടും മറ്റ്‌ നാല്‌ വിതരണകമ്പനികളോടും സംയോജിപ്പിച്ചു. വൈദ്യുത ഉത്‌പാദനത്തിനും അവയുടെ വിതരണത്തിനുമായി ഒരു സ്വതന്ത്ര റെഗുലേറിറ്റി അതോറിറ്റി രൂപീകരിക്കുകയും ചെയ്‌തു.

വ്യവസായം

ഒഡിഷയുടെ പഴയപേര്‌ (ഉത്‌കൽ) തന്നെ കരകൗശലരംഗത്ത്‌ ഈ പ്രദേശത്തിനുണ്ടായിരുന്ന മേന്മ വിളിച്ചോതുന്നതാണ്‌. ഓട്‌, കല്ല്‌, തടി തുടങ്ങിയവകൊണ്ട്‌ കമനീയങ്ങളായ ഉപകരണങ്ങളും ശില്‌പങ്ങളും നിർമിക്കുന്നതിൽ ഈ പ്രദേശം പ്രശസ്‌തി ആർജിച്ചിരുന്നു. മുളയിലും കൊമ്പിലും വിശേഷവസ്‌തുക്കള്‍ നിർമിക്കുന്നതിലും ഒഡിഷക്കാർ വിദഗ്‌ധരായിരുന്നു. സംഭൽപൂർ, കട്ടക്ക്‌, ഗഞ്‌ജാം എന്നീ ജില്ലകള്‍ കൈത്തറി നെയ്‌ത്തു കേന്ദ്രങ്ങളാണ്‌. മയൂർഭഞ്‌ജ്‌, സംഭൽപൂർ, ബാലസോർ എന്നീ ജില്ലകളിൽ ജമുക്കാളങ്ങളും പരവതാനികളും നിർമിക്കപ്പെട്ടുവരുന്നു. ഭാട്ടിമുണ്ട (കട്ടക്ക്‌); രേമൂന (ബാലസോർ); ബാലകടി, ഭായ്‌ഞ്ചുവാന്‍ (പുരി); ജഗ്‌മോഹന്‍, ബൊയ്‌രാണി, പുരുഷോത്തംപൂർ, ബെലുഗുന്ത, പരലാഖിമേഡി (ഗഞ്‌ജാം); ഭൂബന്‍ (ധെന്‍കനാൽ) എന്നീ സ്ഥലങ്ങള്‍ വെള്ളോടുകൊണ്ടു വാർത്ത പാത്രങ്ങള്‍ക്കും കരകൗശല വസ്‌തുക്കള്‍ക്കും പ്രശസ്‌തി ആർജിച്ചിട്ടുള്ളവയാണ്‌. ഓട്‌, പിച്ചള എന്നിവകൊണ്ട്‌ ബെലുഗുന്തയിൽ നിർമിക്കപ്പെടുന്ന മത്സ്യരൂപങ്ങള്‍ അന്താരാഷ്‌ട്ര വിപണിയിൽ വലിയ പ്രിയം നേടിയിട്ടുള്ളവയാണ്‌. വെള്ളിയും സ്വർണവും കൊണ്ടുള്ള ആഭരണങ്ങള്‍ക്ക്‌ കട്ടക്ക്‌ പേരുകേട്ട സ്ഥലമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഈ വ്യവസായങ്ങള്‍ക്കു തക്കതായ പ്രതിഫലം ലഭിക്കായ്‌കയാൽ അവ മിക്കവാറും ലുപ്‌തപ്രായമായി. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ചെറുകിട കുടിൽ വ്യവസായങ്ങളെ പോഷിപ്പിക്കുന്നതിനുള്ള നാനാമുഖമായ പരിപാടികള്‍ പ്രാവർത്തികമായിട്ടുണ്ട്‌.

ലോഹനിർമിതമായ കരകൗശല വസ്‌തുക്കള്‍

1947-നുമുമ്പ്‌ ഒഡിഷയിൽ വന്‍കിട വ്യവസായങ്ങള്‍ നന്നേ കുറവായിരുന്നു. രാജ്‌ഗംഗ്‌പൂരിലെ സിമന്റ്‌ ഫാക്‌ടറി, തൽഝഡിലെ തീപ്പെട്ടിക്കമ്പനി, ഖാരിയാറിലെ സോപ്പ്‌ ഫാക്‌ടറി, കട്ടക്ക്‌, സംഭൽപൂർ ജില്ലകളിലെ ഏതാനും ഐസ്‌ഫാക്‌ടറികള്‍ എന്നിവ മാത്രമാണ്‌ നിലവിലുണ്ടായിരുന്ന സംഘടിത വ്യവസായങ്ങള്‍. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം വ്യവസായികരംഗത്ത്‌ ഗണ്യമായ പുരോഗതിയുണ്ടായി. സംസ്ഥാനത്തെമ്പാടുമായി ശതക്കണക്കിനു നെല്ലുകുത്തുമില്ലുകളും ധാന്യം പൊടിക്കുന്ന ഫാക്‌ടറികളും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കട്ടക്കിനടുത്ത്‌ ബാരാണ്ടിൽ സാമാന്യം വലിയ ഒരു ഗ്ലാസ്‌ ഫാക്‌ടറി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്‌. റായഘട (കോരാപട്ട്‌), അസ്‌ക (ഗഞ്‌ജാം), ബങ്കി (കട്ടക്ക്‌) എന്നിവിടങ്ങളിലെ പഞ്ചസാര ഫാക്‌ടറികളും വ്രജരാജനഗറി(സംഭൽപൂർ)ലെ കടലാസ്‌ നിർമാണശാലയും വന്‍കിട വ്യവസായശാലകളുടെ കൂട്ടത്തിൽപ്പെടുത്താവുന്നതാണ്‌.

പൊതുമേഖലയിൽ അനേകം ഘനവ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഹിരാക്കുഡ്‌ ഇന്‍ഡസ്‌ട്രിയൽ വർക്‌സ്‌, കലിംഗാ അയേണ്‍ വർക്‌സ്‌, ബർഗഡ്‌ സിമന്റ്‌ ഫാക്‌ടറി, കട്ടക്കിലെ കേബിള്‍ ഫാക്‌ടറി, റീറോളിങ്‌മിൽ, ഈസ്റ്റ്‌കോസ്റ്റ്‌ സാള്‍ട്ട്‌ ആന്‍ഡ്‌ കെമിക്കൽ ഇന്‍ഡസ്‌ട്രീസ്‌ എന്നിവ പൊതുമേഖലയിലുള്ള മുന്തിയ ഘനവ്യവസായങ്ങളാണ്‌. അസ്‌കയിലെ കോ-ഓപ്പറേറ്റീവ്‌ ഷുഗർ ഇന്‍ഡസ്‌ട്രീസ്‌, തിരുവെല്ലി(കോരാപട്ട്‌)യിലെ ഇന്ത്യന്‍ മെറ്റൽസ്‌ ആന്‍ഡ്‌ ഫെറോ അലോയ്‌സ്‌, ഗഞ്‌ജാമിലെ ജയശ്രീ കെമിക്കൽസ്‌ എന്നീ വന്‍കിട വ്യവസായശാലകളും ഭാഗികമായി ഗവണ്‍മെന്റുടമയിലാണ്‌. കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റൂർക്കേലയിലെ ഇരുമ്പുരുക്കു നിർമാണശാല, സുനബോധ(കോരാപട്ട്‌)യിലെ മിഗ്‌ എയ്‌റോ എന്‍ജിന്‍ ഫാക്‌ടറി എന്നിവയും ഒഡിഷയിലെ ഘനവ്യവസായങ്ങളിൽ പെടുന്നു. സ്വകാര്യഉടമയിലുള്ള നിരവധി വ്യവസായശാലകള്‍ ഈ സംസ്ഥാനത്തു നിലവിൽ വന്നിട്ടുണ്ട്‌. കലിംഗാ ഗ്രൂപ്പിൽപ്പെട്ട വിവിധ ഉത്‌പാദനശാലകള്‍, റെഫ്രിജറേറ്റർ പ്ലാന്റ്‌, അലൂമിനിയം ഇന്‍ഡസ്‌ട്രീസ്‌, കടലാസ്‌ നിർമാണശാല, രാസദ്രവ്യനിർമാണശാല എന്നിവ ജോബ്ര, ചാദാർ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായങ്ങളാണ്‌. ചാദാറിലെ തുണിമില്ല്‌ എടുത്തുപറയേണ്ടുന്ന ഒരു വന്‍കിട നിർമാണശാലയാണ്‌. കാൽസ്‌ബഹിലി(സുന്ദർഗഡ്‌)ലെ ഒഡിഷാ മെഷീനറീസ്‌, റായ്‌ഘടയിലെ പേപ്പർമില്ല്‌ എന്നിവ സ്വകാര്യമേഖലയിലെ മറ്റു രണ്ട്‌ സംരംഭങ്ങളാണ്‌.

ഇന്ത്യയിലെ പ്രമുഖ ഐ.ടി. കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ്‌, മഹീന്ദ്രസത്യം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. ഐ.ബി.എം., വിപ്രാ തുടങ്ങിയ വന്‍കിട കമ്പനികളുടെ വികസനകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്‌. ഒഡിഷയിലെ ജാർഝുഗുഡ ജില്ലയിൽ റിലയന്‍സ്‌ പണ്ണറിന്റെ ഒരു വന്‍കിട വൈദ്യുത കേന്ദ്രത്തിനുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നു. വർഷംപ്രതി 14 ലക്ഷം ടണ്‍ അലൂമിനിയം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനം കാളഹണ്ടിയിലുണ്ട്‌. ഭുവനേശ്വറിലെ ഇന്‍ഫോസിറ്റി ഉള്‍പ്പെടെ എട്ടു വ്യവസായ കേന്ദ്രങ്ങള്‍ക്ക്‌ പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‌കിയിട്ടുണ്ട്‌. 2009-ൽ ഏറ്റവുമധികം ആഭ്യന്തര നിക്ഷേപം നടന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ്‌ ഒഡിഷയ്‌ക്കുള്ളത്‌.

ഗതാഗതം

ബിജു പട്‌നായ്‌ക്‌ വിമാനത്താവളം, ഭുവനേശ്വർ

കാർഷികവും വ്യാവസായികവുമായ രംഗങ്ങളിൽ അതിവേഗം പുരോഗതി പ്രാപിച്ചുവരുന്ന റോഡുകളുടെ കാര്യത്തിൽ വലുതായ അഭിവൃദ്ധി നേടിയിട്ടുണ്ട്‌; സംസ്ഥാനത്തിലെ പ്രമുഖ കേന്ദ്രങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നതരത്തിൽ, എല്ലാക്കാലത്തും ഗതാഗതക്ഷമമായ ഒന്നാന്തരം റോഡുകള്‍ പൂർത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കൊൽക്കത്ത-ചെന്നൈ, കൊൽക്കത്ത-മുംബൈ എന്നീ ഹൈവേകള്‍ ഒഡിഷയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഒഡിഷയിലെ റോഡുകളിൽ നാഷണൽ ഹൈവേ 3190 കിലോമീറ്ററും സ്റ്റേറ്റ്‌ ഹൈവേ 4816 കിലോമീറ്ററും ജില്ലാ റോഡുകള്‍ 8325 കി.മീറ്ററും വില്ലേജ്‌ റോഡുകള്‍ 24852 കി.മീറ്ററുമാണ്‌. ഒഡിഷയ്‌ക്കുള്ളിലെ 2317 കി.മീ. റെയിൽപ്പാതകളിൽ ബ്രാഡ്‌ഗേജ്‌ 2173 കിലോമീറ്ററും നാരോഗേജ്‌ 144 കിലോമീറ്ററുമാണ്‌. ഹൗറെ ചെന്നൈ റെയിൽപ്പാത ഒഡിഷ കടൽത്തീര ജില്ലകളിലൂടെ കടന്നുപോകുന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെയെല്ലാം റെയിൽപ്പാത മുഖാന്തിരം ഘടിപ്പിച്ചിട്ടുണ്ട്‌. മൂന്നു പ്രധാന വിമാനത്താവളങ്ങളും മൂന്നു പ്രധാന തുറമുഖങ്ങളും ഒഡിഷയിലുണ്ട്‌.

വിദ്യാഭ്യാസം, സംസ്‌കാരം

എന്‍.ഐ.റ്റി. റൂർക്കേല

നളന്ദ, തക്ഷശില എന്നിവയോടൊപ്പം പ്രശസ്‌തമായ രത്‌നഗിരി എന്ന പുരാതന സർവകലാശാലയുടെയും ബുദ്ധപഠനകേന്ദ്രത്തിന്റെയും അവശിഷ്‌ടങ്ങള്‍ സമീപകാലത്ത്‌ ഒഡിഷയിൽനിന്നും കണ്ടെടുക്കുകയുണ്ടായി. എന്നാൽ ഇത്രയും പാരമ്പര്യമുള്ള ഒഡിഷ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച്‌ പിന്നിലാണ്‌ 1956-ൽ ഒഡിഷ ബോർഡ്‌ ഒഫ്‌ സെക്കണ്ടറി എഡ്യൂക്കേഷന്‍ നിലവിൽവന്നു. 1962-ൽ ഒഡിഷ കാർഷിക-സാങ്കേതിക സർവകലാശാല ഭുവനേശ്വരിൽ പ്രവർത്തനമാരംഭിച്ചു. ഇപ്പോള്‍ 30-ഓളം അംഗീകൃത സർവകലാശാലകളും സ്വയംഭരണ സർവകലാശാലകളുമാണ്‌ ആധുനിക ഒഡിഷയിലുള്ളത്‌. എന്‍.ഐ.റ്റി. റൂർക്കേല, ഐ.ഐ.റ്റി. ഭുവനേശ്വർ, ബിജു പട്‌നായിക്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ ടെക്‌നോളജി മുതലായവയാണ്‌ ഇവയിൽ പ്രധാനം.

ഒഡിഷയിലെ നാടോടിനൃത്തമായ ചൗ നൃത്തം

ഒഡിഷയ്‌ക്ക്‌ മികച്ച ഒരു സാംസ്‌കാരിക പാരമ്പര്യമാണുള്ളത്‌. ഒഡീസി എന്ന ക്ലാസിക്കൽ നൃത്തം രൂപംകൊണ്ടത്‌ ഒഡിഷയിലാണ്‌. കൃഷ്‌ണനും രാധയും തമ്മിലുള്ള പ്രമബന്ധമാണ്‌ ഇതിലെ മുഖ്യപ്രതിപാദ്യം. പ്രശസ്‌ത സാഹിത്യകാരനായ ജയദേവ കവിയുടെ രചനകളാണ്‌ പ്രധാനമായും ഈ നൃത്തത്തിന്‌ സ്വീകരിച്ചിട്ടുള്ളത്‌. നാടോടിനൃത്തമായ "ഖുമ്‌റ'യാണ്‌ ഒഡിഷയുടെ മറ്റൊരു സംഭാവന. "ചൗ'നൃത്തം, "മഹരി'നൃത്തം എന്നിവയും ഇവിടെ പ്രചാരത്തിലുണ്ട്‌. പുരിയിലെ ജഗന്നാഥക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം എന്നിവിടങ്ങളിലെ ശില്‌പകലകള്‍ ലോകപ്രശസ്‌തമാണ്‌. കൊണാർക്‌ ഡാന്‍സ്‌ ഫെസ്റ്റിവൽ, പുരിബീച്‌ ഫെസ്റ്റിവൽ, ബാലിയാത്ര, രഥയാത്ര, സ്‌നാനയാത്ര എന്നിങ്ങനെ പ്രശസ്‌തമായ പല ആഘോഷങ്ങളും ഒഡിഷയിൽ നടക്കുന്നുണ്ട്‌.

വിനോദസഞ്ചാരം

. കൊണാർക്‌ ഡാന്‍സ്‌ ഫെസ്റ്റിവലിൽ നൃത്തം ചെയ്യുന്ന കലാകാരന്മാർ

ബാലസോർ, ബരിപാഡം, ബേർഹാംപൂർ, ഭുവനേശ്വർ മുതലായവയാണ്‌ ഒഡിഷയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ലിംഗരാജക്ഷേത്രം (ഭുവനേശ്വർ), രാജാറാണിക്ഷേത്രം, കൊണാർക്‌ ക്ഷേത്രം മുതലായവയും സന്ദർശകരെ ആകർഷിക്കുന്നു. ചിൽക നദി, ഹിരാക്കുഡ്‌, ബരേപാനി വെള്ളച്ചാട്ടം മുതലായവയും പുരി, ചാന്ദിപ്പൂർ, ഗോപാൽപൂർ തുടങ്ങിയ ബീച്ചുകളും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രധാനമാണ്‌. ഇവയ്‌ക്കുപുറമേ നിരവധി വന്യമൃഗകേന്ദ്രങ്ങളും, പക്ഷിനിരീക്ഷണകേന്ദ്രങ്ങളും ഒഡിഷയിലുണ്ട്‌. നോ. ഒഡിയ ഭാഷയും സാഹിത്യവും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%A1%E0%B4%BF%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍