This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:44, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒട്ടകം

Camel

അറേബ്യന്‍ ഒട്ടകം

കാമലിഡേ സസ്‌തനിഗോത്രത്തിലുള്‍പ്പെട്ട ഇരട്ടക്കുളമ്പുള്ള ഒരു അയവിറക്കുമൃഗം. മരുഭൂമിയിലെ ജീവിതത്തിനുവേണ്ടുന്ന അനുകൂലനങ്ങള്‍ നേടിയ ഒരു സസ്‌തനിയാണിത്‌. ഒട്ടകത്തിന്റെ രണ്ടു സ്‌പീഷീസുകളുണ്ട്‌: മുതുകിൽ ഒരു മുഴ മാത്രമുള്ള അറേബ്യന്‍ ഒട്ടകവും രണ്ടു മുഴകളുള്ള ബാക്‌ട്രിയന്‍ ഒട്ടകവും. ആഫ്രിക്ക, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ അറേബ്യന്‍ ഒട്ടകമാണ്‌ കാണപ്പെടുന്നത്‌. ഇതിന്റെ ശാ.നാ. കാമലസ്‌ ഡ്രാമിഡേറിയസ്‌ (camelus dromedarius)എന്നാണ്‌. മധ്യേഷ്യയിൽ കാണപ്പെടുന്നതും പുറത്ത്‌ ഇരട്ടമുഴയുള്ളതുമായ ബാക്‌ട്രിയന്‍ ഒട്ടകത്തിന്റെ ശാ.നാ. കാമലസ്‌ ബാക്‌ട്രിയാനസ്‌ (C. bactrianus)എന്നാണ്‌.

ഇരട്ടമുഴയുള്ള ബാക്‌ട്രിയന്‍ ഒട്ടകം

നീണ്ട കാലുകളും നീണ്ടകഴുത്തും ഒട്ടകത്തിന്റെ പ്രത്യേകതകളാണ്‌. ഒട്ടകത്തിന്റെ കാലിന്റെ പത്തികള്‍ മറ്റ്‌ ഇരട്ടക്കുളമ്പുള്ള ജന്തുക്കളിൽ കാണപ്പെടുന്നതുപോലെ രണ്ടായി നിശ്ശേഷം വേർപിരിഞ്ഞവയല്ല. പാദത്തിന്റെ അടിവശം മാംസളമായ ഒരു മെത്തപോലെയാണ്‌. മുകള്‍ ഭാഗം വിരലുകള്‍പോലെ വേർതിരിഞ്ഞിട്ടുണ്ടെങ്കിലും യഥാർഥ കുളമ്പുകള്‍ക്കു പകരം വീതിയേറിയ കട്ടിയുള്ള നഖങ്ങളാണ്‌ കാണപ്പെടുന്നത്‌. ശരീരത്തിന്‌ ഇരുണ്ട തവിട്ടുനിറമാണ്‌. ശരീരത്തെ പൊതിയുന്ന ഒരു രോമാവരണവുമുണ്ട്‌. വാലറ്റത്ത്‌ കട്ടിയേറിയ രോമങ്ങള്‍ ബ്രഷുപോലെ വളർന്നുനിൽക്കുന്നു. ശരീരത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ ചെവികളും കണ്ണുകളും താരതമ്യേന ചെറുതാണ്‌. നാസാദ്വാരങ്ങള്‍ നീണ്ടവയാണ്‌. വളർച്ചയെത്തിയ ഒട്ടകത്തിന്‌ 3.25 മീ. വരെ പൊക്കം കാണും. വാലിന്‌ ഉദ്ദേശം 0.5 മീ. നീളം വരും.

മധ്യേഷ്യയാണ്‌ ഒട്ടകത്തിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ടൈലോപോഡ എന്ന സസ്‌തനി ഉപവർഗത്തിൽ ഒട്ടകത്തെ കൂടാതെ ലാമ എന്ന മറ്റൊരു സ്‌പീഷീസ്‌ മാത്രമേയുള്ളൂ. ലാമ വടക്കേ അമേരിക്കയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇക്കാരണത്താൽ കാമലിഡേ എന്ന ഒട്ടകകുടുംബത്തിന്റെ ആസ്ഥാനം വടക്കേ അമേരിക്കയായിരുന്നെന്നും കാലക്രമേണ തെക്കെ അമേരിക്കയിലേക്കും പൗരസ്‌ത്യ ദേശങ്ങളിലേക്കും കടന്നുപറ്റിയതാണെന്നും ഒരു വാദവും നിലവിലുണ്ട്‌. ഇന്നത്തെ ഒട്ടകങ്ങള്‍ ആഫ്രാ ഏഷ്യന്‍ വർഗക്കാരാണ്‌. വടക്കേ അമേരിക്കയിൽ നിന്നും നിരവധി ഫോസിലുകള്‍ ഒട്ടകത്തിന്റേതായി ലഭ്യമായിട്ടുണ്ട്‌. നീണ്ട കഴുത്തുള്ളവയും കുറുകിയ കഴുത്തുള്ളവയും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. എണ്ണത്തിൽ വമ്പിച്ച വർധനവുണ്ടായതോടെ വ. അമേരിക്കയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക്‌ ഒട്ടകങ്ങള്‍ കടന്നുപറ്റിയതാവണമെന്നു കരുതപ്പെടുന്നു.

ഒട്ടകത്തിന്റെ ബാഹ്യപ്രകൃതിയും ആന്തരികഘടനയും മണലരണ്യത്തിലെ ജീവിതവുമായി ഇണങ്ങിച്ചേരാനുള്ള അനുകൂലനങ്ങള്‍ നേടിയവയാണ്‌. കണ്ണിലെ നീണ്ട പീലികള്‍ മണൽക്കാറ്റുകളിൽ നിന്ന്‌ കണ്ണിന്‌ പരിരക്ഷ നൽകുന്നു. പേശീനിർമിതമായ നാസാദ്വാരങ്ങള്‍ ഭാഗികമായോ മുഴുവനായോ അടയ്‌ക്കാന്‍ പറ്റുന്ന വിധത്തിലുള്ളതാണ്‌. നീണ്ട കാലുകളും മെത്തപോലെയുള്ള പാദങ്ങളും നീണ്ട കഴുത്തും എല്ലാംതന്നെ മണലരണ്യജീവിതത്തിനു യോജിച്ച തരത്തിലാണ്‌.

ഉയർന്ന താപനിലയെ അതിജീവിക്കാനുതകുന്ന ആന്തരികഘടനകളാണ്‌ ഒട്ടകത്തിനുള്ളത്‌. ഏറ്റവും കുറഞ്ഞ ആഹാരവും വെള്ളവും കൊണ്ട്‌ ദീർഘസമയം കഴിച്ചുകൂട്ടാനിവയ്‌ക്കു കഴിയും. ഒട്ടകത്തിന്റെ ആമാശയത്തിന്റെ ജലസംഭരണശേഷിയെപ്പറ്റി അതിശയോക്തിപരമായ കഥകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും മറ്റു ജീവികളിൽ നിന്നു വ്യത്യസ്‌ത സംവിധാനം ഇവയ്‌ക്കുണ്ട്‌. ജലം ലഭ്യമാവുമ്പോള്‍ ധാരാളം സംഭരിക്കാനുള്ള കഴിവ്‌ ഒട്ടകത്തിന്റെ ആമാശയത്തിനുണ്ട്‌. ശരീരഭാരത്തിന്റെ 25 ശതമാനം വരെ ജലം നഷ്‌ടപ്പെട്ടാലും ക്ഷീണം കൂടാതെ ജീവിക്കാന്‍ ഒട്ടകത്തിനു കഴിയും. ശരീരഭാരത്തിന്റെ 12 ശതമാനം ജലനഷ്‌ടംപോലും താങ്ങാന്‍ മനുഷ്യനു സാധ്യമല്ല.

ഒട്ടകത്തിന്റെ മുതുകിലുള്ള മുഴ കൊഴുപ്പിന്റെ ശേഖരമാണ്‌. ഒരു അറേബ്യന്‍ ഒട്ടകത്തിന്റെ മുഴയിൽ 50 കിലോഗ്രാം വരെ കൊഴുപ്പ്‌ ഉണ്ടായിരിക്കുമെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടുമ്പോള്‍ ഈ കൊഴുപ്പ്‌ പ്രയോജനപ്പെടുത്തി ജീവന്‍ നിലനിർത്താനിവയ്‌ക്കു കഴിയും. ഈ സന്ദർഭങ്ങളിൽ മുഴ ചെറുതായിവരുന്നതായും കാണാറുണ്ട്‌. വീണ്ടും ഭക്ഷണം ലഭ്യമാവുമ്പോള്‍ മുഴ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യും.

മുള്‍ച്ചെടികളും ഇലകളുമാണ്‌ ഒട്ടകത്തിന്റെ പ്രധാന ആഹാരം. നീണ്ട കഴുത്ത്‌ വൃക്ഷങ്ങളിൽനിന്ന്‌ ഇല ശേഖരിക്കാന്‍ സഹായകമാകുന്നു. കൂർത്ത മുള്ളുകളും കമ്പുകളും മറ്റും ചവച്ചിറക്കത്തക്കവണ്ണം ഇവയുടെ വായും ചുണ്ടും നാക്കും കട്ടിയേറിയതാണ്‌. ഉളിപ്പല്ലുകളും കോമ്പല്ലുകളും കൊണ്ട്‌ മരത്തൊലി വലിച്ചുരിച്ചുതിന്നാനും ഇവയ്‌ക്കു കഴിയും. വായയ്‌ക്കുള്ളിൽ രണ്ട്‌ അണകളിലും ആഹാരം നിറച്ച്‌ ഒരേസമയം ചവച്ചരയ്‌ക്കാനും ഒട്ടകത്തിനു പ്രയാസമില്ല. ഒട്ടകത്തിന്‌ ഒരു പ്രത്യേക പ്രത്യുത്‌പാദന കാലമില്ല. ഇണചേരാനുള്ള സമയമാവുമ്പോള്‍ ആണ്‍ ഒട്ടകങ്ങള്‍ മദമിളകി പരസ്‌പര കലഹത്തിലേർപ്പെടാറുണ്ട്‌. ഈ സമയത്ത്‌ മനുഷ്യരെപ്പോലും അവ കടന്നാക്രമിക്കാറുണ്ട്‌. ഇണചേർന്ന്‌ 370-440 ദിവസങ്ങള്‍ക്കകം പെണ്‍ ഒട്ടകം പ്രസവിക്കുന്നു. ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിയേ കാണാറുള്ളൂ. അപൂർവമായി രണ്ടു കുട്ടികള്‍ ജനിക്കാറുണ്ട്‌. ജനിക്കുന്ന ദിവസം തന്നെ നടക്കാനാവുമെങ്കിലും നാലു വയസ്സു പ്രായമാവുന്നതുവരെ പൂർണമായ സ്വതന്ത്രജീവിതം നയിക്കാനിവയ്‌ക്കാവില്ല. അഞ്ചു വയസ്സാകുന്നതോടെ പ്രായപൂർത്തിയെത്തും. 50 വയസ്സുവരെ ഒട്ടകം ജീവിച്ചിരിക്കുമെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

പുരാതനകാലം മുതല്‌ക്കുതന്നെ ഒരു ചുമട്ടുമൃഗം എന്ന നിലയിൽ ഒട്ടകം മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. അറേബ്യയിൽ സവാരിക്കും ചുമടു ചുമക്കാനും കൃഷിസ്ഥലം ഉഴാനും ഒട്ടകത്തെ ഉപയോഗിക്കാറുണ്ട്‌. ഒട്ടകത്തിന്റെ പാലും മാംസവും അവരുടെ പഥ്യാഹാരങ്ങളിൽപ്പെടുന്നു. ഒട്ടകത്തിന്റെ നീണ്ടരോമങ്ങള്‍ വസ്‌ത്രങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്‌. ബ്രഷ്‌ നിർമാണത്തിലും ഈ രോമങ്ങള്‍ക്ക്‌ സ്ഥാനമുണ്ട്‌. ഒട്ടകം ഒരിക്കലും പൂർണമായും ഇണങ്ങുന്ന സ്വഭാവമുള്ള ഒരു ജീവിയല്ല. ഇന്ത്യയിൽ ഒട്ടകങ്ങള്‍ ധാരാളമായി കാണപ്പെടുന്നത്‌ രാജസ്ഥാനിലാണ്‌. രജപുത്രരാജാക്കന്മാർക്ക്‌ ഒട്ടകസൈന്യങ്ങളുണ്ടായിരുന്നു. ഒട്ടകത്തിന്‌ "മണലരണ്യത്തിലെ കപ്പൽ' എന്ന അപരനാമം കൂടിയുണ്ട്‌. ബാഗുകള്‍, ബെൽറ്റ്‌, ചെരിപ്പ്‌ എന്നിവയുടെ നിർമാണത്തിന്‌ ഒട്ടകത്തോൽ ഉപയോഗിക്കുന്നുണ്ട്‌. ഒട്ടകത്തിന്റെ അസ്ഥികള്‍ ദന്തസാമഗ്രിനിർമാണത്തിനും പ്രയോജനപ്പെടുത്താറുണ്ട്‌. മലയാളശൈലികളിലും ഒട്ടകം സ്ഥാനം പിടിച്ചിട്ടുണ്ട്‌. "ഒട്ടകവും സൂചിക്കുഴ'യും (അസാധ്യകാര്യം), ഒട്ടകത്തിന്‌ ഇടം നൽകിയ പോലെ (സ്വയം വിനവരുത്തി വയ്‌ക്കുക), ഒട്ടകത്തിന്റെ വായയിൽ ജീരകം (തികച്ചും അപര്യാപ്‌തം) എന്നിവ ഉദാഹരണങ്ങളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍